22 May Wednesday

ബാർക്ക് എന്ന വിശ്വാസം

Monday Jun 4, 2018


പ്രത്യേകദിവസങ്ങളിലോ പ്രത്യേകസമയത്തോ  കച്ചവടം നടക്കുന്ന സ്ഥലത്തെയാണ് പൊതുവെ ചന്ത എന്ന് വിളിക്കുന്നത്. അവിടെ രഹസ്യങ്ങളില്ല. ഒരുൽപ്പന്നം വിൽക്കാൻ കൊണ്ടുവരുന്നയാൾ അതിന്റെ വിലയും ഗുണവും ഉറക്കെ വിളിച്ചുപറയും. അടുത്തയാൾ, വരൂ വരൂ, ഇവിടെ വില തുച്ഛം; ഇനം മെച്ചം എന്ന് പറഞ്ഞ‌് ആളുകളെ അങ്ങോട്ടുവലിക്കുന്നു. ഇതിനിടയിൽ തർക്കവും ബഹളവും ഉണ്ടാകും. വിലപേശലും ഉറപ്പിക്കലും ഉണ്ടാകും. രാഷ്ട്രീയ പാർടികളിൽ ചന്തയിലെന്നപോലെ ചർച്ച നടക്കാറില്ല. ഒരു കാര്യം തീരുമാനിക്കണമെങ്കിൽ ആ പാർടിയുടെ ഉത്തരവാദപ്പെട്ട കമ്മിറ്റികളോ സമ്മേളനങ്ങളോ ചേരും. നേതാക്കൾ അവിടെ അഭിപ്രായം പറയും. രാജ്യത്ത‌് പ്രായംകൊണ്ട് ഏറ്റവും മൂപ്പുള്ള പാർട്ടിക്ക് വാർധക്യസഹജമായ അസുഖം കൊണ്ടാകാം, ചന്തയുടെ രൂപമാണ് കാണെക്കാണെ വരുന്നത്. കോൺഗ്രസ‌് ഒരു ചന്തയല്ല എന്ന് കരുതാനുള്ള തെളിവുകളൊന്നും നിലവിൽ ലഭ്യമല്ല. ചെങ്ങന്നൂരിലെ പടുകൂറ്റൻ തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ നടക്കുന്ന രാജ്യസഭാ സീറ്റുകലാപം ആ പാർട്ടിയുടെ ചന്തപ്പരുവത്തിന്റെ ഉദാത്തമായ ലക്ഷണമാകുന്നു.

പി ജെ കുര്യനെ രാജ്യസഭയിലേക്കയക്കുന്നതിനെക്കുറിച്ച‌്  രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്നാണ് യുവ എംഎൽഎ  ഹൈബി ഈഡന്റെ പ്രതികരണം. 'ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം നടത്തേണ്ട  രണഭൂമിയിൽ ദൃഢവും ശക്തവുമായ ശബ്ദവും രീതിയുമാണ് വേണ്ടത്' എന്നും ഹൈബി. അതായത്, ബിജെപിയെ നേരിടുമ്പോൾ  പി ജെ കുര്യന്റെ ഒച്ചയ്ക്കുറപ്പില്ലെന്നും രീതി വഴുവഴുപ്പനെന്നും.  മരണംവരെ പാർലമെന്റിലോ അസംബ്ലിയിലോ വേണമെന്ന് വാശിപിടിക്കുന്ന നേതാക്കൾ പാർട്ടിയുടെ ശാപമാണെന്ന‌് 1970 മുതൽ ഇന്നുവരെ എംഎൽഎ പദവിയിൽ തുടരുന്ന  ഉമ്മൻചാണ്ടിയുടെ അനുയായിതന്നെയായ റോജി ജോൺ എംഎൽഎയുടെ പരിഭവം. പി ജെ കുര്യനെപോലുള്ള  പ്രഗത്ഭനെ  ഇനിയും വലിയ ഉത്തരവാദിത്തങ്ങൾ നൽകി ബുദ്ധിമുട്ടിക്കരുതെന്ന് അനിൽ അക്കരെയുടെ ഉപദേശം. ഒരു പടികടന്നു, പി ജെ കുര്യന്റെ സേവനങ്ങൾ എന്നെന്നും സ്മരിക്കപ്പെടുമെന്ന‌് ചരമോപചാരത്തിന്റെ ശൈലിയിൽ വി ടി ബൽറാം. ആരുടെയും സമ്മർദത്തിന് വഴങ്ങിയല്ലാതെ, ഇനി മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കാൻ പി ജെ കുര്യന്  ഷാഫി പറമ്പിലിന്റെ ഭീഷണികലർന്ന നിർദേശം.

