30 September Friday

പേടിച്ച് ഒളിക്കുന്ന കൂടെവിടെയാണ്?

പി ടി കുഞ്ഞുമുഹമ്മദ്/ എന്‍ എസ് സജിത്Updated: Monday Apr 3, 2017

എന്തുകൊണ്ടാണ് പി ടി മുസ്ളിം സമുദായത്തെക്കുറിച്ചു മാത്രം സിനിമയെടുക്കുന്നത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. മലയാളത്തില്‍ വേറെ ഒരു സിനിമാക്കാരനും ഈ ചോദ്യം നേരിട്ടിട്ടുണ്ടാവില്ല. ഉത്തരമില്ലാത്ത ചോദ്യമാണത്- സിനിമാസംവിധായകനും നിര്‍മാതാവുമായ പി ടി  കുഞ്ഞുമുഹമ്മദ് സംസാരിക്കുന്നു...

ഒരോ സിനിമയിലൂടെയും അസ്വസ്ഥപൂര്‍ണമായ ഒരനുഭവത്തിലേക്കാണ് പി ടി കുഞ്ഞുമുഹമ്മദ് എന്ന സംവിധായകന്‍ പ്രേക്ഷകരെ ക്ഷണിക്കുന്നത്. ആദ്യസിനിമയായ മഗ്രിബ് കണ്ട അനുഭവത്തെക്കുറിച്ച് സാംസ്കാരിക വിമര്‍ശകനായ എ സോമന്‍ ഒരിക്കല്‍ എഴുതിയിട്ടുണ്ട്. മഗ്രിബിലെ കഥാസന്ദര്‍ഭങ്ങളില്‍ പള്ളിയിലെ ബാങ്കുവിളികള്‍ കേള്‍ക്കുമ്പോഴും തൊപ്പിയും തലേക്കെട്ടുമുള്ള മുസ്ളിം കാരണവന്മാരുടെ ദൃശ്യങ്ങള്‍ കാണുമ്പോഴും പ്രേക്ഷകരില്‍നിന്നുയരുന്ന പരിഹാസത്തെയും ഗൂഢമായ ചിരികളെയും നേര്‍ത്ത പ്രതിഷേധത്തെയും കുറിച്ച് അദ്ദേഹം അതില്‍ ചൂണ്ടിക്കാട്ടി. മുഖ്യധാരാസിനിമകളിലെ സവര്‍ണബിംബങ്ങളും ഹൈന്ദവ അനുഷ്ഠാനങ്ങളും കാണുമ്പോള്‍ അച്ചടക്കത്തോടെ സ്വാഭവികമായി ഉള്‍ക്കൊള്ളുന്ന കാണികളാണ് മഗ്രിബിലെ ദൃശ്യങ്ങള്‍ കണ്ട് അസ്വസ്ഥരായത്. ഇതെല്ലാം അപകടകരമായ സൂചനയാണെന്ന് ബാബ്രി മസ്ജിദ് തകര്‍ത്തതിന് അധികകാലം കഴിയും മുമ്പിറങ്ങിയ മഗ്രിബിനെക്കുറിച്ചുള്ള ആ കുറിപ്പില്‍ എ സോമന്‍ പറഞ്ഞുവച്ചിരുന്നു. എ സോമന്‍ അന്ന് നല്‍കിയ ആപല്‍സൂചനകള്‍ ശരിയാകുകയാണ്. തിരശ്ശീലയില്‍ മുസ്ളിം മതചിഹ്നങ്ങള്‍ കാണുമ്പോള്‍ അസ്വസ്ഥരാകുന്ന കാണികളുടെ വലയം ഇന്ന് കൂടുതല്‍ വിസ്തൃതമാകുകയാണ്.  'അങ്കമാലി ഡയറീസ്' എന്ന സിനിമയെക്കുറിച്ച് ആര്‍എസ്എസ് ഉടമസ്ഥതയിലുള്ള ചാനലിന്റെ വെബ്സൈറ്റില്‍ വന്ന നിരൂപണം വിലപിക്കുന്നത് അങ്കമാലിയില്‍ നിരവധി ക്ഷേത്രങ്ങളുണ്ടായിട്ടും ആ സിനിമയില്‍ ഒരിടത്തും അങ്കമാലിയിലെ ക്ഷേത്രങ്ങള്‍ കാണിച്ചില്ലെന്നാണ്. പള്ളികളുടെ ആവര്‍ത്തിച്ചുള്ള ദൃശ്യങ്ങള്‍ ക്രിസ്ത്യാനിറ്റിയെ പ്രേക്ഷകരില്‍ കുത്തിനിറയ്ക്കാനുള്ള കുത്സിതനീക്കമാണെന്നും ആരോപിച്ചു. മലയാളസിനിമ മഗ്രിബില്‍നിന്ന് അങ്കമാലി ഡയറീസിലെത്തുമ്പോഴും നിരൂപണം എ സോമനില്‍നിന്ന് ജനം ലേഖകനിലെത്തുമ്പോഴുമുള്ള സാമൂഹിക മാറ്റങ്ങള്‍ ഇതില്‍നിന്ന് വായിച്ചെടുക്കാം.
പി ടി കുഞ്ഞുമുഹമ്മദിന്റെ സിനിമകള്‍ ഇറങ്ങുംമുമ്പേ നിശ്ശബ്ദമായൊരു എതിര്‍പ്രചാരണം ശക്തമാകുന്ന പതിവുണ്ട്.

സിനിമ കാണാതെ തന്നെ വിധി പ്രസ്താവിക്കുന്ന നിരൂപക ന്യായാധിപരുടെ ഒരു നിരതന്നെയുണ്ട് മലയാളത്തില്‍. മുന്‍വിധിയുടെ തടവില്‍ നിന്നിറങ്ങില്ലെന്ന് ശാഠ്യം പിടിക്കുന്നവര്‍. കൈയടി കിട്ടാനും പണം വാരാനും ഏതു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത സിനിമാപ്രവര്‍ത്തകര്‍ക്ക് ഇതൊന്നും പുതുമയല്ലെന്നാണ് ഇതിന് സംവിധായകനുള്ള മറുപടി.  നിലപാടുകളും രാഷ്ട്രീയവും   തന്നെയാണ് തന്നെ സിനിമാക്കാരനാക്കിയതെന്ന് അദ്ദേഹം പറയുന്നു.

'വിശ്വാസപൂര്‍വം മന്‍സൂര്‍' എന്ന പുതിയ സിനിമയുടെ പണിപ്പുരയില്‍ വച്ച് മുന്‍നിയമസഭാംഗവും പ്രവാസികളുടെ നേതാവും കൂടിയായ സംവിധായകന്‍  ദേശാഭിമാനിയോട്...

