17 February Sunday

തകര്‍ച്ചയുടെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 12, 2018


ലോക‌്സഭാ തെരഞ്ഞെടുപ്പിന് നാലുമാസംമാത്രം ബാക്കിയിരിക്കെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി ലഭിച്ചു.  ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലാണ് ബിജെപിക്ക് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്നത്. പതിനഞ്ച് വർഷമായി തുടർച്ചയായി ഭരണം നടത്തുന്ന ഛത്തീസ്ഗഢിലും മധ്യപ്രദേശിലും (തൂക്കുസഭയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല) അഞ്ച് വർഷമായി ഭരണം നടത്തുന്ന രാജസ്ഥാനിലും ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടു. തെലങ്കാനയിൽ നേരത്തേ തെരഞ്ഞെടുപ്പ് നടത്താനുള്ള ടിആർഎസ് നേതാവ് ചന്ദ്രശേഖരറാവുവിന്റെ തന്ത്രം വിജയംകണ്ടു. കോൺഗ്രസിനെയും ബിജെപിയെയും നിഷ് പ്രഭമാക്കി ടിആർഎസ് നേടിയ വിജയം പ്രാദേശിക കക്ഷികൾക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ തുടർന്നും സ്ഥാനം ഉറപ്പാക്കുന്നു. മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സീറ്റ്  നേടി ബിഎസ‌്‌പി സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു.  മിസോറമിൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന‌് കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടു.

മോഡി അധികാരത്തിൽ വന്നതിനുശേഷം ബിജെപിക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പുഫലം. അധികാരവും പണവും സംഘടനാമികവും ഉപയോഗിച്ചിട്ടും ബിജെപിക്ക് ജയിക്കാനായില്ലെന്നത് അവരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.  അഞ്ചിൽ ഒരു സംസ്ഥാനത്തുപോലും മുന്നേറ്റം ഉണ്ടാക്കാനായില്ല. മോഡി അധികാരത്തിൽ വരുമ്പോൾ ഏഴ് സംസ്ഥാനങ്ങളിലായിരുന്നു ബിജെപിക്ക് ഭരണമുണ്ടായിരുന്നത്. നാല് വർഷത്തിനകം അത് 20 ആയി. എന്നാൽ, കർണാടക നിയമസഭാതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ പ്രതിഛായനഷ്ടം സംഭവിച്ച ബിജെപിയുടെ മുഖം കൂടുതൽ വികൃതമാക്കുന്നതാണ് ചൊവ്വാഴ്ച പുറത്തുവന്ന തെരഞ്ഞെടുപ്പുഫലം.  കോൺഗ്രസ് പാർടിക്കും രാഹുൽ ഗാന്ധിക്കും ഏറെ ആശ്വാസം നൽകുന്നതാണ് വിജയമെങ്കിലും ഛത്തീസ്​ഗഢില്‍ നേടിയ തിളക്കമാർന്ന വിജയം മധ്യപ്രദേശിലും രാജസ്ഥാനിലും ആവർത്തിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന പരിശോധന കോൺഗ്രസ് നടത്തേണ്ടതുണ്ട്. കാരണം ബിജെപി സർക്കാരിനെതിരെയുള്ള ജനവികാരത്തെ പൂർണമായും മുതലെടുക്കുന്നതിൽ കോൺഗ്രസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഈ സംസ്ഥാനങ്ങളിൽ ബിജെപിയുടെ വോട്ടിൽ വലിയ ചോർച്ച സംഭവിച്ചിട്ടില്ലെന്ന വസ്തുത കണക്കിലെടുക്കാൻ കോൺഗ്രസും തയ്യാറാകണം.

