24 May Friday

പലതരം ദുരന്തങ്ങൾ

ശതമന്യു Monday Sep 3, 2018


ആയിരം രൂപ പിൻവലിച്ച്‌ രണ്ടായിരം രൂപയുടെ നോട്ട് ഇറക്കിയതാണ് നരേന്ദ്ര മോഡി രാജ്യത്തിന‌് ചെയ്ത മഹാ സംഭാവനയെന്നു കരുതുന്ന ശുദ്ധാത്മാക്കൾ ഇന്നും നാട്ടിലുണ്ട് എന്നതാണ് സംഘപരിവാറിന്റെ സന്തോഷം. 2016 നവംബർ എട്ടിന് പ്രധാനമന്ത്രി രാജ്യത്തോട് അസാധാരണമായ പ്രസ്താവന നടത്തി നോട്ടുനിരോധനം പ്രഖ്യാപിക്കുമ്പോൾ യുദ്ധം ജയിച്ച ആഘോഷത്തിലായിരുന്നു സംഘപുത്രർ.  ഇന്ത്യ കള്ളപ്പണത്തിൽനിന്ന് രക്ഷപ്പെട്ടു എന്നാണ് സംഘ ബുദ്ധിജീവികൾ അന്ന് പാടിയത്. കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും  ഭീകരപ്രവർത്തനത്തിന്റെയും അടിവേര് പിഴുതുമാറ്റുന്ന അമാനുഷ ജന്മമാണ് നരേന്ദ്ര മോഡിയുടേത് എന്ന് വ്യാഖ്യാനിക്കാൻ നാട്ടിലെ എണ്ണംപറഞ്ഞ സാമ്പത്തിക ശാസ്ത്രജ്ഞന്മാർപോലും ഉണ്ടായി. സുരേന്ദ്രനും ശോഭയും മോഹൻദാസും ഗോപാലകൃഷ്ണനുമെല്ലാം സാമ്പത്തികവിദഗ്ധരായി  അഴിഞ്ഞാടിയ അക്കാലത്ത‌് നോട്ടു നിരോധത്തെക്കുറിച്ച് മിണ്ടുന്നവൻ രാജ്യദ്രോഹിയാകുമായിരുന്നു. സ്വന്തം ശമ്പളവും സമ്പാദ്യവും ബാങ്കിൽനിന്ന് പിൻവലിച്ച‌് അരിവാങ്ങാൻ ശ്രമിക്കുന്നവർ മണിക്കൂറുകൾ എടിഎമ്മിനു മുന്നിൽ പോയി നിൽക്കണം എന്നാണ‌് മോഡി കൽപ്പിച്ചത്. ആ ത്യാഗമനുഭവിച്ച‌് ക്യൂവിൽനിന്ന് പണമെടുക്കാൻ ശ്രമിച്ച നൂറ്റഞ്ചുപേർ ബലിദാനികളായി.

നല്ല കാര്യത്തിനല്ലേ, പാവപ്പെട്ടവർക്ക് ഭൂമി വിലകുറച്ചു കിട്ടും, പെട്രോളിന് വില കുറയും, ഭക്ഷ്യധാന്യങ്ങൾ ചുളുവിലയ്ക്ക് കിട്ടും, 50 രൂപയ്ക്ക് ഡീസൽ കിട്ടും, കള്ളപ്പണക്കാർ പാകിസ്ഥാനിലേക്ക് പോകും, കള്ളനോട്ട് ഇല്ലാതെ ഭീകരപ്രവർത്തകർ വെള്ളം കുടിക്കും... സ്വപ്നങ്ങൾ ലോഡുകണക്കിനാണ് കൊണ്ടുവന്ന‌് തള്ളിയത്. നികുതി കൊടുക്കാതെ ആ സ്വപ്നം ചുമന്നുകൊണ്ട് വന്ന്‌ കേരളത്തിൽ  ഇറക്കിയവരിൽ ചില ചാനൽ ജഡ്ജിമാരും ഉണ്ട്. ആരെയും ഇപ്പോൾ കാണാനില്ല. അസാധുവാക്കിയ 15.41 ലക്ഷം കോടിയുടെ നോട്ടുകളിൽ 99.3 ശതമാനവും തിരിച്ച് റിസർവ് ബാങ്കിന്റെ പെട്ടിയിൽ എത്തി. തിരികെ എത്താൻ ഉള്ളത് വെറും 10,000 കോടി രൂപയുടെ നോട്ടുകൾമാത്രമെന്നാണ് റിസർവ് ബാങ്കിന്റെ കണക്ക്. അതായത്, 10,000 കോടി രൂപയ്ക്കുവേണ്ടിയാണ് ഈ രാജ്യത്ത് യുദ്ധത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചത്. 10,000 കോടി രൂപയ്ക്കുവേണ്ടിയാണ് നൂറുകണക്കിനാളുകളെ കൊലയ്ക്ക് കൊടുത്തത്. ഒറ്റയടിക്ക് അനേകം വിവാഹങ്ങൾ മുടങ്ങി. വാണിജ്യബന്ധങ്ങൾ തകർന്നു. കൊടുക്കാനും വാങ്ങാനും പണമില്ലാതെ നിസ്സഹായരായ ജനങ്ങൾ ആത്മഹത്യയിൽപ്പോലും അഭയംതേടി. ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയപ്പോൾ  ‘എനിക്ക് 50 ദിവസം തരൂ, തെറ്റിപ്പോയെങ്കിൽ എന്നെ ജീവനോടെ കത്തിക്കാം’ – എന്നാണ‌്  പ്രധാനമന്ത്രി ഗോവയിൽ കരഞ്ഞു പറഞ്ഞത്. 