? പി ടി കുഞ്ഞുമുഹമ്മദ് എന്ന സംവിധായകന്‍ എടുത്ത സിനിമകള്‍ ഓരോന്നും പരിശോധിച്ചാല്‍ അവയെല്ലാം അത്യന്തം കാലികമായ സാമൂഹിക വിഷയങ്ങളുമായാണ് സംവദിച്ചിട്ടുള്ളതെന്ന് കാണാം. താങ്കളുടെ സാംസ്കാരിക- രാഷ്ട്രീയ നിലപാടുകളുടെ മാനിഫെസ്റ്റോകള്‍ കൂടിയാണ് ആ സിനിമകള്‍. ഗര്‍ഷോം പ്രവാസികളുടെ പ്രശ്നമാണ് കൈകാര്യംചെയ്തത്. മഗ്രിബ് സുപ്രധാനമായ ഒരു കാലത്തെയും സാമൂഹിക വിഷയത്തെയും അടയാളപ്പെടുത്തുന്നു. സാര്‍വലൌകികമായ വിഷയമാണ് പരദേശി കൈകാര്യം ചെയ്തത്.  ആധുനിക കേരളചരിത്രത്തിന് ഒരിക്കലും വിസ്മരിക്കാനാവാത്ത ചരിത്ര പുരുഷന്റെ ജീവിതമാണ് വീരപുത്രനില്‍. പക്ഷേ, ഓരോ സിനിമ  പുറത്തിറങ്ങുമ്പോഴും കുഞ്ഞുമുഹമ്മദിന്റെ പടമല്ലേ അത് കാണേണ്ടതില്ല എന്ന പൊതുധാരണയ്ക്കാണ് മേല്‍ക്കൈ ലഭിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കച്ചവട സിനിമയില്‍നിന്ന് മാറി സഞ്ചരിക്കുന്ന എല്ലാ സിനിമാ പ്രവര്‍ത്തകരും ഈ പ്രതിസന്ധി നേരിടുന്നുണ്ടോ. 
= ഞാന്‍ എന്നോടുതന്നെ ചോദിക്കാറുള്ള ചോദ്യമാണിത്. എന്താണ് എന്നോടിത്ര ശത്രുത എന്ന ചോദ്യം. കേരളത്തിലെ മറ്റു പല സംവിധായകരും വന്ന വഴിയിലൂടെയല്ല ഞാന്‍ വന്നത്. സിനിമ പഠിച്ചിട്ടോ സിനിമാ പ്രവര്‍ത്തകരുടെ കൂടെ നടന്നിട്ടോ അല്ല ഞാന്‍ സിനിമാക്കാരനാകുന്നത്.
മഗ്രിബ് എന്നാണ് ഞാന്‍ എന്റെ ആദ്യ സിനിമക്ക് നല്‍കിയ പേര്. 1993ല്‍ മഗ്രിബ് എടുത്തപ്പോള്‍ വലിയ എതിര്‍പ്പുകള്‍ നേരിട്ടിട്ടില്ല. ഗര്‍ഷോം എടുത്തതോടെയാണ് വിമര്‍ശനം ശക്തമായത്. അപ്പോഴേക്കും സിപിഐ എം അനുഭാവി എന്ന ഒരു ബ്രാന്റിങ് വന്നുകഴിഞ്ഞു. അതിലുപരിയായി മാപ്പിള എന്ന മറ്റൊരു ബ്രാന്റും. എന്തുകൊണ്ടാണ് പി ടി മുസ്ളിം സമുദായത്തെക്കുറിച്ചു മാത്രം സിനിമയെടുക്കുന്നത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. മലയാളത്തില്‍ വേറെ ഒരു സിനിമാക്കാരനും ഈ ചോദ്യം നേരിട്ടിട്ടുണ്ടാവില്ല. ഉത്തരമില്ലാത്ത ചോദ്യമാണത്. അശ്വത്ഥാമാവ്, പുരുഷാര്‍ഥം, സ്വരൂപം എന്നീ മൂന്നു സിനിമകളുടെ നിര്‍മാതാവാണ്. മൂന്നും സംവിധാനം ചെയ്തത് കെ ആര്‍ മോഹനന്‍. ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരുടെ ജീവിത പരിസരങ്ങളാണ് ഈ മൂന്നു സിനിമയും കൈകാര്യംചെയ്തത്. എന്നിട്ടും എന്നോട് ഈ ചോദ്യം ആവര്‍ത്തിക്കുന്നു. പിടികിട്ടാത്ത ചോദ്യം.
എന്നോടു പലര്‍ക്കും ഒരു മുന്‍വിധിയുണ്ട്. എന്തുചെയ്തിട്ടാണ് എല്ലാവരും എന്നോട് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ല. സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെ ഭിന്നമായ നിലപാടുള്ളതുകൊണ്ടാവാം. മുസ്ളിമായതുകൊണ്ടും കമ്യൂണിസ്റ്റായതുകൊണ്ടുമാവാം. എനിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. ഒരിക്കല്‍ ടെലവിഷന്‍ അവാര്‍ഡ് ജൂറി അംഗമായിരുന്ന ഒരാള്‍ അയാളുടെ അനുഭവം എന്നോട് പങ്കുവച്ചിരുന്നു. കൈരളി ചാനലില്‍ ഞാന്‍ അവതരിപ്പിക്കുന്ന പ്രവാസലോകം അവാര്‍ഡിനായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മറ്റു ജൂറി അംഗങ്ങള്‍ ബഹളം വച്ച് അയാളുടെ വായടപ്പിച്ചുവത്രെ. പിന്നീട് അയാള്‍ എന്നോട് ചോദിച്ചു, എന്തുകൊണ്ടാണ് കുഞ്ഞുമുഹമ്മദിനോട് എല്ലാര്‍ക്കും ഇത്ര ശത്രുതയെന്ന്.

