23 April Tuesday

ആലിംഗന രാഷ്ട്രീയം

ശതമന്യു Tuesday Jul 24, 2018


കൊന്നാൽ പാപം തിന്നാൽ തീരും എന്നത് ഒരു ചൊല്ലുമാത്രമാണ്. അത് ഒരു ശാസ്ത്രീയ സത്യമാണെന്ന് രാജ്യത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയുടെ നേതാവിന് തോന്നുമ്പോൾ പുരാണം ശാസ്ത്രമാണെന്ന്  ആത്മാർഥമായും വിശ്വസിക്കുന്ന അല്പബുദ്ധികൾക്കാണ് ചിരിവരിക. ലോക‌്സഭയിൽ നരേന്ദ്ര മോഡിക്കെതിരെ കത്തിക്കയറി  പ്രസംഗം നടത്തി  അതിന്റെ ചൂടാറുംമുമ്പ് അപ്രതീക്ഷിതമായി മോഡിയെ ആലിംഗനംചെയ്ത് ഞെട്ടിച്ച രാഹുൽഗാന്ധി ഒടുവിൽ പറഞ്ഞത്  തന്റേത‌്  കോൺഗ്രസുകാരന്റെ ചെയ്തി എന്നാണ്. രാഹുലിന്റേത്   ആലിംഗനരാഷ്ട്രീയം എന്നും ചിലർ  വിശേഷിപ്പിച്ചുകണ്ടു. കെട്ടിപ്പിടിച്ച ഘട്ടത്തിൽ സൂചിവഴിയോ മറ്റോ മോഡിയുടെ  ശരീരത്തിലേക്ക് രാഹുൽ വിഷം കുത്തിവച്ചിരിക്കാം എന്നാണ് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചത്.  ഉടനടി വൈദ്യസഹായം തേടണം എന്നും വല്ല സുഷിരങ്ങളും ശരീരത്തിൽ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും സ്വാമി പറഞ്ഞു. ആലിംഗനം  ആവശ്യമില്ലാത്തതായിരുന്നു എന്ന് നരേന്ദ്ര മോഡി  പ്രതികരിച്ചിട്ടുണ്ട്.

രാഹുലിനെ കെഎസ്‌യു പരുവത്തിലുള്ള രാഷ്ട്രീയക്കാരൻ എന്ന് വിളിക്കാനാകില്ല. കെഎസ്‌യുക്കാർ കൊടി കെട്ടിയും പോസ്റ്റർ ഒട്ടിച്ചും  നടന്ന കാലത്ത് രാഹുൽ  നാട്ടിൽ  ഉണ്ടായിരുന്നില്ല. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലും അമേരിക്കയിലെ റോളിങ‌്സ്  കോളേജിലും സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ അതീവരഹസ്യമായി പഠിക്കുകയായിരുന്നു. ഒടുവിൽ കേംബ്രിഡ്ജിലെത്തി എംഫിലും എടുത്ത് ഡൽഹിയിൽ തിരികെ കാലുകുത്തിയശേഷമാണ് രാഷ്ട്രീയമെന്തെന്ന്  പഠിച്ചുതുടങ്ങിയത്. ആ പഠിപ്പ് ഇന്നും തുടരുകയാണ്. തുല്യതാപഠനം എന്നും പറയാം.  പക്ഷേ, പുരോഗതിയില്ല. അല്പം പക്വതയും വിവേകവും ഉണ്ടെങ്കിൽ ഇങ്ങനെ ഒരു നാടകം ആടില്ലായിരുന്നു. കാര്യങ്ങളൊക്കെ പഠിച്ചു എന്ന് തോന്നിക്കുംവിധം പറഞ്ഞു എന്നത് ശരി. അതും കഴിഞ്ഞ‌് പൊട്ടിത്തെറിക്കലും കെട്ടിപ്പിടിത്തവും പിന്നൊരു കണ്ണിറുക്കലും ആയപ്പോൾ പഴയ കെഎസ‌്‌യുക്കാരെപ്പോലും നാണിപ്പിക്കുന്ന അഭിനയമായി. ഈ കരങ്ങളിൽ കോൺഗ്രസിന്റെ ഭാവി ഭദ്രം എന്ന് എ കെ ആന്റണിക്കുപോലും ഇനി തോന്നാനിടയില്ല.  

