28 September Monday

പ്രതീക്ഷയുണർത്തി അസെൻഡ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 11, 2020


വ്യാവസായിക കുതിപ്പ് ഉൾപ്പെടെ സംസ്ഥാനത്തിന്റെ  സർവതോമുഖ പുരോഗതിക്ക് ആക്കംകൂട്ടുന്ന ആഗോള നിക്ഷേപക സംഗമം "അസെൻഡ് കേരള‐ 2020' ഒട്ടേറെ പ്രതീക്ഷകളോടെയാണ്  സമാപിച്ചത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് നിക്ഷേപകരെ വലിയമട്ടിൽ ആകർഷിക്കാൻ കാര്യമാത്ര പ്രസക്തങ്ങളായ തീരുമാനങ്ങൾ ഉണ്ടായത് സംഗമത്തെ സാർഥകമാക്കി.  നവകേരള നിർമിതി ലക്ഷ്യമാക്കിയുള്ള കാഴ്ചപ്പാടുകൾക്കായിരുന്നു ഊന്നൽ.  തൊഴിലവസരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ചുവർഷം പ്രതിമാസ സബ്സിഡി, തൊഴിൽദിനം ഒന്നുപോലും പാഴാകാതിരിക്കാൻ പ്രത്യേക സമിതി, ഭൂപരിഷ്കരണ‐ കെട്ടിട നിർമാണ ചട്ടങ്ങളിൽ  ഇളവ് ഉൾപ്പെടെയാണ് പ്രഖ്യാപിക്കപ്പെട്ടത്.  കേരളം രാജ്യത്തെ മികച്ച നിക്ഷേപക സൗഹൃദാന്തരീക്ഷമുള്ള സംസ്ഥാനമാണെന്ന പ്രമുഖ വ്യവസായികളുടെ തുറന്ന അഭിപ്രായം എൽഡിഎഫ് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും  ആത്മാർഥതയ്ക്കും ധീരമായ ഇടപെടലുകൾക്കുമുള്ള  അംഗീകാരമാണ്.  250 കോടിയിലധികം  നിക്ഷേപമുള്ളതോ ആയിരം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്നതോ ആയ വ്യവസായങ്ങൾക്കാണ്  ഭൂപരിഷ്കരണ ചട്ടങ്ങളിൽ ഇളവ് അനുവദിക്കുക. തൊഴിൽപ്രശ്നങ്ങൾ ചർച്ചചെയ്യാൻ പ്രത്യേക സമിതികൾ രൂപീകരിക്കുന്നതോടൊപ്പം  സ്ത്രീസൗഹൃദ നയങ്ങളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്ക് ഏത് സമയവും ജോലിചെയ്യാൻ അവസരമൊരുക്കുമെന്നതാണ് അതിലൊന്ന്. വിനോദ സഞ്ചാര മേഖലയെ  കൂടുതൽ പരിഗണിച്ചുകൊണ്ടുള്ളതാണ് ഉത്തരവാദ ടൂറിസത്തെക്കുറിച്ചുള്ള പ്രതീക്ഷ.അതുമാത്രമല്ല, ഒരു ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപവാഗ്ദാനങ്ങളാണ്  സംഗമത്തിലുണ്ടായത്.

രാഷ്ട്രീയ ശത്രുതയോടെ പെരുമാറുന്ന നരേന്ദ്ര മോഡി സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി വീർപ്പുമുട്ടിക്കുന്ന അവസ്ഥ നിലവിലുള്ളപ്പോൾ ഇത്തരം സംഗമങ്ങൾക്കും ധനസമാഹരണങ്ങൾക്കും  പ്രത്യേക പ്രസക്തിയുണ്ട്. ഏറ്റവുമൊടുവിൽ പ്രളയസഹായവും നിഷേധിച്ചു. സഹായമായി 2101 കോടിരൂപ ആവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും ഫെഡറൽ സംവിധാനംപോലും വകവയ്ക്കാതെ  തീർത്തും അവഗണിക്കുകയായിരുന്നു. അതേസമയം, ഏഴ് സംസ്ഥാനങ്ങൾക്കായി 5908 കോടി അധികസഹായം നൽകുകയും ചെയ്തു.  ഇതിൽ അഞ്ചും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.


 

രാജ്യത്തെ അഞ്ച് മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാക്കി കേരളത്തെ പരിവർത്തിപ്പിക്കുമെന്നും  ഒരു ദശാബ്ദത്തിനകം  തൊഴിലില്ലായ്മ പൂർണമായും ഇല്ലാതാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞത് ആത്മവിശ്വാസത്തോടെയാണ്. ചില വിദേശരാജ്യങ്ങളിൽനിന്ന് നിക്ഷേപത്തിന് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിദേശസംരംഭകർക്ക് മാത്രമായി നിക്ഷേപകസംഗമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പരിസ്ഥിതിയും സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യങ്ങളും മനസ്സിലിരുത്തിയുള്ള ബദൽ സംരംഭങ്ങളിലാണ് മുഖ്യമന്ത്രി അടിവരയിട്ടതും.

യുഡിഎഫ് സർക്കാരുകളുടെ കാലത്ത് ആഘോഷപൂർവം നടത്തിയ നിക്ഷേപകസംഗമങ്ങളെല്ലാം വാചകമടികളുടെ വേദികളായിരുന്നു. മാധ്യമങ്ങളിൽമാത്രം നിറഞ്ഞ ജിം, എമർജിങ് കേരള, പാർട്ണർ കേരള, ഗ്ലോബൽ അഗ്രോ മീറ്റ്, യസ് തുടങ്ങിയവ വ്യത്യസ്ത പേരുകളിൽ പ്രത്യക്ഷപ്പെട്ടുവെന്നല്ലാതെ  എടുത്തുപറയത്തക്ക  നിക്ഷേപങ്ങൾ വന്നില്ലെന്നതാണ് യാഥാർഥ്യം. അതിൽനിന്ന് വ്യത്യസ്തമായി വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടാക്കിയും സംരംഭങ്ങളെ തുണയ്ക്കുംവിധം നടപടികൾ ലഘൂകരിച്ചും ചട്ടങ്ങളിലും നിയമങ്ങളിലും ഭേദഗതി വരുത്തിയുമാണ് എൽഡിഎഫ് സർക്കാർ സംഗമങ്ങൾക്ക് നേതൃത്വം നൽകിയത്. തങ്ങളുടെ കാലത്തെ അനുഭവങ്ങൾ  വിസ്മരിച്ചാണ് പ്രതിപക്ഷനേതാവ്  രമേശ് ചെന്നിത്തല അസെൻഡിനുനേരെ നിരുത്തരവാദപരമായി നിലകൊണ്ടത്. രാഹുൽ ഗാന്ധി അഭിനന്ദിച്ചിട്ടും  തിരുവനന്തപുരത്ത് നടന്ന ലോക കേരളസഭയോടും നിഷേധാത്മക സമീപനമായിരുന്നുവല്ലോ പ്രതിപക്ഷം കൈക്കൊണ്ടത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top