23 February Saturday

ഖദറില്‍ പൊതിഞ്ഞ കാവിമനം

സൂക്ഷ്മന്‍ Sunday Mar 26, 2017

ഒറ്റവരി കത്തേ വേണ്ടിവന്നുള്ളൂ സോമനഹള്ളി മല്ലയ്യ കൃഷ്ണയ്ക്ക് അരനൂറ്റാണ്ടുകാലത്തെ കോണ്‍ഗ്രസ് ബന്ധത്തിന് വിരാമംകുറിക്കാന്‍. എന്‍ ഡി തിവാരിക്കുപിന്നാലെ, റീത്ത ബഹുഗുണയ്ക്കുപിന്നാലെ ഖദറില്‍നിന്ന് കാവിയിലേക്ക് ചേക്കേറുന്ന കോണ്‍ഗ്രസ് പ്രമുഖരില്‍ ആദ്യപേരുകാരന്‍തന്നെയാണ് എസ് എംകൃഷ്ണ. പ്രാപ്തിയുള്ള നേതൃത്വം കോണ്‍ഗ്രസിനില്ലെന്ന് കൃഷ്ണ പറയുന്നു. 2009മുതല്‍  2012വരെ ഇന്ത്യയുടെ വിദേശ മന്ത്രിയായിരുന്ന, 1999മുതല്‍ 2004വരെ കര്‍ണാടക  മുഖ്യമന്ത്രിയായിരുന്ന കൃഷ്ണ സജീവരാഷ്ട്രീയം വിട്ട് 2004മുതല്‍ 2008വരെ മഹാരാഷ്ട്ര ഗവര്‍ണറുമായിട്ടുണ്ട്. വീണ്ടും കോണ്‍ഗ്രസില്‍. കര്‍ണാടകസംസ്ഥാനം ഇപ്പോഴും ഭരിക്കുന്നത് കോണ്‍ഗ്രസ്. ഫലത്തില്‍   കോണ്‍ഗ്രസിന്റെ സമുന്നത നേതൃപദവിയിലിരിക്കേണ്ട  മുതിര്‍ന്ന തേതാവുതന്നെയാണ് കൃഷ്ണ.അദ്ദേഹത്തിന് എണ്‍പത്തഞ്ചാംവയസ്സില്‍  ബിജെപിയില്‍ പോയി സജീവമായി രാഷ്ടീയജീവിതം നയിക്കാന്‍ തോന്നുന്നു.

രാഹുലിന് പ്രാപ്തിയില്ല എന്നതില്‍ അകത്തും പുറത്തും തര്‍ക്കമില്ല. ബലഹീനത മാറ്റാന്‍ ചികിത്സ നടത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രായാധിക്യത്തിന്റെയും രോഗത്തിന്റെയും ദൈന്യകാലം പിന്നിട്ട് വിസ്മൃതിയിലേക്ക് മറയുമെന്നതും സന്ദേഹമില്ലാത്ത സത്യം. ആ ചികിത്സയ്ക്ക് മുന്നില്‍നില്‍ക്കേണ്ട ഭിഷഗ്വരനാണ് പോണപോക്കില്‍ സ്വന്തം പാര്‍ടിക്ക് തൊഴിയുംകൊടുത്ത് കാവിക്കൊടി പിടിച്ചത്.

ലളിതമായ ചടങ്ങില്‍, മിസ് കോളിന്റെപോലും അകമ്പടിയില്ലാതെയാണ് അമിത് ഷാ എസ് എം കൃഷ്ണയ്ക്ക് അംഗത്വരേഖ നല്‍കിയത്. 'ഞങ്ങള്‍ കൃഷ്ണയ്ക്ക് എല്ലാം കൊടുത്തു. ഇപ്പോള്‍ പോകുന്നു. കഠിനമായ വേദനയുണ്ട്' വിവരമറിഞ്ഞ് കോണ്‍ഗ്രസിന്റെ പ്രതികരണം ഇതായിരുന്നു. നിരുപാധികമാണ് കൃഷ്ണയുടെ കൂടുമാറ്റം. ഒരു കോണ്‍ഗ്രസുകാരന്, മുതിര്‍ന്ന നേതാവിന് ഒരു സുപ്രഭാതത്തില്‍ രാഷ്ട്രീയം പറയാതെ, നിലപാടുകളില്‍ എന്തു മാറ്റം എന്ന് വിശദീകരിക്കാതെ ബിജെപിയില്‍ എത്താന്‍ സാധിക്കുന്നു. ഈ രസതന്ത്രം നന്നായി മനസ്സിലാക്കിയ ഒരാള്‍ എ കെ ആന്റണിയാണ്. രാവിന്റെമറവില്‍ ആര്‍എസ്എസ് ആകുന്നവരില്‍വരെ മാത്രമേ ആന്റണിയുടെ നിരീക്ഷണം എത്തിയിട്ടുള്ളൂ. തിവാരിയും റീത്തയും കൃഷ്ണയും ആ പരിധിക്കുപുറത്താണ്. ഉള്ളില്‍ നിറഞ്ഞ സംഘിത്വവും പുറത്ത് ഖദറിന്റെ മൂവര്‍ണക്കൊടിയുമാണവര്‍ക്ക്.

