16 February Saturday

ഇതൊന്നും ചെറിയ കളിയല്ല

ശതമന്യു Tuesday Jun 26, 2018


നോട്ടുനിരോധന കാലത്ത് ബിജെപിയിലെ കെ സുരേന്ദ്രൻ പറഞ്ഞ വാക്കുകൾ  ഓർത്തുനോക്കിയാൽ അറിയാം ആ ധിഷണയും കുശാഗ്ര ബുദ്ധിയും  ദീർഘദർശിത്വവും.  നോട്ട് അസാധുവാക്കലിന് പിന്നാലെ കേരളത്തിലെ സഹകരണ ബാങ്കുകളിൽ കോടിക്കണക്കിന് കള്ളപ്പണം നിക്ഷേപിക്കപ്പെട്ടു  എന്നാണ് അന്ന് സുരേന്ദ്രൻ നിസ്സംശയം പറഞ്ഞത്.   ചാനലുകളിൽ കയറിയിറങ്ങി കേരളത്തിലെ സഹകരണ ബാങ്കുകളിലെ 'കള്ളപ്പണത്തിന്റെ’  കണക്ക് പറഞ്ഞ് ഭീഷണിപ്പെടുത്തി.  ഇത്രയും കുഴപ്പം പിടിച്ച  സഹകരണമേഖലയെ തകർത്തുകളയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് അന്ന്  സുരേന്ദ്രൻ ആത്മാർഥതയോടെ പറഞ്ഞത്.

നേര് നിർഭയം പറയുന്ന ചാനലും അതിന്റെ ഉച്ചഭാഷിണിയായ 'ജഡ്ജിയും’ ഉള്ളതുകൊണ്ട് സുരേന്ദ്രന് ആ സമയത്ത‌് വിശ്രമിക്കേണ്ടിവന്നിട്ടില്ല. ഇടവേള കിട്ടിയപ്പോൾ വരാനിരിക്കുന്ന നോട്ടിന്റെയും കണ്ടെത്താൻ പോകുന്ന കള്ളപ്പണത്തിന്റെയും  കണക്കുകൂട്ടി മോഡിജിയുടെ അമ്പത്താറിഞ്ചിന്റെ മഹത്വം വിളമ്പുന്ന  രാജ്യസേവനമാണ് ചെയ്തത്. അന്ന് സഹകരണ ബാങ്കുകളെക്കുറിച്ചു പറയുന്നതൊക്കെ കേട്ടുനിന്നവർക്ക്  അതിയായ ആശ്ചര്യമാണ് ഉണ്ടായത്.  നമ്മുടെ സ്വന്തം എന്ന് കരുതിയ സഹകരണസ്ഥാപനങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന ചോദ്യം ശുദ്ധാത്മാക്കളുടെ മനസ്സിൽ ചിറകടിച്ചു പറന്നു. അസാധുവാക്കിയ നോട്ട്  സ്വീകരിക്കാൻ ലഭിച്ച നാല് ദിവസംകൊണ്ട് 2800 കോടി രൂപയുടെ നിക്ഷേപം കേരളത്തിലെ സഹകരണ ബാങ്കുകളിൽ വന്നുവെന്നും റിസർവ് ബാങ്ക് ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് വലിയതോതിലുള്ള കള്ളപ്പണസമാഹരണമെന്നും കൂടെ പറയാൻ ബിജെപിയുടെ മറ്റ് നേതാക്കളും ഉണ്ടായിരുന്നു.

ഇൻകംടാക്സിനെ വിട്ട‌്  സഹകരണമേഖലയെ കടിപ്പിക്കുമെന്നാണ് ഭീഷണി ഉണ്ടായത്. ആദായനികുതി വകുപ്പിനെ സഹകരണമേഖലയുടെ പടി കയറ്റാത്ത സമീപനം കള്ളപ്പണം സംരക്ഷിക്കാനാണ് എന്നും പറഞ്ഞു. എല്ലാംകേട്ട് ജനങ്ങൾ അമ്പരന്നതല്ലാതെ  കേന്ദ്രത്തിന്റെ  കൈയിലുള്ള ആദായനികുതി വകുപ്പിനോ  മറ്റേതെങ്കിലും വകുപ്പിനോ കേരളത്തിലെ ഏതെങ്കിലും സഹകരണസ്ഥാപനത്തിൽ എന്തെങ്കിലും തരത്തിലുള്ള അഴിമതിയോ അനധികൃതസമ്പാദ്യവും മറ്റേതെങ്കിലും തെറ്റായ ഇടപാടോ   ഉണ്ടായതായി തെളിയിക്കാൻ കഴിഞ്ഞില്ല.