? പി ടി കുഞ്ഞുമുഹമ്മദ് എന്ന സംവിധായകന്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ടത് വീരപുത്രന്‍ റിലീസ് ചെയ്തപ്പോഴാണ്. എന്തായിരുന്നു കാരണം.
= വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ല. ആ സിനിമയെക്കുറിച്ച് ഏറ്റവും കൂടുതല്‍ അഭിനന്ദിച്ചത് സംവിധായകന്‍ ഹരിഹരനാണ്. ഫോണില്‍ വിളിച്ച് ഗംഭീര സിനിമയാണെന്ന് പറഞ്ഞു. ടി ദാമോദരന്‍ മാഷും വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. അദ്ദേഹം മരിക്കുന്നതിന് രണ്ടാഴ്ച മുമ്പാണത്. ആലി മുസ്ള്യാരും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും തമ്മില്‍ കാണുന്ന രംഗമുണ്ട് സിനിമയില്‍. ഈ കൂടിക്കാഴ്ച എവിടെ നടന്നു എന്ന കാര്യത്തില്‍ മാഷ് സംശയമുന്നയിച്ചു. മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെ ഖിലാഫത്ത് സ്മരണകളില്‍ ഈ കൂടിക്കാഴ്ചയെക്കുറിച്ച് പറയുന്നുണ്ടെന്നു പറഞ്ഞ് ഞാന്‍ സംശയനിവൃത്തി വരുത്തി. സിനിമയെക്കുറിച്ച് ആ ഒരു സംശയം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. എം ഗംഗാധരന്‍, എം ജി എസ് നാരായണന്‍, ഡി ബാബുപോള്‍, ബി ഇക്ബാല്‍ തുടങ്ങി പല പ്രമുഖരും എന്നെ വിളിച്ച് അഭിനന്ദിച്ചു. ആ സിനിമ ഇറങ്ങിയപ്പോള്‍ മുസ്ളിം സമുദായത്തില്‍പ്പെട്ടവര്‍ അതിലെ കണ്ണോട് കണ്ണോരം പാട്ടിനെക്കുറിച്ച് വിമര്‍ശനമുന്നയിച്ചു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് പ്രണയിക്കുമോ എന്നായിരുന്നു അവരുടെ സംശയം. ആ ചോദ്യം ചോദിക്കുന്നവര്‍ അബ്ദുറഹ്മാന്‍ സാഹിബ് എന്തുകൊണ്ട് പുനര്‍വിവാഹം നടത്തിയില്ല എന്ന ചോദ്യത്തിനുകൂടി ഉത്തരം പറയണം. ഭാര്യ മരിച്ചാല്‍ വീണ്ടും വിവാഹം ചെയ്യുന്നത് മുസ്ളിം സമുദായത്തില്‍ സര്‍വസാധാരണമാണ്, ഇന്നും. മരിച്ച ഭാര്യയുടെ സാരി ഒരു പെട്ടിയിലാക്കി ജയിലുകളില്‍നിന്ന് ജയിലുകളിലേക്ക് കൊണ്ടുപോയ ആളാണ് അബ്ദുറഹ്മാന്‍ സാഹിബ്. അവര്‍ തമ്മിലുള്ള ആത്മബന്ധവും പ്രണയവും നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറമാണ്. ആ ബന്ധം എസ്റ്റാബ്ളിഷ് ചെയ്യാന്‍ എനിക്കുള്ള മാര്‍ഗമായിരുന്നു ആ പാട്ട്. അല്‍ അമീന്റെ മുകളിലെ ഒരു മുറിയിലാണ് അവര്‍ താമസിച്ചിരുന്നത്. എം റഷീദാണ് എന്നെ ആ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അവര്‍ തമ്മിലുള്ള ഇന്റിമേറ്റായ രംഗങ്ങള്‍ ചിത്രീകരിച്ചത് വലിയ വിമര്‍ശനത്തിന് ഇടയാക്കി. അത്തരമൊരു സിനിമ പ്രോത്സാഹിപ്പിക്കേണ്ടവര്‍ പോലും എന്നെ ശത്രുപക്ഷത്തു നിര്‍ത്തി. യഥാര്‍ഥത്തില്‍ ആ സിനിമയെ എതിര്‍ക്കാന്‍ സാധ്യതയുള്ള ഒരു വിഭാഗം മുസ്ളിം ലീഗായിരുന്നു. അവര്‍ അതിനെ സ്വാഗതം ചെയ്യുകയായിരുന്നു.

എനിക്ക് ചരിത്ര ബോധമില്ലെന്നു പറഞ്ഞ് പല ബുദ്ധിജീവികളും എന്നെ പരിഹസിച്ചു. അബ്ദുറഹ്മാന്‍ സാഹിബ് ഫില്‍റ്റര്‍ സിഗററ്റ് വലിക്കുമോ എന്നൊക്കെ ടെലിവിഷന്‍ ചര്‍ച്ചകളില്‍ ചോദിച്ച ബുദ്ധിജീവികളുണ്ട്. ഈ സിനിമയെടുക്കുമ്പോള്‍ ഞാന്‍ ഒരു ഗവേഷണവും നടത്താത്തതിന്റെ കുഴപ്പമാണിതെന്ന് ചാനലില്‍ ഞെളിഞ്ഞിരുന്ന് പറഞ്ഞവരുണ്ട്. ഏതു സിഗരറ്റാണ് അദ്ദേഹം വലിച്ചതെന്നറിയാന്‍ ദിവസങ്ങള്‍ അലഞ്ഞു.  വൈസ്രോയ് സിഗരറ്റാണെന്ന് കണ്ടെത്തി. റോസ്റ്റഡ് റ്റൊബാക്കോ ഉപയോഗിച്ച് റുമാനിയയില്‍ ഉണ്ടാക്കിയതാണ് വൈസ്രോയ് സിഗരറ്റ്. അതിനെക്കുറിച്ച് പഠിച്ചിട്ടുതന്നെയാണ് സിനിമയില്‍ ആ സിഗരറ്റ് ഉപയോഗിച്ചത്. ഇന്റര്‍നെറ്റില്‍ തെരഞ്ഞ് ഗോപന്‍ എന്ന കലാസംവിധായകന്‍ ദിവസങ്ങളെടുത്താണ് വൈസ്രോയ് സിഗരറ്റിന്റെ കൂട് ഉണ്ടാക്കിയത്. എന്നിട്ടും എന്നെ പരിഹസിക്കാന്‍ ഇതൊക്കെ ഉപയോഗിച്ചു. സിനിമക്ക് വേഗം കൂടുതലാണെന്നായിരുന്നു മറ്റൊരു പരാതി. ഞാനും നരേനുമൊന്നിച്ച് എം റഷീദിനെ ചെന്നുകണ്ടിരുന്നു. മുഹമ്മദ് അബ്ദുറഹ്മാനായി വേഷമിട്ട നരേന്‍ കരുതിയത് സാഹിബ് വളരെ പതുക്കെ നടന്നയാളാണെന്നാണ്. എം റഷീദ് പറഞ്ഞു അബ്ദുറഹ്മാന്‍ സാഹിബ് അതിവേഗം നടന്നയാളാണെന്ന്.  അദ്ദേഹത്തിന്റെ നടത്തവും ജീവിതവും രാഷ്ട്രീയപ്രവര്‍ത്തനവുമെല്ലാം വേഗമേറിയതായിരുന്നു. അങ്ങനെയാണ് സിനിമയുടെ വേഗവും താളവും കൂടിയത്. 1921ല്‍ ഒറ്റപ്പാലം കോണ്‍ഗ്രസ് സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ കേരളത്തിലെ രാഷ്ട്രീയപ്രവേശം. 1945 നവംബറില്‍ മരിച്ചു. ഈ 24 കൊല്ലം കൊണ്ട് അദ്ദേഹം പലതും ചെയ്തുകൂട്ടി.
വാസ്തവത്തില്‍ വിമര്‍ശനങ്ങളും വിവാദങ്ങളും സിനിമയെ സഹായിക്കുകയായിരുന്നു. അതിനുശേഷം പലരും ഈ സിനിമ ടെലിവിഷനില്‍ കണ്ടു. പലരും പറഞ്ഞു ഞങ്ങള്‍ അന്ന് കണ്ടപോലെയല്ല, ടെലിവിഷനിലെ രണ്ടാം കാഴ്ചയെന്ന്. 184 കഥാപാത്രങ്ങളുണ്ട് വീരപുത്രനില്‍. ഇത്രയും കഥാപാത്രങ്ങളുള്ള ആദ്യ മലയാള സിനിമയാവും വീരപുത്രന്‍. മലബാറിലെ ദേശീയ പ്രസ്ഥാനത്തെക്കുറിച്ചുള്ള ആദ്യ സിനിമ. ഐ വി ശശിയുടെ '1921' മലബാര്‍ കലാപത്തെക്കുറിച്ച് മാത്രമാണ് പ്രതിപാദിക്കുന്നത്. ഉപ്പുസത്യഗ്രഹവും ക്വിറ്റ് ഇന്ത്യാ സമരവുമൊക്കെ സ്കൂളില്‍ പഠിപ്പിക്കുന്ന എത്രയോ അധ്യാപകര്‍ കുട്ടികളോട് വീരപുത്രന്‍ കാണാന്‍ നിര്‍ദേശിക്കുന്നുണ്ട്. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആ ചിത്രം പരിഗണിച്ചില്ല. ഐഎഫ്എഫ്കെയില്‍ ഉള്‍പ്പെടുത്തിയ സിനിമകളുമായി തട്ടിച്ചുനോക്കിയാല്‍ എന്നോട് കാണിച്ച അവഗണനയുടെ ആഴം മനസ്സിലാകും.