ഇപ്പോൾ അമ്പതല്ല, അഞ്ഞൂറ് ദിവസവും പിന്നിട്ട‌് രണ്ടു വർഷം തികയാറാകുന്നു. മോഡി  മിണ്ടുന്നില്ല. കള്ളപ്പണത്തിന്റെ കണക്കില്ല. ഒരു കാര്യം ഉറപ്പായി. മോഡിയുടെ വാക്ക് പാലിക്കാൻ ഉള്ളതല്ലെന്ന്. ഇതിനു തൊട്ടുമുമ്പ് പറഞ്ഞത് വിദേശ ബാങ്കുകളിൽനിന്ന്  കള്ളപ്പണം  പിടിച്ചെടുത്ത് ചാക്കിലാക്കി കൊണ്ടുവന്ന‌് ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ നൽകുമെന്നാണ്. 15 ലക്ഷം പോയിട്ട് 15 പൈസ കൊടുക്കുമെന്ന് ഇന്ന് മോഡി പറയുന്നില്ല. പെട്രോളിന് വില 50 രൂപയാക്കും; അത്ഭുതം കാണിക്കും എന്ന സംഘികളുടെ വാക്കിന് ഇന്ന് ഇരട്ടി വിലയുണ്ട്. പെട്രോളിന് വില 100 രൂപയോട് അടുക്കുകയാണ്. തെരഞ്ഞെടുപ്പ് വേഗം വേണം, ഒന്നിച്ച് വേണം എന്ന് മോഡിയും കൂട്ടരും പറയുന്നതിൽ അത്ഭുതമില്ല. എങ്ങനെയെങ്കിലും ഒരു തെരഞ്ഞെടുപ്പ് തട്ടിക്കൂട്ടി മോഡിക്ക് അഞ്ചുവർഷംകൂടി നീട്ടിക്കൊടുക്കാനുള്ള തത്രപ്പാടിലാണ് സംഘപരിവാർ. ഇന്നത്തെ നിലയിൽ വലിയ പ്രതീക്ഷയ്ക്ക് വകയില്ല. വരാനിരിക്കുന്ന നാല് നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിലും തോറ്റ‌് തുന്നംപാടുമെന്ന് ഉറപ്പ്. പാർലമെന്റിലേക്കും നിയമസഭയിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കാര്യം നേടാമല്ലോ എന്നതാണ് സമാധാനം.

നോട്ട് നിരോധനത്തിനുശേഷം കെട്ടിവച്ച പണത്തിന്റെ കെട്ടഴിച്ച‌ുവിട്ട‌് രക്ഷപ്പെടാൻ കഴിയുമോ എന്ന് ബിജെപി ചിന്തിച്ചാൽ  കുറ്റം പറയാനും പറ്റില്ല. അഴിമതി നടത്തി സമ്പാദിക്കുന്ന പണംകൊണ്ട് അധികാരം പിടിച്ച‌് വീണ്ടും അഴിമതിക്കുള്ള അവസരം സൃഷ്ടിക്കലാണ് മോഡി കണ്ട രാഷ്ട്രീയം. അതിൽനിന്ന് വ്യതിചലിച്ചാൽ മോഡിയും ഇല്ല മൻമോഹൻസിങ്ങും ഇല്ല.

പണമില്ലെങ്കിൽ തെരഞ്ഞെടുപ്പ് വിജയം ഇല്ല എന്ന അവസ്ഥ. ആ പണത്തിനായാണ് 2ജി സ്പെക്ട്രവും കൽക്കരി കുംഭകോണവും ഉണ്ടായത്.  കോൺഗ്രസ‌് രക്ഷപ്പെടാനിരുന്ന അഴിമതിയിൽ പക്ഷേ മോഡിയാണ് രക്ഷപ്പെട്ടത്. അഴിമതി വിരോധം പറഞ്ഞ‌് അധികാരം പിടിച്ചു. ഇപ്പോൾ പണത്തിലാണ് അഭയം. പക്ഷേ, പറയുന്നത് ജനാധിപത്യത്തെക്കുറിച്ച്. ജനാധിപത്യത്തെ വിൽപ്പനയ‌്ക്ക് വച്ചിരിക്കുകയാണ്.

