22 May Wednesday

വെളിപാടിന്റെ പുസ്തകം അഥവ 'ലാലിസം'

വെബ് ഡെസ്‌ക്‌Updated: Saturday Sep 2, 2017

ഒരു മോഹന്‍ലാല്‍-ലാല്‍ജോസ് ചിത്രം. 'വെളിപാടിന്റെ പുസ്തകം' പ്രേക്ഷകരെ ആവേശഭരിതരാക്കിയതിന്റെ രസതന്ത്രവും മറ്റൊന്നായിരുന്നില്ല.  മോഹന്‍ലാലിന്റെ പ്രതിഭയും ഹിറ്റുകളുടെ സംവിധായകനുമായ ലാല്‍ ജോസും ഒന്നിക്കുമ്പോള്‍ അതൊരു സ്വാദേറിയ ഓ സദ്യ തന്നെയാകും എന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാല്‍ ഒരു ക്യാമ്പസ് കഥക്കപ്പുറം ആ പ്രതീക്ഷകള്‍ക്ക് പൂര്‍ണ തൃപ്തി പകരാന്‍ ലാല്‍ ജോസിനും തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിനും കഴിഞ്ഞുവെന്നു പറയാനാകില്ല.

കടലോരപ്രദേശമായ ആഴി പൂന്തുറയിലെ ഒരു കോളേജ് ആണ് കഥാപശ്ചാത്തലം. വൈസ്പ്രിന്‍സിപ്പലായ പ്രേംരാജിന്റെ(സലീംകുമാര്‍) ചില സ്വഭാവദൂഷ്യങ്ങള്‍ കാരണം അതേ സ്ഥാനത്തേക്ക് പകരക്കാരനായി എത്തുകയാണ് പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്ന മോഹന്‍ലാല്‍ നായകന്‍ . കഥ അങ്ങനെ ക്യാമ്പസില്‍ തുടക്കമാകുന്നു.

കോളേജില്‍ പുതുതായി ചാര്‍ജ്ജ് ഏറ്റെടുത്ത് വേഗത്തില്‍ത്തന്നെ വിദ്യാര്‍ഥികളുടെ അടുപ്പക്കാരനാകുകയാണ് ഇടിക്കുള. തമ്മില്‍ തല്ലുകാരായ രണ്ട് വിദ്യാര്‍ഥി സംഘങ്ങളെ തന്റെ സാന്നിധ്യംകൊണ്ട്  മര്യാദക്കാരാക്കി മാറ്റുകയാണദ്ദേഹം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം ക്യാമ്പസിലെ സമ്പന്നതയും ദാരിദ്ര്യവും തമ്മിലുള്ള ഏറ്റുമുട്ടലാണ്

  സിനിമയ്ക്കുള്ളിലെ സിനിമ എന്ന വ്യത്യസ്തമായ സമീപനം അഭിനന്ദനാര്‍ഹം. സമ്പന്നമായ താരനിര, പെര്‍ഫെക്ട് എന്നു വിശേഷിപ്പിക്കേണ്ട സാങ്കേതികനിര എന്നിവയാണു സിനിമയുടെ ബലം. എന്നാല്‍ ദുര്‍ബലമായത് ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയാണ്.സ്പാനിഷ് മസാല, ഭയ്യ ഭയ്യ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സൗണ്ട് തോമ,  എന്നിവയാണ് ഇതിനുമുമ്പ് ബെന്നിയുടെ തിരക്കഥകള്‍. അതുവച്ചാണു താരതമ്യമെങ്കില്‍ വെളിപാടിന്റെ പുസ്തകം മികവ് പുലര്‍ത്തുന്നു. പക്ഷേ കുത്തഴിഞ്ഞ, എങ്ങനെയോ തുന്നിക്കെട്ടിയതാണെന്നുമാത്രം.ലാല്‍ജോസിന്റെ മിക്കസിനിമകളെയും പോലെ ഫ്ളാഷ്ബാക്കില്‍നിന്നു തുടങ്ങി വര്‍ത്തമാനത്തിലേക്കും അവിടെനിന്നു ഫ്ളാഷ്ബാക്കിലേക്കും സമാന്തരമായി സഞ്ചരിക്കുന്ന ഒരു ആഖ്യാനരീതിയാണ് വെളിപാടിലേത്. എന്നാല്‍ തുടക്കത്തില്‍ ഇതു സൃഷ്ടിക്കുന്ന കൗതുകം രണ്ടാംപകുതിയില്‍ പലപ്പോഴും വിരസതയിലേക്കു നയിക്കുന്നുണ്ട്.

അപ്പാനി രവിയുടെ(ശരത് കുമാര്‍) ഫ്രാങ്ക്‌ളിന്‍ എന്ന കഥാപാത്രത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ജൂഡ് ആന്റണി, ചെമ്പന്‍ വിനോദ്, പ്രിയങ്ക, അലന്‍സിയര്‍, സിദ്ദിഖ്, ശിവജി ഗുരുവായൂര്‍, അരുണ്‍ കുര്യന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. വെളിപാടിന്റെ പുസ്തകം' 2 മണിക്കൂര്‍ 37 മിനിറ്റും മോഹന്‍ലാലില്‍ മുഴുകുമ്പോള്‍ ചുറ്റും നില്‍ക്കുന്നവര്‍ അപ്രസക്തരോ 'താരത്തെ കണ്ടിരിക്കുന്ന' പ്രേക്ഷകരെ 'ശല്യപ്പെടുത്താത്തവരോ' ആണ്. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top