18 September Wednesday

പ്രളയത്തിൽ തെളിഞ്ഞ ചെമ്പ്

ശതമന്യു Monday Aug 27, 2018


പ്രളയം ആരോടും ചോദിക്കാതെയാണ് കടന്നുവരിക. ആ മഹാപ്രവാഹത്തിൽ എല്ലാം  നഗ്നമാകും. ഉടയാടകളും ചമയങ്ങളും അഴിഞ്ഞുപോകും. ന്യൂനമർദമോ മേഘവിസ്ഫോടനങ്ങളോ കാരണമാകാം. മലയാളിയുടെ  ജീവിതംതന്നെ കവർന്നാണ് ആഗസ്തിൽ മഴ പെയ്തിറങ്ങിയത്. നിറഞ്ഞുകവിഞ്ഞ പുഴകളും തോടുകളും തുറന്നുവിടേണ്ടിവന്ന അണക്കെട്ടുകളും കൊണ്ടുവന്ന വെള്ളത്തിൽ ഒരു ജനതയുടെ സ്വപ്നവും ജീവിതവുമാണ് മുങ്ങിപ്പോയത്. ഇത് സംഭവിച്ചത് മറ്റൊരു നാട്ടിലായിരുന്നുവെങ്കിൽ എന്ന ചിന്തയ്ക്ക‌് വകയില്ല. കാരണം മുംബൈയിലും ചെന്നൈയിലും ഉത്തരാഖണ്ഡിലും ഹിമാചലിലും പ്രളയം സൃഷ്ടിച്ച കെടുതി നാം കണ്ടിരുന്നു. 2013ലെ വടക്കെ ഇന്ത്യൻ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം പതിനായിരത്തിൽ കൂടുതലെന്നേ ഇന്നും പറയുന്നുള്ളൂ. മഴ പെയ്തൊഴിഞ്ഞപ്പോൾ അവശേഷിച്ച ദുരിതങ്ങൾ തുടച്ചുമാറ്റാൻ മലയാളി ഒറ്റക്കെട്ടായി അധ്വാനിക്കുകയാണ്. അതിൽ ജാതിയോ മതമോ ലിംഗമോ കക്ഷിയോ തടസ്സമില്ല. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും ഒത്തുചേർന്ന് സഹജീവിയുടെ ജീവിതത്തിന‌് കൈത്താങ്ങാകുന്ന മാതൃകാസ്ഥാനമായി കേരളം ലോകത്തിനുമുന്നിൽ ഉയർന്നുനിൽക്കുന്നു.

ദുരന്തം ഒഴിഞ്ഞു എന്നാണ‌് എല്ലാവരും കരുതിയത്. ഒറ്റക്കെട്ടായി മലയാളി അതിജീവിക്കുമെന്നും. കത്തുന്ന പുരയിൽനിന്ന് കഴുക്കോൽ  ഊരിയെടുക്കുന്നവർ കൂടെത്തന്നെയുണ്ടെന്നു കരുതിയിട്ടേ ഇല്ല. ആ വിശ്വാസമാണ് പ്രളയം അറബിക്കടലിലേക്ക് ഒഴുക്കിക്കളഞ്ഞത്. വിശ്വാസരാഹിത്യത്തിന്റെ ദുരന്തഷട്ടർ ആദ്യം തുറന്നത് കേന്ദ്ര ഭരണകക്ഷിയാണ്. തൊട്ടുപിന്നാലെ പ്രതിപക്ഷനേതാവ് എത്തി. രക്ഷാപ്രവർത്തനത്തിന് വന്ന സൈന്യവും പ്രളയത്തെ നേരിട്ട എല്ലാവരും ഒരേമനസ്സോടെ പറയുന്നത്, ലോകത്തിനു മാതൃകയായ ഇടപെടലാണ് കേരള സർക്കാർ നടത്തിയതെന്നാണ്. മഴയുടെ ഓരോ ഘട്ടത്തിലും ആപത് സൂചന നൽകിയും ഒഴിപ്പിക്കേണ്ടവരെ ഒ

ഴിപ്പിച്ചും പുഴയോരങ്ങൾ സുരക്ഷിതമാക്കിയും അണക്കെട്ടുകളിൽ ജലനിരപ്പ് സസൂക്ഷ്മം നിയന്ത്രിച്ചും ബഹുമുഖമായ പ്രവർത്തനങ്ങൾ നടക്കുമ്പോൾ അതിനോട് ഐക്യപ്പെടാൻ പ്രതിപക്ഷനേതാവും ഉണ്ടായിരുന്നു. അപായമുന്നറിയിപ്പുകളും മുൻകരുതൽസന്ദേശങ്ങളും സ്വന്തം നിലയിൽ ജനങ്ങളുമായി പങ്കുവയ‌്ക്കുകയും മുഖ്യമന്ത്രിയോടൊപ്പം ദുരിതബാധിത പ്രദേശങ്ങളിലേക്ക് ചെല്ലുകയും ചെയ്തപ്പോൾ ചെന്നിത്തലയിൽ എന്തൊക്കെയോ ഉണ്ടെന്ന‌് ജനങ്ങൾ വല്ലാതെ തെറ്റിദ്ധരിച്ചു. നിമിഷ വേഗത്തിലാണ് ചെന്നിത്തല മറുകണ്ടത്തിലേക്കു ചാടിയത്‌. ഇവിടെ ഒന്നും ശരിയാകില്ല, എല്ലാം പട്ടാളത്തിന് വിട്ടുകൊടുക്കണം എന്നായിരുന്നു വെളിപാടെന്നപോലെ ഉയർത്തിയ ആവശ്യം. പ്രളയദുരന്തത്തിനിടയിലെ മറ്റൊരു ദുരന്തമായി ചെന്നിത്തല അങ്ങനെ സ്വയം അടയാളപ്പെടുത്തി.

