29 March Wednesday

കൈകോർക്കാം, നല്ല നാളേക്കായി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018


ജനപക്ഷബദലുകൾ മുന്നോട്ടുവയ്ക്കുന്നതിലും വിജയകരമായി നടപ്പാക്കുന്നതിലും കേരളം ലോകത്തിന് മാതൃകയാണ്.  സഹകരണപ്രസ്ഥാനത്തിന്റെ അനന്തസാധ്യത പ്രയോജനപ്പെടുത്തി ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും വികസനസംരംഭങ്ങളും രൂപപ്പെടുത്തുന്നതിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അടയാളപ്പെടുത്തിയും പുതിയ മുന്നേറ്റങ്ങൾക്ക് ഗതിവേഗം പകർന്നുമാണ് കണ്ണൂരിൽ എട്ടാമത് സഹകരണ കോൺഗ്രസിന് തിരശ്ശീല വീണത്. മൂലധനവും കമ്പോളവും ലാഭവും നയിക്കുന്ന ആഗോള സമ്പദ്വ്യവസ്ഥയുടെ തള്ളലിൽ അടിതെറ്റുന്ന സാധാരണ ജീവിതങ്ങൾക്ക് താങ്ങും തണലുമായ സഹകരണപ്രസ്ഥാനത്തിന്റെ വർത്തമാന കടമകളും ഭാവിദൗത്യങ്ങളും മൂന്നുനാളത്തെ കോൺഗ്രസിൽ സമഗ്രമായി പരിശോധിച്ചു. 'വൈവിധ്യങ്ങളിലൂടെ മുന്നോട്ട്' എന്ന സന്ദേശം അന്വർഥമാക്കി വ്യത്യസ്ത തലങ്ങളിൽ സഹകരണത്തിന്റെ പ്രയോഗം അവലോകനംചെയ്ത ഇരുപതോളം സെഷനുകൾ കോൺഗ്രസിന്റെ അർഥഗാംഭീര്യം വ്യക്തമാക്കി.

കൂട്ടായ്മയിലൂടെ മലയാളികൾ കെട്ടിപ്പടുത്ത നേട്ടങ്ങൾ ചൂണ്ടിപ്പറഞ്ഞും കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകർക്കാൻ കേന്ദ്രം നടത്തിയ ആസൂത്രിതനീക്കത്തെ തുറന്നുകാട്ടിയുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസ് ഉദ്ഘാടനം ചെയ്തത്. തുറന്ന കമ്പോളവ്യവസ്ഥയുടെ പ്രയോക്താക്കൾ നോട്ടുനിരോധനത്തിലൂടെ സഹകരണമേഖലയെ തകർക്കാൻ നടത്തിയ ശ്രമം അതിജീവിക്കാനായത് സഹകാരികളുടെയും പൊതുസമൂഹത്തിന്റെയും ഐക്യത്തിലൂടെയാണ്. കേരളത്തിന്റെ സ്വന്തം ബാങ്ക് എന്നറിയപ്പെട്ട എസ്ബിടി, ലയനത്തിലൂടെ ഇല്ലാതായ സാഹചര്യത്തിൽ നിർദിഷ്ട കേരള സഹകരണ ബാങ്കിൽ വലിയ പ്രതീക്ഷയാണ് ജനം വച്ചുപുലർത്തുന്നത്. കാർഷിക‐ഗ്രാമീണ വായ്പാരംഗങ്ങളിൽ സുപ്രധാന പങ്ക് വഹിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളുടെ ശൃംഖലയും കേരള ബാങ്കും ചേർന്ന ദ്വിതല ബാങ്കിങ് സംവിധാനം സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്ത് ദൂരവ്യാപക ഗുണഫലം സൃഷ്ടിക്കും.

സ്വന്തം ബാങ്ക് എന്ന കേരളത്തിന്റെ ആശയത്തെ ഇതര സംസ്ഥാനങ്ങൾ സർവാത്മനാ സ്വീകരിക്കുന്ന അനുഭവം ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ സൗഹൃദസമ്മേളനം ഉദ്ഘാടനംചെയ്യവെ ധനമന്ത്രി  തോമസ് ഐസക് വിവരിച്ചു. മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കേരളമാതൃകയിൽ ബാങ്ക് തുടങ്ങാൻ റിസർവ് ബാങ്കിനെ സമീപിച്ചിട്ടുണ്ട്. ഗ്രാമീണ സമ്പാദ്യമുൾപ്പെടെ സംസ്ഥാനങ്ങളുടെ വിഭവങ്ങൾ പൂർണമായി അതതിടത്ത് ഉപയോഗിക്കാനാകുമെന്നതാണ് സ്വന്തം ബാങ്കിന്റെ കാതലായ നേട്ടം. പൊതുമേഖല, ന്യൂജെൻ ബാങ്കുകൾ കൈയടക്കിവച്ച എൻആർഐ നിക്ഷേപത്തിന്റെ നല്ലൊരു പങ്ക് കേരള ബാങ്കിലേക്ക് വരുന്നതോടെ സഹകരണമേഖലയുടെ വായ്പാശേഷിയിൽ കുതിച്ചുചാട്ടമുണ്ടാകും. ഡിജിറ്റൽ ഇടപാടിന്റെയും മറ്റ് സർവീസ് ചാർജുകളുടെയും പേരിൽ പൊതുമേഖലാ ബാങ്കുകളുടെ ചൂഷണവും അവസാനിപ്പിക്കാനാകും.   

