24 April Wednesday

ദിഗ്‌ബന്ധന മഹാമന്ത്രം

ശതമന്യു Tuesday May 8, 2018


മറ്റൊരാളോടുള്ള വിദ്വേഷം തീർക്കാൻ അയാളുടെ തകർച്ചയ‌്ക്കായി ചെയ്യുന്ന ഗൂഢപ്രവൃത്തിയാണ് കൂടോത്രം. 'ഓം ഹ്രീം ദും ഉത്തിഷ്ട പുരുഷി കിം സ്വപിഷി ഭയമേ സമുപസ്ഥിതാ യദി ശാക്യ മശകൃയ വാ  തന്മേ ഭഗവതി ശാമയ സ്വാഹ' എന്ന മന്ത്രം ദിവസവും രാവിലെ വെറും വയറ്റിൽ  108 ഉരു എന്ന തോതിൽ ആറുമാസം ജപിച്ചാൽ കൂടോത്രത്തിൽനിന്ന് രക്ഷ നേടാം എന്നാണു പ്രമാണം. ആറു  മാസം  മത്സ്യ മാംസാദികൾ  വർജിക്കുകയും വേണം. ഇതൊക്കെ ഇന്നും നടപ്പിലുള്ള കാര്യങ്ങളാണ്.

ഒരാളുടെ ജീവിതത്തിലെ ഉയർച്ചയും താഴ്ചയും   ജനിക്കുന്ന സമയത്തിനാധാരമാക്കി എഴുതിവയ‌്ക്കുന്ന ജാതകം സർവ സാധാരണമായ കാലമാണ്. സർക്കാരിലെ ഉയർന്ന ജോലി പോലും ഇട്ടെറിഞ്ഞ‌് ജ്യോതിഷ രത്നങ്ങളായി കണക്കില്ലാതെ സമ്പാദിച്ചു കൂട്ടുന്ന പ്രതിഭകൾ നാട്ടിലെങ്ങുമുണ്ട്.  ജാതകത്തിലെ  ഉയർച്ചയെയും അട്ടിമറിക്കാൻ ദുർമന്ത്രവാദത്തിനു കഴിയുന്നു എന്നാണ‌് അന്ധവിശ്വാസികളുടെ വിശ്വാസം.  പ്രപഞ്ചത്തിലെ ഊർജ സ്രോതസ്സായ സൂര്യഭഗവാനെപ്പോലും കുറച്ചുനേരത്തേക്കെങ്കിലും മറയ‌്ക്കാൻ കാർമേഘങ്ങൾക്കു കഴിയുന്നില്ലേ എന്ന് അതിനു ന്യായീകരണമായി ജ്യോതിഷ രത്നങ്ങളും ആർഷ ഭാരത സംസ്കാര (ആ.ഭാ.സം)ത്തിന്റെ പ്രചാരകരും ചോദിക്കും.   ചില ദുർമന്ത്രങ്ങൾ ചിലസമയങ്ങളിൽ ദോഷഫലങ്ങൾ ഉണ്ടാക്കുമെന്നാണ് ഇവരുടെ വിശ്വാസം. അത്തരം ദുഷ്‌ക്രിയകൾക്കു  പല പേരുകളുണ്ട്. അതിൽ   ഒന്നാണ് കൂടോത്രം. ശത്രുക്കൾക്കെതിരെയാണ് മിക്ക കൂടോത്ര പ്രയോഗങ്ങളും നടക്കുക. ഒരാളുടെ  സമ്പത്തോ കഴിവോ തൊഴിലോ അഭ്യുന്നതിയോ  കണ്ട്  അസൂയ മൂത്തവർ  കൂടോത്രം ചെയ്യിക്കാറുമുണ്ട്. അപവാദ പ്രചാരണം നടത്താറുമുണ്ട്.

