24 February Sunday

മൊത്തക്കച്ചവടം

ശതമന്യ‍ു Tuesday Mar 6, 2018ത്രിപുരയിൽ മാത്രം ഭരണമുള്ള പാർടിയായിരുന്നു രണ്ടു വർഷം മുമ്പ് സിപിഐ എം. 1977ൽ കേരള നിയമസഭയിൽ പാർടിക്കു ലഭിച്ചത് 17 സീറ്റാണ്. രാജ്യമാകെ കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ കേരളത്തിൽ സിപിഐ എമ്മിനാണ് അന്ന്  തിരിച്ചടിയേറ്റത്. ഇനിയൊരിക്കലും സിപിഐ എമ്മിന് നട്ടെല്ലു നിവർത്താനാകില്ല എന്ന  പ്രവചനമാണ് അന്നു കേട്ടത്. 1964ൽ ചൈനാചാരന്മാരെന്ന് വിളിക്കുക മാത്രമല്ല, സിപിഐ എമ്മാണ് എന്നു പരസ്യമായി പറയുന്നവരെ പിടിച്ച് ജയിലിൽ അടയ്ക്കുകയും ചെയ്തു. അടിയന്തരാവസ്ഥയെ അതിജീവിക്കാനുള്ള കരുത്ത് മാർക്സിസ്റ്റുകാർക്കില്ല എന്ന് പേർത്തും പേർത്തും പറഞ്ഞത് ഇന്ദിര മുതൽ എ കെ ആന്റണി വരെയുള്ളവരാണ്. എല്ലാം കഴിഞ്ഞും സിപിഐ എം ഇവിടെയൊക്കെത്തന്നെയുണ്ട്. മാർക്സിസ്റ്റുകാരനാകുക എന്നത് വലിയ ത്യാഗമാണ്. നാലുഭാഗത്തുനിന്നും എതിർപ്പ് നേരിടണം. കൊല്ലപ്പെടുമെന്ന ആശങ്ക വേണം. സമരം ചെയ്യണം. കഠിനാധ്വാനിയാകണം. ആക്രമിക്കപ്പെടുമ്പോഴും അക്രമി എന്ന വിളി കേൾക്കണം. മാർക്സിസ്റ്റുകാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ഒരു മാധ്യമവും കാണാറില്ല. സർവതലത്തിലും ഓഡിറ്റ് ചെയ്യപ്പെടുന്ന ജീവിതമാണ് കമ്യൂണിസ്റ്റുകാരന്റേത്. അതിൽ അഴിമതിയുടെ നേരിയ പാടു വീണാൽ വാർത്തയാകും. ശതകോടികളുമായി കടന്നുകളയുന്ന മോഡിമാരും തട്ടിപ്പുകേസിൽ തടവറയിലേക്കുള്ള ഊഴം കാത്തിരിക്കുന്ന ചിദംബരവും പതിവു വാർത്തകളുടെ ഭാഗമാകുമ്പോൾ, സിപിഐ എമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ മുറുക്കാൻകടയിലെ പറ്റു തീർത്തില്ല എന്ന ആരോപണം ഉയർന്നാൽ അസാധാരണ വാർത്തയാകുന്നതിലുണ്ട് മാർക്സിസ്റ്റുകാരുടെ വ്യത്യസ്തത.

വേറിട്ട അസ്തിത്വമാണ് സിപിഐ എമ്മിന്റേത്. അതുകൊണ്ടുതന്നെയാണ് ബിജെപിയുടെ  ഹിറ്റ്ലിസ്റ്റിലെ ആദ്യപേരായി സിപിഐ എം മാറുന്നത്. മറ്റേതു സംസ്ഥാനത്തേക്കാൾ ആർഎസ്എസ് പ്രാധാന്യം കൊടുത്തത് ത്രിപുരയ്ക്കാണ്. കേരളവും ത്രിപുരയും പിടിച്ചെടുത്ത് സിപിഐ എമ്മിനെ തളർത്തിയാൽ  ഫാസിസത്തിലേക്കുള്ള കോവണിയുടെ മുകൾപ്പടവിലെത്താം എന്നാണ്  സംഘനേതൃത്വം കരുതുന്നത്. 2025ൽ സംഘ സ്ഥാപനത്തിന്റെ ശതാബ്ധിവേളയിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള പദ്ധതിക്ക് തടസ്സം നിൽക്കുന്ന ചുവന്ന കൊടി പിഴുതെറിയാനാണ് ത്രിപുരയിൽ അരലക്ഷം സ്വയംസേവകർ രണ്ടുവർഷമായി ജോലി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിൽ മൂന്നാമത്തേതായ, ജനസംഖ്യയുടെ 0.3 ശതമാനം മാത്രം അധിവസിക്കുന്ന ത്രിപുര എങ്ങനെ ആർഎസ്എസിന്റെ പ്രഥമ ലക്ഷ്യമായി എന്നതിലുണ്ട് എല്ലാം.

