25 March Saturday

കപ്പൽശാല അപകടവും തൊഴിലിടങ്ങളിലെ സുരക്ഷയും

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018


കൊച്ചി കപ്പൽശാലയിലെ അപകടം ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നു. കപ്പൽശാല പോലെ സുരക്ഷാമാനദണ്ഡങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഒരു സ്ഥാപനത്തിലുണ്ടായ അപകടം അഞ്ചുപേരുടെ മരണത്തിനിടയാക്കിയെന്നത് നിസ്സാരമല്ല. എവിടെയൊക്കെയോ വീഴ്ചകളുണ്ട്. എവിടെയൊക്കെയോ തിരുത്തലുകൾ ആവശ്യമുണ്ട് എന്നും വ്യക്തം. 

കപ്പൽശാലയിൽ വെള്ള ടാങ്കിനുള്ളിലെ അറ്റകുറ്റപ്പണിക്കിടയിലാണ് അപകടം. മാൻഹോളിലൂടെ മാത്രം ഉള്ളിലേക്കിറങ്ങാൻ കഴിയുന്നവയാണ് ഇത്തരം ടാങ്കുകൾ. ഇതുപോലുള്ള ഇടങ്ങളിൽ നൂഴ്ന്നിറങ്ങി പണിയെടുക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാമാനദണ്ഡം പാലിച്ചിരുന്നില്ലെന്ന് സൂചനയുണ്ട്. വളരെ കർശനമായ സുരക്ഷാ ഉറപ്പുകൾ ഇത്തരം ജോലികളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകേണ്ടതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അടഞ്ഞ ഇടങ്ങളിൽ ജോലിചെയ്യുമ്പോൾ പാലിക്കേണ്ട നടപടികൾക്ക് അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ട്. ടാങ്കിനുള്ളിൽ ഏതോതരത്തിൽ വാതകച്ചോർച്ചയുണ്ടായി എന്നാണ് പ്രാഥമിക നിഗമനം. ആ സാധ്യത മുൻകൂട്ടിക്കണ്ടുള്ള മുൻകരുതൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. പ്രത്യേക പരിശീലനം സിദ്ധിച്ചവരാണ് ഇത്തരം ഇടങ്ങളിൽ ജോലിചെയ്യേണ്ടത്. ടാങ്കിനുള്ളിലെ ഓക്സിജൻ ലഭ്യത ഉറപ്പാക്കി വേണം പണിക്കിറങ്ങാൻ. സ്വയംരക്ഷയ്ക്കുള്ള ഉപകരണങ്ങളും തൊഴിലാളികൾക്ക് വേണ്ടതാണ്. കപ്പൽശാലയിൽ ഇതൊക്കെ പാലിക്കപ്പെട്ടോ എന്ന് പരിശോധിക്കപ്പെടണം. മറ്റിടങ്ങളിൽ തൊഴിലെടുക്കുന്ന ലാഘവത്തിൽ തന്നെ ഈ അടഞ്ഞ, വായുസഞ്ചാരമില്ലാത്ത ടാങ്കിനുള്ളിലും പണിയെടുക്കാൻ തൊഴിലാളികൾ നിർബന്ധിതരായോ എന്ന് സംശയിക്കേണ്ട സ്ഥിതിയാണ്.

വാട്ടർടാങ്കുപോലെ താരതമ്യേന അപകടം കുറഞ്ഞ ഒരു തൊഴിലിടത്തിലാണ് കപ്പൽശാലയിലെ അപകടം. അതുപക്ഷേ ഒരു ഒഴികഴിവല്ല. അത്തരം സാഹചര്യങ്ങളിലും വാതകച്ചോർച്ചപോലുള്ളവ ഉണ്ടായാൽ പൊട്ടിത്തെറിയുണ്ടാകാമെന്ന് വ്യക്തം. 'അപകടങ്ങളെ മുൻകൂട്ടി കാണുകയും അംഗീകരിക്കുകയും വിലയിരുത്തുകയും തടയുകയും ചെയ്യാൻ കഴിയുന്നവിധമാകണം' തൊഴിൽ സുരക്ഷ എന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഒ)യുടെ നിർവചനത്തിൽ പറയുന്നത്. അപ്രതീക്ഷമായതിനെ പ്രതീക്ഷിക്കുകതന്നെ വേണമെന്നർഥം. ഏത് സാഹചര്യത്തിലുമുള്ള അപകടസാധ്യത മുൻകൂട്ടി കണ്ടുതന്നെ സുരക്ഷാസൗകര്യങ്ങൾ ഒരുക്കേണ്ട ബാധ്യത തൊഴിലുടമകൾക്കുണ്ട്. അത്രത്തോളം ജാഗ്രത കപ്പൽശാലയിലുണ്ടായോ എന്നതും പരിശോധിക്കപ്പെടണം.

