28 May Thursday

ഗതികെട്ടവരുടെ പെടാപ്പാടുകൾ

ശതമന്യു Monday Mar 18, 2019


ചതിപെട്ടാൽ പുനരെന്തരുതാത്തത് എന്നതിനൊപ്പം ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്നും കുഞ്ചൻ നമ്പ്യാർ പറഞ്ഞുവച്ചിട്ടുണ്ട്. ചതിപെട്ടു എന്നുതോന്നിയാൽ എന്തും ആകാം. കേന്ദ്രത്തിലും കേരളത്തിലും മന്ത്രിയും പലവട്ടം എംഎൽഎയും എംപിയും ആയ കെ വി തോമസ് ബിജെപിയിലേക്ക് പോകുന്നു എന്ന ചർച്ചയാണ് ഒറ്റദിവസംകൊണ്ട് സംസ്ഥാനത്താകെ ഉയർന്നത്. കേരളത്തിനുപുറത്ത് കോൺഗ്രസിന്റെ  വലിയ  നേതാക്കൾ ബിജെപിയിലേക്ക് ഒഴുകുന്നത് എല്ലാവരും കാണുന്നുണ്ട്.  ഇവിടെ അങ്ങനെ സംഭവിക്കുമെന്ന് ആരും കരുതിയതല്ല . "സോണിയ പ്രിയങ്കരി’ എന്നതാണ് കെ വി തോമസിന്റെ  ഒരു പുസ‌്തകം. അത്രയ്ക്കുണ്ട് അടുപ്പം. 84 മുതൽ എറണാകുളം ലോക‌്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി.  ഒറ്റത്തവണ തോറ്റിട്ടുണ്ട്. കൊച്ചി -കുമ്പളങ്ങി മേഖലകളിൽ ലഭിക്കുന്ന സ്വാദിഷ്ടമായ ഒരു മത്സ്യമാണ് തോമസ് മാഷിന്റെ സൗഭാഗ്യങ്ങൾക്കു കാരണം എന്ന് പറയുന്നവരുണ്ട്. ഇടയ‌്ക്ക‌്  നാവുദോഷം   വന്നപ്പോൾ  നരേന്ദ്ര മോഡിയെ പ്രശംസിച്ചിട്ടുമുണ്ട്.  എന്നാലും എക്കാലത്തെയും കോൺഗ്രസിന്റെ നേതാവ് തന്നെ. ആ തോമസ് മാഷിന്,  "താങ്കൾ ബിജെപിയിലേക്ക് പോകുമോ’ എന്ന ചോദ്യം കേട്ടപ്പോൾ  ഒറ്റയടിക്ക് ഉത്തരം പറയാൻ കഴിഞ്ഞില്ല.  ഒടുവിൽ മനസ്സില്ലാമനസ്സോടെ "കോൺഗ്രസ് ആയി തുടരു’മെന്ന് പറഞ്ഞൊപ്പിക്കേണ്ടിവന്നു.  അത് ഗതികെട്ട പുലിയുടെ പുല്ല് തീറ്റമാത്രം.  ഒമ്പതാം തവണ സീറ്റ് കിട്ടിയില്ലെങ്കിൽ ഒറ്റച്ചാട്ടത്തിന‌് ബിജെപിയിലേക്ക് എത്താം എന്നായിരിക്കുന്നു. അങ്ങനെ വാർത്ത വരുമ്പോൾ ജനങ്ങൾ അവിശ്വസിക്കുന്നില്ല. കാരണം മൂന്ന്‌ പതിറ്റാണ്ടായി നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്‌തനായിരുന്ന വടക്കൻ ബിജെപിയിലേക്ക്‌ ചാടിയത്‌ ജനങ്ങൾ കണ്ടതാണ്‌. അവിടെയാണ് കോൺഗ്രസിന്റെ ഇന്നത്തെ  അവസ്ഥ തെളിഞ്ഞുവരുന്നത്. 

തോമസ് മാഷ് ഒറ്റയ‌്ക്കല്ല, ഗതികെട്ട‌് പുല്ല് തിന്നുന്ന പുലികളും ചെറു മൃഗങ്ങളും  വേറെയുമുണ്ട്. 1982 മുതൽ തൊടുപുഴ   മണ്ഡലത്തിൽനിന്ന് ജയിച്ച് നിയമസഭയിലെത്തുന്ന,  സ്വന്തം പേരിൽ ഒരു ഗ്രൂപ്പ് തന്നെയുള്ള നേതാവാണ് പി ജെ ജോസഫ്.  എഴുപത്തിയേഴാം വയസ്സിൽ ആ മനസ്സിൽ ഉദിച്ചത് പാർലമെന്റിലേക്ക് പോകാനുള്ള മോഹമാണ്. ആ പാർടിയിൽ ഇപ്പോൾ പ്രധാനികളായി മാണിയും മകനും ജോസഫും മാത്രമേ ഉള്ളൂ. പാർടി ചെയർമാന്റെയും  നിയമസഭാകക്ഷി നേതാവിന്റെയും ചുമതല ഒരേസമയം മാണിക്ക‌്. മാണിയുടെ  മകൻ രാജ്യസഭാംഗം. ആ കുടുംബത്തിൽ തൊഴിൽരഹിതയായി ഒരാളുണ്ട്- മകന്റെ ഭാര്യ. അവരെ ഡൽഹിയിലെത്തിച്ച‌് പുത്രകുടുംബത്തെ സന്തോഷിപ്പിക്കാനുള്ള ഉത്തരവാദിത്തം മാണി നിറവേറ്റാൻ നോക്കിയപ്പോഴാണ് ജോസഫ് ഇടങ്കോലിട്ടത്. എന്തായാലും ജോസഫിന് സീറ്റും കിട്ടിയില്ല, പരിഗണനയും കിട്ടിയില്ല. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽനിന്ന് വരുന്ന ജോസഫിന‌്  കോട്ടയം മണ്ഡലത്തിൽ എന്താണ് കാര്യം എന്നാണ് മാണി ചോദിച്ചത്.

