10 December Saturday

ഉത്തർപ്രദേശിൽ നീതി നടത്തിപ്പും മതം നോക്കി

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019


കലാപം ഭക്ഷിച്ചാണ്  വർഗീയകക്ഷികൾ വളരുന്നത്‌. ബിജെപിയുടെ ഉത്തർപ്രദേശിലെ വളർച്ചാ ചരിത്രം മാത്രംമതി ഇതിന്‌ തെളിവായി. ഇന്ന്‌ ബിജെപി ഉത്തർപ്രദേശ്‌ ഭരിക്കുന്നത്‌ അഞ്ചിൽനാല്‌ ഭൂരിപക്ഷത്തോടെയാണ്‌. ആരെയും പേടിക്കേണ്ടാത്ത ഈ ഭൂരിപക്ഷം അവർക്ക്‌ അവിടെ എന്തുമാകാമെന്ന  അഹങ്കാരം നൽകുന്നു.  ബിജെപിക്ക്‌ മൃഗീയ മുൻതൂക്കം വന്നാൽ എന്തൊക്കെ സംഭവിക്കാം എന്നതിനുള്ള തെളിവുകൾ അവിടെനിന്നു വന്നുകൊണ്ടേയിരിക്കുന്നു. 2013ലെ മുസഫർനഗർ കലാപത്തിൽ സഹോദരങ്ങളുടെ കൊലയ‌്ക്ക‌് സാക്ഷിയായ യുവാവിന്റെ കൊലപാതകം ഇതിൽ ഒടുവിലത്തേത് ആകുമെന്നും കരുതാൻ വയ്യ.

പടിഞ്ഞാറൻ യുപിയിലെ മുസഫർനഗർ കലാപം ഇന്ത്യ മറന്നിട്ടില്ല. 2013 ആഗസ്‌ത്‌ ‐സെപ്‌തംബർ മാസത്തെ ഈ കലാപം കവർന്നത്‌ അറുപതിലേറെ  ജീവനാണ്‌. കൊല്ലപ്പെട്ടവരിൽ ഇരുമതക്കാരുമുണ്ട്‌. കാണാതായവർ വേറെ. വീടും സ്വത്തും നശിച്ചവർ പിന്നെയും എത്രയോ. ജാട്ട്‌‐ മുസ്ലിം സഖ്യം തകർക്കാനുള്ള ബിജെപിയുടെ രാഷ്‌ട്രീയ നീക്കത്തിന്റെ വിജയംകൂടിയായിരുന്നു ആ കലാപം. ജാട്ടുകളെ ഹിന്ദുസ്വത്വത്തിലേക്ക് കണ്ണിചേർക്കാൻ ഈ കലാപം ബിജെപിയെ സഹായിച്ചു. സമർഥമായ കരുനീക്കങ്ങളിലൂടെ അവർ അത്‌ രാഷ്‌ട്രീയ നേട്ടത്തിന്‌ ഉപയോഗിച്ചു.

അന്ന്‌ സമാജ്‌വാദി പാർടിയായിരുന്നു ഭരണത്തിൽ. ആ സർക്കാരിനെ ദുർബലമാക്കാൻ ആഗ്രഹിച്ചിരുന്ന കോൺഗ്രസ്‌, ബിജെപി തന്ത്രത്തിന്‌ കൂട്ടുനിന്നു. സമാജ്‌വാദി പാർടിയെ മുസ്ലിങ്ങളിൽനിന്ന്‌ അകറ്റാൻ കലാപം ആയുധമാക്കുകയായിരുന്നു കോൺഗ്രസ്‌. മറുവശത്ത്‌ ജാട്ടുകളെ ബിജെപിയോട്‌ അടുപ്പിക്കാൻ ബിജെപി പയറ്റിയ തന്ത്രങ്ങൾ അവർ കണ്ടില്ലെന്നു നടിച്ചു. ഫലത്തിൽ നേട്ടം ബിജെപിക്കായി. ജാട്ടുകളുടെ രക്ഷകരായി അവതരിച്ച ബിജെപി അടുത്ത ലോക‌്സഭ–-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വൻവിജയം കൊയ്‌തു. കോൺഗ്രസ്‌ പൊടിപോലും കണ്ടുപിടിക്കാനാകാതെ അപ്രസക്തമാക്കപ്പെട്ടു.

