27 May Wednesday

ഒറ്റമൂലിയുടെ ദുരന്തം

ശതമന്യു Monday Apr 8, 2019


മറ്റൊരു മരുന്നുമില്ലാതെ രോഗം ശമിപ്പിക്കാനാണ‌്  ഒറ്റമൂലി പ്രയോഗം. എല്ലാ  മാർഗങ്ങളും അവസാനിക്കുമ്പോൾ ഇപ്പോഴും ഒറ്റമൂലി തേടി പോകുന്നവരുണ്ട്. ഒറ്റമൂലി സ്വന്തമായി  പ്രയോഗിക്കുന്നത‌് പലപ്പോഴും അപകടമാണ്.  അത്തരം  അപകടമാണ് കേരളത്തിലെ കോൺഗ്രസിന്  വന്നുപെട്ടത്. ഒരു മരുന്നുകൊണ്ടും ശസ്ത്രക്രിയകൊണ്ടും മാറാത്ത അസുഖമാണ്  ഇന്നാ പാർടിക്ക്.  തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പുമുതൽ  പരാജയത്തിന്റെ  കൈപ്പുനീർ മാത്രമേ അവർ കുടിച്ചിട്ടുള്ളു. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പകുതി ആകുന്നതുവരെ തുടർഭരണം ആണ് ഉമ്മൻചാണ്ടി സ്വപ‌്നം കണ്ടത്. ആ സ്വപ‌്നം കരിഞ്ഞുപോയി.  ഇനി ഒരു തെരഞ്ഞെടുപ്പിലും ജയിപ്പിക്കില്ല എന്ന് ഉറച്ച വാശിയിലാണ് കേരളീയർ എന്നുതോന്നും പിന്നെ നടന്ന പഞ്ചായത്ത് -മുനിസിപ്പൽ ഉപതെരഞ്ഞെടുപ്പുകൾ ഓർത്താൽ. പുതിയ തലമുറയാണെങ്കിൽ യുഡിഎഫിന്റെ ഭാഗത്തേക്ക് നോക്കുന്നില്ല. സകല കോളേജിലും സർവകലാശാലയിലും സ‌്കൂളിലും എസ്എഫ്ഐ. സംഗതി  ഉമ്മൻചാണ്ടിക്ക് നന്നായറിയാം.  അതുകൊണ്ടാണ്  ചെന്നിത്തലയെ പ്രതിപക്ഷ നേതൃഭാരമേൽപ്പിച്ച് കളംമാറിയത്.

ലോക‌്സഭാ തെരഞ്ഞെടുപ്പു വരുമ്പോൾ   കേരളത്തിൽനിന്ന് വല്ലതും കിട്ടും എന്ന് കോൺഗ്രസ് പ്രതീക്ഷിക്കാറുണ്ട്. പലപ്പോഴും കിട്ടിയിട്ടും ഉണ്ട്. ഇപ്പോൾ  ആ പ്രതീക്ഷയും പോയി എന്നതാണ് പ്രശ്നം. നിർത്താൻ നല്ല  സ്ഥാനാർഥികളോ ഉറക്കെ പറയാൻ രാഷ്ട്രീയമോ ഇല്ലാതാകുമ്പോൾ മുന്നിൽ ശുദ്ധശൂന്യതയാണുണ്ടാവുക. പിന്നെ "എല്ലാം യാന്ത്രിക’മാകും.  ആർഎസ്എസിന്റെ വേഷം  കെട്ടിയിട്ടുപോലും പക്ഷേ ശ്രദ്ധിക്കപ്പെടുന്നില്ല.  അങ്ങനെയാണ് ഒരു സർപ്രൈസ് അഥവാ ഒറ്റമൂലി വേണമെന്ന ചിന്ത ഉടലെടുത്തത‌്. പരീക്ഷണത്തിന്  കരു ആക്കപ്പെട്ടത് അഖിലേന്ത്യാ അധ്യക്ഷൻ തന്നെയാണ് എന്നതാണ് വിചിത്രം. 


