05 July Sunday

അത്യുന്നതങ്ങളിൽ പാസ്‌റ്റർ ജോഷ്വ കാൾട്ടൻ; "ട്രാൻസ്‌' വിളയാട്ടം - റിവ്യൂ

ഡി കെ അഭിജിത്ത്‌Updated: Thursday Feb 20, 2020

ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് അന്‍വര്‍ റഷീദ് ഒരു സിനിമയുമായി എത്തുന്നത്. രാജമാണിക്യം മുതല്‍ ഉസ്താദ് ഹോട്ടല്‍വരെ തൊട്ടതെല്ലാം സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങള്‍. ഇത്രയധികം രഹസ്യമായി കഥയും സന്ദര്‍ഭങ്ങളും സൂക്ഷിച്ചൊരു സിനിമ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. പിടിതരാത്ത ടീസറും ഫഹദിന്റെയും നസ്രിയയുടെയും ഗൗതം മേനോന്റേയും പോസ്റ്ററുകളും മാത്രമാണ് പുറത്തുവിട്ടിരുന്നത്. അന്‍വര്‍ റഷീദ് രണ്ട് വര്‍ഷമായി സൂക്ഷിച്ചുവച്ച ദുരൂഹത അതേപോലെ നിറഞ്ഞുനില്‍ക്കുന്ന സിനിമയാണ് 'ട്രാന്‍സ്'. കാണുന്നവര്‍ക്ക് കഥയോ സന്ദര്‍ഭങ്ങളോ പൂര്‍ണമായി വിശദീകരിക്കാന്‍ സാധിക്കില്ല. നേരെ കഥപറയുന്ന രീതിയില്‍നിന്നും വിട്ട് ഫാന്റസിയുടെ ഒഴുക്കിലാണ് ട്രാന്‍സ്. തൂവല്‍പോലെ പറന്നുനടക്കുന്ന ഫീലില്‍ മനോഹരമായി അത് പൂര്‍ത്തിയാക്കിയിട്ടുണ്ട്.ഫഹദ് ഫാസിലിന്റെ അഭിനയമികവാണ് സിനിമയുടെ എല്ലാം. വളരെ സാധാരണമായിപ്പോകാവുന്ന ഒരു കഥാപാത്രത്തെ സൂക്ഷ്മമായ നിരീക്ഷണംകൊണ്ടും സമര്‍പ്പണംകൊണ്ടും പ്രതീക്ഷിക്കാത്ത തലത്തിലേക്ക് കൊണ്ടുപോകുന്നുണ്ട് ഫഹദിന്റെ പ്രകടനം. മഹേഷിന്റെ പ്രതികാരത്തിലും തൊണ്ടിമുതലിലുമെല്ലാം കഥാപാത്രത്തിന്റെ സവിശേഷതകള്‍ ഫഹദ് പ്രതിഫലിപ്പിക്കുന്നത് ആഴത്തിലുള്ള പഠനംകൊണ്ടാണ്. ട്രാന്‍സിലെ ഇമോഷണല്‍ ഇന്‍ബാലന്‍സിലുള്ള വിജുവിന്റെ കഥാപാത്രവും അത്തരത്തിലാണ് ഫഹദ് അവതരിപ്പിക്കുന്നത്.