2017ൽ സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നതോടെ കലാപക്കേസുകളുടെ നടത്തിപ്പ്‌ പൂർണമായും വർഗീയവൽക്കരിക്കപ്പട്ടു. ഹിന്ദുതീവ്രവാദികളും ബിജെപി നേതാക്കളും ഉൾപ്പെട്ട കേസുകൾ പിൻവലിക്കാൻ ശ്രമം തുടങ്ങി. മുസഫർനഗർ കലാപത്തിലെ 131 കേസുകളാണ്‌ ഇത്തരത്തിൽ പിൻവലിക്കാൻ നോക്കിയത്‌. 38 എണ്ണം പിൻവലിക്കാൻ അപേക്ഷ കോടതിയിലുണ്ട്. പലതിലും ബിജെപി നേതാക്കൾ പ്രതികളാണ്. എംപിമാരും എംഎൽഎമാരും പ്രതിപ്പട്ടികയിലുണ്ട്. ഇവരിൽ കലാപത്തിന്‌ നേതൃത്വം നൽകിയതായി ആരോപണമുള്ള സംഗീത്‌സോം അടക്കമുള്ള ബിജെപി നേതാക്കൾക്ക്‌ അതീവ സുരക്ഷയും ഏർപ്പെടുത്തി. സംഗീത്‌ സോമിന്‌ ഇസഡ്‌ കാറ്റഗറിയിലാണ് സുരക്ഷ.

ഇതിന്റെ മറുവശത്ത്‌ അക്രമത്തിനിരയായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ സ്ഥിതി അതിദയനീയമായി. അരലക്ഷത്തിലേറെപ്പേരാണ്‌ അഭയാർഥി ക്യാമ്പുകളിലെത്തിയത്‌. ഇവരിൽ കൂട്ടബലാൽസംഗത്തിന് ഇരയായവർ വരെയുണ്ടായിരുന്നു. ഇവർക്കൊന്നും നീതി കിട്ടിയില്ല. ആംനസ്റ്റി ഇന്റർനാഷണൽ ഇതേപ്പറ്റി വിശദമായ റിപ്പോർട്ടും തയ്യാറാക്കിയിരുന്നു.
മുസഫർനഗർ കലാപക്കേസുകളിൽ പ്രധാനപ്പെട്ട കേസുകളിലൊന്നിലാണ്‌ കഴിഞ്ഞദിവസം വെടിയേറ്റു മരിച്ച അഷ്ബാബ്‌ സാക്ഷിയായിരുന്നത്‌. പതിനെട്ടും ഇരുപത്തിമൂന്നും വയസ്സുള്ള രണ്ടു സഹോദരൻമാരെ അക്രമികൾ ആക്രമിച്ചുകൊലപ്പെടുത്തിയതിന്‌ സാക്ഷിയായിരുന്നു അഷ്ബാബ് . പ്രോസിക്യൂഷന്റെ ഭാഷയിൽ മുഖ്യസാക്ഷി. കേസിൽ അടുത്ത വിചാരണയ‌്ക്ക്‌  ഹാജരാകാൻ രണ്ടാഴ്ച ബാക്കിനിൽക്കെയാണ്‌ ഈ കൊലപാതകം. കേസിലെ ആറു പ്രതികളും ജാമ്യത്തിലാണ്‌. ഇവരിൽനിന്ന്‌ അഷ്ബാബ്‌ ഭീഷണി നേരിട്ടിരുന്നു. പാൽക്കച്ചവടം ചെയ്‌ത്‌ ജീവിച്ചിരുന്ന അഷ്ബാബ്‌ ജീവന്‌ ഭീഷണി നേരിടുന്നതായി പൊലീസിൽ പരാതിപ്പെട്ടിരുന്നു. തങ്ങൾ വാദിയായ കേസിലെ ഒരു മുഖ്യസാക്ഷിയുടെ ജീവൻ രക്ഷിക്കാൻ പൊലീസ്‌ ഒരു നടപടിയും സ്വീകരിച്ചില്ല. പട്ടാപ്പകൽ ബൈക്കിലെത്തിയ അക്രമികൾ  അഷ്ബാബിനെ വെടിവച്ചുവീഴ്‌ത്തുകയും ചെയ്‌തു.