ത്രിപുരയിലെ ഫലം നോക്കൂ. ഭരണവിരുദ്ധ വികാരമില്ല; അധിക്ഷേപങ്ങളും ആരോപണങ്ങളുമില്ല; വികസനത്തെക്കുറിച്ച് പരാതികളില്ല; നന്ദിഗ്രാമും സിംഗൂരുമില്ല; മമതയെപ്പോലൊരു കാടിളക്കിനേതാവിന്റെ എതിർപ്പുമില്ല. എന്നിട്ടും മണിക് സർക്കാറിന് മുഖ്യമന്ത്രി പദം നഷ്ടമാകുന്നു. സിപിഐ എം പ്രതിപക്ഷത്തെത്തുന്നു. അഞ്ചുവർഷംമുമ്പുവരെ ഒന്നുമല്ലാതിരുന്ന ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിന്റെ പടികയറുന്നു. ജനാധിപത്യത്തിന്റെ ഏത് അളവുകോലാണ് അവിടെ പ്രസക്തമാകുന്നത്? ഒരുപക്ഷേ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയാണ് ത്രിപുരയിൽ സംഭവിച്ചത്. അതാകട്ടെ, വരാനിരിക്കുന്ന ജനാധിപത്യ ധ്വംസന പരമ്പരയുടെ കൃത്യമായ സൂചകവുമാണ്. പണവും അധികാരവും വോട്ടു ബാങ്കുകൾ സ്വന്തമാക്കാൻ ഏതുമാർഗവും സ്വീകരിക്കാനുള്ള ലജ്ജാശൂന്യതയുമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത് എന്നു പറയാനാകില്ല. അതിൽ കൂടുതൽ കാര്യങ്ങളുണ്ട്. സ്വയം വിൽപ്പനയ്ക്കുവച്ച കോൺഗ്രസിന്റെ ദുർഗതിയാണ് അതിലൊന്ന്. അഞ്ചുകൊല്ലം മുമ്പ്  എട്ടുലക്ഷം വോട്ടും പത്തും സീറ്റും ഉണ്ടായിരുന്ന കോൺഗ്രസിന് ഇക്കുറി കിട്ടിയത് 41000 വോട്ടും പൂജ്യം സീറ്റുമാണ്. ബാക്കി എവിടെപ്പോയി? ഒറ്റ കോൺഗ്രസുകാരനുമാത്രമാണ് കെട്ടിവച്ച തുക തിരിച്ചുകിട്ടിയത്. എട്ടുലക്ഷത്തിലധികം വോട്ട് മാത്രമല്ല, സ്ഥാനാർഥികളെയും നേതാക്കളെയും ബിജെപിക്ക് സംഭാവനചെയ്ത കോൺഗ്രസ് രാഷ്ട്രീയ മൊത്തക്കച്ചവടത്തിന്റെ അനന്തസാധ്യത തുറന്നുവച്ചാണ് സ്വയം കത്തിയമർന്നത്. 

ആയാറാം ഗയാറാം രാഷ്ട്രീയം നേതൃതലത്തിൽനിന്ന് താഴെ തലത്തിലെത്തി. ബിജെപിക്ക് ബദൽ എന്ന് സ്വയം പറയാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെ ഒരു സംസ്ഥാന ഘടകമൊന്നാകെ കച്ചവടം ചെയ്യപ്പെട്ടു. അവിടെയാണ്, ഭരണവും 33 സീറ്റും നഷ്ടമായിട്ടും 9,92,575 (42.7%) വോട്ടു നേടിയ സിപിഐ എമ്മിന്റ പ്രസക്തി. പോരാടി നേടിയ വോട്ടാണത്. ത്രിപുരയിലെ ജനങ്ങളുടെ വിശ്വാസമാണത്. ആക്രമണം തുടങ്ങിയിരിക്കുന്നു. ബംഗാൾ മാതൃകയിൽ പാർടി ഓഫീസുകൾ തകർത്തും  പ്രവർത്തകരെ കീഴ്പ്പെടുത്തിയും മണിക് സർക്കാറിനോട് അതിർത്തി കടക്കാൻ ആവശ്യപ്പെട്ടും അഴിഞ്ഞാട്ടം തുടങ്ങിയിരിക്കുന്നു. കല്യാണി ദത്ത എന്ന പെൺകുട്ടി ത്രിപുരയിൽനിന്ന് കുറിക്കുന്നു: 