ആഗ്രഹം കെട്ടിപ്പൂട്ടി  വീട്ടിലിരിക്കാൻ പോയ ജോസഫിനു പിന്നാലെ മാണി പോയില്ലെങ്കിലും കോൺഗ്രസ‌് പോയി.  വേണമെങ്കിൽ മത്സരിച്ചോളൂ; അത് കൈപ്പത്തി ചിഹ്നത്തിൽത്തന്നെ വേണം എന്ന് ജോസഫിനോട് കോൺഗ്രസിന്റെ അനുഭാവം. വളരുകയും പിളരുകയും പിന്നെയും വളരുകയും  പിളരുകയും ഒടുവിൽ തളരുകയും ചെയ്യുന്ന കേരള കോൺഗ്രസ‌്‌ പരിവാറിൽ  സ്വന്തമായി സ്വന്തം പേരിൽ ഗ്രൂപ്പുള്ള നേതാവിനോടാണ്, ആ പാർടിയും ഗ്രൂപ്പും പേരും കളഞ്ഞ‌് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ടത്.  അതിനോളം അപമാനം വേറെയില്ല. എന്നിട്ടും ജോസഫ് ഒറ്റദിവസം കോട്ടയത്ത‌് ചെന്ന്  ചാഴിക്കാടനെയും ഹൈറേഞ്ച്  കയറി ഡീൻ കുര്യാക്കോസിനെയും കെട്ടിപ്പിടിച്ച് പൊട്ടിച്ചിരിച്ച്  പൂർണപിന്തുണ വാഗ്ദാനം ചെയ്യുന്നത് കണ്ടപ്പോഴാണ് ഗതികെട്ടാൽ  എന്താകും എന്ന് കൃത്യമായി ജനങ്ങൾക്ക് ബോധ്യപ്പെട്ടത്.

കോൺഗ്രസിന്റെ  ഓഫീസ് പൂട്ടി പോകുമ്പോൾ ലൈറ്റ് ഓഫ‌് ചെയ്യണമെന്ന് വൈദ്യുതിമന്ത്രി എം എം മണി പറഞ്ഞതും  താക്കോൽ അടുത്ത കടയിൽ ഏൽപ്പിക്കണമെന്ന് സോഷ്യൽമീഡിയയിൽ പരിഹാസം ഉയർന്നതും ആ പാർടിയുടെ ഗതികേടിന്റെ മറ്റൊരു മുഖമാണ്. ആര് എപ്പോൾ എവിടെവച്ച് ബിജെപിയിലേക്ക് ചാടുമെന്ന് ഒരു തിട്ടവുമില്ല. ചില ആളുകൾക്ക് സീറ്റ് കിട്ടിയതുകൊണ്ട് ഭീഷണി ഉയർത്തുന്നില്ല എന്നേയുള്ളൂ. ചെന്നിത്തല ആയാലും സുധാകരൻ ആയാലും അവിടെ സാക്ഷ നീക്കിയിട്ട് കാത്തിരിപ്പുണ്ടാകും.
ഫെബ്രുവരിയിൽ പ്രഖ്യാപിക്കുമെന്നു പറഞ്ഞ  സ്ഥാനാർഥിപ്പട്ടിക ഇതുവരെ പൂർത്തിയാക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. വലിയ തർക്കം സിറ്റിങ‌് മണ്ഡലങ്ങളിലാണ്. പ്രമുഖന്മാർ മത്സരത്തിനില്ല എന്നുപറഞ്ഞ് ഒളിച്ചോടി. കെ സി വേണുഗോപാലിന് ആലപ്പുഴയിൽ മത്സരിക്കേണ്ട; ഉമ്മൻചാണ്ടിക്ക് മത്സരിക്കുകയേ വേണ്ട; മുല്ലപ്പള്ളിക്കും സുധീരനും മോഹം അശേഷമില്ല!  മെയ് 23 ന‌്  പെട്ടി പൊട്ടിക്കുമ്പോൾ എന്ത് സംഭവിക്കും എന്ന‌് നന്നായി അറിയാവുന്ന "പ്രമുഖ'  നേതാക്കൾ  കുട്ടിക്കുരങ്ങന്മാരെ വിടുന്നത് ന്യായം!!

