30 May Tuesday

കൊറോണയ്‌ക്കിടയിലും ബാങ്ക് ലയനം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


കൊറോണയെന്ന  മഹാമാരിയെ ചെറുക്കാൻ രാജ്യം പെടാപ്പാടുപെടുകയാണ്. അതിനിടയിലും പൊതുമേഖലാ ബാങ്കുകളുടെ ലയനമെന്ന അജൻഡയിൽനിന്ന് ഒരടിപോലും പിന്നോട്ടില്ലെന്ന് കേന്ദ്ര ഗവൺമെന്റ്‌ പ്രഖ്യാപിച്ചിരിക്കുന്നു. എല്ലാ എതിർപ്പുകളേയും അവഗണിച്ച്, പത്ത്‌ പൊതുമേഖലാ ബാങ്കിന്റെ ലയനം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരികയാണ്. ഈ കൊറോണക്കാലം കഴിയുന്നതുവരെയെങ്കിലും ലയനം മാറ്റിവയ്ക്കണമെന്ന് ബാങ്കിങ് മേഖലയിൽ നിന്നടക്കം വിവിധ കോണുകളിൽ നിന്നുയർന്ന അഭ്യർഥന സർക്കാർ ചെവിക്കൊണ്ടില്ല.

ഇന്ത്യയുടെ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനമാണിത്. പത്ത്‌ ബാങ്കിനെ നാലാക്കി ചുരുക്കുന്നു. അതായത് ആറെണ്ണം പൂട്ടി. ഇതോടെ, പൊതുമേഖലയിൽ ഇനി 12 വാണിജ്യ ബാങ്ക്‌മാത്രം. ഒറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും. ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും യൂണിയൻ ബാങ്കിലാണ് ലയിക്കുന്നത്. സിൻഡിക്കറ്റ് ബാങ്ക് കനറാ ബാങ്കിലും അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ലയിപ്പിക്കുന്നു. 2017ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കം അഞ്ച് സ്‌റ്റേറ്റ് ബാങ്കിനെയും ഭാരതീയ മഹിളാ ബാങ്കിനെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ചു. തൊട്ടുപിന്നാലെ വിജയബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചു. അത് കഴിഞ്ഞ ഏപ്രിൽമുതൽ പ്രാബല്യത്തിലായി. ഒടുവിലിപ്പോൾ മെഗാലയനം.

സാമ്പത്തികവളർച്ച കുത്തനെ ഇടിഞ്ഞ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമസ്തമേഖലയും കടുത്ത പ്രതിസന്ധി നേരിടുമ്പോൾ എന്തിന് ഈ ലയനം. സർക്കാരിന് യുക്തിസഹമായ ഉത്തരമില്ല. കൊറോണ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഏൽപ്പിക്കുന്ന കനത്ത ആഘാതം ഇനി വരാൻപോകുന്നേയുള്ളു. സമ്പദ്‌വ്യവസ്ഥ നിലയില്ലാക്കയത്തിൽ മുങ്ങുമെന്ന് സാമ്പത്തിക വിദഗ്ധർ ഒരേസ്വരത്തിൽ പറയുന്നുണ്ട്. ലോക സമ്പദ്‌വ്യവസ്ഥതന്നെ തകർന്ന് തരിപ്പണമാകുമെന്ന് അന്താരാഷ്ട്ര നാണയനിധി പ്രവചിച്ചുകഴിഞ്ഞു.


 

ഇത്തരമൊരു സാഹചര്യത്തിൽ ഏതുവിധേനയും ബാങ്കിങ് പ്രവർത്തനം ശക്തമാക്കുകയാണ് വേണ്ടത്. എല്ലാ കൈകളിലും പണം എത്തിക്കണം.  ലോകമാകെ അതിന് നടപടികൾ സ്വീകരിക്കുകയാണ്. അപ്പോൾ, രാജ്യത്ത്  ബാങ്ക് ശാഖകളുടെ എണ്ണം വലിയ തോതിൽ കുറയ്ക്കുന്ന ലയനം എന്തിനാണ്.  ബാങ്ക് ജീവനക്കാരുടെ എണ്ണവും കുറയാനിടയാകും. മാത്രമല്ല, ഓരോ ബാങ്കിന്റെയും സാങ്കേതിക സംവിധാനങ്ങൾ വ്യത്യസ്തമായതിനാൽ ലയനത്തോടെ ബാങ്കിങ് പ്രവർത്തനംതന്നെ താറുമാറാകും. അസോസിയറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കുമ്പോൾ ഒരു ശാഖപോലും പൂട്ടില്ലെന്ന്  പറഞ്ഞിരുന്നു. എന്നാൽ, 2500 ശാഖയും ഇരുനൂറിലേറെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസും അടച്ചു. ദേനാ ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയിലേക്ക് ചേർത്തപ്പോൾ ഈ രണ്ടു ബാങ്കുകളുടെയും നൂറുകണക്കിന് ശാഖകൾ നിർത്തി. ഇനിയും സംഭവിക്കാൻ പോകുന്നത് ഇതൊക്കെത്തന്നെ.