ഇതുതന്നെയാണ്‌ ബിജെപിയുടെ ഭരണത്തിൽ സംഭവിക്കുന്നത്‌. ഭരണകൂടത്തിന്റെ എല്ലാ ശാഖകളെയും അവർ വർഗീയവൽക്കരിക്കുന്നു. നീതി മതാടിസ്ഥാനത്തിലാകുന്നു. ഹിന്ദുവിന്‌ ഒരു നീതി; മുസ്ലിമിന്‌ മറ്റൊരു നീതി എന്നത്‌ നാട്ടുനടപ്പാകുന്നു. ഈ മഹാപാതകത്തിന്റെ അവസാന തെളിവാണ്‌ അഷ്ബാബിന്റെ കൊലപാതകം. 2017ൽ അധികാരമേറ്റ യോഗി ആദിത്യനാഥിന്റെ സർക്കാരിന്റെ ആദ്യ11 മാസത്തിൽ തന്നെ 1142 വർഗീയ ഏറ്റുമുട്ടലുകൾ നടന്നതായി കണക്കുകൾ പുറത്തുവന്നിരുന്നു. അവർ കലാപങ്ങൾ വിതച്ചുകൊണ്ടേ ഇരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വർഗീയ ധ്രുവീകരണത്തിനു വേണ്ടതെല്ലാം അവർ ചെയ്യും. ഭിന്നതയുടെ കുഴിബോംബുകൾ വിതയ്ക്കും. പിന്നീട് എപ്പോഴെങ്കിലും അവ കലാപമായി പൊട്ടും. എന്നും അവരുടെ തന്ത്രം അതുതന്നെ. ഇപ്പോൾ അയോധ്യയുടെ പേരിൽ ചെയ്യുന്നതും അതുതന്നെ. മുസഫർനഗർ കലാപം വന്നപ്പോൾ അഖിലേഷ് യാദവ് വിഷമിക്കട്ടെ എന്നുകരുതിയ പാർടിയാണ് കോൺഗ്രസ്. പിന്നാലെ വന്ന തെരഞ്ഞെടുപ്പ് യുപിയിൽ അവരെ ഇല്ലാതാക്കി. കേരളത്തിൽ ശബരിമലയുടെ പേരിൽ സംഘപരിവാർ തെരുവുകലാപം നടത്തിയപ്പോൾ അതിലൂടെ പിണറായി സർക്കാർ വീഴുമെന്നു കരുതി പിന്നാലെ നടന്ന കേരളത്തിലെ കോൺഗ്രസും ചെയ്തത് അതുതന്നെ.

ഇതുകൊണ്ടൊക്കെയാണ്‌ ഈ തെരഞ്ഞെടുപ്പിൽ ബിജെപിയെ ചെറുക്കാൻ കോൺഗ്രസ് പോരാ എന്ന് ഇടതുപക്ഷം ആവർത്തിക്കുന്നത്. വർഗീയ രാഷ്‌ട്രീയത്തിന്റെ വ്യാപനവും ശക്തിപ്പെടലും ചെറുക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ വെളിവാക്കുന്ന സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. യുപിയിലെ അഷ‌്ബാബിന്റെ  കൊലപാതകം ആ പോരാട്ടം ഇനിയും എത്രയോ ശക്തമാക്കണമെന്ന മുന്നറിയിപ്പ്‌ ഒരിക്കൽക്കൂടി നൽകുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top