മഴമേഘങ്ങൾ ഒഴിഞ്ഞുപോകുമ്പോൾ, തകർന്ന കേരളത്തിന്റെ ചിത്രമാണ് തെളിഞ്ഞത്. ഓണനാളുകളിൽ മലയാളി മനസ്സുകൊണ്ടും ശരീരംകൊണ്ടും ദുരന്തബാധിതർക്കൊപ്പം ചേർന്നു. ഈ തകർച്ചയിൽ തളരുകയല്ല; പഴയത‌് പുനഃസ്ഥാപിക്കുകയല്ല; പുതിയ കേരളം കെട്ടിപ്പടുക്കുകയാണ്  ലക്ഷ്യമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വാക്കുകൾ ലോകം ആവേശത്തോടെ കേട്ടു. അത് രസിക്കാത്ത ഒരേയൊരു കൂട്ടർ സംഘികളായിരുന്നു. കേരളം ഒരുകാലത്തും ഗുണം പിടിക്കരുതെന്നാണ‌് സംഘശാഖകളിലെ പുതിയ  ധ്വജവന്ദന ഗാനം. ആ ഗാനം സംഘികൾ പുറത്തും ആലപിക്കാൻ തുടങ്ങിയപ്പോഴാണ് ഏറ്റുപാടാൻ ചെന്നിത്തല എത്തിയത്. സൈനികവിഭാഗങ്ങളും നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും കേരളത്തിന്റെ രക്ഷാസൈന്യമായ മത്സ്യത്തൊഴിലാളികളും ഒന്നിച്ചൊറ്റക്കെട്ടായി ദുരന്തമുഖത്ത‌് അധ്വാനിക്കുമ്പോൾ ചെന്നിത്തല പറഞ്ഞു‐ ഇവരൊന്നും ഒന്നിനും കൊള്ളില്ല; പട്ടാളം ചെയ്യട്ടെ എല്ലാമെന്ന്. ഒറ്റുകാരന്റെയും പ്രതിപക്ഷ നേതാവിന്റെയും ശബ്ദം തുല്യപ്പെട്ട ആ നിമിഷത്തിൽ, ചെന്നിത്തലയിലെ സംഘിമനസ്സാണ് ഒരിക്കൽക്കൂടി പുറത്തുവന്നത്.

പ്രളയജലത്തിൽ മലയാളിക്കുമുന്നിൽ നഗ്നമാക്കപ്പെട്ട രണ്ടു ദുരന്തങ്ങൾ ചെന്നിത്തലയും  സംഘപരിവാറുമാണ്. കേരളത്തിന് ആരും ഒന്നും കൊടുക്കേണ്ടതില്ല, ഇവിടെ എല്ലാം ഉണ്ടെന്നാണ‌് നരേന്ദ്ര മോഡിയുടെ സോഷ്യൽ മീഡിയ ടീമിന്റെ അധികാരിയായിരുന്ന സുരേഷ് കൊച്ചാട്ടിൽ എന്നൊരു വിചിത്രജീവി പ്രചരിപ്പിച്ചത്.  കേരളത്തിന് എവിടെനിന്നെങ്കിലും സഹായം കിട്ടുമെങ്കിൽ ഓടിച്ചെന്ന‌് തടയുക എന്നതായി സംഘികളുടെ പ്രളയകാലപ്രവർത്തനം. അത്തരം ഇടങ്കോലിടലുകൾക്ക‌് വിലകൊടുക്കാതെ യുഎഇ സഹായവാഗ്ദാനവുമായി മുമ്പോട്ടുപോകുമെന്ന നില വന്നപ്പോൾ, നിശ്ശബ്ദമായി ആ രാജ്യത്തെ പിന്തിരിപ്പിക്കാൻ നയതന്ത്രതലത്തിൽ  ഇടപെടലായി. അതും ഏശുന്നില്ല; യുഎഇയിൽ കേരളത്തെ സഹായിക്കാൻ വലിയ ഒരുക്കം നടക്കുന്നു എന്ന് വന്നപ്പോൾ 'യുഎഇ സഹായം വ്യാജവാർത്ത’ എന്നാണ‌് സംഘത്തിന്റെ അടുക്കളപ്പടിയിൽ പഴങ്കഞ്ഞിക്കവകാശമുള്ള അർണാബ് ഗോസ്വാമി അലറിയത്. “ഈ വർഗം നാണംകെട്ടവരാണ്. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നാണംകെട്ട ഒരുകൂട്ടം ആളുകളാണിവർ. അവർ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നു. അതുകൊണ്ട് അവർക്കെന്താണ് ലഭിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സ്വന്തം രാജ്യത്തെ അപമാനിക്കുന്നതിന് അവർക്ക് പണം ലഭിക്കുന്നുണ്ടോ? ആരാണവർക്ക് പണം നൽകുന്നത്? ഇന്ത്യയെ കളങ്കപ്പെടുത്തുകയാണ് ഇവരുടെ ഉദ്ദേശ്യം”‐ യുഎഇ സഹായവാഗ്ദാനത്തെക്കുറിച്ച്  നാവെടുത്തവരെക്കുറിച്ച് അർണാബ് പറഞ്ഞതാണിത്. അതായത്, അറബ്നാട്ടിൽ അധ്വാനിക്കുന്ന മലയാളി ആ നാട്ടിൽനിന്നുള്ള സഹായത്തെക്കുറിച്ച് പറഞ്ഞാൽ നാണംകെട്ടവരാകുമെന്ന്.  