സഹകരണമേഖലയെ സംസ്ഥാനത്തിന്റെ പൊതുസേവന മേഖലയുമായി കണ്ണിചേർക്കുന്നതിന്റെ അനുഭവങ്ങളും ആശങ്കകളും കോൺഗ്രസിൽ പങ്കുവയ്ക്കപ്പെട്ടു. സാമ്പത്തികപ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് വായ്പ നൽകുന്നത് സഹകരണ ബാങ്കുകളെ തകർക്കുമെന്ന പ്രചാരണത്തെ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖണ്ഡിച്ചത് വസ്തുതകളുടെ പിൻബലത്തോടെയാണ്. മിച്ചധനമുള്ള ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന പണമാണ് ഉപയോഗിക്കുന്നത്. പത്തുശതമാനം പലിശനിരക്കിൽ സർക്കാർ ജാമ്യത്തിലാണ് വായ്പ. 600 കോടി രൂപയിലധികം ഇതുവരെ വായ്പ നൽകിയിട്ടുണ്ട്. സുസ്ഥിരവികസനത്തിന് ദൃഢവും സ്വാശ്രയാധിഷ്ഠിതവുമായ സാമ്പത്തികപിന്തുണ എന്നതായിരുന്നു കോൺഗ്രസ് ഗൗരവപൂർവം ചർച്ചചെയ്ത കരട് സഹകരണനയത്തിന്റെ കാതൽ. 15 ഉദ്ദേശ്യലക്ഷ്യങ്ങളും 21 ശുപാർശകളുമടങ്ങിയ കരടിൽ കാർഷികം, മത്സ്യബന്ധനം, തൊഴിലാളിസഹകരണ സംഘങ്ങൾ, സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം, പട്ടികവിഭാഗങ്ങളുടെ ഉയർച്ച, പ്രവാസി സഹകരണസംഘങ്ങൾ തുടങ്ങിയവയ്ക്ക് ഊന്നൽനൽകുന്നു. കോൺഗ്രസിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങളും തിരുത്തലുകളുംകൂടി ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ വൈകാതെ  സമഗ്ര സഹകരണനയത്തിന് രൂപം നൽകും. രാജ്യത്ത് ആദ്യമായി ഭിന്നലിംഗക്കാർക്ക് പ്രത്യേക സഹകരണ സംഘങ്ങൾ രൂപീകരിക്കുമെന്ന പ്രഖ്യാപനം ഈ വിഭാഗത്തിന് എൽഡിഎഫ് സർക്കാർ നൽകുന്ന പ്രത്യേക പരിഗണനയുടെ തുടർച്ചയായി ചരിത്രത്തിൽ ഇടം നേടും. ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിന് ഗ്രാന്റ് ഉൾപ്പെടെയുള്ള ധനസഹായം സഹകരണ സംഘങ്ങൾവഴി നൽകും. ഇവർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനും സ്വയംപര്യാപ്തത നേടുന്നതിനും ഈ  സംഘങ്ങൾ പര്യാപ്തമാകും.  മൂവായിരത്തോളം സഹകാരികളും ജീവനക്കാരും അയൽസംസ്ഥാനങ്ങളിലെ മന്ത്രിമാരടക്കമുള്ള പ്രതിനിധിസംഘങ്ങളും പങ്കെടുത്ത സഹകരണ കോൺഗ്രസിന്റെ സമാപനറാലിയിൽ അണിചേർന്ന വൻ ജനാവലി കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ കരുത്തിന്റെ വിളംബരമായി.

ഒരു ലക്ഷം പേരുടെ അത്യുജ്വല റാലിയോടെയാണ് കോൺഗ്രസ് സമാപിച്ചത്. സഹകരണത്തിന്റെ മഹത്തായ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിച്ച സമ്മേളനം വ്യത്യസ്ത മേഖലകളിലുള്ള സഹകാരികളുടെ സാന്നിധ്യംകൊണ്ടും സമ്പന്നമായി. കക്ഷിരാഷ്ട്രീയ ചേരിതിരിവിന്റെ വേദിയാക്കാതെ ഉള്ളടക്കത്തോട് നീതി പുലർത്തുന്ന സമീപനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കൾ സ്വീകരിച്ചതും എടുത്തുപറയേണ്ടതാണ്. വർധിച്ച ഉത്തരവാദിത്തം കണക്കിെലടുത്ത് നിലവിലുള്ള അഞ്ചുവർഷ കാലാവധി ചുരുക്കി മൂന്ന് വർഷത്തിലൊരിക്കൽ സഹകരണ കോൺഗ്രസ് ചേരാനുള്ള തീരുമാനവും സ്വാഗതാർഹമാണ്. പുറംമോടിക്കപ്പുറം ഗൗരവപൂർണമായ ചർച്ചകളും സംവാദങ്ങളുംകൊണ്ടാണ് ഇത്തവണത്തെ സഹകരണ കോൺഗ്രസ് ശ്രദ്ധേയമാകുന്നത്.               
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top