17 July Wednesday

വീണ്ടും വെളിപ്പെട്ടത് കോൺഗ്രസിന്റെ ദൗർബല്യം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 26, 2020


കോൺഗ്രസ് അതിന്റെ ദൗർബല്യം ഒരിക്കൽക്കൂടി വ്യക്തമാക്കി. 23 മുതിർന്ന നേതാക്കൾ നൽകിയ കത്ത് ചോർന്നതിനെ തുടർന്ന് തിങ്കളാഴ്ച ചേർന്ന പ്രവർത്തക സമിതിയോഗം പാർടിയുടെ ഇപ്പോഴത്തെ അഴകൊഴമ്പൻ സ്ഥിതി  തുടരട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു. കുടുംബവാഴ്ച വീണ്ടും പ്രഖ്യാപിച്ച് പ്രവർത്തകസമിതി പിരിഞ്ഞു.

ജനാധിപത്യപരമായി സംഘടനാ തെരഞ്ഞെടുപ്പുകൾ നടത്താനോ  ഒരു പൂർണ സമയ പ്രസിഡന്റിനെ കണ്ടെത്താനോ കഴിയുന്നില്ലെന്ന നിസ്സഹായതയാണ്, കഴിവുകേടാണ് പുറത്തുവന്നത്. ആരും മറിച്ചൊന്നും പ്രതീക്ഷിക്കാത്തതുകൊണ്ട്  തീരുമാനത്തിൽ അൽഭുതവുമില്ല.  കോൺഗ്രസ് പാർടി സോണിയ, രാഹുൽ ഗാന്ധി, പ്രിയങ്ക എന്നീ പേരുകൾക്ക് പിന്നാലെ കറങ്ങുകയാണെന്നും പ്രസിഡന്റ്പദം രാഹുൽ ഗാന്ധിക്ക് “സംവരണം’ചെയ്തുവച്ചിരിക്കുകയാണെന്നും യോഗം വെളിപ്പെടുത്തുന്നുണ്ട്.

കോൺഗ്രസിന് സജീവമായ, കൂട്ടായ  നേതൃത്വം വേണമെന്നും  സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു കത്തിലെ പ്രധാന ആവശ്യം. പാർലമെന്ററി പാർടി പുനഃസംഘടിപ്പിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്, കപിൽ സിബൽ, ആനന്ദ് ശർമ, മനീഷ് തിവാരി, വീരപ്പ മൊയ്‌ലി തുടങ്ങിയവർ ചേർന്ന് നൽകിയ കത്ത്  യോഗം ചർച്ച ചെയ്തില്ലെന്ന് മാത്രമല്ല,  അത് കുടുംബവാഴ്ചക്കെതിരായ വെല്ലുവിളിയായി വ്യാഖ്യാനിക്കുകയും ചെയ്തു. 

നേതാക്കളുടെ കത്ത് പുറത്തുവന്നതിനെ തുടർന്ന് സോണിയ  രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ചതായി വാർത്തകളുണ്ടായിരുന്നെങ്കിലും അതൊന്നുമുണ്ടായില്ല. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുംവരെ തുടരാൻ തീരുമാനിക്കുകയായിരുന്നു. അത് എന്ന്? ഒരു തീരുമാനവുമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടാംവട്ടവും കനത്ത തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്നാണ് 2019ൽ രാഹുൽഗാന്ധി പ്രസിഡന്റ് പദം ഒഴിഞ്ഞത്. തുടർന്ന്,  സോണിയ ഗാന്ധി താൽക്കാലിക ചുമതലയേറ്റു. യഥാർഥത്തിൽ, സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ പാർടി പ്രസിഡന്റാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അഥവാ  ഉണ്ടെങ്കിൽ പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടത്. കോൺഗ്രസ് ഭരണഘടനാ പ്രകാരം, നിലവിലുള്ള പ്രസിഡന്റ് രാജിവച്ചാൽ പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ തെരഞ്ഞെടുപ്പ് നടത്തണം. അതുവഴി, രാഹുൽഗാന്ധിക്കോ സോണിയക്കോ മറ്റാർക്കെങ്കിലുമോ പ്രസിഡന്റാകാം. അവരുടെ പാർടിയിലെ പിന്തുണയും വെളിപ്പെടും. പക്ഷേ, ജനാധിപത്യ പാർടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് അതിന് മുതിരുന്നില്ല.  1998 നുശേഷം പ്രവർത്തക സമിതിയിലേക്കുപോലും തെരഞ്ഞെടുപ്പില്ല. 2017ൽ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടിട്ടും സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നില്ല.


