24 January Thursday

കിഴക്കൻ ദേശത്തെ ജനാധിപത്യക്കുരുതി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 6, 2018


ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്ന നടപടികളുമായാണ് കേന്ദ്രഭരണകക്ഷി മുന്നോട്ടുപോകുന്നത്. തെരഞ്ഞെടുപ്പും ജനവിധിയുമൊക്കെ പ്രഹസനമാക്കി ഭരണം പണംകൊടുത്തുവാങ്ങുന്നത് പതിവാക്കിയിരിക്കുകയാണ് ബിജെപി. സമ്പത്തുമാത്രമല്ല, കേന്ദ്രത്തിലെ അധികാരദണ്ഡും ഈ നെറികേടിന് അവർ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പുഘട്ടത്തിൽത്തന്നെ വഴിവിട്ട രീതിയിൽ ജനഹിതം അട്ടിമറിക്കാൻ ബിജെപി നടത്തിയ ഇടപെടലുകൾ ത്രിപുര, മേഘാലയ, നാഗാലാൻഡ് തെരഞ്ഞെടുപ്പുഫലം വന്നതോടെ വ്യക്തമായി. പണമൊഴുക്കിയും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകിയും കള്ളം പ്രചരിപ്പിച്ചും ഭയപ്പെടുത്തിയുമൊക്കെ വോട്ടർമാരെ വരുതിയിലാക്കുന്ന മാനേജ്മെന്റ് തന്ത്രങ്ങളാണ് ബിജെപി പ്രയോഗിക്കുന്നത്. ഇതെല്ലാംവഴി യഥാർഥ ജനഹിതവുമായി ബന്ധമില്ലാത്ത തെരഞ്ഞെടുപ്പുഫലങ്ങളാണ് മൂന്നു സംസ്ഥാനങ്ങളിലും പുറത്തുവന്നത്. വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമവും തെരഞ്ഞെടുപ്പ് പ്രക്രിയയിലെ തടസ്സപ്പെടുത്തലുകളും സംബന്ധിച്ച ആരോപണങ്ങൾ വേറെയും.

സഖ്യമുണ്ടാക്കുന്നതിലോ പ്രചാരണത്തിലോ എന്തെങ്കിലും തത്ത്വദീക്ഷയോ മൂല്യബോധമോ ബിജെപിയിൽനിന്ന് പ്രതീക്ഷിച്ചിട്ടുകാര്യമില്ല. ത്രിപുരയിൽ കടുത്ത വിഘടനവാദികളാണ് സഖ്യകക്ഷി.  മറ്റ് രണ്ട് സംസ്ഥാനങ്ങളിലാകട്ടെ കിട്ടാവുന്നവരെ ഒപ്പം കൂട്ടി. ഫലം വന്നപ്പോഴാകട്ടെ, സഖ്യമോ നയങ്ങളോ ഒന്നും പ്രശ്നമല്ല. തെരഞ്ഞെടുപ്പിൽ എതിർപക്ഷത്തായിരുന്ന കക്ഷികളെ സമീപിച്ച് കച്ചവടം ഉറപ്പിക്കാൻ ബിജെപിക്ക് ഒട്ടും അമാന്തമുണ്ടായില്ല. കേന്ദ്രമന്ത്രിമാരും ഉന്നത ബിജെപി നേതാക്കളും നേരിട്ടെത്തിയാണ് ഈ കൊള്ളരുതായ്മയ്ക്കെല്ലാം ചുക്കാൻപിടിക്കുന്നത്. മേഘാലയയിൽ രണ്ട് സീറ്റുമാത്രം നേടിയ ബിജെപി അഞ്ചു പാർടികളുടെ സഖ്യമുണ്ടാക്കിയാണ് ഭൂരിപക്ഷം അവകാശപ്പെടുന്നത്. ഷില്ലോങ്ങിലെത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവിന്റെ ഓപ്പറേഷനിൽ പൊലിഞ്ഞത് 21 സീറ്റുനേടി വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന്റെ സ്വപ്നങ്ങളാണ്.

കൂടുതൽ സീറ്റുനേടിയ കോൺഗ്രസിന് മന്ത്രിസഭാരൂപീകരണത്തിന് അവകാശമുന്നയിക്കാൻപോലും സാധിച്ചില്ല. കാൺറെഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർടി (എൻപിപി)യുടെ 19 സാമാജികർ ബിജെപിയുടെ ചാക്കിൽ കയറിക്കഴിഞ്ഞിരുന്നു. കോൺഗ്രസിന്റെ ഉന്നതനേതാവും ലോക്സഭാ സ്പീക്കറുമായിരുന്ന പി എ സാങ്മയുടെ മകനാണ് കാൺറെഡ് എന്നത് രാഷ്ട്രീയ അന്തർനാടകങ്ങളുടെ മറ്റൊരു ദുരന്തപര്യവസാനം. കോൺഗ്രസിൽനിന്ന് തെറ്റിപ്പിരിഞ്ഞ് എൻസിപിയിലെത്തിയ സാങ്മ പിന്നീട് രൂപീകരിച്ചതാണ് എൻപിപി. കോൺറെഡ് സാങ്മയ്ക്കാണ് തൽക്കാലം മുഖ്യമന്ത്രിപദമെങ്കിലും എൻപിപിയെത്തന്നെ ബിജെപി വിഴുങ്ങുന്നകാലം അകലെയാകില്ല.

