28 September Monday

അശാന്തരാഷ്ട്രീയത്തിലേക്ക് വീണ്ടും ബ്രസീല്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 14, 2017


ബ്രസീല്‍ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. ബ്രസീലിലെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയനേതാവും മുന്‍ പ്രസിഡന്റുമായ ലുല ഡി സില്‍വയെ അഴിമതിക്കേസില്‍ ഒമ്പതര വര്‍ഷത്തേക്ക് ശിക്ഷിച്ച ജഡ്ജി സെര്‍ജിയോ മോരേയുടെ നടപടിയാണ് വന്‍ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. പൊതുമേഖലാ എണ്ണ കമ്പനി പെട്രാബ്രാസുമായി  കരാറിലെത്തുന്നതിന് ഒഎഎസ് എസ്എ എന്ന സ്വകാര്യ എന്‍ജിനിയറിങ് സ്ഥാപനത്തിന് അവസരമൊരുക്കിയതിന് ലുല 15 ലക്ഷം ഡോളര്‍ കൈക്കൂലി വങ്ങിയെന്ന കേസിലാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. പെട്രോബ്രാസുമായി ബന്ധപ്പെട്ട 'ഓപ്പറേഷന്‍ കാര്‍ വാഷ'് എന്ന അഴിമതിക്കേസിന്റെ ഭാഗമായാണ് ശിക്ഷ. തലസ്ഥാനമായ ബ്രസീലിയയിലും സാവോപോളോയിലും പോര്‍േടോ അലെഗ്രയിലും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധപരിപാടികളാണ് നടന്നുവരുന്നത്. ജഡ്ജി സെര്‍ജിയോ മോരേയുടെ നടപടി 'ജുഡീഷ്യല്‍ അട്ടിമറി'യുടെ ഭാഗമായാണെന്നാണ് ബ്രസീലിയന്‍ ഇടതുപക്ഷത്തിന്റെ ആരോപണം. ജനാധിപത്യത്തിനെതിരായ ആക്രമണമാണിതെന്നും ഇടതുപക്ഷം വിലയിരുത്തുന്നു.  ലുല നിഷ്കളങ്കനാണെന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കണമെന്നുമുള്ള ആവശ്യമാണ് പ്രതിഷേധക്കാന്‍ പ്രധാനമായും ഉയര്‍ത്തുന്നത്. 

അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വര്‍ക്കേഴ്സ് പാര്‍ടിയുടെ സ്ഥാനാര്‍ഥിയായി ലുല ഡി സില്‍വ മത്സരിക്കാനിരിക്കെയാണ് കോടതിനടപടിയെന്നതും ജുഡീഷ്യല്‍ അട്ടിമറിയെന്ന ഇടതുപക്ഷവാദത്തിന് കരുത്തുപകരുന്നു. ബൊളീവിയന്‍ പ്രസിഡന്റ് ഇവ മൊറേല്‍സും വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂരോയും  ഉള്‍പ്പെടെ ഈ വാദം ഉയര്‍ത്തിയതില്‍ നിന്ന് ലാറ്റിനമേരിക്കയാകെ ഈ അട്ടിമറിവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തം. ലുലയില്ലാതെ ബ്രസീലിയന്‍ ജനത എങ്ങനെ മുന്നേറുമെന്ന് അര്‍ജന്റീനിയന്‍ നൊബേല്‍സമ്മാന ജേതാവായ അഡോള്‍ഫോ പെരസ് എസക്യൂവേലും ചോദിക്കുന്നു.  നിലവിലുള്ള അഭിപ്രായവോട്ടെടുപ്പ് അനുസരിച്ച് ഏറ്റവും മുന്നിലുള്ള പ്രസിഡന്റ് സ്ഥാനാര്‍ഥി ലുല തന്നെയാണ്. 53 ശതമാനംപേരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. ദരിദ്രകുടുംബത്തില്‍ ജനിച്ച് ബ്രസീലിന്റെ പ്രസിഡന്റ് പദവി വരെ ഉയര്‍ന്ന നേതാവാണ് ലുല. മാത്രമല്ല എട്ട് വര്‍ഷം (2003-11) പ്രസിഡന്റ് സ്ഥാനത്തിരിക്കെ അദ്ദേഹം നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ ജനങ്ങളെ ലുലയുമായി ഏറെ അടുപ്പിക്കുകയുംചെയ്തു. തുടര്‍ച്ചയായി മൂന്നാംതവണ മത്സരിക്കാന്‍ ഭരണഘടന അനുവദിക്കാത്ത പശ്ചാത്തലത്തിലാണ് 2011ലെ തെരഞ്ഞെടുപ്പില്‍നിന്ന് ലുല വിട്ടുനിന്നത്. ലുലയുടെ അടുത്ത അനുയായി ദില്‍മ റൂസെഫ് ആയിരുന്നു വര്‍ക്കേഴ്സ് പാര്‍ടി സ്ഥാനാര്‍ഥിയായത്. അവര്‍ വിജയിക്കുകയുംചെയ്തു. എന്നാല്‍, തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ബ്രസീലില്‍ ഇടതുപക്ഷം ഭരിക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിനും വലതുപക്ഷശക്തികള്‍ക്കും കണ്ണിലെ കരടായിരുന്നു. അതുകൊണ്ടു തന്നെ ഈ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കം ആരംഭിച്ചു. ദില്‍മെ റൂസെഫിനെ 'പാര്‍ലമെന്ററി അട്ടിമറി'യിലൂടെ പുറത്താക്കി.  ലാറ്റിനമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്‍ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് ബ്രസീലിലെ ആദ്യ വനിതാപ്രസിഡന്റ്കൂടിയായ ദില്‍മ റൂസേഫിനെ ഉപരിസഭയായ സെനറ്റാണ് ഇംപീച്ച് ചെയ്തത്. ഇതോടെ 13 വര്‍ഷത്തെ തുടര്‍ച്ചയായ വര്‍ക്കേഴ്സ് പാര്‍ടി ഭരണത്തിന് അന്ത്യമായി.