ഉമ്മൻചാണ്ടിയുടെ ഉപജാപം ഫലംകണ്ടു. എല്ലാ രാഷ്ട്രീയ വിഷയങ്ങളും മാറ്റിവച്ച് രാഹുൽ ഗാന്ധി എന്ന ഒറ്റമൂലികൊണ്ട് കേരളത്തിലെ കോൺഗ്രസിനെയും യുഡിഎഫിനെയും ബാധിച്ച അസുഖം ഭേദമാക്കാം എന്നാണ് ഉമ്മൻചാണ്ടി സിദ്ധാന്തിച്ചത്.  അതിൽ രാഹുൽ വീണു. പക്ഷേ, വൈകിപ്പോയി. വരും, വരില്ല, വന്നേക്കും, വരാനിടയില്ല എന്നൊക്കെയുള്ള ചർച്ചകൊണ്ട് ഒരാഴ‌്ച നീങ്ങിക്കിട്ടി. വന്നതുകൊണ്ടുണ്ടാകുമായിരുന്ന  പ്രയോജനത്തിന്റെ  മുക്കാൽ പങ്കും അപ്പോൾത്തന്നെ അലിഞ്ഞു.  വൈകിയെങ്കിലും  വന്നപ്പോൾ മനോരമയെക്കൊണ്ട് പൂരാഘോഷം  നടത്തിച്ചതും തെരുവ് നാടകത്തിൽ അഭിനയിച്ചതും മിച്ചം. വാർത്താ നായകനായി മരപ്പട്ടി  സ്ഥാനം പിടിച്ചത് മാധ്യമ പ്രവർത്തനത്തിലെ മഹാസംഭവം. വാർത്തകൾ കൊണ്ടുള്ള മാമാങ്കം വിചാരിച്ചതുപോലെ ഏശിയില്ല. രാഹുൽ ഗാന്ധി എവിടെച്ചെന്നാലും മാധ്യമപ്രവർത്തകർക്ക‌് പരിക്കേൽക്കുന്നതും രക്ഷകനായി നേതാവ് എത്തുന്നതും എന്തുകൊണ്ടാകുമെന്ന പടുകൂറ്റൻ ചോദ്യം അവശേഷിപ്പിച്ചാണ് പ്രത്യേക വിമാനം ഡൽഹിക്ക് തിരിച്ചുപറന്നത്.

ഫലത്തിൽ കേരളത്തിലെ 20 യുഡിഎഫ് സ്ഥാനാർഥികളിൽ ഒരാൾ മാത്രമായി,  ഉണ്ണിത്താന്റെയും കെ സുധാകരന്റെയും എം കെ രാഘവന്റെയും തലത്തിലേക്ക് അഖിലേന്ത്യാ അധ്യക്ഷനെ  ചുരുക്കി. പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പ് ഗാനമേളയോ സൗന്ദര്യ മത്സരമോ അല്ല എന്നുപോലും ഇതുവരെ മനസ്സിലായിട്ടില്ല. അത് കോൺഗ്രസിന്റെ ഗതികേടെങ്കിൽ  കൂടെനിൽക്കുന്ന ലീഗിന് ആകട്ടെ സ്വന്തം കൊടിപോലും വയനാട്ടിൽ അലർജിയാണ്. പച്ചക്കൊടിയും  പിടിച്ച് രാഹുലിനെ സ്വീകരിക്കാൻ പോയവർ "ദോഷൈകദൃക്കുകൾ’ ആണ് എന്ന് കുഞ്ഞാലിക്കുട്ടിക്ക് വിധി കൽപ്പിക്കേണ്ടിവന്നു.  സ്വന്തം പാർടിയുടെ  കൊടിപിടിച്ചതിന് അണികളെ കുറ്റപ്പെടുത്തുന്ന നേതാവായി കുഞ്ഞാലിക്കുട്ടി ഉയർന്നു. ലീഗ് വോട്ടു വേണം; കൊടി വേണ്ട എന്നാണ‌് കോൺഗ്രസിന്റെ തിട്ടൂരം. ആ കൊടി കണ്ടാൽ ബിജെപിക്ക് ഹാലിളകുമത്രേ. അങ്ങനെ ഒരിളക്കമുണ്ടെങ്കിൽ അത് ഞങ്ങൾ സഹിച്ച‌്- കൊടി പിടിക്കുകതന്നെ ചെയ്യും എന്ന് പറയാനുള്ള തന്റേടം തൽക്കാലം ബാങ്ക് ലോക്കറിലാണ്.