പൊതുമേഖലാ സ്ഥാപനങ്ങളിൽ വളർന്നുവരുന്ന മറ്റൊരു അപകടകരമായ പ്രവണത കൂടി ഈ അപകടം പുറത്തുകൊണ്ടുവരുന്നുണ്ട്. മരിച്ച അഞ്ചുപേരിൽ ഒരാളൊഴികെ എല്ലാ തൊളിലാളികളും കരാർ തൊഴിലാളികളാണ്. ചെലവുചുരുക്കലിന്റെ പേരിൽ വ്യാപകമാകുന്ന കരാർവൽക്കരണമാണ് ഈ സ്ഥിതി ഉണ്ടാക്കുന്നത്. കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ എണ്ണം പൊതുമേഖലയിലടക്കം വൻകിട വ്യവസായ ശാലകളിൽ വൻതോതിലാണെന്ന് സിഐടിയു ചൂണ്ടിക്കാട്ടുന്നു. മതിയായ തൊഴിൽ സാഹചര്യങ്ങളോ, സൗകര്യങ്ങളോ, സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ ജോലിക്ക് നിയോഗിക്കപ്പെടുന്നവരാണ് ഈ തൊഴിലാളികളിൽ ഭൂരിപക്ഷവും. ഇവിടെ തൊഴിൽ ദാതാവിന്റെ ചുമതല മാനേജ്മെന്റുകൾക്കില്ല. കരാറുകാരാണ് തൊഴിലാളിക്ക് സൗകര്യങ്ങളൊക്കെ ലഭ്യമാക്കേണ്ടത്. എന്നാൽ, ലാഭം മാത്രം നോക്കി കമ്പനികളുമായി കരാറുണ്ടാക്കുന്ന കരാറുകാർ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നു. കരാർ തൊഴിലാളികൾക്ക് സേഫ്റ്റി ബൂട്ട് പോലും നൽകാതെ പ്ലാന്റുകളിൽ ജോലി ചെയ്യിപ്പിക്കുന്നതായിവരെ പരാതികൾ ഉയരുന്നുണ്ട്. യൂണിഫോമോ സേഫ്റ്റി ഗ്ലൗസോ ഹെൽമെറ്റോ ഫെയ്സ് മാസ്കോ ഇല്ലാതെ കരാർ തൊഴിലാളികൾ പണിയെടുക്കേണ്ടിവരുന്നുണ്ടെന്ന് സിഐടിയു ചൂണ്ടിക്കാട്ടുന്നു.

അഞ്ച് ജീവൻ നഷ്ടപ്പെടാനിടയാക്കിയ സാഹചര്യത്തിലെങ്കിലുംഇക്കാര്യങ്ങളൊക്കെ പരിശോധിക്കപ്പെടണം. സംസ്ഥാന ഫാക്ടറീസ് ഡയറക്ടറേറ്റ് ഇക്കാര്യത്തിൽ സാധ്യമായ നടപടികൾ സ്വീകരിക്കണം. വ്യവസായശാലകളിൽ അടിയന്തരമായി ഒരു സേഫ്റ്റി ഓഡിറ്റ് തന്നെ ആവശ്യമാണ്. കപ്പൽശാലയിലുണ്ടായ അപകടം സുരക്ഷാവീഴ്ചയാണോ എന്ന് കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂ. അത് നടക്കട്ടെ. പക്ഷേ, സുരക്ഷിതമായ തൊഴിലിടം തൊഴിലാളിയുടെ അവകാശമാണ്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top