കേരളത്തിൽ പ്രളയം വന്നപ്പോൾ ഒഴുകിപ്പോയത് കോൺഗ്രസുംകൂടിയാണ്. എതിരാളികളുടെ അഭിപ്രായമല്ല പറഞ്ഞത്. കെപിസിസി പ്രധാന നേതാക്കൾതന്നെയാണ്. കോൺഗ്രസ് തുടച്ചുനീക്കപ്പെടും, അറബിക്കടലിൽ ചെന്ന് ചേരും എന്നാണ‌്  ഉമ്മൻചാണ്ടിയുടെ ഉറ്റ സുഹൃത്തുകൂടി ആയ നേതാവ്  പ്രവചിച്ചത്. രമേശ് ചെന്നിത്തല ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയോടൊപ്പം പ്രളയ ദുരിതാശ്വാസത്തിൽ  പങ്കാളിയായത് ചില കോൺഗ്രസുകാർക്ക് രസിച്ചിട്ടില്ല. അങ്ങനെ ദഹിക്കാത്തവർ ചെന്നിത്തലയെക്കൊണ്ട് ചുടുചോറ് വാരിക്കുകയാണ് എന്നാണത്രേ ഒരു വിഭാഗത്തിലെ പരാതി. ചുടുചോറ്‌ വാരുന്ന  ജീവിയാണ് ചെന്നിത്തല എന്ന് സ്വന്തം പാർടിക്കാർതന്നെ പറയുകയാണ്. ഒരു കാര്യം സത്യമാണ്. പ്രളയം വന്നപ്പോൾ കോൺഗ്രസിന്റെ അഡ്രസ‌് ഇല്ലാത്ത അവസ്ഥയായി. സംസ്ഥാനത്ത‌് വലിയ ദുരന്തമാണ് വന്നത്.  ഒരു ദുരന്തസ്ഥലത്ത് മറ്റൊരു ദുരന്തത്തിന്റെ സാന്നിധ്യംവേണോ എന്നാണ് ചോദ്യമെങ്കിൽ കോൺഗ്രസിന്റെ അസാന്നിധ്യം പ്രശ്നമാക്കേണ്ടതില്ല. ഇടയ്ക്ക‌് കോൺഗ്രസ‌് 1000 വീട് വച്ച‌് കൊടുക്കും എന്നൊക്കെ ആരോ പറയുന്നത് കേട്ടു. 1000 പോയിട്ട് ഒരു വീട് വയ‌്ക്കാനുള്ള ത്രാണിപോലും ഇന്നത്തെ കോൺഗ്രസിനില്ല. അത് നന്നായി അറിയാവുന്നതുകൊണ്ട് സുധീരൻ ആ പാർടിയിലെ സ്ഥാനങ്ങൾതന്നെ ത്യജിക്കുകയാണ്.

മുരളീധരന് കൊതിക്കെറുവുണ്ട്. അദ്ദേഹത്തെ ഈ പരുവത്തിലാക്കിയത് ചെന്നിത്തലയുംകൂടിയാണ്. വെടക്കാക്കി തനിക്കാക്കാൻ ശ്രമിക്കുകയാണ് പഴയ നേതാവിന്റെ മകൻ എന്ന് ചെന്നിത്തല പറയുന്നു. ഉമ്മൻചാണ്ടിയെ കാണാനേയില്ല. എല്ലാം രമേശിന്റെ ചുമലിൽവച്ച്,  പാപംമുഴുവൻ അവിടെ തീരട്ടെ എന്ന് തെലുങ്കിൽ ചിന്തിക്കുകയാണദ്ദേഹം.

കോൺഗ്രസ് ഇങ്ങനെയൊക്കെ ജീവിക്കുന്നെങ്കിലുമുണ്ട്. അസ്തിത്വം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഭാരതീയ ജനതാ പാർടി. പാർടിയുടെ പേര്  കെവിപി എന്നാക്കി മാറ്റണം എന്നൊരഭിപ്രായമുയർന്നിട്ടുണ്ട്. കേരള വിരോധി പാർടി എന്ന്. നോട്ട്  നിരോധനവും കേരള വിരോധവും  പ്രളയകാലത്തെ തരികിടകളും നേതാക്കളുടെ വിവരക്കൂടുതലും ബിജെപിക്ക് നേടിക്കൊടുത്ത ജനപ്രീതി അടുത്ത തെരഞ്ഞെടുപ്പിൽ നോട്ടയോട‌് ശക്തമായ മത്സരം കാഴ്ചവയ‌്ക്കും എന്നാണ‌് കരുതേണ്ടത്.

 Top