01 October Sunday

ബിജെപിക്കും കോൺഗ്രസിനും നിർണായക പോരാട്ടം

വെബ് ഡെസ്‌ക്‌Updated: Monday Jan 10, 2022


അഞ്ച്‌ സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്‌ തീയതി തെരഞ്ഞെടുപ്പ്‌ കമീഷൻ പ്രഖ്യാപിച്ചിരിക്കുന്നു. ഏഴ്‌ ഘട്ടമായി നീളുന്ന തെരഞ്ഞെടുപ്പ്‌ പ്രക്രിയ, മാർച്ച്‌ 10ന്‌ വോട്ടെണ്ണുന്നതോടെ അവസാനിക്കും. രാഷ്ട്രീയ പാർടികൾ പൊതുവെ തെരഞ്ഞെടുപ്പ്‌ കമീഷന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌തിരിക്കുകയാണ്‌. കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്കും മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനും  നിർണായകമായ തെരഞ്ഞെടുപ്പാണിത്‌. കർഷകസമരത്തിനുശേഷം നടക്കുന്ന സുപ്രധാന രാഷ്ട്രീയപോരാട്ടംകൂടിയാണിത്‌. പഞ്ചാബ്‌ ഒഴിച്ചുള്ള നാല്‌ സംസ്ഥാനത്തും ഭരണം നടത്തുന്നത്‌ ബിജെപിയാണ്‌. പഞ്ചാബിലാകട്ടെ കോൺഗ്രസും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ രണ്ടര വർഷത്തോളം കാത്തിരിക്കേണ്ടതുണ്ടെങ്കിലും ലോക്‌സഭയുടെ അഞ്ചിലൊന്ന്‌ സീറ്റുള്ള സംസ്ഥാനങ്ങളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പ്‌ ഫലം ഇരുകക്ഷികൾക്കും സുപ്രധാനമാണ്‌.

ഇതിൽ ഏറ്റവും പ്രധാനം യുപിയിലെ തെരഞ്ഞെടുപ്പു തന്നെയാണ്‌. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ വിജയിക്കണമെങ്കിൽ യുപിയിൽ ആദിത്യനാഥ്‌ സർക്കാർ വീണ്ടും അധികാരമേറുകതന്നെ വേണമെന്ന്‌ കഴിഞ്ഞദിവസം പറഞ്ഞത്‌ പ്രധാനമന്ത്രിതന്നെയാണ്‌. ലോക്‌സഭയിൽ 80 സീറ്റുള്ള യുപിയിൽ ചുവടുപിഴച്ചാൽ മൂന്നാം തവണയും അധികാരത്തിൽവരികയെന്ന സ്വപ്‌നം യാഥാർഥ്യമാകില്ലെന്ന സൂചനയാണ്‌ പ്രധാനമന്ത്രി നൽകുന്നത്‌. കഴിഞ്ഞമാസം 10 ദിവസത്തിനകം രണ്ടുതവണ യുപി സന്ദർശിച്ച്‌ വിവിധ വികസനപദ്ധതികൾ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നടപടിയിൽനിന്ന്‌ ബിജെപിക്കുള്ള ആശങ്ക പ്രകടമാണ്‌. കർഷകരോഷവും കോവിഡ്‌ നേരിടുന്നതിൽ ആദിത്യനാഥ്‌ സർക്കാർ വരുത്തിയ വീഴ്‌ചയും ബിജെപിയുടെ പ്രതീക്ഷയ്‌ക്ക്‌ മങ്ങലേൽപ്പിക്കുന്നുണ്ട്‌. ജാട്ട്‌ കർഷകരുടെ പാർടിയായ ആർഎൽഡിയുമായും കിഴക്കൻ യുപിയിൽ സ്വാധീനമുള്ള രാജ്‌ഭർ സമുദായ കക്ഷിയായ സുഹൽദേവ്‌ ഭാരതീയ സമാജ്‌ പാർടിയുമായും സമാജ്‌വാദി പാർടിയുണ്ടാക്കിയ സഖ്യവും ബിജെപിക്ക്‌ വിനയാകുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഉത്തർപ്രദേശിലെ പോരാട്ടം ബിജെപിയും സമാജ്‌വാദി പാർടിയും തമ്മിലാണെന്ന പൊതുആഖ്യാനം കോൺഗ്രസ്‌, ബിഎസ്‌പി എന്നീ കക്ഷികളെ അപ്രസക്തമാക്കുന്നുമുണ്ട്‌. ഏതായാലും കടുത്ത മത്സരത്തെയാണ്‌ ഇക്കുറി ബിജെപി നേരിടുന്നത്‌.