"ഞാൻ ത്രിപുരയിലെ ഖൊവെയ് ഗ്രാമത്തിൽ നിന്നാണ്. എന്റെ അമ്മാവൻ സിപിഐ എമ്മിന്റെ ഖൊവെയ് സബ്ഡിവിഷണൽ മെമ്പറാണ്. ഞങ്ങൾ ഒരു കമ്യൂണിസ്റ്റ് കുടുംബമാണ്. ഇപ്പോൾ ഞങ്ങൾ വേട്ടയാടപ്പെടുകയാണ്. എനിക്കും എന്റെ കുടുംബത്തിനും വീടിന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയിലാണ്. അക്രമം എങ്ങും പടർന്നിരിക്കുകയാണ്. എന്റെ ഗ്രാമം മുഴുവൻ... ഞങ്ങളുടെ പാർടി ഓഫീസുകൾ തകർത്തുകഴിഞ്ഞു. അവർ കർഷകരെയും തൊഴിലാളികളെയും തെരഞ്ഞുപിടിച്ച് അക്രമിക്കുകയാണ് (കമ്യൂണിസ്റ്റ് പാർട്ടി അനുഭാവികളെ). എനിക്ക് ദൈനംദിന ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാൻ പുറത്ത് പോകേണ്ടതുണ്ട്. എന്നാൽ, വീടുവിട്ട് പുറത്തുപോകാൻ സാധിക്കുന്നില്ല. അവർ മനഃസാക്ഷിയില്ലാതെ സാധാരണക്കാരെയും പാർടി നേതാക്കളെയും വേട്ടയാടുകയാണ്. പാർടി ഓഫീസുകൾ അവർ കത്തിച്ചുചാമ്പലാക്കി. ഞാൻ 19 വയസുള്ള പെൺകുട്ടിയാണ്. ഈ കാലയളവിനുള്ളിലെ എന്റെ ചെറിയ ജീവിതത്തിൽ ഇതുപോലൊരു അനുഭവം ആദ്യമാണ്. വീട്ടുകാരെയും അയൽവാസികളെയും നാട്ടുകാരെയും ഓർത്ത് ഉറങ്ങാൻ സാധിക്കുന്നില്ല. എന്താണ് ചെയ്യുക.. ഞങ്ങളെ രക്ഷിക്കു..''

ഇതാണ് ഇന്നത്തെ ത്രിപുര. സിപിഐ എമ്മിന്റെ തോൽവി മഹാസംഭവമാക്കാൻ മത്സരിക്കുന്നവർ ഈ ത്രിപുരയെ കാണുന്നില്ല. ത്രിപുരയിൽ കൊലചെയ്യപ്പെട്ട ജനാധിപത്യത്തെ ഓർത്ത് ആശങ്കാകുലരാകുന്നില്ല. അടുത്ത് കേരളം എന്നാണ് ആർഎസ്എസ് പറയുന്നത്. അടുത്തതല്ല‐ കേരരളം ഈ രീതിയിലുള്ള ആക്രമണത്തിന് നേരത്തെ ഇരയാകുന്നുണ്ട്. കേരളത്തെ ഭീകര സംസ്ഥാനമായി ചാപ്പകുത്തി രാജ്യമാകെ പ്രചരിപ്പിച്ചതും കേരള മുഖ്യമന്ത്രിയുടെ തലയ്ക്ക് വിലപറഞ്ഞതും അമിത് ഷാ സംഘം നാലു മുഖ്യമന്ത്രിമാരുടെയും 15 കേന്ദ്ര മന്ത്രിമാരുടെയും നൂറോളം പാർലമെന്റ് അംഗങ്ങളുടെയും അകമ്പടിയോടെ കേരളം പിടിക്കാനിറങ്ങിയതും ജാതിസംഘടനാ കോൺഫെഡറേഷനുണ്ടാക്കാൻ നോക്കിയതും ഇതേ പദ്ധതിയുടെ ഭാഗമായിരുന്നു. സിബിഐയും ഇൻകം ടാക്സ് വകുപ്പും എൻഫോഴ്സ്മെന്റും ബിജെപിയുടെ ഉപഘടകങ്ങളായി ഇടപെടുന്നതിന്റെ ആർജവം മറ്റൊരിടത്തുമില്ല.