ദുർമന്ത്രവാദവും കൂടോത്രവും പ്രയോഗിച്ച‌് ദുഷ്ടശക്തികളെ വി എം സുധീരനുനേരെ തിരിച്ചുവിട്ട‌് ആ ആദർശ ജീവിതത്തിൽ ചെളിവാരിയെറിഞ്ഞ‌്   മാനസികമായും ശാരീരികമായും തളർത്തി ടെൻഷനും ദുരിതങ്ങളുമുണ്ടാക്കി  തളർത്തിക്കളയാനുള്ള അന്താരാഷ്ട്ര പദ്ധതിയാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.  വീട്ടുവളപ്പിൽ വളരുന്ന ജൈവ വാഴച്ചുവട്ടിലാണ്  കൂടോത്രം ചെയ്ത തകിടുകൾ സുധീരൻ തന്നെ കണ്ടെത്തിയത്.  തകിടിൽ പതിച്ച കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പു തകിടുകള്‍, വെള്ളക്കല്ലുകൾ  എന്നിവ കുപ്പിയില്‍ അടക്കംചെയ്ത നിലയിലായിരുന്നു. ഓരോ തകിടിനും മാരകമായ പ്രഹരശേഷിയുണ്ട്. ഫലിച്ചാൽ ഒരു പക്ഷേ, കേരളത്തിനും ഇന്ത്യാ മഹാരാജ്യത്തിനും വരുന്ന നഷ്ടം ഉന്നത ശീർഷനും ആദർശ രൂപനും സർവോപരി ജനപിന്തുണയിൽ ഒന്നാമനുമായ സുധീരൻ എന്ന താരകം തന്നെയാകുമായിരുന്നു. അതോടൊപ്പം  ആ മഹാ മനീഷിയായ കൃഷീവലൻ  പൊന്നുപോലെ പരിപാലിക്കുന്ന ആദർശ ജൈവ കൃഷിയും ഇല്ലാതാകുമായിരുന്നു. 

മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല എന്നാണ്. തിരിച്ചറിഞ്ഞിട്ടില്ല ആരും ആ നേതൃപ്രതിഭയെ; പ്രത്യേകിച്ച് കോൺഗ്രസുകാർ. സ്വന്തം പാർടിയിലെ ഒരാളും സഹകരിക്കാത്ത ദുരവസ്ഥ വന്നപ്പോഴാണ് സുധീരൻ കെപിസിസിയുടെ അധ്യക്ഷ പദവിയിൽനിന്ന് സഹികെട്ട‌് ഇറങ്ങിപ്പോയത്. എന്നിട്ടെന്ത്. ശത്രുക്കൾ ഇപ്പോഴും സുധീരനു പിന്നാലെയാണ്. മാങ്ങയുള്ള മരത്തിലേ  കല്ലെറിയൂ എന്നാണല്ലോ. ഒന്നും രണ്ടും അല്ല, ഒമ്പതാം തവണയാണ് മാരകവും ഭീകരവുമായ കൂടോത്രം ചെയ്ത വസ്തുക്കൾ കണ്ടെത്തുന്നത്.  ആദ്യ എട്ടു തവണയും മറ്റ് പല രൂപങ്ങളിലായിരുന്നു എന്ന‌് സുധീരന്‍  തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. രാസായുധ പ്രയോഗം പോലെ ഈ നിഗൂഢമായ ആക്രമണം ലക്ഷ്യം കാണും മുമ്പ‌്തൊണ്ടിയോടെ കണ്ടെത്തി തകർത്ത സുധീരനെ ആദരിക്കുക, ആ കഴിവിനു മുന്നിൽ ശിരസ്സ് കുനിക്കുക എന്ന കർത്തവ്യം എല്ലാ മലയാളികൾക്കും ഉണ്ട്. 

കൂടോത്ര സംവിധായകർ ആരാണെന്ന് അന്വേഷിക്കാൻ സിബിഐയാണ്  നല്ലത്. കേരള പൊലീസിനെ  വിശ്വാസമില്ല എന്നു തന്നെ പറയണം. കശ്മീരിലെ പെൺകുട്ടിയെ പിച്ചിച്ചീന്തി കൊന്നുകളഞ്ഞവരെ രക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയ ചങ്ങാതിമാർ അതേ  പെൺകുഞ്ഞിനു വേണ്ടി ഹർത്താൽ പ്രഖ്യാപിച്ചപ്പോൾ നാട്ടിലുണ്ടായ അക്രമങ്ങൾ പൊളിച്ചത് ഇവിടത്തെ  പൊലീസാണ്. ഹർത്താലിനു പിന്നിൽ ആട്ടിൻ തോലണിഞ്ഞ ചെന്നായാണെന്ന് കണ്ടെത്തിയതും കേട്ടപാതി തെരുവിൽ  അഴിഞ്ഞാടിയവരെ പൂട്ടിയതും കേരള പൊലീസ് തന്നെ.  ആ പൊലീസ് ഈ കേസ് അന്വേഷിച്ചാൽ കോൺഗ്രസുകാർ കൂട്ടത്തോടെ കുടുങ്ങിയേക്കും. അതുകൊണ്ട് സിബിഐ തന്നെയാണ് നല്ലത്‌. സുധീരൻ പൊലീസിനു നൽകിയ പരാതി പിൻവലിക്കണം.

