08 June Thursday

കോൺഗ്രസിന്‌ പുതിയ നേതാവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 20, 2022


കോൺഗ്രസ്‌ രാഷ്‌ട്രീയം ശ്രദ്ധിക്കുന്നവരൊക്കെ പ്രതീക്ഷിച്ചതുപോലെ മല്ലികാർജുൻ ഖാർഗെ 137 വർഷം പാരമ്പര്യമുള്ള ആ പാർടിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഒരുമാസത്തോളം നീണ്ട പ്രചാരണത്തിനൊടുവിൽ തിങ്കളാഴ്‌ച രാജ്യത്താകെ 36 കേന്ദ്രത്തിലായി നടന്ന വോട്ടെടുപ്പിൽ 9385 കോൺഗ്രസ്‌ നേതാക്കളാണ്‌ വോട്ട്‌ ചെയ്‌തത്‌. കോൺഗ്രസിന്‌ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന്‌ വോട്ടവകാശം ഉണ്ടായിരുന്ന 9915 പിസിസി അംഗങ്ങളിൽ 96 ശതമാനം പേരാണ്‌ അവകാശം വിനിയോഗിച്ചത്‌. ബുധനാഴ്‌ച വോട്ട്‌ എണ്ണിയപ്പോൾ സോണിയ കുടുംബത്തിന്റെ വിശ്വസ്‌തനായ ഖാർഗെ 7897 വോട്ടും ഈ തെരഞ്ഞെടുപ്പിന്‌ അൽപ്പം ജനാധിപത്യ പരിവേഷം നൽകിയ ശശി തരൂർ 1072 വോട്ടും നേടി. വോട്ടർമാർ ഉന്നത രാഷ്‌ട്രീയനേതാക്കൾ മാത്രമായിട്ടും 416 വോട്ട്‌ അസാധുവായി. കേവലം ഒരു നടപടി എന്നതിനപ്പുറം ഈ തെരഞ്ഞെടുപ്പ്‌ കോൺഗ്രസിനെ എന്തെങ്കിലും നിലയ്‌ക്ക്‌ സഹായിക്കുമോ എന്നാണ്‌ കാലം ഉറ്റുനോക്കുന്നത്‌.

നെഹ്‌റു കുടുംബത്തിൽനിന്ന്‌ ആദ്യമായി ഒരാൾ കോൺഗ്രസ്‌ പ്രസിഡന്റായത്‌ 1919ലാണ്‌. ഗാന്ധിജി ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‌ പുതിയ രൂപവും ഭാവവും പകരാനാരംഭിച്ച അക്കാലത്ത്‌ അതിന്റെ ചുവടുപിടിച്ചാണ്‌ പരിഷ്‌കരണാഭിമുഖ്യമുള്ള യുവതയുടെ പ്രതീകമായി മോത്തിലാൽ നെഹ്‌റു നേതൃത്വത്തിലേക്ക്‌ ഉയർന്നത്‌. ഒരു പതിറ്റാണ്ടു കഴിഞ്ഞ്‌ മകൻ ജവാഹർലാൽ കോൺഗ്രസ്‌ പ്രസിഡന്റായതും പുരോഗമനവാദികൾക്കാകെ ആവേശംപകർന്നു. ആ സമ്മേളനത്തിലാണ്‌ വിപ്ലവകാരികൾ ഒരു പതിറ്റാണ്ടോളമായി ആവശ്യപ്പെടുന്ന പൂർണസ്വാതന്ത്ര്യ പ്രമേയം കോൺഗ്രസ്‌ പാസാക്കിയത്‌. എന്നാൽ, മോത്തിലാൽ പ്രസിഡന്റായതിന്റെ 100–-ാം വാർഷികത്തിൽ, വലിയൊരു തെരഞ്ഞെടുപ്പുപരാജയത്തിന്റെ  നടുക്കത്തിൽ, രാഷ്‌ട്രീയഭാവനയുടെ തരിമ്പും പ്രകടിപ്പിക്കാനില്ലാതെ ജവാഹർ ലാലിന്റെ മകളുടെ പേരക്കുട്ടി കോൺഗ്രസ്‌ അധ്യക്ഷസ്ഥാനം ഉപേക്ഷിച്ചു. അതാണ്‌ ഇപ്പോൾ കോൺഗ്രസിന്റ ചരിത്രത്തിലെ ആറാമത്തെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ അനിവാര്യമാക്കിയത്‌. അപ്പോഴും കോൺഗ്രസിനെ അൽപ്പമെങ്കിലും ജനാധിപത്യവൽക്കരിക്കാൻ അവസരമാക്കാതെ സോണിയ കുടുംബത്തോട്‌ ലജ്ജാകരമായ വിധത്തിൽ കൂറ്‌ പ്രകടിപ്പിക്കുന്നതിനുള്ള അവസരമായാണ്‌ കോൺഗ്രസ്‌ നേതാക്കളിൽ  ഭൂരിപക്ഷവും ഇതിനെ കണ്ടത്‌.

