28 May Sunday

കോൺഗ്രസിലെ നിഴൽനാടകങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021


ജനങ്ങൾ വോട്ട്‌ ചെയ്‌ത്‌ അധികാരത്തിലേറ്റുന്നത്‌ നാടിന്റെ നന്മയ്‌ക്കുവേണ്ടി പ്രവർത്തിക്കാനാണെന്ന തിരിച്ചറിവ്, പതനത്തിന്റെ പടുകുഴിയിൽ കിടക്കുമ്പോഴും കോൺഗ്രസിനില്ല. ഭരണം അവശേഷിക്കുന്നത്‌ മൂന്ന്‌ സംസ്ഥാനത്തുമാത്രമാണെങ്കിലും പഴയ പ്രതാപത്തിന്റെ ആനന്ദലഹരി വിട്ടിട്ടില്ല. പഞ്ചാബിലെ തമ്മിൽത്തല്ല്‌ ഒതുക്കാൻ പഠിച്ചപണി മുഴുവൻ പയറ്റിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ അമരീന്ദർ സിങ്ങിനെ താഴെയിറക്കി. പകരക്കാരനെ കണ്ടെത്തിയ വഴിയാണ്‌ രസകരം. മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയ മുതിർന്ന നേതാക്കളെ മൂലയ്‌ക്ക് ഇരുത്താൻ പ്രയോഗിച്ചതാകട്ടെ ജാതിക്കാർഡും. പുതിയ മുഖ്യമന്ത്രി ചരൺജിത്‌ സിങ് ചന്നി ദളിത്‌ വിഭാഗത്തിൽപ്പെട്ട നേതാവാണെന്ന വാദമുയർത്തിയാണ്‌ സ്ഥാനമോഹികളെ ഒതുക്കിയത്‌. ദളിത്‌ പിന്നാക്ക വിഭാഗങ്ങളിൽനിന്ന്‌ ഒരാളെ മുഖ്യമന്ത്രിയാക്കുക ലക്ഷ്യമായിരുന്നെങ്കിൽ സ്വാഗതാർഹമാണ്‌. എന്നാൽ, ഇവിടെ വർഷങ്ങളായുള്ള ചേരിപ്പോരിലേക്ക്‌ ജാതിസമവാക്യം വലിച്ചിഴയ്‌ക്കുകയായിരുന്നു. ഹിന്ദു ജാട്ട്‌ വിഭാഗക്കാരനായ മുൻ പിസിസി പ്രസിഡന്റ്‌ സുനിൽ ഝാക്കറിനെ വെട്ടാനായിരുന്നു ‘ദളിത്‌ സ്‌നേഹ’മെന്ന്‌ വ്യക്തം. നയമോ സംഘടനാതത്വങ്ങളോ തെല്ലുമില്ലാതെ വ്യക്തിഗത വിദ്വേഷത്തിന്റെമാത്രം അടിസ്ഥാനത്തിലുള്ള ഇത്തരം നേതൃമാറ്റങ്ങൾ കോൺഗ്രസിന്റെ തകർച്ച കൂടുതൽ വേഗത്തിലാക്കും.

തെരഞ്ഞെടുപ്പിന്‌ നാലുമാസംമാത്രം ഉള്ളപ്പോൾ നേതൃത്വത്തെ മുൾമുനയിൽ നിർത്തി മുഖ്യമന്ത്രിയെ മാറ്റുന്ന പാർടിക്ക്‌ എന്ത് വിശ്വാസ്യതയാണുള്ളത്‌. മുഖ്യമന്ത്രിയെയോ പിസിസി പ്രസിഡന്റിനെയോ മാറ്റിയാൽ തീരുന്നതാണോ കോൺഗ്രസിന്റെ പ്രതിസന്ധി. മതാധിഷ്‌ഠിത പാർടി ഭരിക്കുന്ന രാജ്യത്ത്‌ മതനിരപേക്ഷ പാരമ്പര്യമുള്ള, രാജ്യമെങ്ങും വേരുകളുള്ള കോൺഗ്രസ്‌ നിലനിൽക്കണമെന്ന്‌ ആഗ്രഹിക്കുന്നവർക്ക്‌ പ്രതീക്ഷയ്‌ക്ക്‌ വകയൊന്നുമില്ല. ബിജെപിയുടെ വളർച്ചയ്‌ക്ക്‌ വഴിതുറന്നത്‌ കോൺഗ്രസിന്റെ മൃദുഹിന്ദുത്വനയമാണെന്ന സത്യം വിസ്‌മരിക്കാവുന്നതല്ല. സാമ്പത്തിക ഉദാരവൽക്കരണ ആഗോളവൽക്കരണ നയങ്ങളുടെ സ്രഷ്ടാക്കളും കോൺഗ്രസുതന്നെ. ഹിന്ദുത്വരാഷ്ട്രീയം ആപൽക്കരമാംവിധം നാടിനെ വിഴുങ്ങുമ്പോൾ മതനിരപേക്ഷ രാഷ്ട്രീയത്തിനൊപ്പം ചേർന്നുനിൽക്കുമെന്ന്‌ പ്രതീക്ഷിച്ചവരെയും കോൺഗ്രസ്‌ നിരാശപ്പെടുത്തുകയാണ്‌.