സുധീരന് മറ്റു രാഷ്ട്രീയപാർടികളിൽ ശത്രുക്കൾ ഇല്ല.  മറ്റെല്ലാ പാർടികൾക്കും നന്മ മാത്രമേ  ആ മനുഷ്യൻ ചെയ്തിട്ടുള്ളൂ. ഒാരോ തവണ സുധീരൻ രംഗത്തിറങ്ങുമ്പോഴും കോൺഗ്രസിനാണ് ക്ഷീണം പറ്റിയിട്ടുള്ളത്. സമീപകാലത്ത‌്  കോൺഗ്രസിനെ   നാണം കെടുത്തിയ സംഭവങ്ങൾക്ക് എല്ലാം കാരണക്കാരൻ എന്നത് ചില്ലറ നേട്ടമല്ല. ആ നിലയ്ക്ക്,  ആ  പാർടിയിലെ സഹപ്രവർത്തകർ തന്നെ ചെയ്തതാകും  കൂടോത്രം എന്ന നിഗമനത്തിനാണ് മുൻ‌തൂക്കം. എന്തായാലും ‘കെ’പിസിസിയിലെ ‘കെ’ കൂടോത്രത്തിന്റെ ‘കെ’ ആക്കിയതിന്റെ ക്രെഡിറ്റുകൂടി സുധീരന്റെ ആദർശത്തൊപ്പിയിലെ പൊൻ തൂവലാകും.  തുടർച്ചയായി ഒമ്പതു തവണ കൂടോത്രത്തിന്റെ മാരക പ്രഹരത്തിൽനിന്നു രക്ഷപ്പെട്ട സ്ഥിതിക്ക് ദിഗ്‌ബന്ധന മഹാമന്ത്രം ആറുമാസം രാപ്പകൽ ചൊല്ലാൻ സുധീരൻ തയ്യാറാകേണ്ടതുണ്ട്. അമേരിക്കൻ വധശ്രമത്തിൽനിന്ന് നൂറിലേറെ തവണ രക്ഷപ്പെട്ട ഫിദൽ കാസ്ട്രോയുടെ തൊട്ടു പിന്നിലാകും ഇനി സുധീരന്റെ സ്ഥാനം.
......................................................................
രാഹുലിന്റെ ശബ്ദം പതുക്കെ പുറത്തു വന്നു തുടങ്ങിയിട്ടുണ്ട്. യുപിയിൽ മായാവതിയും അഖിലേഷും 2019 ലും സഖ്യം തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. തെക്കേ ഇന്ത്യയിൽ കാവിക്കൊടി ഒരു കാലത്തും ഗുണം പിടിക്കുന്ന ലക്ഷണമില്ല. ആ നിലയ്ക്ക് ചില്ലറ വെപ്രാളവും വിഡ്ഢിത്തവുമാണ് ഇപ്പോൾ കാവിഭവനത്തിലെ അത്താഴം. മോഡിയുടെ അമ്മ ഇപ്പോഴും ഓട്ടോറിക്ഷയിൽ സഞ്ചാരമെന്നും  രാഹുൽ ഗാന്ധിയുടെ അമ്മ ലോകത്തിലെ രാഷ്ട്രീയനേതാക്കളിൽ നാലാം സ്ഥാനത്തുള്ള   സമ്പന്നയാണെന്നും കേന്ദ്രമന്ത്രി പ്രസ്താവിച്ചതിനു പിന്നിൽ വെപ്രാളവുമുണ്ട്, വിഡ്ഢിത്തവുമുണ്ട്.  നരേന്ദ്രമോഡിയുടെ അമ്മ ഹീരാബെൻ ഓട്ടോറിക്ഷയിൽ ഇരിക്കുന്ന ചിത്രവുമായാണ് പ്രസ്താവന വന്നത്. ചിത്രം സൂക്ഷിച്ചു നോക്കിയാൽ ഹീരാബെന്നിന്റെ വലതു കൈയിൽ ആരോ പിടിച്ചിട്ടുണ്ട്. പക്ഷേ, ഓട്ടോറിക്ഷയിൽ ഹീരബെന്‍ ഒറ്റയ്ക്കാണ്. പുറത്തു നിൽക്കുന്നവരുടെ കൈ അത്രയും നീളണമെങ്കിൽ ബഷീറിന്റെ മൂക്കൻ സ്റ്റൈൽ കൈ ആകണം. ഫോട്ടോഷോപ്പ് ചതിച്ചതോടെ വെളുക്കാൻ തേച്ചത് പാണ്ടായി. മോഡി അമാനുഷനായതു കൊണ്ട് അമ്മയെ അദൃശ്യനായി താങ്ങിയതാണെന്നു സോഷ്യൽ മീഡിയയിൽ ഒരു വാദം.  അതേതോ പ്രേതത്തിന്റെ കൈയാണ് എന്ന് ചിലർ. അതല്ല . ‘ഗോഡ്’സെയുടെ കൈയാണ് എന്ന് വേറെ വാദം.