ആൾക്കൂട്ടക്കൊലയും മറ്റും വിഷയമാക്കാൻ കോൺഗ്രസ് മടിച്ചുനിന്നതും സവർണ വോട്ടുകൾ ലക്ഷ്യമാക്കി ബിഎസ‌്പിയുമായി മധ്യപ്രദേശിലുംമറ്റും സഖ്യം ഉണ്ടാക്കാൻ തയ്യാറാകാത്തതും കോൺഗ്രസിന്റെ വിജയത്തിന് മങ്ങലേൽപ്പിച്ചിട്ടില്ലേ എന്നും പരിശോധിക്കപ്പെടണം. മൃദുഹിന്ദുത്വ സമീപനമാണ് ഇത്തരമൊരു സ്ഥിതിയിലേക്ക‌് കോൺഗ്രസിനെ നയിച്ചത്. അത് അന്തിമമായി തീവ്രഹിന്ദുത്വ ശക്തിയായ ബിജെപിയെ മാത്രമേ സഹായിക്കൂവെന്ന് കോൺഗ്രസ് തിരിച്ചറിയണം.

മോഡിയുടെ നേതൃത്വത്തിൽ എല്ലാ തെരഞ്ഞെടുപ്പുകളും വിജയിക്കാമെന്ന ബിജെപിയുടെ ധാരണയാണ് തിരുത്തപ്പെടുന്നത്.  അതോടൊപ്പം ഹിന്ദുത്വത്തിലൂന്നിയുള്ള വർഗീയപ്രചാരണങ്ങളിലൂടെ എന്നുമെന്നും വിജയിക്കാനാകില്ലെന്ന സന്ദേശവും  നൽകുന്നുണ്ട്.

മോഡിയുടെ നേതൃത്വത്തിൽ എല്ലാ തെരഞ്ഞെടുപ്പുകളും വിജയിക്കാമെന്ന ബിജെപിയുടെ ധാരണയാണ് തിരുത്തപ്പെടുന്നത്.  അതോടൊപ്പം ഹിന്ദുത്വത്തിലൂന്നിയുള്ള വർഗീയപ്രചാരണങ്ങളിലൂടെ എന്നുമെന്നും വിജയിക്കാനാകില്ലെന്ന സന്ദേശവും  നൽകുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷമാണ് സംഘപരിവാർ രാമക്ഷേത്രനിർമാണമെന്ന മുദ്രാവാക്യവുമായി സജീവമായി രംഗത്തെത്തിയത്. വിദ്വേഷപ്രചാരകനായ ആദിത്യനാഥും ബിജെപി അധ്യക്ഷൻ അമിത‌്‌ ഷായും  പ്രചാരണം നടത്തിയത് വർഗീയധ്രുവീകരണം ലക്ഷ്യംവച്ചായിരുന്നു.  74 പൊതുയോഗങ്ങളിലാണ് ആദിത്യനാഥ് സംസാരിച്ചതെങ്കിൽ 56 പൊതുയോഗങ്ങളിലാണ് അമിത് ഷാ സംസാരിച്ചത്. എന്നാൽ, ഈ സ്ഥലങ്ങളുൾപ്പെടുന്ന ഭൂരിപക്ഷം മണ്ഡലങ്ങളിലും ബിജെപി തോറ്റു. ഇത് നൽകുന്ന വ്യക്തമായ സൂചന ബിജെപിയുടെയും സംഘപരിവാറിന്റെയും വർഗീയധ്രുവീകരണ അജൻഡ പതുക്കെയാണെങ്കിലും ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നുവെന്നാണ്.