ഒറ്റമൂലിയിൽ അഭയം തേടുന്നത് കോൺഗ്രസിന്റെ  എക്കാലത്തെയും പതിവാണ്.  ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ തെരഞ്ഞെടുപ്പ് നേരിടാൻ  കണ്ട ഉപായം ചാരായ നിരോധനം എന്ന ഒറ്റമൂലിയാണ്. സ്ത്രീകളുടെ വോട്ട‌് കൂട്ടത്തോടെ വരുമെന്ന് കരുതി.  അത് പൊളിഞ്ഞു പാളീസായി. രാമനും രാമക്ഷേത്രവും അയ്യപ്പനും ഒക്കെ തെരഞ്ഞെടുപ്പ് വിഷയമായി ബിജെപിക്ക്  തോന്നുന്നതിന്റെ കാര്യവും മറ്റൊന്നല്ല. ഏപ്രിൽ 23ന്  പോളിങ‌് ബൂത്തിൽ  ക്യൂ നിൽക്കുന്ന സാധാരണ വോട്ടറുടെ മനസ്സിൽ നോട്ട് നിരോധനക്കാലത്ത് ക്യൂ നിന്നതും നരകിച്ചതും ക്യൂവിൽനിന്ന‌് വീണുമരിച്ചതുമൊക്കെയാണ്  കടന്നെത്തുക. നല്ലൊരു ചായ കഴിക്കാൻ കടയിൽ കയറുന്ന  വോട്ടർക്ക് പഴയ ചായക്കടക്കാരനെയല്ല, ചായക്ക് ജിഎസ്ടി എന്ന പേരിൽ കൊള്ളപ്പണം ഈടാക്കുന്ന നരേന്ദ്ര മോഡിയെയാണ് ഓർമവരിക. വയനാട്ടിലെ ആദിവാസി പെൺകുട്ടി സിവിൽ സർവീസ് റാങ്ക് നേടുമ്പോൾ അക്ഷരത്തിന്റെ അടുത്തുപോകാൻ യോഗമില്ലാത്ത ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ കുട്ടികളെ  ഓർമവരും. അങ്ങനെ സംഭവിക്കാതെ നോക്കേണ്ടത് ബിജെപിയും കോൺഗ്രസുമാണ്. ജനങ്ങൾ അനുഭവം താരതമ്യം ചെയ്‌താൽ രണ്ടു കൂട്ടർക്കും പൊള്ളും. 

ബിജെപിക്കെതിരെ കോൺഗ്രസും കോൺഗ്രസിനെതിരെ ബിജെപിയും ഒരക്ഷരം  പറഞ്ഞുപോയാൽ  വോട്ട് കച്ചവടം പൊളിയും എന്നത് വേറൊരു പ്രശ്നം.
കോൺഗ്രസ് അധ്യക്ഷൻ കേരളത്തിലെത്തി സിപിഐ എമ്മിനെതിരെ ഒരക്ഷരം പറയില്ല  എന്നാണു പ്രഖ്യാപിച്ചത്.   സിപിഐ എമ്മിനെതിരെ പറയാൻ രാഹുലിന്റെ കൈയിൽ ഒന്നുമില്ല എന്നതാണ് സത്യം.  മാന്യത ഉള്ളതുകൊണ്ട് രാഹുൽ ഗാന്ധി സിപിെഎ എമ്മിനെതിരെ ഒന്നും പറയില്ല എന്നാണ‌്  ചെന്നിത്തലയുടെ വിശദീകരണം. മാന്യതയില്ലാത്ത ചെന്നിത്തലയും ഉമ്മൻചാണ്ടിയും അമാന്യമായി പറയുമെന്ന് സാരം.  കൂട്ടത്തിൽ വലിയൊരു മാന്യൻ കോഴിക്കോട്ടാണ്. പത്തുകൊല്ലം മുമ്പ് ചക്ക വീണുകിട്ടിയ ലോക‌്സഭാംഗത്വവുംകൊണ്ട് നാടുനീളെ നടന്ന് സകലരെയും സോപ്പിട്ട് താൻ മാന്യനാണ്; മഹാനാണ് എന്നൊക്കെ വരുത്തിത്തീർത്തിരുന്നു.ഒറ്റയടിക്കാണ്  അത് പൊളിഞ്ഞുപോയത്. കള്ളപ്പണവും കള്ള് വാങ്ങിക്കൊടുക്കലും കള്ളം പറയലും തന്റെ പതിവാണ് എന്ന്  സ്വന്തമായിത്തന്നെ അങ്ങ് പ്രഖ്യാപിച്ചു. പലനാൾ കട്ടാൽ ഒരുനാൾ പിടിക്കപ്പെടും. ആത്മപ്രകാശനം ഡൽഹിയിലെ  ചാനലിന്റെ  ക്യാമറയ‌്ക്ക് മുന്നിൽ ആയിപ്പോയി. പിടിക്കപ്പെട്ട നിമിഷംമുതൽ കരച്ചിലാണ്. കരഞ്ഞുതീർക്കുകയാണ് സങ്കടം. ആ കരച്ചിലിനും  പഴി  സിപിഐ എമ്മിന്.  തോറ്റ സ്ഥാനാർഥി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാൽ കേസുകൊണ്ട് വലിയ കാര്യമൊന്നുമില്ല.  അതുകൊണ്ട്   തെരഞ്ഞെടുപ്പു റദ്ദാക്കപ്പെടും എന്ന‌്  കോൺഗ്രസിന് ഭയക്കേണ്ടതില്ല. ഒളിക്യാമറ ദൃശ്യം വന്ന ഉടനെ വേറെ  സ്ഥാനാർഥിയെ പരീക്ഷിച്ചിരുന്നെങ്കിൽ ഒരു മത്സരമെങ്കിലും നടത്താമായിരുന്നു. സിദ്ദിഖിനോട്  അത്രയൊന്നും കരുണ ഉമ്മൻചാണ്ടിക്ക് ഇല്ല. ആ പാവം കരയാതെ കരയുകയാണ്. 