രാജ്യത്തിനു നല്ല നാൾ കൊണ്ടുവരുന്ന മോഡി സ്വന്തം മാതാവിനെ  ഇങ്ങനെയൊക്കെത്തന്നെയാണോ പരിഗണിക്കുന്നത് എന്നു ചോദിക്കുന്നവരുണ്ട്. സ്വർണക്കോട്ടിട്ടും പ്രത്യേക വിമാനത്തിൽ ലോകം ചുറ്റിയും സെൽഫിയെടുത്തും ജീവിതം ആഘോഷിക്കുന്ന  മോഡി വയോവൃദ്ധയായ മാതാവിനെ ഓട്ടോയിൽ കയറ്റി എങ്ങോട്ടു കൊണ്ടുപോവുകയാണ് എന്ന ചോദ്യത്തിനും മറുപടി വന്നിട്ടില്ല. അത് പറയുന്നതിനു പകരം,  ബോളീവുഡിലെ നടിമാരെയും മുസ്ലിം മതത്തെയും  ആക്ഷേപിക്കുന്ന കാര്‍ട്ടൂണുകളുടെ രചയിതാവായ  ക്ഷിതിജ് ബാജ്‌പേയിക്കു നല്ല സർട്ടിഫിക്കറ്റു കൊടുക്കാനാണ് മോഡി സമയം കണ്ടെത്തിയത്.   കഠ‌്‌വ ബലാത്സംഗത്തില്‍ ബോളീവുഡ് നടിമാര്‍ നടത്തിയ പ്രതിഷേധത്തെ  ബാജ്‌പേയി  കാര്‍ട്ടൂണ്‍ വരച്ചു പരിഹസിച്ചതാണ് മോഡിക്ക് ഇഷ്ടപ്പെട്ടത്. തുണിയുടുക്കാതെ അഭിനയിക്കുന്നവര്‍ കഠ‌്‌വ പെണ്‍കുട്ടിക്കു വേണ്ടി സംസാരിക്കുന്നുവെന്നാണ് സോനം കപൂര്‍, സ്വര ഭാസ്‌കര്‍, ഹുമ ഖുറേഷി, കരീന കപൂര്‍, റിച്ച ഛദ്ദ എന്നിവരുടെ പേരെടുത്തു പറഞ്ഞ‌് കാർട്ടൂണിൽ ആക്ഷേപിച്ചത്. ഇസ്ലാം മതം ബോംബ് ആണെന്നും ഹിന്ദുമതം സമാധാനത്തിന്റെ വെള്ളരി പ്രാവാണെന്നുമാണ് മറ്റൊരു കാര്‍ട്ടൂൺ. മോഡിയുടെ  സ്വച്ഛ് ഭാരത് പദ്ധതിയെ തകര്‍ക്കുന്നത് മുസ്ലിങ്ങളാണെന്നത് വേറൊന്ന‌്. ഒരു കാർട്ടൂണിൽ താജ്മഹലിന്റെ മിനാരങ്ങള്‍ പുരുഷ ലിംഗങ്ങളായി.   ‘താങ്കളൊരു മഹാനായ കലാകാരനാണ്’ എന്ന്  മോഡി  ഈ കാർട്ടൂണിസ്റ്റിനെ പ്രകീർത്തിക്കുന്നു. സംഗതി പല വിധത്തിൽ നന്നാകുന്നുണ്ടെന്നു ചുരുക്കം.

 Top