സുരേന്ദ്രൻ സാധാരണ കള്ളം പറയാറില്ല.  പറയുമ്പോൾ ചെറിയ ചില ട്വിസ്റ്റുകൾ ഉണ്ടാകുമെന്ന് മാത്രം. സഹകരണമേഖലയെക്കുറിച്ച് പറഞ്ഞതെല്ലാം ശരിയായിരുന്നു. പക്ഷേ അത് കേരളത്തിലെ കാര്യമല്ല. സത്യം പറയുന്നവരെ പെട്ടെന്നൊന്നും തിരിച്ചറിയില്ല എന്നതിന് സുരേന്ദ്രനും ഒരുദാഹരണം.  കാരണം അദ്ദേഹം പറഞ്ഞത്   അക്ഷരാർഥത്തിൽ ശരിയാണ് എന്നാണ് ഗുജറാത്തിൽനിന്നുള്ള വാർത്തകൾ തെളിയിക്കൂന്നത്.  നരേന്ദ്ര മോഡി  നോട്ടുനിരോധനം പ്രഖ്യാപിച്ചശേഷം ഏറ്റവുമധികം അസാധു നോട്ടുകൾ നിക്ഷേപിക്കപ്പെട്ടത‌്  ബിജെപി അധ്യക്ഷൻ ഡയറക്ടർ ആയ ബാങ്കിലാണ്. അതാണ്  പുതിയ വിവരം. വെറുതെയുള്ള വിവരമല്ല.  വിവരാവകാശം അനുസരിച്ച് ലഭിച്ച വിവരമാണ്. ആദ്യത്തെ അഞ്ചുദിവസംകൊണ്ട് 745 കോടി രൂപയാണ്   അഹമ്മദാബാദിലെ അമിത്ഷാജിയുടെ ബാങ്കിലേക്ക് ഒഴുകിയെത്തിയത്. ആ ബാങ്കിന്റെ വെബ്സൈറ്റ് എടുത്തുനോക്കിയാൽ ഷാജി തന്നെയാണ് ഇപ്പോഴും ഡയറക്ടർ.  ഗുജറാത്തിലെ  മന്ത്രി ഡയറക്ടർ ആയ രാജ്‌കോട്ടിലെ ബാങ്കിൽ 693 കോടി രൂപ മൂല്യമുള്ള പഴയ നോട്ട്  നിക്ഷേപിക്കപ്പെട്ടു. ബിജെപിയുടെ കാര്യം അങ്ങനെയാണ്. സഹകരണമേഖല ആയാലും  മെഡിക്കൽ കോളേജ് ആയാലും പെട്രോൾ പമ്പ് ആയാലും ശവപ്പെട്ടി ആയാലും  പണം നിക്ഷേപിക്കുന്നിടത്ത‌് അവർ കാവിക്കൊടി കുത്തും.

സുരേന്ദ്രൻ കേരളത്തിൽ  ഒതുങ്ങിനിൽക്കുന്ന നേതാവല്ല. ഇടയ്ക്ക് കർണാടകത്തിൽ പോകും.  ഗോവസഞ്ചാരം നടത്തും. ക്വാറികളിൽ ഇറങ്ങി കുളിക്കും. കെ സുധാകരനോടൊപ്പം മീൻ പിടിക്കാൻ പോകും.  ഗുജറാത്തിലും  ഡൽഹിയിലും ചെല്ലും. അത്തരമൊരു സഞ്ചാരത്തിൽ  കണ്ടെത്തിയ ഒരു സത്യം  കേരളത്തിൽ വന്നപ്പോൾ  സ്വന്തം നാട്ടിലും അങ്ങനെയാകും എന്ന് കരുതി പറഞ്ഞുപോയ കുറ്റമേ  അദ്ദേഹം ചെയ്തുള്ളൂ. അതുകൊണ്ടുതന്നെ സുരേന്ദ്രനെ കുരിശിലേറ്റരുത്‌  എന്ന് ധൈര്യമായി പറയാം.

