23 October Friday

ശീർഷകമുണ്ട്;കാലം...ഓർമ്മപ്പെടുത്തലുമായി ഒരു കുഞ്ഞു സിനിമ

ജനുUpdated: Wednesday Sep 23, 2020

ഉത്തരേന്ത്യൻ നഗരങ്ങളിൽ കണ്ട അഭയാർത്ഥി പ്രവാഹം, പട്ടിണി എല്ലാം മറന്നു, പടർന്നു പിടിക്കുന്ന മഹാമാരിയെ മറന്നു. പകരം അയോധ്യയിലെ മന്ദിർ മുഖ്യവിഷയമായി. മറ്റു പലതും. എന്നാൽ ഇതൊന്നും മറക്കാനുള്ളതല്ല എന്ന ഓർമ്മപ്പെടുത്തലുമായി ഒരു കുഞ്ഞു സിനിമ യു ട്യൂബിൽ എത്തിയിട്ടുണ്ട്...ജനു എഴുതുന്നു.

കോവിഡ് മഹാമാരി ലോകം മുഴുവനായി പടരുന്നുണ്ട്. അത് ഓരോ രാജ്യത്തിൻ്റെയും സാമൂഹ്യ സാമ്പത്തിക മേഖലകളിൽ ഉണ്ടാക്കുന്നത് സർവ്വതലസ്പർശിയായ പ്രശ്നങ്ങളാണ്. ഇന്ത്യയ്ക്കും അതിൽ നിന്ന് രക്ഷപ്പെടാൻ പറ്റില്ല. കൊറോണയ്ക്ക് മുമ്പുണ്ടായിരുന്ന ലോകത്തുനിന്ന് തുലോം വിഭിന്നമായ ഒരിന്ത്യയിലേക്കാണ് നമ്മൾ പൊയ്ക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയിൽ കോവിഡ്  വ്യാപനം തുടങ്ങിയപ്പോൾ നടപ്പാക്കിയ ലോക്ഡൗൺ ലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികളെയാണ് അഭയാർത്ഥികളാക്കി മാറ്റിയത്. സ്വാതന്ത്ര്യാനന്തരം, രാഷ്ട്രവിഭജനകാലത്ത് കണ്ട അതേ തോതിലുള്ള അഭയാർത്ഥി പ്രവാഹമാണ് ലോക്ഡൗൺ സൃഷ്ടിച്ചത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രവാസി- ദിവസവേതന തൊഴിലാളികൾ സ്വന്തം നാടുകൾ പിടിക്കാൻ തിടുക്കം കൂട്ടി. എന്നാൽ മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച അടച്ചുപൂട്ടൽ ജീവൻ വാരിപ്പിടിച്ചുള്ള ആ മടക്കം ദുരിതപൂർണമാക്കി. വാഹനമില്ല. ഭക്ഷണമില്ല. മഹാമാരിയെ ചെറുക്കാൻ ആവശ്യമായ മുൻകരുതലുകളില്ല. ആയിരക്കണക്കിനു മൈലുകൾ നടന്നു പോകാൻ തീർച്ചയാക്കി പുറപ്പെട്ടവരിൽ എത്ര പേർക്ക് ജീവൻ പോയിട്ടുണ്ടാവും? ഭരണകൂടം കാണാൻ കൂട്ടാക്കാത്തതായിരുന്നു, ദിവസ വേതനക്കാരുടെയും ദുർബല വിഭാഗങ്ങളുടെയും അടച്ചുപൂട്ടൽ കാലത്തെ ജീവിത പ്രതിസന്ധികൾ. സ്വാതന്ത്ര്യം കിട്ടിയിട്ട് 73 വർഷം പൂർത്തിയാക്കുന്ന നമ്മുടെ രാജ്യത്തിൻ്റെ ഈ ദുരവസ്ഥയെപ്പോലൊന്ന് ഇതര രാജ്യങ്ങളിൽ ഉണ്ടാവാൻ ഇടയില്ല.

മഹാമാരി പടർത്തിയത് ഇസ്ലാം മതസ്ഥരാണ് എന്ന പ്രചരണവും ഒപ്പം വന്നു. ആ വിഭാഗത്തിൽപ്പെട്ട മനുഷ്യരെ അന്യവൽക്കരിക്കാനും മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനും ശ്രമം നടന്നു. അത് ഇപ്പോഴും തുടരുന്നു. ഇതിൻ്റെയെല്ലാം ഫലശ്രുതി എന്താവുമെന്ന് നാം കാണാനിരിക്കുന്നതേയുള്ളു.

