19 September Thursday

ഐ ലീഗില്‍ കേരളം വീണ്ടെടുക്കുമ്പോള്‍...

എ എന്‍ രവീന്ദ്രദാസ് Thursday Sep 28, 2017

അഞ്ചുവര്‍ഷത്തിനുശേഷം കേരളം ഇതാ, ദേശീയ ഐ ലീഗ് ഫുട്ബോളില്‍ മേല്‍വിലാസം വീണ്ടെടുക്കുകയാണ്. കാല്‍പ്പന്തിന് വളക്കൂറുള്ള ഈ മണ്ണിലേക്ക് വീണ്ടും ദേശീയ ക്ളബ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പായ ഐ ലീഗിന്റെ ആരവങ്ങള്‍ എത്തിക്കാന്‍ കാരണക്കാരായ ഗോകുലം എഫ്സിയോട് നന്ദി പറയുകതന്നെ. ഈ വര്‍ഷം ജനുവരിയില്‍ മലപ്പുറം ആസ്ഥാനമായി പ്രമുഖ ധനകാര്യസ്ഥാപനത്തിന്റെ ഉടമസ്ഥതയില്‍ ഗോകുലം എഫ്സി രൂപവല്‍കരിച്ചപ്പോള്‍തന്നെ അതിന് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. അതാകട്ടെ ക്ളബ് ഫുട്ബോളില്‍ ഇന്ത്യയുടെ ഒന്നാം അരങ്ങായ ഐ ലീഗില്‍ കളിക്കുക എന്നതുതന്നെയായിരുന്നു.

ഗോകുലം എഫ്സിയുടെയും കേരളത്തിന്റെയും ആ സ്വപ്നം പൂവണിയാന്‍ ഒമ്പതു മാസമേ കാത്തിരിക്കേണ്ടിവന്നുള്ളു. ഈ മാസം 20ന് ഡല്‍ഹിയില്‍ ചേര്‍ന്ന അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ മൂല്യനിര്‍ണയസമിതി ഗോകുലം എഫ്സിക്ക് നേരിട്ട് പ്രവേശനം നല്‍കിയതോടെ കേരളത്തില്‍ ഐ ലീഗിന് പന്തുരുളുകയെന്നത് വീണ്ടും യാഥാര്‍ഥ്യമാകുന്നു.

100 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി ഉള്‍പ്പെടെ, ഐ ലീഗ് ലേലത്തില്‍ പങ്കെടുക്കാനുള്ള മാനദണ്ഡങ്ങളെല്ലാം പാലിച്ചതിനാലാണ് ഗോകുലം എഫ്സിക്ക് നേരിട്ട് പ്രവേശനം ലഭിച്ചത്. കോര്‍പറേറ്റ് എന്‍ട്രിക്കായി ബംഗളൂരുവിലെ ഓസോണ്‍ എഫ്സിയും ലേലത്തിലുണ്ടായിരുന്നെങ്കിലും ഗോകുലത്തെ മാത്രമാണ് ഇക്കുറി ഉള്‍പ്പെടുത്തിയത്. അണ്ടര്‍ 17 ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനും അടുത്ത സീസണില്‍ ഐ ലീഗില്‍ കളിക്കാന്‍ അവസരം ലഭിക്കാനിടയുണ്ട്.
അതേസമയം ബിസിനസ് സ്ഥാപനങ്ങളുടെ പേര് ടീമിനൊപ്പം പാടില്ലെന്നതിനാല്‍ ഗോകുലം എഫ്സി, 'മലബാര്‍ എഫ്സി' എന്ന പേരുമാറ്റത്തോടെയാണ് കളത്തിലിറങ്ങുക. ഇപ്പോള്‍ ടീമിന്റെ തട്ടകമായ മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തില്‍ ഫ്ളഡ്ലിറ്റ് സൌകര്യം ഇല്ലാത്തതിനാല്‍ കോഴിക്കോട് ഇ എം എസ് കോര്‍പറേഷന്‍ സ്റ്റേഡിയം ഇനി ഹോംഗ്രൌണ്ടാകും.

ഐ ലീഗില്‍ എത്തിയതോടെ ഗോകുലത്തിന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കും വാതില്‍ തുറന്നുകിട്ടിയേക്കാം. ഐ ലീഗും ഐഎസ്എലും ലയിപ്പിച്ച് ഇന്ത്യക്ക് ഒറ്റ ദേശീയ ലീഗ് എന്ന നിര്‍ദേശം നടപ്പാവുമ്പോള്‍ ഐ ലീഗ് ടീമുകള്‍ സ്വാഭാവികമായും ഐഎസ്എലില്‍ ഇടംപിടിക്കും. ഇതുകൂടി കണക്കിലെടുത്താണ് ടീമിന്റെ പേര് മാതൃകമ്പനിയുടെ പേരില്‍നിന്നു മാറ്റാന്‍ എഐഎഫ്എഫ് നിര്‍ദേശിച്ചത്.