കേരളത്തിലെ സിപിഐ എമ്മിനെ തകർത്ത് അഖിലേന്ത്യ വിജയം നേടാൻ ശ്രമിക്കുന്ന ആർഎസ്എസിന് വിശ്വസ്ത സഹായിയായി ഇവിടെ കോൺഗ്രസുമുണ്ട്. ചെന്നിത്തലയുടെ ഖദർ കാവിയാകാൻ  നിമിഷാർധം മതി എന്നായിരിക്കുന്നു. ത്രിപുരയിൽ രണ്ടുകൊല്ലം മുമ്പാണ് ഈ പണി തുടങ്ങിയതെങ്കിൽ കേരളത്തിൽ അതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇവിടെ സംഘസ്വപ്നം നടപ്പാകാൻ കോൺഗ്രസിനെ അപ്പാടെ വിലയ്ക്കെടുത്താലും സാധ്യമല്ല‐ കാരണം സ്വയം വിൽപ്പനയ്ക്കുവയ്ക്കാത്ത കുറെയേറെപ്പേർ കോൺഗ്രസിലുമുണ്ട് എന്നതുതന്നെ. ത്രിപുരയിലെ ജയം കേരളത്തിൽ കൊലവിളി മുഴക്കി ആഘോഷിക്കുന്ന ബിജെപിക്ക് ഇവിടെനിന്ന് തിരിച്ചുകിട്ടുന്നത് പുച്ഛം മാത്രമാകുന്നതിന്റെ പൊരുളും കേരളീയന്റെ മതനിരപേക്ഷ ബോധം തന്നെയാണ്.

ബിജെപി അധികാരത്തിലെത്തിയാലും സിപിഐ എം തോറ്റുകണ്ടാൽ മതി എന്നാഗ്രഹിക്കുന്ന കൂട്ടത്തിൽ കേരളത്തിലെ ചില മാധ്യമങ്ങൾ മുന്നിലുണ്ട്. ത്രിപുരയിൽ ഇടതുപക്ഷത്തിനു മേൽ ബിജെപി ‐ വിഘടനവാദി സഖ്യം വിജയിച്ചപ്പോൾ ആഹ്ലാദിച്ച മാർക്സിസ്റ്റ് വിരുദ്ധർക്ക് അമിതാഹ്ലാദം ഉണ്ടായത് ചെന്നൈയിൽ നിന്ന് ഒരു വാർത്ത വന്നപ്പോഴാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനെ  പുലർച്ചെ രണ്ടരമണിക്ക് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നതായിരുന്നു ആ വാർത്ത. പിന്നെ അഭ്യൂഹങ്ങളായി ‐ രോഗത്തെക്കുറിച്ച്; അപകടാവസ്ഥയെക്കുറിച്ച്; ശസ്ത്രക്രിയയെക്കുറിച്ച്; പ്ലേ്റ്റലറ്റ് കൗണ്ടിനെക്കുറിച്ച്... ത്രിപുരയിലെ പരാജയം; പിണറായിയുടെ അസുഖം.. സി പി എം പ്രവർത്തകരെ തളർത്താനുള്ള മരുന്ന് കുബുദ്ധികൾ കണ്ടു. കമൽഹാസൻ പിണറായിയെ ചെന്നൈ ഗസ്റ്റ് ഹൗസിൽ ചെന്ന് കണ്ടതിന്റെ ചിത്രം പുറത്തു വന്നപ്പോൾ അസുഖം തീരേണ്ടതായിരുന്നു. തീർന്നില്ല.  വിമാനത്താവളത്തിലിറങ്ങിയപ്പോഴും ചോദ്യങ്ങളുയർന്നു. അതിനാണ് ഇന്ന് പിണറായി മറുപടി നൽകിയത്...'നിങ്ങൾക്ക് ആഗ്രഹമുണ്ടാകും'. കമ്യൂണിസ്റ്റ് നേതാക്കൾ രോഗം ബാധിച്ച് തുലഞ്ഞു പോകട്ടെ എന്ന ശാപത്തിനും കേരളത്തിൽ മാധ്യമ പ്രവർത്തനം എന്നാണ് പേര്. ആ മാധ്യമ സേവനം നൽകുന്നവർ ആർഎസ്എസ് ഉയർത്തുന്ന വിപത്തും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയും കാണില്ല

 Top