21 March Thursday

മതമല്ല മനുഷ്യത്വമാണ് വലുത്

വെബ് ഡെസ്‌ക്‌Updated: Sunday Jan 6, 2019

മതവും രാഷ്ട്രീയവും ഏതായാലും മനുഷ്യത്വമാണ് വലുതെന്നും അത് കൈവിടരുതെന്നും നടൻ ടൊവിനോ തോമസ്. കൊല്ലത്ത് സംസ്ഥാന യുവജന കമീഷന്റെ യൂത്ത് ഐക്കൺ അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ നമ്മളിലേക്കുതന്നെ നോക്കണം. നമ്മുടെ ഉള്ളിൽ നന്മകൾ ഏറെയുണ്ട്. അത് പ്രകടിപ്പിക്കുകയാണ് വേണ്ടത്. ഇന്ന് നാട്ടിൽ നടക്കുന്ന എല്ലാ അസ്വാരസ്യങ്ങൾക്കും മരുന്ന് സ്നേഹമാണ്. എനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമില്ല. എന്നാൽ,  തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാണിക്കുന്നതിന് മടിയില്ല. എന്റെ സിനിമ കണ്ടാലും ഇല്ലെങ്കിലും ഞാനത് പറയും. എന്റെ സ്വാതന്ത്ര്യം ആർക്കും അടിയറവച്ചിട്ടില്ല.

ഒരു മതവും പറഞ്ഞിട്ടല്ല പ്രളയകാലത്ത് മലയാളികൾ ഒന്നിച്ചുപ്രവർത്തിച്ചത്. എല്ലാത്തിനും മീതെയാണ് സ്നേഹവും മനുഷ്യത്വവും. നാം ഇന്ന് പ്രകൃതിയിൽനിന്ന് അകന്നുപോയി. ശാസ്ത്ര പുരോഗതി ഉണ്ടായി. എന്നാൽ, പ്രകൃതിയെ സംരക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായോ എന്ന് ഓരോരുത്തരും വിലയിരുത്തണം.

സേവ് ആലപ്പാട് എന്ന സന്ദേശം ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഇവിടെ സംഭവിച്ചത് പ്രകൃതി ദുരന്തമാണോ മറ്റെന്തെങ്കിലുമാണോ എന്നറിയില്ല. ജീവിതവും ജീവിക്കുന്ന നാടുമാണ് സിനിമയേക്കാൾ വലുതെന്നും ടൊവിനോ ചൂണ്ടിക്കാട്ടി യുവ തലമുറയിലെ ശ്രദ്ധേയനായ നടനായിരിക്കുമ്പോഴും തന്റെ നിലപാടുകൾ തുറന്നുപറയാൻ മടികാണിക്കാത്ത താരമാണ് ടോവിനോ. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ താരത്തിന്റെ ഇടപെടലുകൾ പൊതുസമൂഹത്തിന്റെ കൈയടിനേടി. 

കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു ടോവിനോയുടെ വളർച്ച. കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലെ പുതുമയാണ് താരത്തെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. പോയവർഷം ഒരുപിടി നല്ല ചിത്രങ്ങൾ താരത്തിന്റേതായി  പുറത്തിറങ്ങി. മായാനദി,ഗോദ, ഒരു കുപ്രസിദ്ധ പയ്യൻ, തീവണ്ടീ എന്നീ ചിത്രങ്ങൾ ഏറെ ആരാധക പ്രശംസയും പിടിച്ചുപറ്റി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top