07 June Sunday

നിഷ്കളങ്കന്‍!

Sunday Nov 12, 2017

ചെന്നിത്തല ആളാകെ മാറിയിട്ടുണ്ട്. പടയൊരുക്കത്തിലാണ്. പഴയ ചോക്കലേറ്റ് കെഎസ്യു പരുവത്തില്‍നിന്ന് മോചനം നേടാനുള്ള കഠിന ശ്രമം നടക്കുന്നു. രൂപത്തിലും ഭാവത്തിലും രാഹുലിനേക്കാള്‍ വേഗത്തില്‍ പരിണാമം സിദ്ധിക്കണമെന്ന വാശിയാണ് പടയൊരുക്കത്തിന്റെ യഥാര്‍ഥ പ്രചോദനം. സാധാരണ സ്വീകരണ വദികളില്‍ നടന്നുകയറാറുള്ള ചെന്നിത്തല ഇപ്പോള്‍ ഇരുന്നു കയറിത്തുടങ്ങിയിട്ടുണ്ട്. അണികളെ ആവേശം കൊള്ളിച്ചുകൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെന്നിത്തലയെ ചുമലിലേറ്റിയാണ് തളിപ്പറമ്പിലെ വേദിയിലേക്കെത്തിച്ചത്. കോണ്‍ഗ്രസില്‍ ഇനി താനേ ഉള്ളൂ എന്ന് ചെന്നിത്തല ഉറപ്പാക്കിയിട്ടുണ്ട്. മുരളീധരന് സ്ഥിരം അയിത്തമാണ്. ഉമ്മന്‍ചാണ്ടി വഴിമാറിത്തന്നിട്ടുമുണ്ട്- ഇനി ആ രാജ്യത്ത് തന്റെ മുറിമൂക്കിനാണ് മഹത്വം എന്ന് ചിന്തിച്ചതില്‍ തെറ്റില്ല. ചക്രവര്‍ത്തിപദം ഉറപ്പിക്കാന്‍ അശ്വമേധയാഗമാണ്  പണ്ട് നടന്നതെങ്കില്‍ കോണ്‍ഗ്രസില്‍ സ്ഥാനമുറപ്പിക്കാന്‍ രമേശ് ചെന്നിത്തല 'പടയൊരുക്ക'ത്തിന് ഇറങ്ങുന്നതില്‍ ഒരു അപാകവുമില്ല.

ആരുടെ നേരെയാണ് പടയൊരുക്കുന്നത് എന്ന ചോദ്യത്തിന് കോടിയേരി ബാലകൃഷ്ണന്‍ സംശയരഹിതമായ ഉത്തരം നല്‍കിയിട്ടുണ്ട്. "രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയാണെ''ന്ന് കോടിയേരി പറഞ്ഞപ്പോള്‍ ചിലരെങ്കിലും അതൊരു പരിഹാസമല്ലേ എന്നു കരുതി.  യഥാര്‍ഥ പടയൊരുക്കം നടക്കുന്നത് എവിടെയാണെന്ന് യാത്ര അവസാനിക്കുമ്പോള്‍ ജനങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മനസ്സിലാകുമെന്ന്  കോടിയേരി ഉറപ്പിച്ചു പറഞ്ഞിരുന്നു. പടയോട്ടം ലക്ഷ്യത്തിലെത്തുന്നതിനുമുമ്പുതന്നെ ആ വാക്കുകള്‍ പൊന്നായി. സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചപ്പോള്‍, ഉമ്മന്‍ചാണ്ടിയുടെ പേര് വിളിച്ചു പറഞ്ഞത് ചെന്നിത്തല. തിരിച്ച് പടയോട്ടജാഥയില്‍ കയറിയപ്പോള്‍, സുധീരനെ ശരിവച്ച്, സോളാര്‍ റിപ്പോര്‍ട്ടിന്റെ ഗൌരവത്തിന് അടിവരയിട്ടതും ചെന്നിത്തല.

 സരിതാ എസ് നായരുടെ വെളിപ്പെടുത്തലാണ് പടയോട്ടത്തിന്റെ ലക്ഷ്യം വ്യക്തമാക്കിയ മറ്റൊരു തെളിവ്. നിയമസഭാ  തെരഞ്ഞെടുപ്പുകാലത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് നല്‍കാന്‍  ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടെന്നാണ് സരിത പുറത്തുവിട്ട രഹസ്യം. ചെന്നിത്തല നേരിട്ട് വിളിച്ച് ഉമ്മന്‍ചാണ്ടിക്കെതിരെ എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിനു മുമ്പ് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവത്രേ. പലരും തന്നെ ബ്ളാക്ക് മെയില്‍ചെയ്തു; കൂട്ടത്തിലൊരാള്‍ക്ക് വഴങ്ങിയതാണ് തന്റെ പിഴ എന്ന് ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് സരിതയുടെ പുതുമൊഴി. അന്നത്തെ പടയൊരുക്കം, സോളാര്‍ റിപ്പോര്‍ട്ട് വരുന്നതിനുമുമ്പുതന്നെ ഉമ്മന്‍ചാണ്ടിക്ക് 'അര്‍ഹമായ'ത് കൊടുക്കാനായിരുന്നു.
നിയമസഭയില്‍ ക്രമപ്രശ്നത്തിന്റെ പേരില്‍ ഏഴുവട്ടം മൈക്ക് നേടി രാഷ്ട്രീയപ്രസംഗം നടത്തിയ ചെന്നിത്തലയ്ക്ക്, സരിതയുടെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയില്ല.   മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ "ഈ ചോദ്യം എങ്ങനെ എന്നോട് ചോദിക്കാന്‍ തോന്നി'' എന്ന് മറുപടി. ഉമ്മന്‍ചാണ്ടിയും സോളാര്‍ റിപ്പോര്‍ട്ടിനുശേഷം സമാനമായാണ് പ്രതികരിച്ചത്- "താന്‍ അത്തരക്കാരനല്ല'' എന്ന്. 

'പടയൊരുക്ക'ത്തിന്റെ തുടര്‍പ്രയാണത്തില്‍ സോളാര്‍താരങ്ങളെ വെള്ളപൂശാനാണ് ചെന്നിത്തലയ്ക്ക് യോഗം. കളങ്കിതരെ പടയൊരുക്കത്തിന്റെ വേദിയില്‍നിന്ന് അകറ്റിനിര്‍ത്തുമെന്ന പ്രഖ്യാപനം നിലവിലുണ്ട്.  ഉമ്മന്‍ചാണ്ടിമുതല്‍ ഹൈബി ഈഡന്‍വരെയുള്ളവരെ അകറ്റിനിര്‍ത്താന്‍ ചെന്നിത്തല ഇനി പ്രയാസപ്പെടണം. ചെന്നിത്തല പറഞ്ഞവാക്കില്‍ ഉറച്ചുനിന്നാല്‍ അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, കെ സി വേണുഗോപാല്‍, ആര്യാടന്‍ മുഹമ്മദ്,  ബെന്നി ബഹനാന്‍, തമ്പാനൂര്‍ രവി തുടങ്ങിയ പ്രഖ്യാപിത കളങ്കിതര്‍ക്ക് ഡിസംബര്‍ ഒന്നുവരെ നിര്‍ബന്ധിത നാടുകടത്തലെങ്കിലും വിധിക്കേണ്ടിവരും.

ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ സരിതാ എസ് നായരെ രമേശ് ചെന്നിത്തല വെല്ലുവിളിച്ചതാണ്.  രഹസ്യമായി ആവശ്യപ്പെട്ട് കിട്ടാഞ്ഞപ്പോള്‍ പരസ്യമായ വെല്ലുവിളി- എന്താണുദ്ദേശ്യമെന്ന് എ ഗ്രൂപ്പിന് തിട്ടമുണ്ട്. പടയൊരുക്കം തിരുവനന്തപുരത്ത് എത്തുമ്പോള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍  രാഹുല്‍ ഗാന്ധി വരും- ഉമ്മന്‍ചാണ്ടിയില്ലാതെ ആ സമ്മേളനം നടക്കണമെന്നാണ് ചെന്നിത്തലയുടെ വാശി. വലിയ കളങ്കിതനെ മാറ്റിനിര്‍ത്തുകയും ചെറു കളങ്കിതരെ ഓടിക്കുകയും ചെയ്താല്‍ കേരളത്തിലെ കോണ്‍ഗ്രസ് ചെന്നിത്തലയുടെ കാല്‍ക്കീഴിലെത്തും. 1970ലെ ചെന്നിത്തല ഹൈസ്കൂള്‍ യൂണിറ്റ് സെക്രട്ടറിയെ ഇരുപത്താറാം വയസ്സില്‍ എംഎല്‍എയും പിന്നെ മന്ത്രിയുമാക്കിയ കെ കരുണാകരന് ആപത്തുകാലത്ത് വലിയ കുത്ത് ചെന്നിത്തലയുടെ വകയായിരുന്നു. ഉമ്മന്‍ചാണ്ടിയോട് ചെന്നിത്തലയ്ക്ക് കടപ്പാടുകളില്ല. പടയൊരുക്കത്തിന് തടസ്സങ്ങളുമില്ല. കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ രാഹുല്‍കാലം വരുമ്പേള്‍ കേരളത്തില്‍ ചെന്നിത്തലക്കാലമാണ്.

 Top