നരേന്ദ്ര മോഡി സർക്കാർ സ്വീകരിച്ച ജനവിരുദ്ധ സാമ്പത്തിക നയങ്ങളോട് ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നതിന്റെ പ്രഖ്യാപനംകൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ. കറൻസി നിരോധനവും ജിഎസ്ടിയും മാത്രമല്ല സാമൂഹ്യക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കിയതും മറ്റും ജനങ്ങൾക്ക് ഉണ്ടായ ദുരിതമാണ് ജനവിധിയിലൂടെ പ്രകടിപ്പിക്കപ്പെട്ടത്. കഴിഞ്ഞ വർഷം നടന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ സാമ്പത്തിക നടപടികളുടെ സ്വാധീനം ജനങ്ങൾ തിരിച്ചറിയുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, കറൻസി നിരോധനത്തിന്റെ രണ്ടാംവാർഷികം ആകുമ്പോഴേക്കും അതിന്റെ തിക്തഫലങ്ങൾ ജനങ്ങൾക്ക‌്‌ അനുഭവവേദ്യമായി. പ്രധാനമായും രണ്ട് വിഭാഗങ്ങളാണ് സർക്കാരിനെതിരെ തിരിഞ്ഞത്. അത് കർഷകരും ബിജെപിയെ പരമ്പരാഗതമായി പിന്തുണച്ചുവരുന്ന ചെറുകിട കച്ചവടക്കാരുമാണ്. മൂന്ന് ഹിന്ദി സംസ്ഥാനങ്ങളിലും കാർഷികമേഖലയിൽ ബിജെപിക്ക് കനത്ത തിരിച്ചടി ലഭിച്ചതിൽനിന്ന‌്  ഇത് വ്യക്തമാകും. ഛത്തീസ്ഗഢിലെ ദുൾഗ്, റായ‌്‌പുർ, ബിലാസ‌്‌പുർ താഴ്വരകളിലും മധ്യപ്രദേശിലെ മാൾവയിലും ബിജെപിക്കുണ്ടായ തോൽവി ഇതാണ് തെളിയിക്കുന്നത്.  കർഷകരോഷത്തിലാണ് മോഡിയുടെ കപ്പൽ മുങ്ങാൻ തുടങ്ങിയിരിക്കുന്നതെന്ന് സാരം. മോഡി സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കേണ്ടിവന്ന ദളിതരുടെ രോഷവും ബിജെപിയുടെ പരാജയം കനത്തതാക്കി. 

രാജസ്ഥാനിൽ കർഷകസമരത്തിന് നേതൃത്വം നൽകിയത് സിപിഐ എമ്മാണെങ്കിലും സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാർടിയെന്ന നിലയിൽ കോൺഗ്രസിനാണ് ബിജെപിക്കെതിരെയുള്ള കർഷകരോഷത്തിന്റെ ഗുണം ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റൊന്നും ലഭിക്കാത്ത സിപിഐ എമ്മിന് ഇക്കുറി രണ്ട് സീറ്റ് ലഭിക്കുകയും ചെയ്തു. ആദിവാസിമേഖലയായ ദുംഗർപുരിലെ സിപിഐ എം വിജയം പുതിയ മേഖലകളിലേക്ക് പാർടിയുടെ സ്വാധീനം പടരുകയാണെന്നതിന്റെ സൂചനയാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയോടെ അടുത്തവർഷം ആദ്യം നടക്കുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മോഡിക്ക് വിജയം നേടുക വിഷമകരമായിരിക്കും. മൂന്ന് ഹിന്ദി സംസ്ഥാനങ്ങളിലായുള്ള 65 ലോക‌്സഭാ സീറ്റിൽ 62 സീറ്റും ബിജെപിക്കാണ് ലഭിച്ചിരുന്നത്. അത് നിലനിർത്തുക ബിജെപിക്ക് വിഷമകരമാകും. ഉത്തർപ്രദേശിൽകൂടി സീറ്റുചോർച്ച ഉണ്ടായാൽ മോഡിക്ക് രണ്ടാമൂഴം നഷ്ടമാകുമെന്നുറപ്പ്.  സംസ്ഥാനാടിസ്ഥാനത്തിൽ ബിജെപിയെ തോൽപ്പിക്കാൻ സഖ്യമോ ധാരണയോ ഉണ്ടാക്കാൻ പ്രതിപക്ഷകക്ഷികൾ തയ്യാറാകുന്നപക്ഷം ബിജെപിയുടെ പരാജയം ആസന്നം. മോഡി സർക്കാരിന്റെ തകർച്ചയുടെ തുടക്കം ആരംഭിച്ചിരിക്കുന്നുവെന്ന് വ്യക്തം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top