? ഗള്‍ഫ് ജീവിതമാണ് താങ്കളെ സിനിമാപ്രവര്‍ത്തകനാക്കിയത്. ഗള്‍ഫില്‍ തൊഴിലിനായി പോയ താങ്കള്‍ തിരിച്ചുവരുന്നത് നിര്‍മാതാവായാണ്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ അനുഭവങ്ങള്‍ ഒന്നുമില്ലാതെ സംവിധാനവും തുടങ്ങി. മലയാളത്തില്‍ ഇത്തരം അനുഭവമുള്ള സംവിധായകര്‍ അധികമില്ല.
= എന്റെ ജീവിതം ആരംഭിക്കുന്നത് ഗള്‍ഫിലാണ്. സെന്റ് തോമസ് കോളേജില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷമാണ് ഗള്‍ഫിലെത്തുന്നത്. എന്റെ സര്‍വകലാശാലയായിരുന്നു ഗള്‍ഫ് ജീവിതം. ആ ജീവിതമാണ് എന്റെ ഉപരിപഠനം. എന്നിലെ മലയാളിയെ ഞാന്‍ തിരിച്ചറിയുന്നത് ഗള്‍ഫില്‍വച്ചാണ്. നന്നായി തെറ്റുകൂടാതെ ഇംഗ്ളീഷ് പറയുക എന്നതാണ് ഏറ്റവും വലിയ കാര്യം, അതാണ് കേമത്തം എന്നൊക്കെയുള്ള ധാരണയുമായാണ് അവിടെയെത്തിയത്. ഗള്‍ഫ് ജീവിതം ആ ചിന്ത മാറ്റിമറിച്ചു. ആ സ്കൂള്‍ ശരിയല്ല എന്നും ഞാന്‍ മലയാളിയാണെന്നും ആ മലയാളിയുടെ വേരും സംസ്കാരവുമാണ് എന്നെ മുന്നോട്ടുനയിക്കേണ്ടതെന്നും മനസ്സിലാക്കി. മലയാളമാണ് എന്റെ ഭാഷ. ഇംഗ്ളീഷ് തെറ്റിച്ച് പറയുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല എന്നും ബോധ്യമായി. നന്നായി പറയുന്നത് നല്ലതുതന്നെ. പക്ഷേ തെറ്റാതെ പറയാന്‍ വേണ്ടി എല്ലാവരും മെനക്കെടേണ്ടതില്ല എന്നും മനസ്സിലാക്കി.
വളരെ കഷ്ടപ്പെട്ടാണ് പഠിച്ചതും ജോലി നേടിയതുമൊക്കെ. ലോകത്തിലെ എല്ലാ വിഭാഗത്തിലും പെട്ട തൊഴിലാളികളുമായി ബന്ധപ്പെടാന്‍ ഗള്‍ഫ് ജീവിതം കൊണ്ട് സാധിച്ചു. പലസ്തീന്‍, ആഫ്രിക്ക, മധ്യപൌരസ്ത്യദേശം, വിദൂരപൌസ്ത്യദേശം, യൂറോപ്പ് എന്നിങ്ങനെ

ഭൂഗോളത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍. രാജ്യം നഷ്ടപ്പെട്ട പലസ്തീനികള്‍ക്കൊപ്പവും ഇന്ത്യയില്‍നിന്ന് പാകിസ്ഥാനിലേക്ക് ഓടിപ്പോയ മുഹാജിറുകള്‍ക്കൊപ്പവും ജോലി ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള വൈവിധ്യപൂര്‍ണമായ ഒരു ജനതയോടും ബഹുസ്വരതയുള്ള സംസ്കാരവുമായുള്ള പത്തു പന്ത്രണ്ടുകൊല്ലത്തെ ബന്ധം എന്നെ വല്ലാതെ മാറ്റി. ഈ മാറ്റം എന്റെ ഉള്ളിന്റെ ഉള്ളിലുണ്ടായിരുന്നു. ഞാന്‍ ഒരിക്കലും ഒരു ഫിലിംമേക്കര്‍ ആകുമെന്ന് വിചാരിച്ചിട്ടില്ല. ഞാന്‍ എന്താകുമെന്ന് എനിക്കുതന്നെ നിശ്ചയില്ലായിരുന്നു. ഒരു കമ്പനി എക്സിക്യൂട്ടീവോ ഒരു കോളേജ് ലക്ചററോ ആകണമെന്നായിരുന്നു ആഗ്രഹം. 

 ? സിനിമയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു.
= അന്നും അഭിനയമോഹമുണ്ടായിരുന്നു. നാടകത്തിലൊക്കെ അഭിനയിച്ചു. അന്നത്തെ സുഹൃത്തുക്കളായിരുന്നു കെ എന്‍ ശശിധരന്‍, കെ കെ ചന്ദ്രന്‍, കെ ആര്‍ മോഹനന്‍. അവരൊക്കെ പുണെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചു. സാമ്പത്തിക പ്രശ്നമുള്ളതുകൊണ്ട് എനിക്കത് സാധിച്ചില്ല. അവരുമായിട്ടായിരുന്നു എനിക്ക് ബന്ധം. അങ്ങനെയാണ് കെ ആര്‍ മോഹനന്‍ സംവിധാനം ചെയ്ത അശ്വത്ഥാമാവ് എന്ന ചിത്രം നിര്‍മിക്കുന്നത്.
എഴുപതുകളിലെ നവസിനിമയിലൂടെയാണ് ആദ്യകാല പ്രവര്‍ത്തനം ആരംഭിക്കുന്നത്. എണ്‍പതുകളിലും അത് തുടര്‍ന്നു. മഗ്രിബ് എന്ന സിനിമ ആ സ്കൂളില്‍പ്പെട്ടതാണെന്ന് വേണമെങ്കില്‍ പറയാം. എങ്കിലും ഭിന്നമായ രചനാരീതി മഗ്രിബില്‍ ഞാന്‍ സ്വീകരിച്ചിരുന്നു. അതിനുശേഷം ഗര്‍ഷോമിലെത്തുമ്പോള്‍ പൂര്‍ണമായും ഈ സ്കൂളുകളില്‍നിന്നൊക്കെ ഭിന്നമായ രീതി സ്വീകരിച്ചു. തെരഞ്ഞെടുത്ത വിഷയങ്ങളും വ്യത്യസ്തമായിരുന്നു. മഗ്രിബിന്റെയും ഗര്‍ഷോമിന്റെയും പരദേശിയുടെയും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന വിശ്വാസപൂര്‍വം മന്‍സൂറിന്റെയും സബ്ജക്ടുകള്‍ തികച്ചും ഭിന്നമാണ്. അങ്ങനെ വ്യത്യസ്തമായ സിനിമകളിലൂടെ എന്റേതായ ഒരു നിലപാടുണ്ടായി. 