പക്ഷേ, സൗകര്യം പോലെ നമ്മൾ ഇതു മറന്നു. ഉത്തരേന്ത്യൻ നഗരങ്ങളിൽ കണ്ട അഭയാർത്ഥി പ്രവാഹം, പട്ടിണി എല്ലാം മറന്നു, പടർന്നു പിടിക്കുന്ന മഹാമാരിയെ മറന്നു. പകരം അയോധ്യയിലെ മന്ദിർ മുഖ്യവിഷയമായി. മറ്റു പലതും.

എന്നാൽ ഇതൊന്നും മറക്കാനുള്ളതല്ല എന്ന ഓർമ്മപ്പെടുത്തലുമായി ഒരു കുഞ്ഞു സിനിമ ആഗസ്റ്റ് 15 ന് യു ട്യൂബിൽ എത്തിയിട്ടുണ്ട്. 8 മിനിറ്റു മാത്രം ദൈർഘ്യമുള്ള Untitled എന്ന ഹിന്ദി ചിത്രം. മലയാളിയായ അക്ഷയ് ശശീന്ദ്രനാണ് സംവിധായകൻ. അദ്ദേഹത്തിൻ്റെ ആദ്യ ചിത്രം ‘ബലി’ നിരവധി പുരസ്ക്കാരങ്ങൾ നേടിയ സിനിമയാണ്.

തുടക്കത്തിൽ പറഞ്ഞ പ്രവാസി തൊഴിലാളികളുടെ ദുരന്തവും വർഗീയ വിപത്തും ശക്തമായി ഒരു ഹൈക്കു കവിതയിൽ എന്നപോലെ അക്ഷയ് ഈ ശീർഷകമില്ലായ്മയിൽ അടയാളപ്പെടുത്തുന്നുണ്ട്.

ലോക്ഡൗണിനെ തുടർന്ന് സ്വദേശത്തേക്ക് റയിൽപാളത്തിലൂടെ നടന്നുപോവുന്ന ഒരു തൊഴിലാളി. അയാൾ തിരിച്ചുപോവുന്നത് മകൾക്ക് സുഖമില്ലാത്തതിനാലാണ്. സുഖമില്ലാത്ത കുട്ടിയും നിസ്സഹായയായ ഭാര്യയും. കുട്ടിയെ അമ്മ  ആശുപത്രിയിൽ കൊണ്ടു പോയാൽ പോരെ? എളുപ്പമല്ല. ഭാര്യയുടെ ഫോൺ വിളിയിൽ തന്നെ കാരണമുണ്ട്. മതം നിമിത്തം ഒറ്റപ്പെടുന്നത്... വൈറസ് പരത്തുന്നവർ എന്ന ആക്ഷേപം കേൾക്കുന്നത്…  ഈ നാട് നമ്മുടെതല്ല എന്നാണ് അവർ പറയുന്നത്. അശുഭചിന്ത ഉപേക്ഷിക്കൂ എന്നയാൾ ഭാര്യയെ സമാധാനിപ്പിച്ചു.  പക്ഷേ, സമാധാനക്കേടിൻ്റെ തിളനിലയിൽ അയാൾ പുലമ്പുകയാണ്. മേം ആവൂം ഗാ ... ഞാനെത്തിപ്പോയി…

ഒരിക്കൽ, നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകൂ എന്ന ഭീഷണി നേരിട്ടത് അയാളുടെ ഓർമ്മയിലുണ്ട്. ഗ്രാമം ഉപേക്ഷിച്ചു മറ്റൊരു ഇടം തേടി പോയതും. അതാണ് മടക്കയാത്രയുടെ പ്രേരണ. അതാണ് അയാളെ തിടുക്കപ്പെടുത്തുന്നത്. പക്ഷേ…

ഒരു വലിയ പ്രമേയം ഒരു ചിമിഴിൽ ഒതുക്കേണ്ടി വരുമ്പോൾ സൃഷ്ടാവിന് ഒത്തിരി കരുതൽ വേണം. ആ കരുതൽ അക്ഷയ് തിരക്കഥയിൽ തന്നെ ആരംഭിക്കുന്നു. സാന്ദ്രവും ശക്തവും. അതാണ് തിരക്കഥ.

