02 October Monday

നിലയില്ലാക്കയത്തിലേക്ക്‌ കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 29, 2022


പൊതുതെരഞ്ഞെടുപ്പിന് ഒന്നരവർഷംമാത്രം ബാക്കിയിരിക്കെ മുഖ്യ പ്രതിപക്ഷകക്ഷിയായ കോൺഗ്രസ്‌ ചീട്ടുകൊട്ടാരംപോലെ തകരുകയാണ്‌. ദിനമെന്നോണം പ്രമുഖ നേതാക്കളടക്കം കോൺഗ്രസിൽനിന്ന്‌ രാജിവയ്‌ക്കുകയാണ്‌. 23 അംഗ വിമതഗ്രൂപ്പിൽപ്പെട്ട കപിൽ സിബൽ രണ്ടു മാസംമുമ്പാണ്‌ കോൺഗ്രസിനോട്‌ വിടപറഞ്ഞത്‌. ഇപ്പോൾ ഇതേ ഗ്രൂപ്പിൽ അംഗമായ ഗുലാംനബി ആസാദും കോൺഗ്രസിൽനിന്ന്‌ രാജിവച്ചിരിക്കുന്നു. ജമ്മു കശ്‌മീർ പ്രചാരണസമിതി അധ്യക്ഷസ്ഥാനത്തുനിന്ന്‌ രാജിവച്ച്‌ 10 ദിവസത്തിനകമാണ്‌ ഗുലാംനബി ആസാദ്‌ കോൺഗ്രസ്‌ വിട്ടത്‌. ഇതേ ഗ്രൂപ്പിൽപ്പെട്ട ആനന്ദ്‌ ശർമ ഹിമാചൽപ്രദേശ്‌ കോൺഗ്രസിന്റെ്‌ സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും രാജിവച്ചിരിക്കുകയാണ്‌.

ആസാദിന്റെ രാജിയെ ലാഘവത്തോടെ സമീപിക്കാൻ കോൺഗ്രസിന്‌ കഴിയില്ല. കാരണം കഴിഞ്ഞ അരനൂറ്റാണ്ടായി കോൺഗ്രസിന്റെ ഉന്നതപദവികൾ അലങ്കരിച്ച നേതാവാണ്‌ ആസാദ്‌. ഇന്ദിര ഗാന്ധി, രാജീവ്‌ ഗാന്ധി, നരസിംഹ റാവു, മൻമോഹൻ സിങ് മന്ത്രിസഭകളിൽ അംഗം, രണ്ടു തവണ ലോക്‌സഭാംഗം, അഞ്ചു തവണ രാജ്യസഭാംഗം, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌, ജമ്മു കശ്‌മീർ മുഖ്യമന്ത്രി, മൂന്നു പതിറ്റാണ്ടായി കോൺഗ്രസ്‌ പ്രവർത്തകസമിതി അംഗം എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച നേതാവ്‌ പാർടി വിടണമെങ്കിൽ കോൺഗ്രസിനകത്തെ പ്രതിസന്ധി രൂക്ഷമാണെന്നാണ്‌ അതിന്റെ അർഥം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത്‌ ജോഡോ യാത്രയ്‌ക്ക്‌ കോൺഗ്രസ്‌ തയ്യാറെടുക്കുമ്പോഴാണ്‌ ആസാദിന്റെ രാജി. ജയ്‌പുരിൽ ചേർന്ന ചിന്തൻ ശിബിറിനുശേഷവും സംഘടനാതലത്തിൽ ഒരു പുരോഗതിയും നേടാൻ കഴിഞ്ഞില്ലെന്ന്‌ മാത്രമല്ല, സ്ഥിതി കൂടുതൽ വഷളാകുകയാണെന്നും ആസാദിന്റെ രാജി വ്യക്തമാക്കുന്നു.