? കേരളത്തിന്റെ, പ്രത്യേകിച്ച് പഴയ മലബാറിന്റെ സാമൂഹിക ജീവിതത്തെയും രാഷ്ട്രീയ ചരിത്രത്തെയും കുറിച്ച് ഗാഢമായി  പഠിക്കുന്നയാളാണ് താങ്കളെന്ന് താങ്കളുടെ സിനിമകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സിനിമാ ചിന്തകള്‍ ഈ വഴിയിലേക്ക് തിരിഞ്ഞതിന് കാരണം.
= യൂറോപ്യന്‍ നവോത്ഥാനം ഒരു നുണയാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അത് വാസ്തവത്തില്‍ ഒരു തുടര്‍ച്ചയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ വികസിച്ച വിജ്ഞാനത്തിന്റെ തുടര്‍ച്ച. അതിനെക്കുറിച്ചുള്ള പഠനം എന്നില്‍ വലിയ മാറ്റമുണ്ടാക്കി. കേരളം ഭാഷാടിസ്ഥാനത്തില്‍ രൂപപ്പെട്ടിട്ടും മലയാളം മോശമാണെന്ന ധാരണയ്ക്കായി മേല്‍ക്കൈ. ഭാഷാ സംസ്ഥാനം രൂപീകരിക്കപ്പെട്ടശേഷമാണ് ഇംഗ്ളീഷ് സ്കൂളുകള്‍ തഴച്ചു വളരാന്‍ തുടങ്ങിയത്. അറുപതിലും എഴുപതിലും ഫ്യൂഡല്‍ വ്യവസ്ഥയിലുണ്ടായ മാറ്റം മലയാള സാഹിത്യത്തിലും സിനിമയും പ്രതിഫലിച്ചു. കൂട്ടുകുടുംബ വ്യവസ്ഥിതി തകര്‍ക്കപ്പെട്ടു. വരേണ്യകുടുംബങ്ങളിലെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടായി. അവര്‍ അതുവരെ അനുഭവിച്ച പലതും നഷ്ടപ്പെട്ടു. ദാരിദ്യ്രത്തിലേക്ക് പോയ കുടുംബങ്ങളുണ്ട്. അത്തരം കഥകളും സിനിമകളുമാണ് അക്കാലത്തുണ്ടായത്. അതിനു നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ജീവിക്കാനുള്ള അവകാശംപോലും നഷ്ടപ്പെട്ട ജനതയുടെ ജീവിതമോ ജീവിതപരിസരമോ നമ്മുടെ സിനിമയും സാഹിത്യവും ചര്‍ച്ചചെയ്തിട്ടില്ല.

വരേണ്യ കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടം ഒരു നഷ്ടം തന്നെയാണ്. അത്തരം കുടുംബങ്ങള്‍ കേരളത്തിലെ മോശപ്പെട്ട സമൂഹമല്ല. കേരളത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയവര്‍. അവരുടെ ജീവിതമാണ് കഥയിലും സിനിമയിലും കൂടുതലായി വന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അമ്പതുകളിലൊക്കെ മറ്റുവിഭാഗങ്ങള്‍ സാഹിത്യത്തില്‍ സ്ഥാനം പിടിച്ചിരുന്നു. എഴുപതുകളോടെയാണ് ഈ വരേണ്യ സമൂഹത്തിന്റെ നഷ്ടങ്ങള്‍ക്ക് സാഹിത്യത്തിലും സിനിമയിലും ഊന്നല്‍ വന്നത്. എം ടി വാസുദേവന്‍ നായരുടെ നാലുകെട്ട് എല്ലാം അങ്ങനെയുള്ളതാണ്. ഒരെഴുത്തുകാരന്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ ജീവിതം തന്നെയാണ് തന്റെ രചനയില്‍ പ്രതിഫലിപ്പിക്കേണ്ടത്. അതില്‍ ഒരു തെറ്റുമില്ല. എനിക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനാണ് എം ടി. കേരളത്തിലെ ഏറ്റവും റിഫൈന്‍ഡ് ആയ സമൂഹമാണ് നായര്‍വിഭാഗം. കേരളത്തിന് ഏറ്റവുമധികം പ്രതിഭകളെ സംഭാവനചെയ്ത വിഭാഗം. ആ ജീവിത പരിസരങ്ങളാണ് അധികവും സിനിമയില്‍ വരുന്നത്. കേരളത്തില്‍ പന്ത്രണ്ട്  ശതമാനം വരുന്ന ദളിതരുടെ ജീവിതത്തിന്റെ പ്രതിനിധാനമുള്ള സിനിമയോ സാഹിത്യമോ നമുക്ക് ഒട്ടുമില്ല. ദളിതര്‍ ഇന്നും തിരസ്കൃതരാണ്. സിനിമിയിലും ജീവിതത്തിലും മാത്രമല്ല, സമ്പദ്ഘടനയിലെ പങ്കാളിത്തത്തിന്റെ കാര്യത്തിലും. ദളിതരുടെ ചായക്കടപോലും ഉണ്ടോ എന്ന് സംശയം. എന്ത് പൊങ്ങച്ചം പറഞ്ഞാലും ജനസംഖ്യയിലെ പന്ത്രണ്ട് ശതമാനം വരുന്ന ദളിതര്‍ നൂറു ശതമാനം തിരസ്കൃതരാണ്. ഗള്‍ഫ് പണക്കൊഴുപ്പില്‍നിന്നുപോലും ദളിതന്‍ അകലെയാണ്. സംവരണം കൊണ്ട് നേടിയ ജോലികള്‍കൊണ്ട് ചില തുരുത്തുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ദളിതര്‍ക്ക് സ്വത്തുല്‍പ്പാദനത്തില്‍ വലിയ പങ്കില്ല. സംഗീതത്തിലൊഴികെ മറ്റെല്ലായിടത്തും തിരസ്കൃതരാണ് ദളിതര്‍. മലയാള സിനിമാ സംഗീതം ദളിതന്റെ കൈയിലാണെന്നതാണ് ഏറ്റവും വലിയ സന്തോഷം.