പ്രമേയ സൂചന വോയ്സ് ഓവറായി തുടക്കത്തിൽ തരുന്നു. പൂരകമായി അവശനായി റയിൽവേ ട്രാക്കിലെ മനുഷ്യനും. അയാളുടെ സ്വത്വം, ദുരിതം എല്ലാം ഒറ്റ സീനിൽ. റയിൽപാളത്തിൽ തളർന്നിരിക്കെ ഭാര്യ വിളിക്കുന്നുണ്ട്. നിങ്ങളെവിടെ? വന്നുകൊണ്ടിരിക്കുന്നു. നടന്നാണ് വരുന്നത് എന്നറിയുമ്പോൾ

അതു വേണ്ട എന്നവൾ. നമ്മൾ ജീവിതകാലം മുഴുവൻ ഇങ്ങനെ നടക്കുകയായിരുന്നില്ലേ എന്നയാൾ. അടുത്ത സീനിൽ അയാൾ  നടന്നു പൊട്ടിയ കാലിനു തുണി ചുറ്റുകയാണ്. കാലങ്ങളായി നടന്നു മുറിഞ്ഞ പാദങ്ങൾ… സീൻ കട്ടുചെയ്യുന്നത് വർഗീയ വാദികൾ അയാളെയും കുടുംബത്തേയും ഗ്രാമത്തിൽ നിന്നോടിക്കുന്ന രാത്രിയുടെ ഓർമ്മയിലേക്ക്. പിന്നെ പാളങ്ങൾ. യാനം. മകൾ ചോദിക്കുന്നു, പുതിയ ഗ്രാമം നമ്മളെ പുറത്താക്കില്ല എന്നതിന് എന്താണുറപ്പ്? ഉത്തരമില്ല. ഓർമ്മയിൽ നിന്ന് പൊളളുന്ന പാളങ്ങളിലേക്ക്.. അയാൾ യാത്ര തുടരുന്നത് വിഭ്രാന്തമായ യാഥാർത്ഥ്യത്തിലേക്കാണ്. മരീചികപോലെ അകലെ പാളത്തിൽ ഭാര്യ, മകൾ.. കാലുറപ്പിക്കാൻ പറ്റാത്ത ഇന്നിന്റെ ദുരന്തപാതകളിലൂടെ.. നിറകണ്ണുകളോടെ… നനഞ്ഞ കിനാവുകളോടെ.. ആരെയൊക്കെ യോ പിന്നിലുപേക്ഷിച്ച്… അയാളുടെ യാത്ര… തളർന്നു വീഴാനുളള യാത്ര..

പ്രവാസികൾ പലരും നാട്ടിലേക്ക് നടന്നത് റയിൽ ട്രാക്കിലൂടെയാണ്. വിഭജനകാലത്തെ തീവണ്ടിയുടെ ഉളളിലും പുറത്തും അതിർത്തി കടക്കുന്ന അഭയാർത്ഥികളുടെ ചിത്രങ്ങൾ പരിചിതമാണ് നമുക്ക്. തീവണ്ടിപ്പാത ഒരേസമയം രാഷ്ട്രത്തിന്റെ സിരാവ്യൂഹവും പലായനങ്ങളുടെ പ്രതീകവുമാണ്. Untitled സിനിമയുടെ അരങ്ങ് പാളങ്ങളാണ്. നീണ്ടുപോകുന്ന കൂട്ടിമുട്ടാത്ത പാളങ്ങൾ. അത് വെയിലിൽ വെന്തെരിയുന്നുണ്ട്. എങ്കിലും അഭയാർത്ഥിക്ക് ആശ്രയിക്കാനുളള രക്ഷാപഴുത് പാളങ്ങൾ തന്നെ. തളർന്നിരിക്കെ പാളത്തിൽ ആശ്രയമെന്നോണം കൈകൊണ്ട് നായകൻ മുറുകെ പിടിക്കുന്ന ഒരു ഷോട്ട് നമുക്ക് തരുന്നുണ്ട് സംവിധായകൻ. ഗ്രാമത്തിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട് പാളത്തിൽ നിസ്സഹായനായി നില്കുന്ന സീനിലേക്ക് അലറിവിളിച്ച് തീവണ്ടി വരുന്നു. കഥാപാത്രം ഓർമ്മയിൽ നിന്ന് ഉണരുന്നതിൽ അതവസാനിക്കുകയും ചെയ്യുന്നു. കയ്യടക്കമുളള സംവിധായകനെയും എഡിറ്ററെയും ഇവിടെ കാണാം.

