20 January Wednesday

ജംബോ പ്രസിഡന്റ്

സൂക്ഷമന്‍ Sunday Sep 23, 2018

മൂന്ന‌് വർക്കിങ് പ്രസിഡന്റുമാരും ഒരു പ്രസിഡന്റുമാണ് കെപിസിസിക്ക്. അങ്ങനെ, വർക്കിങ് കണ്ടീഷനിൽ അല്ലെന്ന് ഹൈക്കമാൻഡുതന്നെ തീരുമാനിച്ചശേഷമാണ് കോഴിക്കോട് ജില്ലയിലെ ചോമ്പാലക്കാരൻ രാമചന്ദ്രൻ എഴുപത്തി മൂന്നാം വയസ്സിൽ ഇന്ദിരാ ഭവനിൽ ഗൃഹപ്രവേശം നടത്തുന്നത്. 

എം എം ഹസ്സൻ താൽക്കാലികക്കാരനാണെങ്കിലും ഒരു ഹസ്സൻമാത്രമേ അധ്യക്ഷസ്ഥാനത്തുണ്ടായിരുന്നുള്ളൂ. ഇപ്പോൾ നാല് പ്രസിഡന്റുമാരും ഒരു പ്രചാരണ സമിതി അധ്യക്ഷനുമുണ്ട്. അതായത്, ഒരേയൊരു ഹസ്സന‌് പകരംവയ‌്ക്കാൻ വർക്ക്‌ ചെയ്യുന്നവരും ചെയ്യാത്തവരുമായി മൂന്ന‌് അധ്യക്ഷന്മാരും പുറമെ സൂപ്പർ അധ്യക്ഷനും വേണം എന്നാണ‌് ഹൈക്കമാൻഡ് നിശ്ചയിച്ചത്. അതിനർഥം അഞ്ച‌് മുല്ലപ്പള്ളിക്കു സമം ഒരു ഹസ്സൻ എന്നാണ്. കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനാണ് മുല്ലപ്പള്ളി എന്നാണ്‌ ഇതുവരെ കേട്ടത്. ആ സ്ഥാനം കൈവിട്ടതായി സൂചനയില്ല. തെരഞ്ഞെടുപ്പ് നടത്തേണ്ട ആൾതന്നെ, തെരഞ്ഞെടുക്കപ്പെടാതെ നിയമിതനായി. അത് കോൺഗ്രസിന്റെ ഭരണഘടനയ്‌ക്കനുസരിച്ചാണോ എന്ന ചോദ്യം ഉദിക്കുന്നില്ല. കാരണം, അങ്ങനെയൊരു സാധനം ഒരുവിധപ്പെട്ട കോൺഗ്രസുകാർ കണ്ടിട്ടില്ല. 
 
ജംബോ കമ്മിറ്റികളെ എന്നും എതിർത്തിട്ടുള്ള വ്യക്തിയാണ് താൻ എന്നാണ് അധ്യക്ഷപദവി ഏറ്റെടുത്തുകൊണ്ട് മുല്ലപ്പള്ളി പറഞ്ഞത്. ചരിത്രത്തിലില്ലാതെ അഞ്ചംഗ ജംബോ പ്രസിഡന്റ് പദം സൃഷ്ടിച്ചു, അതിൽ അംഗത്വം നേടിയശേഷം 'ജംബോ’ കമ്മിറ്റിയെക്കുറിച്ച് പ്രസംഗം!!
12 വർഷം കണ്ണൂരിൽനിന്നും രണ്ടു വട്ടം വടകരയിൽനിന്നും ലോക്‌‌സഭയിലെത്തിയ മുല്ലപ്പള്ളിയുടെ പ്രധാന സവിശേഷത അബദ്ധത്തിൽപ്പോലും നാട്ടുകാർക്കുവേണ്ടി ഒരു കാര്യവും ചെയ്യില്ല എന്നതാണ്. 
 
രണ്ടു മൂന്നു വർഷമായി വടകരയിൽ വോട്ടർമാർ എംപിയെ തിരക്കി നടക്കുന്നു. തെരഞ്ഞെടുപ്പുകാലത്ത‌് വരികയും പിന്നെ മുങ്ങുകയുമാണ് പതിവെന്ന് പോസ്റ്ററിലൂടെയും വാമൊഴിയായും വടകരക്കാർ. ഇനി അവിടെ വിജയം അസാധ്യം എന്ന് ഉറപ്പിച്ചു. കേന്ദ്ര‐സംസ്ഥാന ഭരണങ്ങൾ എന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയും അസ്‌തമിച്ചു. ആ നിലയ്‌ക്ക്‌, ഇനി കിട്ടാനുള്ള ഏക സ്ഥാനം പിസിസി അധ്യക്ഷന്റേതാണ് എന്ന് രാമചന്ദ്രനറിയാം. രാഹുൽ ഗാന്ധിയെ സ്വാധീനിച്ച‌് അത് നേടിയെടുക്കാനുള്ള വിരുതുമുണ്ട്. അങ്ങനെയാണ്, പറക്കുന്ന സുധാകരനെയും അലറുന്ന ഷാനവാസിനെയും അബദ്ധം വിഴുങ്ങുന്ന കൊടിക്കുന്നിലിനെയും ശാപമോക്ഷം കൊതിക്കുന്ന മുരളീധരനെയും ചേർത്തുപിടിച്ച‌് ഒരു കൈ നോക്കാൻ തീരുമാനമായത്. സുധീരന് ആദർശത്തിന്റെ അസുഖമേയുള്ളൂ. മുല്ലപ്പള്ളിക്ക് അനുബന്ധ രോഗങ്ങളുമുണ്ട്. 
 