അടിമുടി ഫഹദ് ഫാസില്‍ ഷോ ആണ് ട്രാന്‍സ്. ആരാധകരുടെ ഭാഷയില്‍ പറഞ്ഞാല്‍ പൂണ്ടു വിളയാടിയിരിക്കുകയാണ് ഫഹദ്. ഒരു സാധരണ മോട്ടിവേഷണല്‍ സ്പീക്കറില്‍നിന്ന് ജോഷ്വ കാള്‍ട്ടണ്‍ എന്ന 'മതപ്രവാചകനി'ലേക്കുള്ള വിജു പ്രസാദ് എന്ന യുവാവിന്റെ പരിണാമമാണ് ചിത്രം പറയുന്നത്.പ്രസക്തമായ ഒരു പ്രമേയം, ഇതുവരെ തമാശ മാത്രമായി സമൂഹമാധ്യമങ്ങളിലടക്കം കണ്ടുവരുന്ന വിഷയമാണ് ട്രാന്‍സ് ഡീല്‍ ചെയ്യുന്നത്. അതിന് അന്താരാഷ്ട്ര തലത്തില്‍ വളരെ പ്രാധാന്യമുണ്ട്. മതത്തിന്റെ വിപണന സാധ്യതകളെ ഏറ്റവും സമര്‍ത്ഥമായി പരീക്ഷിച്ച് വിജയിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതിന് പിറകിലെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളും അതിന്റെ പ്രധാനിയാകാന്‍ കണ്ടെത്തുന്ന ആളുകളുടെ മാനസികനിലയും ഗൗരവമായിത്തന്നെ സിനിമ ചര്‍ച്ചയ്ക്ക് വക്കുന്നുണ്ട്. കേരളത്തിലും ലോകത്ത് പലയിടങ്ങളിലും സംഭവിക്കുന്ന കഥയാണ് ട്രാന്‍സില്‍ കാണാന്‍ കഴിയുക.

വിജു പ്രസാദില്‍ നിന്നും വിജു പ്രസാദിലേക്കുള്ള വഴിയിലെ ജോഷ്വാ കാള്‍ട്ടനിലാണ് ഫഹദിലെ നടന വിസ്മയം അനാവരണം ചെയ്യപ്പെടുന്നത്. ഒരു മോട്ടിവേഷന്‍ സ്പീക്കര്‍ ആണെന്ന സൂചന മുന്‍പ് ഇറങ്ങിയ പാട്ടില്‍ നിന്നും ഏകദേശ ധാരണ ലഭിച്ചിരുന്നു. എന്നാല്‍ അവിടുന്നുള്ള ട്രാന്‍സ്‌ഫോമേഷന്‍ തീര്‍ത്തും ജീവിതത്തിലെ അസന്തുലിതമായ മാനസീക നിലയില്‍ നിന്നും സംഭവിക്കുന്നതാണ്. ഏകാന്തത വഴിതെളിച്ച വിഷാദത്തില്‍ നിന്നും കര കയറാനുള്ള വിജുവിന്റെ പിടിവള്ളിയാണ് ജോഷ്വാ കാള്‍ട്ടണ്‍. എന്നാല്‍ തനിക്ക് ലഭിച്ച അവസരത്തെ ഉപയോഗിക്കുനന്തോടു കൂടി ജോഷ്വാ പ്രതിനായകരുടെ കണ്ണില്‍ കരടെന്ന കണക്കെയാകുന്നു.ഇന്ന് ഏറ്റവും മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന മതം, അതേതുമാകട്ടെ അതിന്റെ മറുവശത്ത് സംഭവിക്കുന്ന കോര്‍പ്പറേറ്റ് കളികളിലേക്ക് ചിത്രം വിരല്‍ ചൂണ്ടുന്നു. അമിത വിശ്വാസത്തിന്റെ പടുക്കുഴിയില്‍ വീണ് സ്വബോധത്തെ അടിയറവ് വെക്കുന്ന വിശ്വാസി സമൂഹത്തെ കഴുതകള്‍ എന്ന് തിരക്കഥയില്‍ വിശേഷിപ്പിക്കപ്പെടുമ്പോള്‍ അതെത്രത്തോളം അവരില്‍ ചേര്‍ന്നു നില്‍ക്കുന്നുവെന്നതിലേക്ക് കണ്ണ് തുറപ്പിക്കുന്നു ട്രാന്‍സ്.