തെരഞ്ഞെടുപ്പ് പേടി കോൺഗ്രസിലെ പ്രമുഖർക്കും കെ എം മാണിക്കും മാത്രമല്ല, യഥാർഥ പേടി മലപ്പുറത്താണ്.   പകൽ കോൺഗ്രസും രാത്രി ആർഎസ്എസും ആകുന്ന പ്രതിഭാസത്തെക്കുറിച്ച‌്  പറഞ്ഞത് എ കെ ആന്റണിയാണ്.  പകൽ ലീഗും രാത്രി പോപ്പുലർ ഫ്രണ്ടുമാകുന്ന  ഏർപ്പാടും നാട്ടിൽ നടപ്പുണ്ട്. ഒറ്റയ്ക്ക് നിൽക്കാൻ ത്രാണിയില്ലാതെ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ ലീഗ്  സ്ഥാനാർഥികൾ കൊണ്ടോട്ടിയിൽ ചെന്ന്  പോപ്പുലർ ഫ്രണ്ടിനു നേർച്ചയിട്ടതാണ് ഒടുവിലത്തെ വാർത്ത. കോലീബി കളിച്ചവർക്ക‌് ഭീകരബന്ധവും ആകാം. ഏച്ചുകെട്ടിയാലേ ലീഗിനും നിവർന്നു നിൽക്കാനാകൂ.

  വടകരയിൽ ആർഎംപി എന്ന ഒരു അപൂർവ പ്രതിഭാസം ഉണ്ട്. ഇത്തവണ അവർ സ്ഥാനാർഥിയെ നിർത്തുന്നില്ല എന്ന്. യുഡിഎഫിന് പരസ്യമായ പിന്തുണയാണുപോലും. കേട്ടാൽ തോന്നും  ഇന്നലെവരെ ഭുജിച്ചത് മുല്ലപ്പള്ളിയുടെ വിഭവങ്ങൾ അല്ല എന്ന്.  ഒരു മറ ഉണ്ടായിരുന്നത് പോയി എന്നേയുള്ളൂ.  കോൺഗ്രസിന്റെ ഓഫീസിലേക്ക് മുൻവാതിലിലൂടെ  ആർഎംപി ഇനി കയറും. അതിലപ്പുറം ഡെക്കറേഷനൊന്നും ആ വാർത്തയക്ക‌് ചേരില്ല.

കോൺഗ്രസിനുള്ളതിനേക്കാൾ  അടി  ബിജെപിയിലാണ്.  എല്ലാവർക്കും സീറ്റ് വേണം. ഒരാൾ ഗവർണർപദം വലിച്ചെറിഞ്ഞാണ്  വിമാനം കയറിയത്.  സംസ്ഥാന അധ്യക്ഷന‌്  മത്സരിക്കാനുള്ള സുവർണാവസരം കിട്ടിയേ തീരൂ. അതേ സുവർണാവസരം സുരേന്ദ്രനും വേണം, എം ടി രമേഷിനും വേണം. ജയിക്കുകയില്ല എന്ന് ഉറപ്പിക്കാവുന്ന സീറ്റുകളിൽ മത്സരിക്കാൻ എന്തിനാണ് ഇത്ര വലിയ ആവേശവും കടുംപിടുത്തവും എന്ന് ചോദിച്ചാൽ ഉത്തരം എളുപ്പമാവില്ല. നേരിട്ടും അല്ലാതെയും വന്നുവീഴുന്ന  പണപ്പെട്ടികളുടെ അളവും തൂക്കവും നോക്കിയാലേ ഉത്തരം കൃത്യമാകൂ.

കേരളത്തിലെ യുഡിഎഫിനായാലും  ബിജെപിക്കായാലും  2019ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് യാതൊരു പ്രതീക്ഷയും ഇല്ല . 2004 ൽ സമാനസ്ഥിതി വന്നപ്പോൾ ഒരു കോൺഗ്രസുകാരൻപോലും ലോക‌്സഭയിലേക്ക് കേരളത്തിൽനിന്ന് പോയില്ല.  ഇത്തവണ അതിനേക്കാൾ വലുതാണ് സംഭവിക്കാൻ പോകുന്നത് എന്ന് ഓരോ നേതാവിന്റെയും മുഖത്തുനോക്കിയാൽ അറിയാം.  അതോടൊപ്പംവന്ന വേറൊരു വാർത്ത സരിതാനായർ   ഏതെങ്കിലുമൊരു മണ്ഡലത്തിൽ മത്സരിക്കുമെന്നു പ്രഖ്യാപിച്ചതാണ്. ചില പിന്മാറ്റങ്ങൾക്ക‌് അതുമായി ബന്ധമുണ്ടോ എന്തോ.

 Top