ഒറ്റയടിക്ക് നാലുംഅഞ്ചും യുവ എംഎൽഎമാർ ഇറങ്ങിവന്ന‌് വൃദ്ധ സദനത്തിനെതിരെ ആഞ്ഞടിക്കുകയാണ്. പത്രത്തിലും ഫെയ‌്സ്ബുക്കിലും ചാനലിലുമാണ‌് യുദ്ധം. കോൺഗ്രസിന്റെ സ്ഥാനാർഥി ആരാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും എന്നാണ‌് സാധാരണ പറയാറുള്ളത്. ആ കമാൻഡ് ഇപ്പോൾ രാഹുൽ ഗാന്ധിയാണ്. ഇവിടെ ആരെ നിർദേശിച്ചാലും രാഹുൽ തീരുമാനിക്കുന്നയാളാണ് സ്ഥാനാർഥിയാകുക. യുവ കോൺഗ്രസുകാരുടെ 'തള്ളൽ’ കാണുമ്പോൾ, ഇപ്പോൾ രാഹുൽ ഗാന്ധിക്ക് കോൺഗ്രസിൽ യുദ്ധമൊന്നുമില്ലേ എന്ന് ചോദിക്കുന്നതിൽ തെറ്റില്ല. ആരെ സ്ഥാനാർഥിയാക്കണം എന്ന് രാഹുലിനോട് നേരിട്ട് പറയുന്നതിനുപകരം ഫെയ‌്സ്‌ബുക‌് യുദ്ധം തുടങ്ങിയത് എന്തിനെന്നു ആർക്കും പിടിയില്ല. രാഹുൽ വൃദ്ധസദനരാഷ്ട്രീയത്തിന്റെ ആളാണോ?

ഹൈബി ഈഡൻ പറയുന്നത് രാഹുലിനോട് തന്നെയാണ്. 'പാർട്ടി നേരിടുന്ന അപചയം പ്രസ്ഥാനത്തിനപ്പുറം വ്യക്തികൾ വളർന്നുവെന്നതാണ്. നേതാക്കന്മാരുടെ കൺസോർഷ്യമായി പാർട്ടി മാറി. പാർട്ടിയുടെ താൽപ്പര്യങ്ങൾക്കപ്പുറം വ്യക്തികളുടെ താൽപ്പര്യങ്ങൾക്കാണ‌് മുൻതൂക്കം കൊടുക്കുന്നത്.’ രാഹുൽ സ്വന്തം താൽപ്പര്യപ്രകാരം കുര്യനെ സ്ഥാനാർഥിയാക്കുന്നത‌് അംഗീകരിക്കില്ലായെന്ന് മലയാളം. കേരളത്തിലെ ഒരു നേതാവിനെയും അംഗീകരിക്കാൻ ഈ 'യുവ രക്തങ്ങൾ’ മുമ്പേ തയ്യാറല്ല. ഇപ്പോൾ ഹൈക്കമാൻഡിനെയും വെല്ലുവിളിക്കുന്നു. രാഹുലും ഉമ്മൻചാണ്ടിയുമൊന്നും മിണ്ടിയിട്ടില്ല. ആർക്കും നിയന്ത്രണം ഇല്ലാതായി. നേതൃത്വത്തിലിരിക്കുന്നത് 'അണ്ടനും അടകോടനും' ആകുമ്പോൾ നീർക്കോലികൾ ഫണം വിരിച്ചാടും എന്നതിൽ ഇനിയും സന്ദേഹം വേണ്ടതില്ല.