കാര്യങ്ങൾ വളരെ വ്യക്തമാണ്. യുഎഇ സഹായം ഇല്ലെന്നു കരുതി, ഞങ്ങളും സന്തോഷിക്കട്ടെ എന്ന് അർമാദിച്ച ടി ജി മോഹൻദാസും ബീഫ് തിന്നുന്നവർക്ക‌് എന്ത് സഹായം, ശല്യങ്ങൾ ചത്തുതുലയട്ടെ എന്ന് ശപിച്ച സംഘികളും പ്രളയകാലത്ത‌് അകിടിലെ ചോര തപ്പിയ ഏഷ്യാനെറ്റിന്റെ തലവൻ രാജീവ് ചന്ദ്രശേഖറും മലയാളിക്ക് ഒരു സഹായവും വേണ്ടെന്ന് ലോകമാകെ പ്രചരിപ്പിച്ച കൊച്ചാട്ടിൽ സുരേഷും ദുരിതാശ്വാസക്യാമ്പുകളിൽ ചെന്ന് കുത്തിത്തിരിപ്പുണ്ടാക്കുന്ന നാടൻ സംഘിക്കൂട്ടവും ഒരേവണ്ടിക്ക‌് കെട്ടേണ്ട കാളകളാണ്. സംഘിയാണെങ്കിൽ മലയാളിയുടെ ശത്രുവാണ് എന്ന് സംശയമില്ലാതെ പറയാം.

പലപാട് തലകുത്തി നിന്നിട്ടും ആർഎസ്എസിന്റെ വർഗീയതയ്ക്ക് കീഴ്പ്പെടാത്ത നാടാണ് കേരളം. പിടിച്ചടക്കാൻ കഴിഞ്ഞില്ലെങ്കിൽ നശിപ്പിച്ചുകളയാം എന്നാണ‌് ചാണകബുദ്ധി. ആ ബുദ്ധികൊണ്ടാണ്, ഗോസ്വാമിയെക്കൊണ്ട് കേരളീയരെ 'നാണംകെട്ടവർ’ എന്ന് വിളിപ്പിക്കുന്നത‌്. ആ ബുദ്ധിയുടെ കൽപ്പനയനുസരിച്ചാണ്, കേരളത്തിനുള്ള വിദേശസഹായങ്ങൾ മുടക്കുന്നത്. അതേ ബുദ്ധിതന്നെയാണ്, കേരളത്തിന് അർഹമായത് തടഞ്ഞുവച്ച്, ദുരിതകാലത്തെ അന്നത്തിനുപോലും കണക്കുപറഞ്ഞ‌് കാശ് വാങ്ങാൻ വെമ്പുന്ന ദുർനയത്തിന്റെ അടിത്തറ. ദൗർഭാഗ്യവശാൽ, ആ കുബുദ്ധിയുടെ തടവിലാണ് കേരളത്തിന്റെ പ്രതിപക്ഷനേതാവും അകപ്പെട്ടത്. സംഘിയെ തിരിച്ചറിയാനും അകറ്റിനിർത്താനും പിടിച്ചുനിർത്തി നാലു പറയാനും എല്ലാ മലയാളിക്കും കടമയുണ്ട് എന്നതാണ് ഈ പ്രളയം നമ്മോടു പറയുന്ന ഒരു കാര്യം. അക്കൂട്ടത്തിൽപ്പെട്ട് ചെളിയിൽ പുതഞ്ഞുപോകാതിരിക്കാൻ ചെന്നിത്തല ശ്രദ്ധിച്ചാൽ യുഡിഎഫിന് കൊള്ളാം.

 Top