മുല്ലപ്പള്ളി വിദ്യാർഥിയായിരിക്കെ കലിക്കറ്റ‌് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനായിരുന്നു. അന്ന് സെനറ്റംഗമായിരുന്ന എ കെ ബാലൻ, ഒന്നേകാൽ ലക്ഷം രൂപയുടെ തിരിമറി കണ്ടത്തി പരാതി ഉന്നയിച്ചു. അന്വേഷണ കമ്മിറ്റി വന്നു. പരിശോധനയിൽ ക്രമക്കേട് തെളിഞ്ഞു. എഴുപതുകളിലാണ്. കെഎസ്‌യുവിന്റെ പ്രതാപകാലം. ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർഥി സംഘടന എന്ന കെഎസ്‌യുവിന്റെ അഹങ്കാരം അവസാനിക്കുന്നതിന‌് തുടക്കം കലിക്കറ്റിലെ ആ ക്രമക്കേടായിരുന്നു. 
 
വർക്കിങ‌് പ്രസിഡന്റായി അവരോധിതനായ കെ സുധാകരൻ മുല്ലപ്പള്ളിക്കെതിരെ  ചാർത്തിയ കുറ്റം കെഎസ്‌യുവിന്റെ  തകർച്ചയ‌്ക്ക്  കാരണക്കാരൻ എന്നാണ്‌. സുധാകരൻ ചാരനാണ്, തലശേരി ബ്രണ്ണൻ കോളേജിൽ ബദൽ സംഘടനയുണ്ടാക്കി മത്സരിച്ച് കെഎസ്‌‌യുവിനെ തകർത്ത് എ കെ ബാലനെ ചെയർമാനാക്കിയത്‌ സുധാകരനാണെന്ന്‌ ഡൽഹിയിൽ പത്രസമ്മേളനം നടത്തി ആരോപിച്ചത് മുല്ലപ്പള്ളിയായിരുന്നു. ആ മുല്ലപ്പള്ളി ഇന്ന് അധ്യക്ഷനും സുധാകരൻ വർക്കിങ‌് അധ്യക്ഷനും!!! എന്തായാലും രണ്ടുപേർക്കും ഒരുകാര്യത്തിൽ ഐക്യമുണ്ട് കെഎസ്‌‌യു തകർന്നുപോയി എന്ന് പറയുന്നതിൽ. 
 
ആർഎംപിയിൽ ചാരി എക്കാലവും വടകരയിലെ അരിമുറുക്ക‌് ഭക്ഷിച്ച‌് ജീവിക്കാമെന്നായിരുന്നു കൊതി. ആർഎംപി അസ്‌തപ്രജ്ഞമായി. സിബിഐ, പൊലീസ് വിരട്ടലൊന്നും എവിടെയും ചെലവായില്ല. ഇനി അതിന‌് കഴിവുമില്ല. വീരൻ ദൾ യുഡിഎഫ് വിട്ടപ്പോൾ അവസാന പിടിവള്ളിയും പോയി. പാർലമെന്ററി രാഷ്ട്രീയം ഉപേക്ഷിച്ച‌് അവശിഷ്ട കോൺഗ്രസിനെയുംകൊണ്ട് ഹസ്സന്റെ പിൻഗാമിയാകാം എന്ന ആശയം ആ പശ്ചാത്തലത്തിൽ ജനിച്ചതാണ്. ദീർഘകാലം എംപിയും കേന്ദ്രമന്ത്രിയുമൊക്കെയായ മുല്ലപ്പള്ളിയുടെ പേര് ഇന്നുവരെ നാട്ടിലെ ഏതെങ്കിലും നല്ലകാര്യവുമായി ചേർത്ത‌് സ്‌മരിക്കപ്പെടുന്നില്ല. ഒരു ലോക‌്സഭാ തെരഞ്ഞെടുപ്പ‌ുകാലത്ത‌് ഡൽഹിയിൽനിന്ന‌് പെട്ടിയിലാക്കി കൊടുത്തുവിട്ട ആദർശത്തിന്റെ കെട്ടുകൾ ട്രെയിനിൽവച്ച‌് തിരുവള്ളൂരുകാരൻ അനുയായിയുടെ കൈയിൽനിന്ന‌് മോഷ്ടിക്കപ്പെട്ടതിനെക്കുറിച്ചൊന്നും കോൺഗ്രസ‌ുകാർ കാര്യമായി അന്വേഷിച്ചിട്ടില്ല.
 
 കോൺഗ്രസിന് കേരളത്തിൽ ആചാരവെടി പൊട്ടിച്ച നോൺ വർക്കിങ് അധ്യക്ഷനായി പൊതുജീവിതം അവസാനിപ്പിക്കാം എന്ന യാഥാർഥ്യത്തിലേക്ക് മുല്ലപ്പള്ളി നടക്കുമ്പോൾ കൂടെ കരയാൻ മൂന്ന‌് വർക്കിങ് പ്രസിഡന്റുമാരും ഒരു മുരളീധരനും ഉണ്ടല്ലോ എന്നതുമാത്രം ആശ്വാസം.

 

 Top