? എഴുപതുകളിലെ നവസിനിമകള്‍ക്കൊപ്പം സഞ്ചരിച്ചതിന്റെ വൈകാരിക ഭാരം താങ്കള്‍ വലിച്ചെറിഞ്ഞിട്ടുണ്ട്. അതോടൊപ്പം തുടര്‍ദശകങ്ങളിലെ സിനിമാവഴക്കങ്ങളെ വെല്ലുവിളിക്കാനും കഴഞ്ഞിട്ടുണ്ട്.
= എന്റെ സിനിമയുടെ ക്രാഫ്റ്റ് പഴയ സമാന്തര സിനിമയുടെ ക്രാഫ്റ്റ് അല്ല. അതിവൈകാരികത കൂടുതലാണ്
എന്റെ സിനിമകളില്‍. ജീവിതത്തിന്റെ അടിസ്ഥാന ഘടകം സെന്റിമെന്റ്സ് ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ഇല്ലെന്ന് പറയുന്നത് വെറുതെയാണ്. സോഷ്യല്‍ മീഡിയയില്‍ അത് വളരെ വ്യക്തമാണ്. മുമ്പൊക്കെ മസിലുപിടിച്ചു നിന്ന പല ബുദ്ധിജീവികളും വാട്സ്ആപ്പിലും ഫേസ്ബുക്കിലും അതിവൈകാരിതയോടെ പ്രതികരിക്കുന്നത് നമ്മള്‍ കാണുന്നു. കരച്ചിലും പാട്ടുമൊക്കെയുള്ള സിനിമകളാണ് എന്റേത്. പാട്ട് മലബാറിലെ മുസ്ളിം കമ്യൂണിറ്റിയിലെ ഒഴിച്ചു കൂടാന്‍ കഴിയാത്ത ഘടകകമാണ്. അത് ഞാന്‍ നന്നായിട്ട് ഉപയോഗിച്ചിട്ടുണ്ട്. പാട്ടായിട്ടും പശ്ചാത്തലസംഗീതമായും. പുതിയ സിനിമയിലും നാലു പാട്ടുണ്ട്. പാട്ടിനു വേണ്ടിയുള്ള പാട്ടുകളായിരുന്നില്ല. സിനിമയുടെ കഥയുമായി ബന്ധപ്പെടുത്തിയുള്ളതാണവ. എനിക്കെതിരെ ഒരു നിലപാടെടുത്തത് സംഘപരിവാറല്ല. എനിക്കെതിരെ പ്രചാരണം നടത്തിയത്, എന്റെ സിനിമ കാണരുതെന്ന് കൂടുതല്‍ പ്രചാരണം നടത്തിയത്, നമ്മള്‍ മതനിരപേക്ഷവാദികളായി കാണുന്നവരില്‍ ചിലരാണ്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഞാന്‍ ഒറ്റപ്പെട്ടവനാണ്. പല രീതിയിലും. നിലപാടുള്ളതുകൊണ്ടാണത്. ഞാന്‍ വിട്ടുകൊടുക്കാന്‍ പോകുന്നില്ല. താഴ്ന്നുകൊടുക്കുന്നത് എന്റെ രീതിയുമല്ല. എന്റെ വല്യുപ്പ എപ്പോഴും ചോദിക്കാറുള്ള ചോദ്യമുണ്ട്. പേടിച്ചിട്ട് ഒളിക്കുന്ന കൂട് എവിടയാടാ ഉള്ളതെന്ന്. ഈ ചോദ്യം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. ഗള്‍ഫിലുള്ളപ്പോള്‍ ആരോടും എന്തും പറയാം എന്ന ധൈര്യം തന്നത് ആ ചോദ്യമാണ്. എനിക്ക് ബോധ്യമുള്ള കാര്യം ഏതു തമ്പുരാനോടും പറയും. പിണറായി പലപ്പോഴും പറയാറുണ്ട് എനിക്ക് ബോധ്യപ്പെടുത്താനുള്ളത് എന്റെ മനഃസാക്ഷിയോടാണെന്ന്്. അത് നൂറുശതമാനം ശരിയുമാണ്. നമ്മള്‍ നമ്മളോടാണ് സത്യസന്ധരാകേണ്ടത്. നമുക്ക് ശരിയാണെന്ന് തോന്നുന്നത് ചെയ്യണം. അതില്‍ പിണറായി വിജയനാണ് എനിക്ക് മാതൃക.
 
? ഇന്ത്യന്‍ പനോരമയിലും താങ്കളുടെ സിനിമകള്‍ അവഗണിക്കപ്പെടുകയായിരുന്നു.
= മഗ്‌രിബ് മാത്രമാണ് പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഗര്‍ഷോം പനോരമയിലേക്ക് പരിഗണിച്ചില്ല. ഗര്‍ഷോം പല വിദേശ ഫെസ്റ്റിവലുകളിലും തെരഞ്ഞെടുക്കപ്പെട്ടു. അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ ജൂറിയാണ് ഗര്‍ഷോമിലൂടെ മികച്ച തിരക്കഥാകൃത്തായി എന്നെ തെരഞ്ഞെടുത്തത്. പത്മരാജന്‍ പുരസ്കാരവും ജോണ്‍ അബ്രഹാം പുരസ്കാരവും ഗര്‍ഷോമിന് ലഭിച്ചു. കെ ജി ജോര്‍ജ് ആയിരുന്നു പത്മരാജന്‍ പുരസ്കാര ജൂറി തലവന്‍. ജോണ്‍ അബ്രഹാം പുരസ്കാരത്തിന്റേത് ലെനിന്‍ രാജേന്ദ്രനും.  പത്മരാജന്‍ പുരസ്കാരത്തിന് ഗര്‍ഷോമിനെ പരിഗണിച്ച ശേഷം എന്നെ വിളിച്ച് കെ ജി ജോര്‍ജ് പറഞ്ഞത് പത്തു വര്‍ഷത്തിനിടെ മലയാളത്തിലിറങ്ങിയ ഏറ്റവും നല്ല സിനിമയാണിതെന്നാണ്. ഇവരൊക്കെ അവാര്‍ഡിനായി പരിഗണിച്ച ഗര്‍ഷോമിനെ പനോരമയില്‍ തഴഞ്ഞു. അന്ന് മലയാള സിനിമയെ പനോരമ ജൂറിയില്‍ പ്രതിനിധാനംചെയ്തത് ബാലചന്ദ്രമേനോന്‍ ആയിരുന്നു. ആസൂത്രിതമായ നീക്കത്തിനു പിന്നില്‍ വലിയ ലോബിയുണ്ടായിരുന്നു. അവാര്‍ഡ് നല്‍കേണ്ട സിനിമകളുടെ സ്കൂളിലല്ല എന്റെ സിനിമകള്‍. അവാര്‍ഡ് കമ്മിറ്റി ശീലിച്ച ശീലുകളല്ല അവയിലുള്ളത്. പരദേശിയെക്കുറിച്ചും വീരപുത്രനെക്കുറിച്ചും പുസ്തകം തന്നെയുണ്ട്. തിയേറ്ററില്‍ വരുമ്പോള്‍ എതിര്‍പ്രചാരണവും ടിവിയില്‍ വരുമ്പോള്‍ കൊട്ടിഘോഷിക്കപ്പെടുകയും ചെയ്യുന്ന അനുഭവങ്ങളാണ് എനിക്കുള്ളത്. പരദേശിയെക്കുറിച്ച് കെ എന്‍ പണിക്കരെപ്പോലെയുള്ളവര്‍ നല്ല അഭിപ്രായം പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഞാന്‍ ആക്രമിക്കപ്പെടുന്നത് എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. എനിക്ക് എന്റേതായ നിലപാടുണ്ട് സിനിമയും രാഷ്ട്രീയത്തിലുമെല്ലാം. അതുകൊണ്ടാവാം ഈ ആക്രമണം.