തിരിച്ചുവരവ്‌ പ്രതീക്ഷിച്ച കോൺഗ്രസ്‌ തകർച്ചയിലേക്ക്‌ കൂപ്പുകുത്തുന്നതാണ്‌ 2019ലെ തോൽവിക്കുശേഷമുള്ള കാഴ്‌ച. പാർടി അധ്യക്ഷസ്ഥാനം ഉപേക്ഷിച്ച രാഹുൽഗാന്ധിതന്നെയാണ്‌ കോൺഗ്രസിൽ അവസാനവാക്ക്‌. താൽക്കാലിക അധ്യക്ഷ സോണിയ ഗാന്ധിയും മക്കളായ രാഹുലും പ്രിയങ്കയും നയിക്കുന്ന പാർടിയിൽ ജനാധിപത്യത്തിനോ സംഘടനാ സംവിധാനങ്ങൾക്കോ പ്രസക്തിയുമില്ല. ദുർബലമായ നേതൃത്വത്തെ തങ്ങളുടെ താൽപ്പര്യങ്ങൾക്കൊത്ത്‌ നയിക്കുന്ന ഉപജാപകവൃന്ദത്തിന്റെ നടുവിലാണ്‌ സോണിയയും മക്കളും. ദുർബലമായ ഹൈക്കമാൻഡിനു കീഴിൽ സംസ്ഥാന നേതൃത്വങ്ങൾ ഗ്രൂപ്പ്‌ മാനേജർമാർ കൈയടക്കി. മോദി അധികാരത്തിൽ വന്നശേഷം ഭരണം അട്ടിമറിക്കപ്പെട്ട ഒമ്പത്‌ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷവും കോൺഗ്രസിന്റേതാണ്‌. റിസോർട്ടുകളിൽ ഒളിച്ച്‌ പാർപ്പിച്ചിട്ടും പലയിടത്തും കോൺഗ്രസ്‌ സാമാജികരെ ബിജെപി റാഞ്ചി. ഭരണവും പാർടിയും കൈവിട്ടുപോകുമ്പോഴും നിസ്സംഗതയുടെ മുഖാവരണത്തിലാണ്‌ സോണിയയും രാഹുലും. സംഘടനാ പരിചയമുള്ള മുതിർന്ന നേതാക്കൾ അപകടസൂചനയുമായി രംഗത്തുവന്നപ്പോൾ ‘ജി 23’ ലേബലിൽ അവഗണിച്ചു. എതിർ ശബ്ദവുമായി രംഗത്തുണ്ടെങ്കിലും തിരുത്തൽശക്തികളാകാൻ അവർക്കും സാധിച്ചിട്ടില്ല.

പല ഉന്നത നേതാക്കളും ബിജെപിയിലേക്ക്‌ ചേക്കേറി. പി സി ചാക്കോയെപ്പോലെ ചിലർ എൻസിപിയിൽ ചേർന്നു. കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ ഏതാനും ചിലരുടെ നിയന്ത്രണത്തിലാണ്‌. കൂട്ടായ ചർച്ചയോ തീരുമാനമോ ഇല്ലാതെ, നിഴൽനാടകം അരങ്ങേറുന്ന മൂകവേദിയാണ്‌ അത്‌. സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളിൽ ഫലപ്രദമായി ഇടപെടാനോ പരിഹരിക്കാനോ ശേഷിയില്ലാത്തവരുടെ കൂട്ടം. പിസിസി അധ്യക്ഷന്റെ മാറ്റത്തെതുടർന്ന്‌ കേരളത്തിലുണ്ടായ കൂട്ടപ്പൊരിച്ചിൽ ഉദാഹരണം. ഭരണം അവശേഷിക്കുന്ന രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും ഗ്രൂപ്പുപോര്‌ പാരമ്യത്തിലാണ്‌. യുപി തെരഞ്ഞെടുപ്പിൽ പ്രിയങ്കയെ മുന്നിൽനിർത്തി ബിജെപിയുടെ ബി ടീമായി കളിച്ചാൽ സ്ഥിതി ദയനീയമായിരിക്കുമെന്ന്‌ അറിയാത്തത്‌ കോൺഗ്രസിനുമാത്രം. ബിജെപിക്കെതിരെ ഉയർന്നുവരുന്ന പ്രതിപക്ഷ ഐക്യനിരയിൽ ക്രിയാത്മകമായി പങ്ക്‌ ചേരാനും സംഘടനാപരമായ നവീകരണം ഉറപ്പാക്കാനും കഴിയുന്നില്ലെങ്കിൽ കോൺഗ്രസ്‌ നാമവശേഷമാകാൻ അധികകാലമെടുക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top