ഭക്ഷണകാര്യത്തിലും ഇരുമുടിക്കെട്ടുകൊണ്ട‌് അഭ്യാസംകളിക്കുന്നതിലും പൊലീസിനെ കണ്ടപ്പോഴും  ചില പാളിച്ചകൾ ഉണ്ടായെങ്കിലും സുരേന്ദ്രന് ചില കാര്യങ്ങളിൽ വിവരമുണ്ട്. എല്ലാ സമയത്തും വങ്കത്തം പറയാറില്ല.  ആ വിവരം സുരേഷ് ഗോപിക്ക് ഉണ്ടാകണമെന്ന് നിർബന്ധം പിടിക്കാൻ പറ്റില്ല. മതംപറഞ്ഞും മതചിഹ്നം കാട്ടിയും  വോട്ടു പിടിച്ചാൽ പൊല്ലാപ്പാകും എന്നും  ആറുകൊല്ലം വീട്ടിൽപ്പോയി ഇരിക്കേണ്ടിവരുമെന്നും അറിയാവുന്ന സുരേന്ദ്രൻ പത്തനംതിട്ടയിൽ പരസ്യമായി ശബരിമല പറയാൻ  നിന്നിട്ടില്ല. സുരേഷ് ഗോപി തൃശൂരിൽ  കാലെടുത്തുവച്ച ഉടനെ അയ്യപ്പനുവേണ്ടിയാണ് വോട്ട് ചോദിച്ചത്.  യോഗി ആദിത്യനാഥും സാധ്വി  ഋതംബരയും  സാക്ഷി മഹാരാജും    പറയുന്നതുപോലെ താനും ഒന്ന്  നോക്കട്ടെ എന്ന് തോന്നിയതാവും. എന്തായാലും താരം രണ്ടുനിലയിൽ പെട്ടു. ഒന്നാമത്തേത് തെരഞ്ഞെടുപ്പ് ചട്ടലംഘനം. നാട്ടിലെ മഹാന്മാർക്കുള്ളതാണ് രാജ്യസഭയിലെ നോമിനേഷൻ. അതിൽ കക്ഷിരാഷ്ട്രീയമില്ല. അങ്ങനെ നോമിനേറ്റ് ചെയ്യപ്പെട്ട ഒരാളാണ് താരം. ആ എംപി സ്ഥാനം പോരാഞ്ഞിട്ടാണ‌് മത്സരിക്കാൻ തൃശൂരിലേക്ക് വണ്ടി കയറിയത്.  അതിന്റെ ധാർമികതയെക്കുറിച്ചുള്ള  ചോദ്യം വരും. എല്ലാം  ഒറ്റമൂലിക്കാരായതിന്റെ ദുരന്തമാണ്.

 Top