ഗര്‍ഷോം എന്നത് മോസസിന്റെ മകന്റെ പേരാണ്. ബൈബിളിലെ പുറപ്പാട് എന്ന ഭാഗത്താണ് ഈ പേരുള്ളത്. അലഞ്ഞു തിരിയുന്നവന്‍, അന്യന്‍, വേരില്ലാത്തവന്‍ എന്നൊക്കെയാണ് അര്‍ഥം. ഹിബ്രുവാണ് ഭാഷ. ലിറ്റില്‍ ഫ്ളവര്‍ എന്നു പേരുള്ള ഒരു കന്യാസ്ത്രീയാണ് എനിക്ക് ആ പേര് പറഞ്ഞുതന്നത്. കഴിഞ്ഞയാഴ്ച ചങ്ങരംകുളത്തുള്ള ഒരു ഹിന്ദുസ്ത്രീ എന്നെ വിളിച്ച് ഗര്‍ഷോമിന്റെ സ്പെല്ലിങ് ചോദിച്ചു. അവരുടെ മകന് പേരിടാന്‍.

? മലയാളത്തില്‍ കവിതയിലും ഫിക്ഷനിലും നാടകത്തിലുമൊക്കെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ ശക്തമായി ആവിഷ്കരിച്ചിട്ടുണ്ട്. പക്ഷേ സിനിമയിലെത്തുമ്പോള്‍ അങ്ങനെയല്ല. നമ്മള്‍ കൊട്ടിഘോഷിക്കുന്ന നവസിനിമകള്‍ പലതും തികച്ചും വൈയക്തിക ദുഃഖങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
= നമ്മുടെ സമൂഹം സിനിമകളില്‍ പ്രതിഫലിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. സമൂഹം അതിലൊരു സബ്ജക്ട് ആയി വന്നിട്ടില്ല. സിനിമ റിയലിസ്റ്റിക് ആവണമെന്നൊന്നുമില്ല. ഇപ്പോഴാണ് പല മുഖ്യധാരാ സിനിമകളിലും വിവിധ സാമൂഹിക വിഭാഗങ്ങളുടെ സവിശേഷതകള്‍ വിഷമായി വരുന്നത്. അപൂര്‍വം ചില സിനിമകളൊഴിച്ചു നിര്‍ത്തിയാല്‍ ഇവിടുത്തെ പ്രബലമായ ഈഴവ സമുദായത്തിന്റെ പ്രതിനിധാനം സിനിമയിലുണ്ടായിട്ടില്ല. ദളിത് കഥാപാത്രങ്ങള്‍ നമ്മുടെ സിനിമകളില്‍ അപൂര്‍വം. ഒരു വിഭാഗം ഡെമോക്രാറ്റെസ് ചെയ്യപ്പെടുന്നത് അവരെക്കുറിച്ച് എല്ലാവരും അറിയുമ്പോഴാണ്. എങ്ങനെയാണ് നായര്‍ സമുദായം വളരെ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടതും അങ്ങേയറ്റം പരിഷ്കൃതവുമായ ഒന്നാകുന്നതും. നമ്മുടെയൊക്കെ മനസ്സില്‍ കാമുകിക്ക് നായര്‍ പെണ്‍കുട്ടിയുടെ സ്വരൂപമാണ്. കാരണം അവരെക്കുറിച്ചാണ് സിനിമകള്‍ ഭൂരിപക്ഷം. ഒരു സമുദായത്തെക്കുറിച്ച് സിനിമകള്‍ വന്നാലാണ് അതിനെക്കുറിച്ച് ജനങ്ങള്‍ പഠിക്കുകയും അറിയുകയും വിര്‍ശിക്കുകയുമൊക്കെ ചെയ്യുന്നത്. ആ സൊസൈറ്റിയെയാണ് ലീഡിങ് സൊസെറ്റിയായി കാണുന്നത്. ക്രിസ്ത്യന്‍ സമുദായത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. അത്തരം സിനിമകള്‍ ആ സമുദായങ്ങള്‍ക്ക് ഗുണം ചെയ്തു. മറ്റു സമുദായങ്ങള്‍ പരാമര്‍ശിക്കപ്പെടുന്ന സിനിമകള്‍ തീര്‍ത്തും കുറവാണ്. എണ്‍പതുകളില്‍ തമ്പുരാക്കന്മാരും വര്‍മമാരുമൊക്കെ കഥാപാത്രങ്ങളായി കുറേ സിനിമകള്‍ വന്നു. അങ്ങനെയൊരു വിഭാഗം കേരളത്തില്‍ വളരെ കുറച്ചല്ലേ ഉള്ളൂ. ദീര്‍ഘകാലം സിനിമകളില്‍ പഴയ ബിംബങ്ങള്‍ തന്നെയായിരുന്നു. 

നമ്മുടെ സമൂഹത്തില്‍ പൊതുജീവിതത്തില്‍നിന്ന് വന്നവരും യൂണിവേഴ്സിറ്റികളില്‍നിന്ന് വന്നവരുമായ എഴുത്തുകാരും കലാപ്രവര്‍ത്തകരും ഉണ്ടായിട്ടുണ്ട്. യുറോപ്പില്‍ ഉയര്‍ന്നുവന്ന ചിന്തകളെ അക്കാദമിക് പണ്ഡിതര്‍ നേരിട്ട് ഇറക്കുമതി ചെയ്തതിന്റെ ദൂഷ്യം നമുക്കുണ്ടായിട്ടുണ്ട്. അത് മോശമാണെന്ന അഭിപ്രായം ഇന്നെനിക്കില്ല. നാം പലപ്പോഴും ഉദ്ധരിക്കുന്നത് മറ്റു നാടുകളിലെ ബുദ്ധിജീവികളുടെ ഉദ്ധരണികളാണ്. അങ്ങനെ തികച്ചും അക്കാദമിക് ആയ ഒരു ചിന്താധാരയ്ക്ക് പ്രാമുഖ്യം കിട്ടി. സാധാരണ ജീവിതത്തില്‍നിന്ന് വന്നവരല്ല പിന്നീട് നമ്മുടെ കവികളായത്. വൈലോപ്പിള്ളിയെയും കക്കാടിനെയും പോലുള്ളവര്‍ ഫോമുകള്‍ സ്വന്തം ജീവിതത്തില്‍നിന്ന് പകര്‍ത്തിയപ്പോള്‍ പിന്നീട്വന്നവര്‍ യൂറോപ്പില്‍നിന്നുള്ള ഫോമുകള്‍ക്കു പിറകെ പോയി. ഞങ്ങളൊക്കെ അസ്തിത്വവാദത്തിന്റെയും അത്യന്താധുനികതയുടെയും പിന്നാലെ പോയവരാണ്. പക്ഷേ അതെല്ലാം ശുദ്ധഅബദ്ധമാണെന്ന് മനസ്സിലായത് ഗള്‍ഫില്‍ ചെന്നപ്പോഴാണ്. ആയിരക്കണക്കിന്  വര്‍ഷങ്ങളുടെ സംസ്കാരം സ്വന്തമായുള്ള ജനതയാണ് നാം.