ബിജെപിയുടെ മോഡിക്കാലത്ത് മുതിര്‍ന്ന നേതാക്കള്‍ക്ക് നിര്‍ബന്ധിത വിശ്രമജീവിതമാണ്. അദ്വാനിയും മുരളീമനോഹര്‍ ജോഷിയും അവര്‍ക്കിഷ്ടമില്ലാതെതന്നെ വിശ്രമിക്കുന്നു. ആ സമയത്താണ് ഒരു രാഷ്ട്രീയജീവിതം ആഗ്രഹിച്ച് കൃഷ്ണ എത്തുന്നത്. 'കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഇനി അധികാരത്തില്‍ വരാന്‍ സാധ്യതയില്ല' എന്നതാണ് കൃഷ്ണയുടെ വിശദീകരണങ്ങളിലൊന്ന്. അധികാരം കിട്ടില്ലെങ്കില്‍, അധികാരമുള്ള പാര്‍ടിയെ തേടിപ്പോകണമെന്നാണ് ശരാശരി കോണ്‍ഗ്രസ് നേതാവിന്റെ മനസ്സ്.

ഇന്ദിര കൊല്ലപ്പെട്ടശേഷം രാജീവിനെ രാഷ്ട്രീയത്തിലിറങ്ങാന്‍ നിര്‍ബന്ധിച്ച വ്യക്തിയായിരുന്നു താന്‍ എന്നും  കൃഷ്ണ ഓര്‍മിക്കുന്നുണ്ട്. ഇപ്പോള്‍ തന്റെ മനംമടുപ്പിച്ച ഏക കാരണം രാഹുലിന്റെ പ്രാപ്തിയില്ലായ്മ മാത്രം. രാഷ്ട്രീയപ്രവര്‍ത്തനം കുട്ടിക്കളിയല്ല. ഒഴിവുനേരത്തെ ജോലിയുമല്ല. കാര്യക്ഷമതയ്ക്ക് പ്രാധാന്യം കല്‍പ്പിക്കാത്ത നാടുവാഴിമനോഭാവമാണ് നേതൃത്വത്തിന്. ആ മനോഭാവമാണ് പാര്‍ടിയെ നശിപ്പിക്കുന്നത് മാധ്യമങ്ങളോട് ഇങ്ങനെയെല്ലാം കൃഷ്ണ വിളിച്ചുപറയുന്നുണ്ട്. അതിലും എന്തുകൊണ്ട് ബിജെപിയുടെ രാഷ്ട്രീയം ശരി എന്നു പറയുന്നില്ല. മോഡിയെയും അമിത് ഷായെയും യോഗി ആദിത്യനാഥിനെയും പുകഴ്ത്തുന്ന കൃഷ്ണയ്ക്ക്, കോണ്‍ഗ്രസിലെ ഇന്നത്തെ ഒരു നേതാവിനോടും മതിപ്പില്ല.

കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയായിരിക്കുന്നു എന്ന് കൃഷ്ണ പറയാതെ പറയുന്നു. നേതൃദാരിദ്യ്രമല്ല, രാഷ്ട്രീയദാരിദ്യ്രമാണ് യഥാര്‍ഥ പ്രശ്നം. ബിജെപിയില്‍നിന്ന് വ്യത്യസ്തമല്ല കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തില്‍ പലതും. ഉത്തരേന്ത്യയില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും തിരിച്ചറിയാന്‍ ജനങ്ങള്‍ വിഷമിച്ചപ്പോഴാണ്, കൂടുതല്‍ കരുത്തും കാര്യശേഷിയുമുള്ള ബിജെപിക്ക് വോട്ടുകിട്ടിയത്. എന്നിട്ടും കോണ്‍ഗ്രസ് പഠിക്കുന്നില്ല. വര്‍ഗീയതയ്ക്കെതിരെ നട്ടെല്ലുനിവര്‍ത്തി പറയാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാകുന്നുമില്ല. ഖദറിട്ട സംഘിസം എപ്പോഴും വെളിയില്‍ വരാമെന്നതാണ് കോണ്‍ഗ്രസിന്റെ ദയനീയത. കൃഷ്ണ അടയാളപ്പെടുത്തുന്നതും അതുതന്നെ.

 Top