18 October Friday

കംപ്യൂട്ടർ ശകുന്തളയായി വിദ്യ ബാലൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

കണക്കിന്റെ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച അസാമാന്യ പ്രതിഭയായിരുന്ന ശകുന്തളാദേവിയായി വിദ്യാ ബാലൻ.  ശകുന്തളാദേവി എന്ന പേരിൽ ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി. ‘ആകാംക്ഷ നാൾക്കുനാൾ വർധിക്കുകയാണ്, കണക്കിലെ പ്രതിഭാശാലിയെക്കുറിച്ച് കൂടുതൽ അറിയാൻ സമയമായി’ എന്ന അടിക്കുറിപ്പോടെ സിനിമയുടെ ചിത്രീകരണം തുടങ്ങിയെന്ന കുറിപ്പോടെയാണ് വിദ്യ ബാലൻ പോസ്റ്റർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

ചിത്രത്തിനായി മുടി ബോബ് ചെയ്ത വിദ്യ ബാലൻ അടിമുടി മേക്ക് ഓവർ നടത്തിയാണ് എത്തുന്നത്. ‘എല്ലാ രീതിയിലും അസാധാരണ വ്യക്തിയാണ്. മനുഷ്യ കംപ്യൂട്ടറിന്റെ കഥയറിയാം’ എന്ന കുറിപ്പോടെ ശകുന്തളാദേവിയെ പരിചയപ്പെടുത്തുന്ന ടീസറും പുറത്തുവന്നിട്ടുണ്ട്.

അഞ്ചാം വയസ്സിൽ 18 വയസ്സുള്ളവർക്കുള്ള ​ഗണിത ചോദ്യങ്ങൾക്ക്‌ നിമിഷങ്ങൾകൊണ്ട് ഉത്തരം കണ്ടെത്തിയാണ് ശകുന്തളാദേവി ആദ്യമായി ശ്രദ്ധേയയാക്കുന്നത്. കാൽക്കുലേറ്ററിനെക്കാളും വേ​ഗത്തിൽ ഉത്തരങ്ങൾ കണ്ടെത്തുന്നതിനാൽ മനുഷ്യ കംപ്യൂട്ടർ എന്ന വിളിപ്പേരിലാണ് അവർ അറിയപ്പെടുന്നത്. ശകുന്തളാദേവിയായി എത്തുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് വിദ്യ ബാലൻ പറഞ്ഞിരുന്നു.  തന്റെ വ്യക്തിത്വം ഉയർത്തിപ്പിടിച്ച്, ശക്തമായ ഫെമിനിസ്റ്റ് സ്വരമുള്ള ധീരയായി നിലകൊണ്ട് വിജയംനേടിയ സ്ത്രീ എന്നാണ് ശകുന്തളയെക്കുറിച്ച് വിദ്യ ബാലൻ പറഞ്ഞത്.

അനുമേനോൻ ഒരുക്കുന്ന സിനിമയുടെ തിരക്കഥ സംവിധായകയും നയനിക മഹ്താനിയും ചേർന്നാണ് ഒരുക്കുന്നത്. 2012ൽ ലണ്ടൻ‍, പാരീസ്, ന്യൂയോർക്ക് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച അനു മേനോൻ 2016ൽ നസറുദ്ദീൻ ഷാ, കൽക്കി കൊച്ച് ലിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വെയിറ്റിങ് എന്ന സിനിമയും ഒരുക്കിയിരുന്നു. ശകുന്തളാദേവി 2020 വേനൽക്കാലത്ത് തിയറ്ററിലെത്തിക്കും. മിഷൻ മം​ഗൾയാനിൽ  ശാസ്ത്രജ്ഞയായി തിളങ്ങിയ  വിദ്യ ബാലൻ തമിഴിൽ അജിത്തിനൊപ്പം നേർ കൊണ്ട പാർവെ എന്ന ചിത്രത്തിന്റെയും ഭാ​ഗമായിരുന്നു.


പ്രധാന വാർത്തകൾ
 Top