മുഖ്യ കഥാപാത്രത്തിന്റെ ഉള്ളെരിയുന്ന നീറ്റലാണ് സിനിമ.  കാഴ്ചക്കാരെ  പൊളളിക്കുന്ന സിനിമയുടെ  വികാരം അതാണ്.  അതിന് ദൃശ്യപരമായ പൂർണത ഛായാകാരൻ സനൽ സുധാകരൻ നല്കിയിട്ടുണ്ട്.  നിസ്കാരസമയത്ത് വരുന്ന അശുഭവാർത്തയുടെ സന്ദിഗ്ദത നിഴലിന്റേയും വെളിച്ചത്തിന്റേയും മിശ്രണത്തിലാണ് പകർത്തുന്നത്. സംഘികൾ ഭീഷണി മുഴക്കുന്ന ഗ്രാമത്തിലെ രാത്രിദൃശ്യത്തിന് നല്കിയ കാവി നിറം അതിന്റെ ഭീകരതയ്ക് കൃത്യമായ മാനവും നൽകുന്നു.

ശബ്ദപഥം ഗംഭീരമായ സിനിമയാണിത്. ചെറിയ സിനിമയ്ക് ചേരുന്ന ഉചിത സംഭാഷണങ്ങൾ. എന്നാൽ ഏതു നല്ല ഹ്രസ്വ ചിത്രത്തിലും എന്ന പൊലെ  Untitled  സിനിമയിലും മൂഡ് സൃഷ്ടിക്കുന്നത്, നിലനിർത്തുന്നത് അതിനു ലഭിച്ച സംഗീതമാണ്.  സിനിമയുടെ വൈകാരികതലം ഉയരുന്നതിനൊപ്പം പിന്നണിയിൽ സംഗീതത്തിന്റെ തീവ്രചേരുവകൾ ഒന്നിക്കുന്നു. പലതരം സംഗീതോപകരണങ്ങളുടെയും വായ്ത്താരികളുടേയും ഒരു സിംഫണിയാണ്  ആദി പശ്ചാത്തലമാക്കുന്നത്. അവസാനദൃശ്യത്തിൽ വരുന്ന ഗാനം സിനിമയെ വരികളിൽ അടയാളപ്പെടുത്തുന്നുണ്ട്.

മുഖ്യ കഥാപാത്രമായി അഭിനയിച്ചത് സുന്ദരൻ രാമനാട്ടുകരയാണ്.  സത്യ, ഹയ എന്നിവർ സഹ അഭിനേതാക്കളും. മൂവരും നന്നായി എന്നു പറയുമ്പോഴും ഈ ഹിന്ദി സിനിമയിൽ അവർ മലയാളികളാണ്. കഥാപാത്രങ്ങളുടെ ശരീരഭാഷയിലും സംഭാഷണം പറയുന്നരീതിയിലും ദൃശ്യപരിസരങ്ങളിലും  സിനിമ ഹിന്ദിഭൂമികയെ തൊടുന്നില്ല. പോരായ്മയാണ്. അടച്ചുപൂട്ടൽ കാലത്തെ സിനിമയല്ലേ, ക്ഷമിക്കാം.

അനിശ്ചിതത്വം, സ്വത്വനിരാകരണം, സാമൂഹിക ഭ്രഷ്ട്, മരണഭീതി… ഇന്ത്യയിലെ മുസ്ലീം ജനതയുടെ വർത്തമാനമാണത്. അതിനെ തീവ്രമായ ഒരു അനുഭവമാക്കി അടയാളപ്പെടുത്തുകയാണ് Untitled.

( Untitled ന് പോർട്ട്ബ്ലെയർ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ സ്‌പെഷ്യൽ ജൂറി അവാർഡ് ലഭിച്ചിരുന്നു )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top