അണ്ടനും അടകോടനും നേതാക്കളാകുന്ന അവസ്ഥയാണ് കോൺഗ്രസിലെന്ന‌് ആ പാർട്ടിയുടെ മുഖപത്രമാണ് മുഖപ്രസംഗം എഴുതി വെളിപ്പെടുത്തിയത്. കേരളത്തിലെ  ഇപ്പോഴത്തെ രണ്ടു പ്രധാനനേതാക്കൾ കെപിസിസി അധ്യക്ഷൻ എം എം ഹസ്സനും പ്രതിപക്ഷനേതാവ് ചെന്നിത്തലയുമാണ്. ഇതിൽ ആർക്ക‌് ഏതുപേര് ചേരുമെന്ന് വീക്ഷണം തന്നെ പറയേണ്ടിവരും.

ചെങ്ങന്നൂരിൽ കോൺഗ്രസിന്റെമാത്രം കാറ്റുപോയി എന്ന് പറയുന്നത് തെറ്റ്. യഥാർഥ ചോർച്ചയുണ്ടായത് സംഘശാഖകളിലാണ്. ഏഴായിരം വോട്ടാണ്  കുറഞ്ഞത്. ദയനീയമായി തോറ്റസ്ഥാനാർഥിക്ക് ആ കുറവൊന്നും ഒരു കുറവല്ല. അഗർത്തലയിൽനിന്ന് ബിപ്ലവ ദേവിനെ കൊണ്ടുവന്ന് സിപിഐ എമ്മിനെ തെറിവിളിപ്പിച്ചതിന്റെ ചെലവ് ഒരു ചെലവുമല്ല. കേരളം സംഘികേറാമലയാണ് എന്ന്  ഒരിക്കൽക്കൂടി തെളിയിച്ചതിലാണ് ചെങ്ങന്നൂരുകാർക്ക് ബിഗ് സല്യൂട്ട് കൊടുക്കേണ്ടത്. ശ്രീധരൻപിള്ളയ്ക്ക് ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെങ്കിൽ അത്  ചെങ്ങന്നൂരെ തട്ടകത്തിലാകില്ല എന്നുറപ്പായിട്ടുണ്ട്. അമിത് ഷാജിയെ  ഇക്കാര്യത്തിൽ അഭിനന്ദിക്കണം.  തോറ്റ‌്  തുന്നംപാടും എന്ന് ഉറപ്പാക്കിയാണ് കുമ്മനത്തെ മിസോറാമിലേക്കു രായ്ക്കുരാമാനം കടത്തിയത്. ഇനി കേരളത്തിൽ പ്രസിഡന്റാകാൻ മിസ്‌കോൾ മെമ്പർഷിപ്പിൽ വന്ന ഒരാളെയും കാണുന്നില്ല എന്നതാണ് സംഘകാര്യകർത്താക്കളെ അലട്ടുന്നപ്രശ്നം. ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇറക്കാനും പറ്റുന്നില്ല. മലയാളം പഠിക്കേണ്ടിവരും.
....................................................................
ചെങ്ങന്നൂരിലെ വോട്ടു കണക്കിൽ തോറ്റത് യുഡിഎഫും ബിജെപിയുമാണെങ്കിലും ജയിച്ചത് എൽഡിഎഫ്  അല്ലായെന്ന്  കരുതുന്ന ഒരു   പ്രത്യേക വിശ്വാസിവിഭാഗമുണ്ട്. അവരെ ചാനൽ വാർത്താ അവതാരകർ എന്ന് പറയും. ശരിക്കും ജയിച്ചത് അവരാണ് എന്ന വിശ്വാസമാണ് അവരെ നയിക്കുന്നത്. അതിനു ബാർക്ക് റേറ്റ് എന്നൊരു പ്രത്യേക ആരാധനാക്രമം ഉണ്ടത്രേ. ഇടതുപക്ഷ സ്ഥാനാർഥി സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം കിട്ടുമ്പോഴും ആ വിഭാഗത്തിന്റെ നേതാവ് തെളിവുസഹിതം വ്യക്തമാക്കിയത്, നിങ്ങൾക്ക‌് വോട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് ബാർക്ക് ഉണ്ട് എന്നാണ‌്. സത്യത്തിൽ ഈ ബാർക്കിന്റെ മലയാളം തേടി ചെന്നാൽ 'പട്ടിയും കുറുക്കനും അണ്ണാനും പുറപ്പെടുവിക്കുന്ന ശബ്‌ദം’ അഥവാ കുര എന്ന അർഥമാണ് കിട്ടുക. അക്കാര്യത്തിൽ അവർ  മുമ്പിലാണെന്ന് ജനങ്ങൾക്ക് ബോധ്യവുമുണ്ട്. അതുകൊണ്ട‌് ആരും തർക്കത്തിന് ചെന്നതുമില്ല. പിന്നീട് പക്ഷെ അവർതന്നെ വിശദീകരിക്കേണ്ടിവന്നു,  കേരളത്തിലെ നൂറുവീട്ടിലോ മറ്റോ ഒരുയന്ത്രം പിടിപ്പിച്ച‌് ആരൊക്കെ ഏതൊക്കെ പരിപാടികൾ ടെലിവിഷനിൽ  കാണുന്നു എന്നൊരു ഉടായിപ്പു കണക്കുണ്ടാക്കുന്ന പരിപാടിയാണ് ബാർക്ക് റേറ്റിങ‌് എന്ന് മാധ്യമപ്രവർത്തകരിലൊരാൾ തന്നെയാണ് വെളിപ്പെടുത്തിയത്. മറ്റൊരാൾ പറഞ്ഞു: ' ജനവിധിക്ക് ബദൽവിധി കണ്ടുപിടിച്ച സാഹചര്യത്തിൽ ചാനലിന്റെ ബാർക് റേറ്റിങ്ങുമായി എൻഡിഎ വൈസ് ചെയർമാൻ ഗവർണറെ കാണാൻ സാധ്യതയുണ്ട്. മിക്കവാറും സർക്കാർ രൂപീകരിയ്ക്കാൻ അനുമതി ലഭിച്ചേക്കും’
....................................................................
നിപാ വൈറസ് വന്നത് പിണറായി വിജയൻ അനുമതി നൽകിയതുകൊണ്ടല്ലേ, അതു തടയാൻ കഴിയാത്ത കേരളം എവിടത്തെ മാതൃകയാണ് എന്ന് ചോദിച്ച അവതാരകമുതൽ, രാജിവയ‌്ക്കൂ പുറത്തുപോകൂ എന്ന് സ്റ്റുഡിയോയിൽ ഇരുന്നു മുദ്രാവാക്യം വിളിച്ച അവതാരകവരെയുണ്ട്. കേരളത്തിലെ പ്രതിഭാശാലിയും പ്രവചനപടുവുമായ ഒരു രാഷ്ട്രീയ നിരീക്ഷകനാണ് ഈ ബാർക് വിശ്വാസി സമൂഹത്തിന്റെ മാർപ്പാപ്പ. അദ്ദേഹം ഇതിനകം നടത്തിയ ചില പ്രവചനങ്ങളും ഫലവും നോക്കാം. 