മറ്റ്‌ നേതാക്കളിൽനിന്ന്‌ വ്യത്യസ്‌തമായി കോൺഗ്രസ്‌ നേതൃത്വത്തെ പ്രത്യേകിച്ചും രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചാണ്‌ ആസാദിന്റെ പടിയിറക്കം. കോൺഗ്രസിനെ ബാധിച്ച പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്‌ ആസാദിന്റെ അഞ്ച്‌ പേജുള്ള കത്ത്‌. പക്വതയില്ലാത്ത നേതാവാണ്‌ രാഹുൽ ഗാന്ധിയെന്നാണ്‌ ഗുലാംനബിയുടെ വിമർശം. ബിജെപിക്കെതിരെയുള്ള മതനിരപേക്ഷ വോട്ടുകളെ ഭിന്നിപ്പിക്കുക ലക്ഷ്യമിട്ട്‌ വയനാട്ടിൽനിന്ന്‌ ലോക്‌സഭയിലേക്ക്‌ രാഹുൽ ഗാന്ധി മത്സരിച്ചതുതന്നെ രാഷ്ട്രീയ പക്വതയില്ലായ്‌മയ്‌ക്ക്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌. അധികാരത്തിലിരുന്ന പഞ്ചാബിൽ കോൺഗ്രസിന്‌ അധികാരം നഷ്ടമായതും ഈ പക്വതയില്ലായ്‌മയാണ്‌ വിളിച്ചോതുന്നത്‌. രാഹുൽ ഗാന്ധി പഞ്ചാബ്‌ പിസിസി പ്രസിഡന്റാക്കിയ മുൻ ക്രിക്കറ്റ്‌ താരം ഇപ്പോൾ ജയിലിലാണ്‌. ദളിത്‌ മാസ്റ്റർ സ്‌ട്രോക്കായി അവതരിപ്പിച്ച മുഖ്യമന്ത്രി ഇപ്പോൾ രാജ്യം വിട്ടിരിക്കുകയാണ്‌.

ഈ പക്വതയില്ലായ്‌മ തന്നെയാണ്‌ മൂന്നു വർഷമായി അധ്യക്ഷനില്ലാത്ത പാർടിയായി കോൺഗ്രസ്‌ മാറിയതിനും കാരണം. പാർടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും രാഹുലിന്റെ ചുറ്റുമുള്ള ഉപജാപകവൃന്ദമാണ്‌ എല്ലാ കാര്യവും തീരുമാനിക്കുന്നതെന്നും ആസാദ്‌ കുറ്റപ്പെടുത്തുന്നു. ഈ സ്‌തുതിപാഠകർക്കെതിരെയുള്ള  പ്രതിഷേധമായാണ്‌ ജി 23 എന്ന ഗ്രൂപ്പ്‌ രൂപംകൊണ്ടത്‌. പാർടിയെ ശക്തിപ്പെടുത്താൻ ഇവർ മുന്നോട്ടുവച്ച നിർദേശങ്ങൾ ഗൗരവമായ ചർച്ചയ്‌ക്ക്‌ വിധേയമാക്കുന്നതിനു പകരം അവരെ കുറ്റപ്പെടുത്തിയും അവഗണിച്ചും പാർടിയിൽനിന്നും പുറത്തുകളയാനാണ്‌ രാഹുലും കൂട്ടരും ശ്രമിക്കുന്നത്‌. പാർടിയുടെ താൽപ്പര്യത്തേക്കാൾ രാഹുൽ എന്ന വ്യക്തിയുടെ താൽപ്പര്യത്തിന്‌ മുൻതൂക്കം ലഭിക്കുമ്പോൾ സ്വാഭാവികമായും ഇല്ലാതാകുന്നത്‌ കോൺഗ്രസാണ്‌. ദശാബ്ദങ്ങളോളം രാജ്യവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിച്ച കോൺഗ്രസ്‌ ഇന്ന്‌ രണ്ടു സംസ്ഥാനത്തുമാത്രം അധികാരമുള്ള പാർടിയായി മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന ഗുജറാത്തിലും ഹിമാചൽപ്രദേശിലും കോൺഗ്രസ്‌ വിജയിക്കുക വിഷമകരമാണ്‌. ഗുജറാത്തിൽ അധികാരം നഷ്ടപ്പെട്ട്‌ 27 വർഷമായിട്ടും തിരിച്ചുപിടിക്കാനായിട്ടില്ല. ആം ആദ്‌മിയുടെ രംഗപ്രവേശം കോൺഗ്രസിന്റെ സ്ഥിതി കൂടുതൽ വഷളാക്കും. ആഭ്യന്തര ജനാധിപത്യമില്ലാത്തതും വ്യക്തമായ പ്രത്യയശാസ്‌ത്രത്തിന്റെ അഭാവവും നേതൃദാരിദ്ര്യവുമാണ്‌ കോൺഗ്രസിനെ ഇന്ന്‌ അലട്ടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top