ബിജെപി അധികാരത്തിലുള്ള മറ്റ്‌ മൂന്ന്‌ സംസ്ഥാനമാണ്‌ ഉത്തരാഖണ്ഡും മണിപ്പുരും ഗോവയും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗോവയിലും മണിപ്പുരിലും  ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസായിരുന്നുവെങ്കിലും  അധികാരത്തിൽ വന്നത്‌ ബിജെപിയായിരുന്നു. കോൺഗ്രസ്‌ എംഎൽഎമാരെ വിലയ്‌ക്ക്‌ വാങ്ങിയും പ്രാദേശിക കക്ഷികളെ കൂടെനിർത്തിയുമാണ്‌ ബിജെപി ഭരണം നേടിയത്‌. ഗോവയിൽ 17 എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസിന്‌ നിലവിലുള്ളത്‌ രണ്ട്‌ പേർ മാത്രമാണ്‌. 15 പേരും കൂറുമാറി. കോൺഗ്രസ്‌ പാർടി തീർത്തും ദുർബലമായപ്പോൾ ആ ഇടത്തിലേക്ക്‌ തൃണമൂൽകോൺഗ്രസും ആം ആദ്‌മി പാർടിയും കടന്നുവന്നിരിക്കുകയാണ്‌. ഇത്‌ കോൺഗ്രസിനെ വീണ്ടും ക്ഷീണിപ്പിച്ചു. 10 വർഷമായി അധികാരത്തിൽ തുടരുന്ന ബിജെപിക്കെതിരെ ജനവികാരം ശക്തമാണെങ്കിലും അത്‌ തങ്ങൾക്കനുകൂലമാക്കാൻ കോൺഗ്രസിന്‌ കഴിയുന്നില്ല. മണിപ്പുരിൽ  28 എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസിൽനിന്ന്‌ 13 പേരാണ്‌ മറുകണ്ടം ചാടിയത്‌. ഉത്തരാഖണ്ഡിലും ബിജെപിക്കെതിരായ ജനവികാരത്തെ ഉപയോഗപ്പെടുത്താൻ കോൺഗ്രസിന്‌ കഴിയുമോയെന്ന സംശയം ഉയരുകയാണ്‌.

കോൺഗ്രസിന്‌ ഭരണമുള്ള മൂന്ന്‌ സംസ്ഥാനത്തിൽ ഒന്നാണ്‌ പഞ്ചാബ്‌. തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പുവരെ കോൺഗ്രസ്‌ സർക്കാരിനെ നയിച്ച അമരീന്ദർസിങ് ഇപ്പോൾ പ്രത്യേക പാർടിയുണ്ടാക്കി ബിജെപിയുമായി സഖ്യം സ്ഥാപിച്ചിട്ടുണ്ടെങ്കിലും വലിയ മുന്നേറ്റമൊന്നും ഉണ്ടാക്കാൻ ഈ സഖ്യത്തിന്‌ കഴിയില്ല. ബിഎസ്‌പിയുമായി സഖ്യത്തിലായ അകാലിദൾ ആകട്ടെ നഷ്ടപ്പെട്ട ജനസ്വാധീനം നേടുന്നതിൽ വിജയിച്ചിട്ടുമില്ല. എങ്കിലും  കോൺഗ്രസിന്‌ സാഹചര്യം അനുകൂലമാണെന്ന്‌ പറയാനാകില്ല. മുഖ്യമന്ത്രിയും ദളിതനുമായ ചരൺജിത്‌സിങ് ചന്നിയും ജാട്ട്‌ സിഖായ പിസിസി അധ്യക്ഷൻ നവ്‌ജ്യോത്‌സിങ് സിദ്ദുവും തമ്മിലുള്ള അധികാരത്തർക്കവും ആം ആദ്‌മി പാർടിയുടെ ശക്തമായ രംഗപ്രവേശവുമാണ്‌ കോൺഗ്രസിനെ അലട്ടുന്നത്‌. കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ നിർണായകമാണ്‌ അഞ്ച്‌ സംസ്ഥാനത്തെയും തെരഞ്ഞെടുപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top