കാര്യക്ഷമമായ മാനേജ്മെന്റോടെ കാർഷികരംഗത്തടക്കം  മുൻഗണനാ മേഖലകളിൽ ഇടപെട്ട്, സാമ്പത്തിക വളർച്ച കൈവരിക്കാൻ ബാങ്കിങ് വ്യവസ്ഥയെ ഉപയോഗിക്കണമെന്നതിൽ ആർക്കും തർക്കമില്ല. അതിനുപക്ഷേ വേണ്ടത് ലയനമല്ല. പൊതുമേഖലാ ബാങ്കുകളുടെ സ്വതന്ത്രമായ പ്രവർത്തനമാണ്. നാടിന്റെ പുരോഗതി സാധ്യമാകണമെങ്കിൽ ഈ ബാങ്കുകളുടെ പ്രവർത്തനം വ്യാപിക്കണം. ബാങ്കിങ് എവിടെയും സാധ്യമാകണം. അർഹരായ എല്ലാവർക്കും വായ്പ കിട്ടണം. ഇതിനൊന്നും ശ്രമിക്കാതെ, കോർപറേറ്റ് മുതലാളിമാർക്കുവേണ്ടി ഇന്ത്യൻ ബാങ്കിങ് മേഖലയെയാകെ വരുതിയിൽ നിർത്താനാണ് കേന്ദ്ര ഗവൺമെന്റിന്റെ ശ്രമം.

ബാങ്ക് വായ്പകളിൽ വലിയ പങ്കും ലഭിക്കുന്നത് സമ്പന്നർക്കാണ്. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം മുഴുവൻ സമ്പന്ന മുതലാളിമാരുടെ വായ്പയാണല്ലോ. കിട്ടാക്കടത്തിൽ 85 ശതമാനവും അഞ്ചു കോടിക്ക് മുകളിലുള്ള വലിയ വായ്പകൾ. കിട്ടാക്കടമായി പോകുന്നതാകട്ടെ പൊതു ജനങ്ങളുടെ നിക്ഷേപവും.  ഇങ്ങനെ, പൊതുപണം കൊള്ളയടിക്കുന്ന കോർപറേറ്റ് മുതലാളിമാർക്കെതിരെ സർക്കാർ ഒരു നടപടിയുമെടുക്കാറില്ല. ആസ്തികൾ പിടിച്ചെടുക്കാൻ നിയമമുണ്ടെങ്കിലും അത് നടപ്പാക്കില്ല. അതേസമയം, ചെറുകിട വായ്പക്കാരെയും കൃഷിക്കാരെയും ദ്രോഹിക്കാൻ ഒരു മടിയുമില്ല.


 

സർക്കാരിന്റെ ഇത്തരം നീക്കങ്ങൾ ശക്തിപ്പെടുത്താനാണ് വിവിധ ബാങ്കുകളെ കൂട്ടിക്കെട്ടി ഒറ്റ വലിയ ബാങ്കായി മാറ്റുന്നത്. വലിയ ബാങ്കുകൾ വലിയ വായ്പ എടുക്കുന്ന വമ്പൻ കോർപറേറ്റ് മേഖലയ്‌ക്കുവേണ്ടിയാണ്. ആഗോള ധനമൂലധന ശക്തികൾക്കും വമ്പൻ ബാങ്കുകളോടാണ് താൽപ്പര്യം. പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറച്ച് സ്വകാര്യ ബാങ്കുകളെ ശക്തിപ്പെടുത്തലും ലയനത്തിനുപിന്നിലെ പ്രധാന അജൻഡയാണ്‌. ഇതാകട്ടെ, 1991 മുതൽ തുടരുന്ന നവലിബറൽ സാമ്പത്തിക അജൻഡയുടെ ഭാഗവുമാണ്.  ഈ നയത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട എത്രയോ ബാങ്കുകൾ തകർന്നു. ഇവിടെയെല്ലാം നഷ്ടമായത് ജനങ്ങളുടെ നിക്ഷേപം.

ഏറ്റവും ഒടുവിലെ ഉദാഹരണമാണ് യെസ് ബാങ്ക് തകർച്ച. കോർപറേറ്റുകൾക്ക് വഴിവിട്ട വമ്പൻ വായ്പകൾ നൽകിയും കോടികളുടെ അഴിമതി നടത്തിയും പൊളിഞ്ഞ ആ ബാങ്കിനെ സർക്കാർ രക്ഷിച്ചത്  പൊതുമേഖലാ ബാങ്കിനെ ഉപയോഗിച്ചായിരുന്നു. യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെക്കൊണ്ട് വാങ്ങിപ്പിച്ചു. ഇങ്ങനെ കോർപറേറ്റ്, സ്വകാര്യമേഖലയുടെ താൽപ്പര്യം സംരക്ഷിക്കാൻ പൊതുമേഖലാ ബാങ്കുകളെ ഉപയോഗപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. നമ്മുടെ ബാങ്കുകളുടെ പക്കലുള്ള 125 ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപം പരമാവധി ചെറുകിട- ഇടത്തരക്കാർക്കും കൃഷിക്കാർക്കും വായ്പയായി നൽകിയാൽ സമ്പദ്‌വ്യവസ്ഥയെ ഉണർത്താനും ശക്തിപ്പെടുത്താനും കഴിയും. അതുപക്ഷേ, ഈ സർക്കാരിന്റെ ആലോചനയിൽപ്പോലുമില്ല. അതുകൊണ്ടാണ്, കൊറോണക്കാലത്തും ലയനത്തിന് തിരക്കുകൂട്ടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top