ട്രാന്‍സ് എന്ന വാക്കിനോട് ഒരു പടി മുകളില്‍ നിന്നുകൊണ്ടാണ് ചിത്രം നീതി പുലര്‍ത്തുന്നത്. കണ്ട് കഴിഞ്ഞിറങ്ങുമ്പോഴും കൂടെ പോരുന്നു, കഥാപാത്രങ്ങളാണോ എന്ന് ചിന്തിച്ചാല്‍ അല്ല എന്നാല്‍ കഥാപാത്രങ്ങളെ ട്രീറ്റ് ചെയ്തിരിക്കുന്ന രീതിയും മറ്റും ഉണ്ടാക്കി വക്കുന്ന ഇമ്പാക്റ്റ് ഒരു അബോധാവസ്ത തന്നെയാണ്. അതില്‍ ചിത്രത്തിന്റെ ട്ടോണും പശ്ചാത്തല സംഗീതവും വഹിക്കുന്ന പങ്ക് ചെറുതല്ല. ഓരോന്നിന്റേയും അഭാവത്തില്‍ ട്രാന്‍സ് തന്നെയില്ല എന്നു വേണം പറയാന്‍. ഒരു പ്രത്യേക പേസിലാണ് ചിത്രത്തിന്റെ ഒഴുക്ക്. രണ്ടാം പകുതിയിലെ ലാഗ് മാറ്റി വച്ചാല്‍ തെറ്റു കൂറ്റങ്ങള്‍ കണ്ടു പിടിക്കാന്‍ പ്രയാസമാണ്. എന്നാല്‍ അങ്ങിനെയൊരു വേഗം കുറഞ്ഞ ഒഴുക്ക് കഥ ആവശ്യപ്പെടുന്നു എന്നു തന്നെയാണ് കാണാന്‍ കഴിയുക.

ഇതില്‍ നസ്രിയയുടെ കഥാപാത്രത്തെ വളരെ ആശ്ചര്യത്തോടെയാണ് പോസ്റ്റര്‍ ഇറങ്ങിയതു തൊട്ട് ഏവരും കാത്തിരുന്നത്. തന്റെ കഥാപാത്രത്തിന് സ്‌പേസ് കുറവെങ്കിലും ശരാശരിയിലും മുകളിലുള്ള പെര്‍ഫോമന്‍സ് കാഴ്ച്ചവെക്കാന്‍ നസ്രിയക്ക് കഴിഞ്ഞു. ചിത്രത്തിനായുള്ള താരത്തിന്റെ ഔട്ട് ലുക്കില്‍ വരുത്തിയ മാറ്റം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നെങ്കിലും പോസ്റ്റര്‍ റിലീസിന് ശേഷമാണ് ചിത്രത്തിനായുള്ള വേഷപ്പകര്‍ച്ചയാണെന്നതില്‍ വ്യക്തത വരുന്നത്. അത് കൂടെ ചേര്‍ത്ത് വയ്‌ക്കുമ്പോള്‍ ഓഷോയുടെ ജീവിത കഥയുടെ ചലചിത്രാവിഷ്‌ക്കാരമാണോ എന്ന സംശയം സാധൂകരിക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലെ പല പോസ്റ്റുകളും സൂചിപ്പിച്ചിരുന്നത്.വിന്‍സന്റ് വടക്കനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമല്‍ നീരദിന്റെ ഛായാഗ്രഹണവും സുഷിന്‍ ശ്യാം ജാക്‌സണ്‍ വിജയ് എന്നിവര്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ഒഴുക്കിനൊപ്പം പ്രേക്ഷകനെ  കൊണ്ടുപോകുന്നു.

സമൂഹത്തില്‍ പടര്‍ന്നു പന്തലിച്ച ഭക്തിവ്യവസായത്തിന് പുറകിലെ കള്ളക്കളികളെ തുറന്ന് കാണിക്കാനുള്ള അന്‍വര്‍ റഷീദിന്റെ ശ്രമങ്ങള്‍ക്ക് കയ്യടി നല്‍കിയേ തീരൂ. തീയറ്റർ കാഴ്‌ച നിർബന്ധമായും ആവശ്യപ്പെടുന്ന ചിത്രമാണ്‌ ട്രാൻസ്‌. ഓഡിയോ, വിഷ്യൽ നിലവാരം അതാവശ്യപ്പെടുന്നുണ്ട്‌. മറ്റൊരു വാക്ക്‌, ഇത്‌ മലയാള സിനിമയിലെ പുതിയ ചുവടുവയ്‌പാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top