കാര്യങ്ങൾ എല്ലായിടത്തും ഏതാണ്ട്   ഒരുപോലെതന്നെയാണ്. കോൺഗ്രസിൽ കുഴപ്പമാണെന്ന്  പലരും പറയുന്നുണ്ടെങ്കിലും ബിജെപിക്ക് ഇതുവരെ ഒരു സംസ്ഥാന പ്രസിഡന്റ‌് കിട്ടിയിട്ടില്ല. മേഘാലയയിൽനിന്നോ മറ്റോ ഒരു പുരുഷു വരുന്നുണ്ട് എന്നാണ് ഒടുവിൽ പറഞ്ഞുകേട്ടത്. ഓർഗനൈസറിൽ സബ് എഡിറ്ററായും ജന്മഭൂമി ഡൽഹി ലേഖകനായും പ്രവർത്തിച്ച,   പുരുഷു എന്ന പുരുഷോത്തമൻ പാലാ  കേരളത്തിൽ ആർഎസ്എസിനുവേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്കുശേഷം മുംബൈയിലേക്കും അവിടെനിന്ന് അസമിലേക്കും എത്തിയ ത്യാഗിയാണ്.

അസമിൽ ഉൾഫയെ എതിരിട്ട  ധീരൻ. തീവ്രവാദസംഘടനകൾ തട്ടിക്കൊണ്ടുപോയെന്നും അവരുടെ കൊടിയ പീഡനങ്ങളിൽ തലയോട്ടിക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ്   അബോധാവസ്ഥയിൽ കഴിഞ്ഞ, പട്ടിയുടെയും എലിയുടെയും പാമ്പിന്റെയും ഇറച്ചിയും മദ്യവും മയക്കുമരുന്നും കഴിക്കേണ്ടിവന്ന  അനുഭവം പങ്കുവച്ച് പുരുഷു പറയുന്നു എന്നെ പ്രസിഡന്റ്  ആക്കൂ  എന്ന്.

നയപരമായ ഇടപെടലിലൂടെ പിന്നീട് തീവ്രവാദികളുമായി സൗഹൃദത്തിലായി  ഇറ്റാനഗർ വഴി ചൈനയ്ക്കുള്ളിൽവരെ ചെന്ന, ഇന്ത്യയുടെ വടക്കും തെക്കും പടിഞ്ഞാറും അറിയുന്ന ഞാനല്ലേ യോഗ്യൻ എന്ന പുരുഷുവിന്റെ ചോദ്യത്തിൽ സുരേന്ദ്രന്റെ അവസാന പ്രതീക്ഷയും മങ്ങുകയാണ്.  

അവിടെ പുരുഷു എങ്കിൽ ഞങ്ങൾക്ക് ശ്രീനിവാസൻ ആകാമെന്ന‌്  കോൺഗ്രസ് തീരുമാനിച്ചു. തൃശൂർകാരനാണ് ശ്രീനിവാസൻ എന്ന് ഈയിടെയാണ് കോൺഗ്രസുകാർ അറിഞ്ഞത്.  സുധീരൻ സ്വന്തം ജില്ലക്കാരനെ  ഇതുവരെ അറിയില്ല; കണ്ടിട്ടുമില്ല.  കേരളത്തിൽനിന്ന് കെ സി വേണുഗോപാൽ, പി സി വിഷ്ണുനാഥ് തുടങ്ങിയ നേതാക്കൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാറുണ്ട് . ഹൈക്കമാൻഡിന്റെ  പ്രതിനിധികളായി എഐസിസി സെക്രട്ടറിമാരുടെ വേഷത്തിലാണ് യാത്ര. ഈ ശ്രീനിവാസനും  ഇപ്പോൾ അതേ വേഷമാണ്.  കോൺഗ്രസുകാർക്ക് അറിഞ്ഞുകൂടാത്ത, കെപിസിസി പ്രസിഡന്റ‌് ആയിരുന്ന വി എം സുധീരന് കേട്ടറിവ് പോലുമില്ലാത്ത   മലയാളിയായ ശ്രീനിവാസൻ ഒരു സുപ്രഭാതത്തിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ സെക്രട്ടറിയാകുന്നു. പിന്നെന്തുകൊണ്ട് പുരുഷുവിനെ   ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ആക്കാൻ കഴിയില്ല എന്ന ചോദ്യത്തിന് ഉത്തരം പറയാൻ അമിത്ഷാജി ഒന്ന് വിയർക്കും. ശ്രീനിവാസൻ അത്ര മോശം ആളല്ല എന്നാണ് കേൾവി. പണ്ട്  ലീഡർ മന്ത്രിയാകാൻ ഡൽഹിയിൽ ചെന്നപ്പോൾ കൂടെ ഉണ്ടായിരുന്നുവത്രെ.  അതുകഴിഞ്ഞ് ലോക‌്സഭയിലേക്ക്  മത്സരിക്കാൻ ശ്രമിച്ചതായി പറയുന്നു.  എന്തായാലും ഹൈക്കമാൻഡിന്റെ  കച്ചവട പങ്കാളിയാണ്.  പ്രിയങ്ക വധേര സ്വന്തം കമ്പനിയുടെ   ഡയറക്ടർ സ്ഥാനം ഒഴിഞ്ഞപ്പോൾ പകരക്കാരനായി നിയമിക്കപ്പെട്ട ആളാണ്. കച്ചവടപങ്കാളിത്തവും തിരുത  മീനിന്റെ  സ്വാദും ചെവി കടിക്കാനുള്ള കൗശലവും ഒക്കെയാണ്   കോൺഗ്രസിന്റെ ദേശീയനേതാക്കളെ തീരുമാനിക്കാനുള്ള മാനദണ്ഡം.

