23 September Monday

ദ്വീപിലെ ക്രൈം സ്‌റ്റോറിയുമായി 'വാരിക്കുഴിയിലെ കൊലപാതകം'; ദേവരാഗത്തിനുശേഷം കീരവാണി മലയാളത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 21, 2019

കൊച്ചി > ഒറ്റപ്പെട്ട ഒരു ദ്വീപിൽ നടക്കുന്ന കൊലപാതകവും തുടർന്നുനടക്കുന്ന അന്വേഷണവും പ്രമേയമാക്കുകയാണ്‌ രജീഷ്‌ മിഥില സംവിധാനം ചെയ്യുന്ന 'വാരിക്കുഴിയിലെ കൊലപാതകം'. വെള്ളിയാഴ്‌ച പുറത്തിറങ്ങുന്ന ചിത്രത്തെപ്പറ്റി വലിയ പ്രതീക്ഷയാണ്‌ രജീഷ്‌ പങ്കുവയ്‌ക്കുന്നത്‌. 2014 ൽ പുറത്തിറങ്ങിയ ലാൽ ബഹദൂർ ശാസ്‌ത്രിയ്‌ക്കുശേഷം രജീഷ്‌ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്‌ വാരിക്കുഴിയിലെ കൊലപാതകം.

പതിവ്‌ ക്രൈം ത്രില്ലറുകളിൽനിന്ന് വ്യത്യസ്‌തമായിരoക്കും ചിത്രമെന്ന്‌ രജീഷ്‌ പറയുന്നു. ഒരു തുരുത്തിലെ കൊലപാതകവും അതിനെ തുടർന്നുള്ള തുരുത്തിലെ പ്രശ്നങ്ങളുമാണു ചിത്രത്തിന്റെ ഇതിവൃത്തം. ഒരു കൊലപാതകം ഒറ്റപ്പെട്ട ഒരു തുരുത്തിനെ എങ്ങനെ ഉറക്കമില്ലാത്തതാക്കുന്നു എന്നുള്ളതാണു ഈ ത്രില്ലർ മൂഡിലുള്ള ചിത്രത്തിന്റെ വിഷയം. അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത്‌ ദ്വീപിലെ പള്ളീലച്ചനാണ്‌ എന്നതുതന്നെ ചിത്രത്തിന്റെ ആകാംഷ ഉയർത്തുന്നു. പള്ളീലച്ചന്റെ വേഷത്തിലെത്തുന്നത്‌ നടൻ അമിത്‌ ചക്കാലക്കലാണ്‌. 40 കുടുംബങ്ങൾ മാത്രം താമസിക്കുന്ന അരയംതുരുത്ത്‌ എന്ന സ്ഥലത്തെ ചുരുക്കം ചില കഥാപാത്രങ്ങളലൂടെയാണ്‌ സിനിമ മുന്നോട്ടുപോകുന്നത്‌. ദീലീഷ്‌ പോത്തനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കള്ളുഷാപ്പ്‌ മുതലാളിയായിട്ടാണ്‌ ദീലീഷ്‌ പോത്തൻ വേഷമിടുന്നത്‌.

രജീഷ്‌ മിഥില

രജീഷ്‌ മിഥില

പരിചിതമായ താരത്തെ നായക കഥാപാത്രമാക്കിയാൽ നേച്ചർ പ്രേക്ഷകർക്ക്‌ മനസ്സിലാകും. അതുകൊണ്ടാണ്‌ അമിതിനെ ആ റോളിലേക്ക്‌ പരിഗണിച്ചത്‌. മുൻധാരണകളില്ലാതെ സിനിമ കാണാൻ ഇത്‌ ഗുണമാകും. അപ്രതീക്ഷീതമായ കാര്യങ്ങൾ സംഭവിക്കുന്ന സിനിമയിൽ പ്രതീക്ഷിക്കാത്ത കാസ്‌റ്റിങ്‌ നടത്തിയതും അതുകൊണ്ടാണ്‌. രജീഷ്‌ പറയുന്നു.

25 വർഷങ്ങൾക്കു ശേഷം പ്രശസ്‌ത തെലുങ്ക്‌ സംഗീതസംവിധാനയകനും ഗായകനുമായ എം എം കീരവാണി മലയാളത്തിൽ ഗാനം ആലപിക്കുന്നു എന്നുള്ളതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സൂര്യമാനസം, നീലഗിരി, ദേവരാഗം എന്നിവയാണു മലയാളത്തിൽ കീരവാണി ഈണമിട്ട പ്രധാന ചിത്രങ്ങള്‍.

കീരവാണി

കീരവാണി

1996 ൽ പുറത്തിറങ്ങിയ ഭരതന്റെ ദേവരാഗമാണ്‌ കീരവാണി അവസാനമായി മലയാളത്തിൽ സംഗീതംചെയ്‌ത സിനിമ. എസ് എസ് രാജമൗലിയെന്ന അനന്തിരവന്റെ ബാഹുബലി, ഈച്ച, മഗധീര തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഈണമിട്ടതും കീരവാണിയാണ്‌.

ചേർത്തലയിലും എറണാകുളത്തുമായാണ്‌ ചിത്രം ഷൂട്ട്‌ ചെയ്‌തിരിക്കുന്നത്‌.



'വാരിക്കുഴിയിലെ കൊലപാതകം' വെള്ളിയാഴ്‌ച തിയേറ്ററുകളിലെത്തും. ടേക്ക്‌ വൺ എന്റർട്ടെയിന്മെന്റ്സിന്റെ ബാനറിൽ ഷിബു ദേവദത്തും സുജീഷ്‌ കോലോത്തൊടിയുമാണു ചിത്രം നിർമ്മിച്ചിരിക്കുന്നത്‌. യുവതാരം അമിത്‌ ചക്കാലക്കൽ നായകനാകുന്ന ചിത്രത്തിൽ ദിലീഷ്‌ പോത്തനും ലാലും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌. നെടുമുടി വേണു, ലെന, അഞ്ജലി നായർ, ഷമ്മി തിലകൻ, നന്ദു എന്നിവരും ചിത്രത്തിലുണ്ട്‌. ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്‌ മെജോ ജോസഫാണു.

രജീഷ്‌ മിഥില 'ദി ഹിന്ദു' വിന്‌ നൽകിയ അഭിമുഖം


പ്രധാന വാർത്തകൾ
 Top