20112012 സീസണ്‍മുതല്‍ കേരളത്തിന് വിലാസമില്ലാതിരുന്ന ഐ ലീഗിലേക്ക് 201718 സീസണ്‍മുതല്‍ ഗോകുലം എഫ്സി കടന്നുവരുന്നതോടെ അത് നാടിന്റെ ഫുട്ബോള്‍ പാരമ്പര്യത്തിനും കളിയാവേശത്തിനും പുതിയ വിതാനങ്ങളും ഈടുവയ്പുകളും നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. കൊച്ചിയില്‍ ഐഎസ്എലില്‍ കേരള ബ്ളാസ്റ്റേഴ്സും കോഴിക്കോട് ഐ ലീഗില്‍ ഗോകുലവും കളിയുടെ പൊടിപൂരം തീര്‍ക്കുമ്പോള്‍ ആ ആവേശത്തില്‍ പങ്കുചേരാതെ, തപ്പും തുടിയും മേളവുമായി പൂത്തുലയാതെ നമുക്കെങ്ങനെ അടങ്ങിയിരിക്കാനാകും.

പിറവിയെടുത്ത് ആറുമാസത്തിനകം ദേശീയതലത്തില്‍ അടയാളപ്പെടുത്താന്‍ കഴിഞ്ഞ പ്രകടനവും ഗോകുലം കാഴ്ചവച്ചിട്ടുണ്ട്. സംസ്ഥാന ഇന്റര്‍ക്ളബ് ടൂര്‍ണമെന്റില്‍ റണ്ണേഴ്സ് അപ്പായതിനുപുറമെ കേരള പ്രീമിയര്‍ ലീഗില്‍ സെമിയിലെത്തുകയും ഒഡിഷയില്‍ നടന്ന അഖിലേന്ത്യാ ടൂര്‍ണമെന്റില്‍ ജോതാക്കളാവുകയും ചെയ്തു. ഒടുവില്‍ ഗോവയില്‍ മപുസയില്‍ നടന്ന ക്ളബ് ടൂര്‍ണമെന്റില്‍ സാല്‍ഗോക്കറിനെ മറികടന്ന് ഫൈനലിലെത്തിയ ഗോകുലം ഷൂട്ടൌട്ട് നിര്‍ണയത്തില്‍ ഡെംപോയോട് തോല്‍ക്കുകയായിരുന്നു. ഫൈനലിലുള്‍പ്പെടെ ആറ് ഗോളടിച്ച ഗോകുലത്തിന്റെ നൈജീരിയന്‍ താരം അഡെല്‍ ജസോമിദേ ടോപ് സ്കോററുമായി.

മുമ്പ് വിവാ കേരളയെയും ചിരാഗ് യുണൈറ്റഡിനെയും പരിശീലിപ്പിച്ച ബിനോ ജോര്‍ജിന്റെ നിരീക്ഷണത്തിലാണ് ഗോകുലം ഐ ലീഗിലേക്കിറങ്ങുന്നത്. കേരള ബ്ളാസ്റ്റേഴ്സിന്റെ മിഡ്ഫീല്‍ഡറായിരുന്ന സുഷാന്ത് മാത്യു നയിക്കുന്ന ഗോകുലം, ബ്ളാസ്റ്റേഴ്സില്‍നിന്ന് വ്യത്യസ്തമായി ഏറെയും കേരളത്തില്‍നിന്നുള്ള കളിക്കാരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. എന്നാല്‍ ഐ ലീഗിലെ വെല്ലുവിളി നേരിടാന്‍തക്കവിധം ടീമിനെ ശക്തിപ്പെടുത്തുക എന്ന നിലയിലേക്കുയരാന്‍ ഈസ്റ്റ് ബംഗാളില്‍നിന്നുമെത്തിയ അഡെല്‍ ജസോമിദേയ്ക്കൊപ്പം കൂടുതല്‍ വിദേശ കളിക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗോകുലം.

അഞ്ചുവര്‍ഷംമുമ്പ് കേരളത്തെ ഐ ലീഗില്‍ പ്രതിനിധീകരിച്ച ചിരാഗ് യുണൈറ്റഡ് എന്ന ക്ളബ്പോലും ഇന്നു നിലവിലില്ല. അതിനുമുമ്പ് 1997ല്‍ രൂപീകരിച്ച എഫ്സി കൊച്ചിന്‍ ഐ എം വിജയനും രാമന്‍ വിജയനുമടക്കം പ്രമുഖ കളിക്കാരുടെ നിരയായിരുന്നു. രൂപീകരിച്ച് ആറുമാസത്തിനകം ഡ്യൂറാന്‍ഡ് കപ്പ് നേടിയ എഫ്സി കൊച്ചിന്‍ ഐ ലീഗില്‍ നാലാം സ്ഥാനത്തെത്തുകയും ചെയ്തു. എന്നിട്ടും ആ ക്ളബ് അടച്ചുപൂട്ടേണ്ടിവന്നു. ഈ അനുഭവങ്ങളെല്ലാം പാഠമാക്കി കേരളത്തില്‍ ഫുട്ബോളിന് പുതിയ ഈടും പാവും നല്‍കാന്‍ ഗോകുലം എഫ്സിക്കു കഴിയട്ടെയെന്ന് ആശംസിക്കാം.

 Top