ആര‌് തയ്യാറാക്കിയതായാലും നരേന്ദ്ര മോഡി സർക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായ പ്രസംഗമാണ് രാഹുൽ ഗാന്ധി നടത്തിയത്. അതിലൊന്നും തർക്കമില്ല. അതിനെങ്കിലും കഴിഞ്ഞില്ലെങ്കിൽ ആ സ്ഥാനത്ത‌് ചെന്നിത്തല കയറി ഇരിക്കേണ്ടിവരും. എന്തായാലും അവസാനനിമിഷം രാഹുൽ  കുടം ഉടച്ചു. മോഡി ചിരിച്ചു. ഒട്ടും ഗൗരവം ഇല്ലാതെയാണ് രാഷ്ട്രീയപ്രശ്നങ്ങൾ കൈകാര്യംചെയ്യുന്നത് എന്ന  ആക്ഷേപം തന്റെ തലയിൽത്തന്നെ തുടരട്ടെ എന്ന തീരുമാനമാണ് രാഹുൽ എടുത്തത്. കോൺഗ്രസ് ഇനിയെങ്കിലും നിവർന്നുനിന്ന് എന്തെങ്കിലും ചെയ്യുമെന്ന് ധരിച്ചവർക്ക് ഹാ കഷ്ടം എന്ന് പറയേണ്ടിവന്നു. ഏറ്റവും കൂടുതൽ എഐസിസി പ്രസിഡന്റ‌ുമാരോടൊപ്പം പ്രവർത്തകസമിതിയിൽ ഇരുന്നു എന്ന ഖ്യാതിയേ  എ കെ ആന്റണിക്കുള്ളൂ. പുതുതായി അധ്യക്ഷപദവിയിൽ എത്തിയ ചെറുപ്പക്കാരനെ ഉപദേശിച്ച‌് നന്നാക്കാനുള്ള ത്രാണിയില്ല.

എന്താണ് രാഷ്ട്രീയമെന്നും  എങ്ങനെയാണ് പെരുമാറേണ്ടതെന്നും ട്യൂഷൻ കൊടുക്കാൻ ആളില്ലാത്തതാണ് കോൺഗ്രസിന്റെ ഇന്നത്തെ പ്രശ്നം. ഔചിത്യം കടയിൽ വാങ്ങാൻ കിട്ടില്ല. അത് ആർജിക്കേണ്ടതാണ്. രാഹുലിന്റെ ആലിംഗനത്തിലൂടെ യഥാർഥത്തിൽ ഇല്ലാതായത് നരേന്ദ്ര മോഡി സർക്കാരിനെതിരെ അവിശ്വാസപ്രമേയ ചർച്ചയിലൂടെ  ഉയർന്ന  ഗൗരവമായ വിഷയങ്ങളെക്കുറിച്ചുള്ള തുടർചർച്ചയാണ്. 

ആരെയെങ്കിലും ചാക്കിട്ട് കൂടെക്കൂട്ടിയോ കൂറുമാറ്റിയോ സർക്കാരിനെ അട്ടിമറിക്കാം എന്ന പ്രതീക്ഷയിൽ അല്ല അവിശ്വാസപ്രമേയം വന്നത്. നാലുവർഷത്തെ മോഡി ഭരണത്തിൽ എന്തൊക്കെ സംഭവിച്ചു; എത്രയൊക്കെ അഴിമതി നടന്നു; എങ്ങനെ ജനങ്ങൾ കൊള്ളയടിക്കപ്പെട്ടു; രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെന്ത്;  ആൾക്കൂട്ടക്കൊലപാതകങ്ങൾ, ഗോരക്ഷാ അക്രമങ്ങൾ, വർഗീയപ്രചാരണം എന്നിവയുടെയെല്ലാം ഫലമായി എവിടെയൊക്കെ ചോരയൊഴുകുന്നു  എന്നെല്ലാമുള്ള കാര്യങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരലാണ് അതിന്റെ ലക്ഷ്യം.