 

സംഘടനയിൽ തെരഞ്ഞെടുപ്പും ജനാധിപത്യവുമില്ലെന്നുമാത്രമല്ല രാജ്യത്ത് കോൺഗ്രസുതന്നെ ശിഥിലമാകുന്നുവെന്നതാണ് യാഥാർഥ്യം. 135 വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന അവരുടെ  ഇന്നത്തെ സ്ഥിതിയെന്താണ്? നാടിന്റെ മതനിരപേക്ഷതയും ജനാധിപത്യവുമെല്ലാം വർഗീയ ഫാസിസ്റ്റുകൾ തകർക്കുമ്പോൾ ആ പാർടി മൗനം പാലിക്കുകയോ കൂട്ടുനിൽക്കുകയോ ചെയ്യുന്നു. കോൺഗ്രസുകാർ ബിജെപിയിലേക്ക് ഒഴുകുന്നു. കർണാടകത്തിലെയും മധ്യപ്രദേശിലെയും കോൺഗ്രസ് ഗവൺമെന്റുകളെ ബിജെപി കൊണ്ടുപോയി. രാജസ്ഥാനിൽ തൽക്കാലം രക്ഷപ്പെട്ടെങ്കിലും തരം കിട്ടിയാൽ ബിജെപിയിലേക്ക് പോകാൻ ഒരുങ്ങിനിൽക്കുന്നു എംഎൽഎമാർ.  ഏതാനും വർഷത്തിനിടെ 120 പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോയി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത് 44 സീറ്റ്. 2019ൽ 52.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ കോൺഗ്രസ് പൊതുവിൽ മൗനം പാലിച്ചു. ഒട്ടേറെ നേതാക്കൾ ബിജെപി ഗവൺമെന്റിനെ പിന്തുണച്ചു. താഴ്‌വരയിൽ പൗരാവകാശ പ്രവർത്തകരെയും രാഷ്ട്രീയപാർടി നേതാക്കളെയും ജയിലിലടച്ചപ്പോൾ ഒന്നു പ്രതികരിക്കാൻപോലും കോൺഗ്രസിന് കഴിഞ്ഞില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ശക്തമായ പ്രതിഷേധമുയർത്താൻ  കഴിഞ്ഞില്ല. ബാബ്‌റി മസ്ജിദ് തകർക്കാൻ കൂട്ടുനിന്ന കോൺഗ്രസ് ഇപ്പോൾ രാമക്ഷേത്രത്തിന് ശിലയിടാൻ പ്രധാനമന്ത്രി പോയപ്പോൾ സന്തോഷംകൊണ്ട് ആർപ്പുവിളിക്കുന്നു. ബിജെപി തുടരുന്നത് കോൺഗ്രസിന്റെ സാമ്പത്തിക നയമായതിനാൽ ആ രംഗത്തും ബിജെപിക്ക് പിന്തുണ. കേരളത്തിലാകട്ടെ ബിജെപിയോടു തോളോടുതോൾ ചേർന്നുനിന്ന് ഇടതുപക്ഷത്തെ എതിർക്കുകയാണ്.

മതനിരപേക്ഷതയെ മുറുകെപ്പിടിച്ച ജവാഹർലാൽ നെഹ്റുവിന്റെ കോൺഗ്രസിന്റെ വർത്തമാനകാല അവസ്ഥയുടെ ചില ഉദാഹരണങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്.  ഈ സാഹചര്യത്തിൽനിന്ന് പാർടിയെ മോചിപ്പിക്കാനാണ് യഥാർഥ കോൺഗ്രസുകാർ ശ്രമിക്കേണ്ടത്. അത്തരം ചർച്ചകൾ നടക്കുമോ? അതിനൊന്നും ഒരു സാധ്യതയുമില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ സംഭവ വികാസങ്ങളും വ്യക്തമാക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top