വലതുപക്ഷ ബ്രസീലിയന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് പാര്‍ടി(പിഎംഡിബി) നേതാവും ആക്ടിങ് പ്രസിഡന്റുമായിരുന്ന മൈക്കിള്‍ ടെമര്‍ പ്രസിഡന്റായി. തെരഞ്ഞെടുക്കപ്പെടാതെ 'പാര്‍ലമെന്ററി അട്ടിമറിയിലുടെ'യാണ് ടെമര്‍ പ്രസിഡന്റായത്.  അതുകൊണ്ടുതന്നെ ടെമറെ 'കൈയേറ്റക്കാരന്‍' എന്നാണ് ബ്രസീലിയന്‍ ജനത വിളിക്കുന്നത്. ഈ കൈയേറ്റക്കാരനും അഴിമതിക്കേസില്‍പെട്ട് ഉഴലുന്ന ഘട്ടത്തിലാണ് ലുലയ്ക്കെതിരെ ശിക്ഷ വിധിച്ച് ബ്രസീലിയന്‍രാഷ്ട്രീയത്തില്‍ വലതുപക്ഷത്തിന് മേല്‍ക്കൈ ഉറപ്പിക്കാന്‍ ജുഡീഷ്യല്‍ നടപടിയുണ്ടായിട്ടുള്ളത്.  

ബജറ്റ് കണക്കില്‍ കൃത്രിമംകാട്ടിയെന്ന ബാലിശമായ കാരണം ഉയര്‍ത്തിക്കാട്ടിയാണ് ദില്‍മയെ വലതുപക്ഷം പുറത്താക്കിയതെങ്കില്‍ നേരിട്ട് ഒരു തെളിവും ഹാജരാക്കാതെ വെറും ആരോപണം അടിസ്ഥാനമാക്കിയാണ് ജഡ്ജിയുടെ നടപടിയെന്നാണ് ലുലയുടെ അഭിഭാഷകര്‍ വാദിക്കുന്നത്. ലുല വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയുകമാത്രമാണ് ലക്ഷ്യമെന്നും അവര്‍ ആരോപിക്കുന്നു. അതുകൊണ്ടുതന്നെ ഫെഡറല്‍ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ലുലയും വര്‍ക്കേഴ്സ് പാര്‍ടിയും. 

ബ്രസീലില്‍ 75 വര്‍ഷമായി നിലനില്‍ക്കുന്നതും തൊഴിലാളികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതുമായ 'തൊഴില്‍ചട്ട'ങ്ങളില്‍ സുപ്രധാനമാറ്റത്തിന് ഉപരിസഭയായ സെനറ്റ് അംഗീകാരംനല്‍കിയ ദിവസംതന്നെയാണ് ലുലയ്ക്കെതിരെ ശിക്ഷ വിധിച്ചിട്ടുള്ളത്. തൊഴിലാളികളുടെ കൂലി യഥേഷ്ടം കുറയ്ക്കാനും തൊഴില്‍സമയം വര്‍ധിപ്പിക്കാനും പെന്‍ഷന്‍പ്രായത്തില്‍ മാറ്റംവരുത്താനും ഉള്‍പ്പെടെ തൊഴിലുടമകള്‍ക്ക് അധികാരംനല്‍കുന്ന തൊഴിലാളിവിരുദ്ധ ഭേദഗതികളാണ് ടെമര്‍ സര്‍ക്കാര്‍ ധൃതിപിടിച്ച് പാസാക്കിയെടുത്തിട്ടുള്ളത്. ഇതിനെതിരെ സെനറ്റില്‍ അധ്യക്ഷന്റെ കസേരയില്‍ കയറിയിരുന്ന് വര്‍ക്കേഴ്സ് പാര്‍ടിയുടെയും കമ്യുണിസ്റ്റ് പാര്‍ടിയുടെയും സോഷ്യലിസ്റ്റ് പാര്‍ടിയുടെയും വനിതാഅംഗങ്ങള്‍ വന്‍ പ്രതിഷേധമാണ് കെട്ടഴിച്ചുവിട്ടത്. ഇത് രാജ്യവ്യാപകപ്രക്ഷോഭമായി വളരുമെന്ന് ഭയന്നാണ് ഈ വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ലുലയ്ക്കെതിരെ നടപടിയുണ്ടായതെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍, ലുലയില്ലാതെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്ലെന്ന തീരുമാനത്തിലേക്ക് പ്രതിപക്ഷം നീങ്ങിയാല്‍ അത് ബ്രസീലിയന്‍ രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങളുണ്ടാക്കും. അശാന്തമായ രാഷ്ട്രീയ കാലാവസ്ഥയിലേക്കാണ് ബ്രസീല്‍ നടന്നുനീങ്ങുന്നത്


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top