പാർലമെന്റിനെയും രാജ്യത്തെയും മറന്ന‌് ഊരുചുറ്റുന്ന പ്രധാനമന്ത്രിയെ പിടിച്ചിരുത്തി വിചാരണ ചെയ്യുന്നതിനു തുല്യമാണ് അവിശ്വാസപ്രമേയ ചർച്ച. അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ്  അവിശ്വാസപ്രമേയത്തിനുള്ള അവതരണാനുമതി തുടർച്ചയായി നിഷേധിച്ചത്.

മോഡിയെ പിടിച്ച‌് മുന്നിലിരുത്തി കാര്യങ്ങൾ പറഞ്ഞ‌് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു പകരം കെട്ടിപ്പിടിച്ചും ഉമ്മവച്ചും സ്പീക്കറുടെ ശകാരം കേട്ടും താൻ  നേതാവാകാൻ ഒക്കെ കൊള്ളാം എന്ന് അഭിനയിച്ച‌് കാണിക്കുന്ന ആളെയാണല്ലോ അധ്യക്ഷനാക്കാൻ ആപത്തുകാലത്ത് കോൺഗ്രസിന് കിട്ടിയത് എന്നതിൽ സന്തോഷം തോന്നുന്നത് നരേന്ദ്ര  മോഡിക്കുതന്നെയാകും. 

ആർഎസ്എസുകാരെ സാധാരണ മനുഷ്യരുടെ കൂട്ടത്തിൽ പെടുത്താൻ കഴിയില്ല. അവർ സംസ്കൃതമാണ് പറയുക. ബുദ്ധികൊണ്ടല്ല മസിലുകൊണ്ടാണ് ചിന്തിക്കുക. നാവുകൊണ്ടല്ല വടിയും വാളുകൊണ്ടാണ് സംവദിക്കുക. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ലക്ഷണമൊത്ത ആർഎസ്എസുകാരൻ ആയതുകൊണ്ട് ജനാധിപത്യപരമായ സമീപനം പ്രതീക്ഷിക്കാൻ കഴിയില്ല. അവിശ്വാസപ്രമേയം ചർച്ചചെയ്യുമ്പോൾ നോട്ടുനിരോധനം, ജിഎസ്ടി, അഴിമതി എന്നിവയൊക്കെ  അക്കമിട്ട‌ു പറഞ്ഞാലും ഏതെങ്കിലും കാര്യത്തിൽ നരേന്ദ്ര മോഡി മറുപടി പറയുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നെങ്കിൽ അയാൾക്കാണ് തകരാറ്. ഒരൊറ്റ ആക്ഷേപത്തിന് മറുപടി പറയാതെ ഉന്നയിക്കപ്പെട്ട ഒരു കാര്യത്തിനുപോലും വിശദീകരണം നൽകാതെ  പരിഹാസ വചനങ്ങളുരുവിട്ട‌്  മോഡി സ്ഥലം കാലിയാക്കി.  ആലിംഗനരാഷ്ട്രീയം ബാക്കിയായി.

തൊട്ടടുത്ത ദിവസം വന്നത് പശുക്കടത്ത് ആരോപിച്ച‌്  രാജസ്ഥാനിലെ ആൽവാരിൽ  മുസ്ലിം ചെറുപ്പക്കാരനെ തല്ലിക്കൊന്ന വാർത്തയാണ്. ഒറ്റ ജില്ലയിൽമാത്രം ഒരു കൊല്ലംകൊണ്ട് അഞ്ച‌് ആളുകളെയാണ് പശുവിന്റെ പേരിൽ കൊന്നുകളഞ്ഞത്. അവിടെ  പശുവിന്റെ പേരിൽ തല്ലിക്കൊല്ലുന്നു. കേരളത്തിൽ  നോവലിന്റെ പേരിൽ എഴുത്തുകാരന്റെ  കുടുംബത്തെതന്നെ  തകർത്തുകളയും എന്ന് ഭീഷണിപ്പെടുത്തുന്നു. അവിശ്വാസപ്രമേയം വന്നാലും ജനങ്ങളാകെ തള്ളിപ്പറഞ്ഞാലും  ബിജെപി മാറാൻ പോകുന്നില്ല. കാരണം, അതിന്റെ ആരൂഢം സംഘി പാകിസ്ഥാനാണ്. അതിന്റെ ആദർശം ഹിന്ദു താലിബാനിസമാണ്.
 

 Top