സോണിയയുടെ പ്രതാപകാലത്ത് വിൻസെന്റ്  ജോർജിനെ കണ്ടാൽ കാര്യം സാധിക്കാമെന്ന്  അഭിമാനത്തോടെയാണ്   കോൺഗ്രസുകാർ  പറയാറുള്ളത്. ഇനി  അവിടെ വല്ലതും നേടാനുണ്ടെങ്കിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ സി ജോസഫും കെ മുരളീധരനും  ശ്രീനിവാസൻ എന്ന നേതാവിനെ   കണ്ടാൽ മതി.  വധേരയ്ക്ക് കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് താല്പര്യമുണ്ട് എന്ന് പലരും പറഞ്ഞപ്പോൾ വിശ്വസിക്കാത്തവർക്ക് ശ്രീനിവാസന്റെ  കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിലേക്ക് ഒളിഞ്ഞുനോക്കാവുന്നതാണ്.  

ഒരു ശ്രീനിവാസൻ എഐസിസി സെക്രട്ടറിയായി വന്നിരിക്കുന്നുവെന്നത് അത്ഭുതത്തോടും ഞെട്ടലോടെയുമാണ് കേരളത്തിലെ പ്രവർത്തകർ അറിഞ്ഞതെന്ന് സുധീരൻ ഫെയ‌്സ‌്ബുക്ക് പോസ്റ്റ് ഇട്ടുകളിക്കുമ്പോൾ,  അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിൽ ആരൊക്കെ മത്സരിക്കണമെന്ന‌് തീരുമാനിക്കാനുള്ള ഗൗരവമായ ചർച്ചയിൽ ആകണം ശ്രീനിവാസൻ. അതായത് രാജ്മോഹൻ ഉണ്ണിത്താൻ ഇനിയുള്ള നാളുകളിൽ ശ്രീനിവാസന്റെ  മുറിക്കുമുന്നിൽ  കാവൽ നിൽക്കേണ്ടിവരും എന്നു സാരം.  ജലസേചന സൗകര്യം  ഉള്ള ഓഫീസുകളാണ് ഇപ്പോൾ കോൺഗ്രസിന്  എന്നതു കൊണ്ട് മറ്റു പ്രശ്നങ്ങൾ വരില്ല. പ്രസ‌് ഇൻഫർമേഷൻ ബ്യൂറോയിൽ ഒക്കെ പ്രവർത്തിച്ച് പരിചയമുള്ള ആളായതുകൊണ്ട്   എങ്ങനെ മാധ്യമങ്ങളെ കൈകാര്യംചെയ്യാമെന്നും ശ്രീനിവാസന് നന്നായി അറിയാൻ ഇടയുണ്ട്.

തമാശകൾ സംഭവിച്ചുകൊണ്ടേയിരിക്കും.  ബിജെപിയിൽ വരാൻ താൽപ്പര്യപ്പെട്ട് നിൽക്കുന്ന പുരുഷു കുമ്മനത്തെ പോലെയൊന്നുമല്ല . കണ്ടാൽത്തന്നെ സുരേന്ദ്രൻ അന്തംവിടാനാണ് സാധ്യത.  ചാനലിൽ പോയി പോഴത്തം  പറഞ്ഞാലൊന്നും നേതാവാകില്ല. അതിന് പുരുഷനെ പോലെ അനുഭവിക്കണം.  എന്താണ് അനുഭവിച്ചത്‌  എന്ന‌് പരസ്യമായി പറഞ്ഞതുകൊണ്ട്, പുരുഷോത്തമൻ പാലായുടെ തലത്തിലേക്ക് സുരേന്ദ്രനോ കൃഷ്ണദാസോ എത്തിപ്പെടാൻ ഒരു ജന്മം കൂടി  ജനിക്കേണ്ടിവരും . തീവ്രവാദം, ചൈന, പാമ്പിറച്ചി..ഇതൊന്നും ചെറിയ കളിയല്ല.

 Top