മോത്തിലാൽ നെഹ്‌റുവിൽനിന്ന്‌ രാഹുൽ ഗാന്ധിയിലേക്ക്‌ എത്തുന്നതിനിടെ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ സമൂലമായ മാറ്റമുണ്ടായിട്ടുണ്ട്‌. ഗാന്ധിജിയും നെഹ്‌റുമാരും നഖശിഖാന്തം എതിർത്ത ഹിന്ദുത്വവാദികൾ രാജ്യത്തിന്റെ സമസ്‌തമണ്ഡലത്തിലും ആധിപത്യം പുലർത്തുന്നു. ഗാന്ധിയൻ ദർശനവും നെഹ്‌റുവിന്റെ ഉദാര ജനാധിപത്യ വീക്ഷണങ്ങളും രാഹുലിന്റെ പിതാവിന്റെ കാലം മുതലെങ്കിലും കോൺഗ്രസ്‌ കൈയൊഴിഞ്ഞതിന്റെ ദുരന്തഫലമാണ്‌ ഹിന്ദുത്വവാദികളെ അധികാരത്തിൽ എത്തിച്ചത്‌. ഒരു പ്രത്യയശാസ്‌ത്രവുമില്ലാത്ത ആൾക്കൂട്ടമായി കോൺഗ്രസ്‌ അധഃപതിച്ചപ്പോൾ ഓരോ നേതാവും തങ്ങളുടെ പദവികൾ ബിജെപിയുമായി വിലപേശുന്നതിന്‌ തുറുപ്പുചീട്ടാക്കി. കോൺഗ്രസിന്‌ അൽപ്പമെങ്കിലും ശക്തി അവശേഷിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുടെ താളത്തിന്‌ തുള്ളുന്ന ഒന്നായി ‘ഹൈക്കമാൻഡ്‌’ മാറി. അങ്ങനെയാണ്‌ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്റെ പരമ്പരാഗത മണ്ഡലം ബിജെപിക്ക്‌ സമ്മാനിച്ച്‌ രാഹുൽ കേരളത്തിൽനിന്ന്‌ മത്സരിച്ചതും ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ്‌ നാമാവശേഷമായതും.

ഈ സവിശേഷ സാഹചര്യത്തിലാണ്‌ കോൺഗ്രസ്‌ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ നിർബന്ധിതമായത്‌. അധ്യക്ഷസ്ഥാനത്ത്‌ രാഹുലിനെ തിരിച്ചുകൊണ്ടുവരാൻ സോണിയാ കുടുംബത്തിന്റെ ഭക്തർ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോഴാണ്‌  പ്രതിപുരുഷനായി മറ്റൊരാളെ പ്രതിഷ്ഠിക്കുന്നതിന്‌ അന്വേഷണം ആരംഭിച്ചത്‌.

ജനാധിപത്യബോധത്തിന്റെ കണിക പോലുമില്ലാത്ത നടപടിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന സൂചനയാണ്‌ തുടക്കംമുതൽ കോൺഗ്രസിൽനിന്ന്‌ വന്നുകൊണ്ടിരുന്നത്‌. തനിക്കും കുടുംബത്തിനും സ്വീകാര്യനായ ആൾ തന്നെയായിരിക്കണം പ്രസിഡന്റ്‌ എന്ന കാര്യത്തിൽ സോണിയ ഗാന്ധിക്കും നിർബന്ധമുണ്ടായിരുന്നു. സോണിയ കുടുംബത്തിന്‌ താൽപ്പര്യമുള്ള ആളുടെ വിജയം ഉറപ്പിച്ചാണ്‌ തുടക്കംമുതൽ നടപടികൾ പുരോഗമിച്ചത്‌. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ അവർ ആദ്യം കണ്ടെത്തിയ അശോക്‌ ഗെലോട്ട്‌ രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ ആദ്യം വിസമ്മതിച്ചതും പുതിയ മുഖ്യമന്ത്രി ആരാകണമെന്നതിൽ പിന്നീടുണ്ടായ തർക്കവുമാണ്‌ എൺപതുകാരനായ ഖാർഗെയെ ഒത്തുതീർപ്പ്‌ സ്ഥാനാർഥിയാക്കിയത്‌. അപ്പോഴും ഇത്തരം ഉപജാപങ്ങൾക്ക്‌ വഴങ്ങാതെ മത്സരത്തിൽ ഉറച്ചുനിന്നതാണ്‌ തരൂരിനെ വ്യത്യസ്തനാക്കിയത്‌. എന്നാൽ, രണ്ടുവർഷംമുമ്പ്‌ കോൺഗ്രസിൽ പരിഷ്‌കരണം ആവശ്യപ്പെട്ട്‌ സോണിയക്ക്‌ കത്തെഴുതിയ ‘ജി 23’ സംഘത്തിലെ തരൂരിനെ ആ കൂട്ടത്തിലെ മറ്റ്‌ നേതാക്കളും കൈയൊഴിയുന്നതാണ്‌ ഒടുവിൽ കണ്ടത്‌. അത്തരത്തിൽ കോൺഗ്രസ്‌ നേതാക്കളെ ഗ്രസിച്ച നിലപാടില്ലായ്‌മ ഒരിക്കൽക്കൂടി തുറന്നുകാട്ടിയാണ്‌ അധ്യക്ഷതെരഞ്ഞെടുപ്പ്‌ സമാപിച്ചത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top