നാല് കൊല്ലംമുമ്പ‌് അദ്ദേഹം പ്രവചിച്ചു: 'എം ബി രാജേഷ് പാലക്കാട്ട് തോൽക്കും' രാജേഷ് ജയിച്ചത് ഒരുലക്ഷത്തിലേറെ വോട്ടുകൾക്ക്. രണ്ടാം പ്രവചനം: 'ചാലക്കുടിയിൽ ഇന്നസെന്റ് തോൽക്കും’ യുഡിഎഫ് സ്ഥിരമായി ജയിക്കുന്ന ചാലക്കുടിയിൽ ഇന്നസെന്റിനു വൻവിജയം. പ്രവചനം ൩: 'ഇടുക്കിയിൽ ജോയിസ് ജോർജ് തോൽക്കും’ ജോയിസ് ജോർജിലൂടെ എൽഡിഎഫ് ഇടുക്കി മണ്ഡലം പിടിച്ചെടുത്തു.

നാലാം പ്രവചനം: 'ധർമടത്ത് പിണറായി മത്സരിച്ചാൽ സ്വന്തംഭാര്യപോലും വോട്ടു ചെയ്യില്ല’. ധർമടത്ത‌്  പിണറായി വിജയിച്ചത് ചരിത്രഭൂരിപക്ഷത്തിന്. പ്രവചനം അഞ്ച‌്: 'തൃപ്പൂണിത്തുറയിൽ എം സ്വരാജ് മത്സരിച്ചാൽ കെ ബാബുവിന് ഈസി വാക്കോവറാകും’. 25 വർഷമായി  ജയിക്കുന്ന മണ്ഡലത്തിൽ കെ ബാബു  എം സ്വരാജിനു മുന്നിൽ ദയനീയമായി തോറ്റു. അടുത്തപ്രവചനം കുറെ കടന്നതായിരുന്നു:  'ഉട്ടോപ്യയിലെ പ്രധാനമന്ത്രിയായാലും  പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാകില്ല’. ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി  അതേ പിണറായി വിജയനാണ്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് വന്നപ്പോഴും പ്രവചനത്തിനു കുറവുണ്ടായില്ല:   'ശോഭനാ ജോർജല്ല, ഐശ്വര്യാ റായ് വന്നാലും ചെങ്ങന്നൂരിൽ സജി ചെറിയാൻ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും’ ഇതായിരുന്നു ടിയാന്റെ ഒടുവിലത്തെ രാഷ്ട്രീയ ജ്യോത്സ്യപ്രവചനം.

ആ പറഞ്ഞതിന്റെ ചൂടാറുംമുമ്പ് ചെങ്ങന്നൂരിലെ ഫലംവന്നു. സജി ചെറിയാൻ വിജയിച്ചത്   മണ്ഡലത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായ 20,956 വോട്ടുകൾക്ക്. എന്ത് പ്രവചിച്ചാലും നേർവിപരീതം സംഭവിക്കും എന്നതാണ് ഇദ്ദേഹത്തിന്റെ സവിശേഷത. ഈ പ്രവചനവീരന്റെ കാൽപ്പാടുകൾ പിന്തുടരുന്നവരായതുകൊണ്ട് ബാർക്ക് വിശ്വാസിവിഭാഗത്തെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അവർ ബഹളംവയ‌്ക്കണം; ആക്രോശിക്കണം; വെല്ലുവിളിക്കണം. വോട്ടെടുപ്പ് നടക്കുമ്പോൾ അലറിവിളിച്ചു, മാർക്സിസ്റ്റുകാരും ഡിവൈഎഫ്ഐക്കാരും കൊലയാളികളാണ്, പിണറായി രാജിവയ‌്ക്കണം എന്ന് പറഞ്ഞുകൊണ്ടേയിരിക്കണം. എന്നാൽ മാത്രമേ തെരഞ്ഞെടുപ്പിന‌ും അന്തിചർച്ചകൾക്കുമൊക്കെ ഒരു ഹരമുണ്ടാകൂ. നിങ്ങൾ തുലച്ചുകളയും എന്ന് എത്രവട്ടം  പറയുന്നുവോ അത്രയും വ്യായാമത്തിന്റെ സുഖം നിങ്ങൾക്കുണ്ടാകും. ദയവായി നിങ്ങൾ ചർച്ചാക്രോശം നിർത്തരുത്, പ്രവചനരത്നം ആ ജോലിയും തുടരണം.

 Top