അസ്തിത്വവാദമടക്കമുള്ള തത്വചിന്താപരമായ ചോദ്യങ്ങള്‍ നൂറ്റാണ്ടുകളായി നമ്മള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നിട്ടും അത്തരം ആശയങ്ങള്‍ എഴുപതുകളില്‍ നാം യൂറോപ്പില്‍നിന്ന് കടമെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ അച്ഛനാരാണെന്നറിയാത്ത ലക്ഷക്കണക്കിന് കുട്ടികളുണ്ടായപ്പോഴാണ് അവര്‍ക്ക് അസ്തിത്വവാദമുണ്ടായത്.
ഗള്‍ഫില്‍ എനിക്ക് ഒരു ഫ്രഞ്ച് സുഹൃത്തുണ്ടായിരുന്നു. ഒരു ഓഫീസില്‍ ഏതോ ഒരു അപേക്ഷയില്‍ അച്ഛന്റെ പേരെഴുതാന്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു എനിക്ക് അച്ഛനില്ല, ഞാന്‍ ബാസ്റ്റാര്‍ഡ് ആണെന്ന്. അച്ഛന്റെ പേരെഴുതാതെ കാര്യം നടക്കില്ലെന്നു പറഞ്ഞപ്പോള്‍ ബഹളമായി. എന്റെ അച്ഛനാരാണെന്ന് അമ്മയ്ക്കറിയില്ലെന്നും ഫ്രാന്‍സ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ എന്നെപ്പോലെ ലക്ഷക്കണക്കിനാളുകളുണ്ടെന്നും അയാള്‍ പറഞ്ഞുമനസ്സിലാക്കിയതോയൊണ് പ്രശ്നം ശാന്തമായത്. അവരുടെ ജീവിതത്തില്‍നിന്നാണ് അസ്തിത്വവാദമുണ്ടായത്. നമ്മുടെ കാര്യം അങ്ങനെയല്ല. രണ്ടാം ലോക യുദ്ധത്തിനുശേഷം ഭാഷ, സാഹിത്യം, സംസ്കാരം, ഭരണസംവിധാനങ്ങളിലുണ്ടായ സാംസ്കാരിക അധിനിവേശമാണ് ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളെ നിയന്ത്രിക്കാന്‍ യൂറോപ്യന്മാര്‍ക്ക് ശക്തിയേകിയത്. അവര്‍ കേമന്മാരാണെന്നും നമ്മള്‍ രണ്ടാംകിടക്കാരാണെന്നുമുള്ള മട്ടിലാണ് കാര്യങ്ങളെ നമ്മള്‍ വിലയിരുത്തിയത്. നമുക്ക് ഓസ്കാര്‍ വലിയ കാര്യമാണ്. അത് കിട്ടാത്തതിനെക്കുറിച്ച് നമ്മള്‍ വിലപിക്കും. അത് ഒരിക്കലും നമുക്ക് കിട്ടേണ്ടതല്ല. ഇംഗ്ളീഷ് സിനിമയ്ക്കുള്ള അവര്‍ഡാണത്. അത്തരം മണ്ടത്തരങ്ങള്‍ നമ്മള്‍ വിളിച്ചു പറയുകയും ചെയ്യും.

എന്നാല്‍ ഈ പ്രവണതയില്‍ മാറ്റം വരുന്നു. അവനവന്റേതായ ദേശീയത, പ്രാദേശികത, പ്രാദേശികചരിത്രം, പ്രാദേശികമായ ജീവിതരീതി എന്നിവയ്ക്ക് പ്രാധാന്യം കൈവരുന്ന പ്രവണതയുണ്ട്. ലോകം മുഴുവന്‍ ഈ ചിന്ത വളരുന്നുണ്ട്. നമ്മുടെ ജീവിതം മറ്റുള്ളവരുടെ ജീവിതത്തോളം പ്രാധാന്യമുള്ളതാണെന്ന കാര്യം മലയാളിയും മനസ്സിലാക്കിത്തുടങ്ങി. നമ്മുടെ ജീവിതം മറ്റുള്ളവരെക്കാള്‍ കേമമാണെന്നും നമ്മള്‍ മോശക്കാരല്ലെന്നുമുള്ള ബോധം മലയാളി തിരിച്ചുപിടിച്ചാല്‍ മാത്രമേ നമ്മുടെ അപകര്‍ഷതാ ബോധം മാറൂ.

? ന്യൂജനറേഷന്‍ സിനിമകളില്‍ ഈ പ്രവണത സജീവമല്ലേ.
= ശരിയാണ്. ന്യൂജനറേഷന്‍ സിനിമാ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം എന്തും അവര്‍ക്ക് വിഷയാണ്. സമൂഹത്തിലെ ഏതു വിഭാഗത്തെക്കുറിച്ചും അവര്‍ സിനിമയെടുക്കും. ആരെയും കഥാപാത്രങ്ങളാക്കും. പുറത്തുള്ള സിനിമകള്‍ അനുകരിക്കുന്നവര്‍ ഉണ്ടെങ്കിലും ഉള്ളടക്കത്തില്‍ അവര്‍ വിപ്ളവാത്മകമായ മാറ്റം സൃഷ്ടിക്കുന്നു. അത് ചില്ലറക്കാര്യമല്ല. ഇന്ന നടന്‍ വേണമെന്നൊന്നും നിര്‍ബന്ധമില്ല. ധാരാളം തിയേറ്ററുകള്‍ പുതുതായി വന്നതും ഇത്തരം സിനിമകള്‍ക്ക് അനുകൂലമായി. കൂടുതല്‍ സിനിമകള്‍ വരുന്നുണ്ട്. സിനിമകള്‍ ചിലത് പരാജയപ്പെടുന്നുണ്ടെങ്കിലും പൂര്‍ണമായും പരാജയപ്പെടുന്നവ തീരെ കുറവാണ്.

? വിശ്വാസപൂര്‍വം മന്‍സൂറിനെപ്പറ്റി.
= പുതിയ സിനിമയെക്കുറിച്ച് കൂടുതല്‍ പറയാന്‍ താല്‍പ്പര്യമില്ല. രാജ്യസ്നേഹിയാണെന്ന് തെളിയിക്കേണ്ടിവരുന്ന ഒരാളെക്കുറിച്ചുള്ള രാഷ്ട്രീയ സിനിമയാണത്. വിര്‍ജിന്‍ പ്ളസ് മൂവീസിനു വേണ്ടി കെ വി മോഹനനാണ് നിര്‍മിക്കുന്നത്. വില്ലനില്ലാത്ത സിനിമ. ജയകൃഷ്ണന്‍ കാവിലിന്റെ കഥയ്ക്ക് എന്റെ തന്നെ തിരക്കഥ. സംഗീതം രമേശ് നാരായണന്‍. പ്രഭാവര്‍മയ്ക്കും റഫീഖ് അഹമ്മദിനുമൊപ്പം ഗുരുവായൂരിലെ തോട്ടപ്പണിക്കാരനായ പ്രേംദാസ് ഗുരുവായൂരും സിനിമയ്ക്കു വേണ്ടി പാട്ടെഴുതിയിട്ടുണ്ട്. റോഷന്‍ മാത്യു, പ്രയാഗ മാര്‍ട്ടിന്‍, ആശ ശരത്, സെറീന വഹാബ്, രണ്‍ജി പണിക്കര്‍, വി കെ ശ്രീരാമന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ .

(ദേശാഭിമാനി വാരികയില്‍ നിന്ന് )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top