നാഗാലാൻഡിൽ 29 സീറ്റുനേടി വലിയ ഒറ്റക്കക്ഷിയായ  ഭരണകക്ഷി നാഗാ പീപ്പിൾസ് ഫ്രണ്ടിനെ(എൻപിഎഫ്) പുറത്തുനിർത്താനുള്ള കച്ചവടവും ബിജെപി ഉറപ്പിച്ചു. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർടിയു(എൻഡിപിപി)മായി ചേർന്ന് ഗവൺമെന്റ് ഉണ്ടാക്കാനാണ് ബിജെപി നീക്കം. ഗതികെട്ട മുഖ്യമന്ത്രി ടി ആർ സെലിയാങ് അധികാരത്തിൽ തുടരുന്നതിന് ബിജെപിയുമായും കൂടാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ എംഎൽഎമാരെ ബിജെപി വിലകൊടുത്തുവാങ്ങുമെന്ന് ഉറപ്പായതിനാലാണ് സെലിയാങ് കീഴടങ്ങലിന് നിർബന്ധിതനായത്. ഇത്തരത്തിൽ ഇരുട്ടിവെളുക്കുമ്പോഴേക്കും എല്ലാ ധാർമികമൂല്യങ്ങളും അസ്തമിക്കുന്ന നിലയിലേക്കാണ് ബിജെപി കാര്യങ്ങൾ കൊണ്ടെത്തിക്കുന്നത്. മുഖ്യമന്ത്രിപദം ഒഴിയാൻ വിസമ്മതിക്കുന്ന സെലിയാങ്ങിനെ ഗവർണർ പുറത്താക്കുമെന്ന ഭീഷണിയും ഉയർന്നുകഴിഞ്ഞു.

കഴിഞ്ഞവർഷം മണിപ്പുരിലും ഗോവയിലും അരങ്ങേറിയ നാടകങ്ങളുടെ തനിയാവർത്തനമാണ് ഇപ്പോഴത്തേത്. ഗോവയിൽ നിലവിലുണ്ടായിരുന്ന ബിജെപി സർക്കാരിനെ ജനങ്ങൾ തിരസ്കരിച്ചിട്ടും ജനാധിപത്യവിരുദ്ധരീതിയിൽ അവർ അധികാരം കൈയടക്കുകയായിരുന്നു. 40 അംഗ സഭയിൽ 13 സീറ്റുമാത്രമുള്ള  ബിജെപി 22 പേരുടെ 'വിശ്വാസവോട്ട്' നേടി. മുഖ്യമന്ത്രിയായി പരിഗണിച്ചിരുന്ന വിശ്വജിത് റാണെ വിശ്വാസവോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് കോൺഗ്രസിനുണ്ടാക്കിയ മാനക്കേട് സമാനതകളില്ലാത്തതാണ്. മണിപ്പുരിൽ 60 അംഗ നിയമസഭയിൽ 21 പേരുള്ള ബിജെപി, ചെറുകക്ഷികളും സ്വതന്ത്രനുമടക്കം 31 സാമാജികരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടാണ് ഭരണം കൈയടക്കിയത്. ഗവർണർ നജ്മ ഹെപ്ത്തുള്ള  എൻ ബീരേൻസിങ്ങിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചു. കോൺഗ്രസ്വിട്ട് ബിജെപിയിൽ എത്തിയ നേതാവാണ് ബീരേൻ.

മേഘാലയയിലും നാഗാലാൻഡിലും ഇതൊക്കെ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് എന്തുചെയ്തുവെന്ന ചോദ്യത്തിന് ഉത്തരം തേടിയവരോട് ഇറ്റലിയിൽ സന്ദർശനത്തിനുപോയ പാർടി അധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചെത്തട്ടെ എന്ന മറുപടിയാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്നത്. ബിജെപിയുടെ കോർപറേറ്റ്വൽക്കൃത രാഷ്ട്രീയത്തിന് ആളെ കൂട്ടാനുള്ള സംവിധാനമായി അധഃപതിച്ച കോൺഗ്രസ്്, ഇന്ത്യൻ ജനാധിപത്യത്തിൽ ഇനി തങ്ങൾക്ക് ഫലപ്രദമായ  ഒരുപങ്കും നിർവഹിക്കാനില്ലെന്ന് തുടരെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഏതുമാർഗത്തിലൂടെയും  അധികാരത്തിലെത്തുകയും  സർവമേഖലയിലും  ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയുംചെയ്യുന്ന ബിജെപിക്കെതിരെ ജനാധിപത്യത്തിലും മതേതരത്വത്തിലും അടിയുറച്ചുനിൽക്കുന്ന കക്ഷികളുടെ വിശാല ഐക്യനിര ശക്തിപ്പെടേണ്ടതുണ്ട്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top