18 September Wednesday

തളരരുത്‌; ഒപ്പമുണ്ട്‌ ; സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുണയുമായി താരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

കഴിഞ്ഞ പ്രളയത്തിൽനിന്ന്‌  കരകയറാൻ മലയാളികൾക്കൊപ്പം ഒരുമിച്ചുനിന്ന മലയാള സിനിമാതാരങ്ങളും  പ്രവർത്തകരും  ഇക്കുറിയും സജീവമായി. ടൊവിനോ തോമസ്‌, ദുൽഖർ സൽമാൻ, നിവിൻ പോളി, ജൂഡ്‌ ആന്റണി എന്നിവരാണ്‌ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുണയുമായി എത്തിയത്‌.

താൽക്കാലികമായി സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറുക. വൈദ്യസഹായം, ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കാൻ ഈ സാഹചര്യത്തിൽ ഏറ്റവും എളുപ്പം ക്യാമ്പുകളിലാണ്. ജീവനാണ് ഏറ്റവും പ്രധാനം! ടൊവിനോ വെള്ളിയാഴ്‌ച കുറിച്ചതാണ്‌ ഈ സന്ദേശം. അതോടൊപ്പം രക്ഷാദൗത്യത്തിൽ സർക്കാരിനൊപ്പം പങ്കാളിയാകാൻ എൻജിഒയിൽ അംഗമാകുന്നതിനുള്ള ലിങ്കും കൺട്രോൾ റൂമുകളുടെ നമ്പരുകളും അദ്ദേഹം ഷെയർ ചെയ്‌തിട്ടുണ്ട്‌.

ക്യാമ്പുകളിലേക്ക്‌ ആവശ്യമായ സാധനങ്ങൾ എത്തിക്കാനും മുന്നറിയിപ്പ്‌ സന്ദേശങ്ങളുമായി നിവിൻ പോളിയും ഫെയ്‌സ്‌ബുക്ക്‌ പേജിൽ സജീവമായി. ദുൽഖർ സൽമാനാകട്ടെ രക്ഷപ്പെടുമ്പോൾ വളർത്തുമൃഗങ്ങളെക്കൂടി കൂട്ടത്തിൽ ചേർക്കണമെന്നും അവരെ കൈയൊഴിയരുതേ എന്നുമുള്ള സന്ദേശം പങ്കുവച്ചു. രക്ഷിക്കാനാകുന്നില്ലെങ്കിൽ അവയുടെ കെട്ട്‌ അഴിച്ചുവിടണമെന്നും ദുൽഖർ അഭ്യർഥിച്ചു. 

കഴിഞ്ഞ തവണത്തേതുപോലെ ഇക്കുറിയും സജീവമാണ്‌ ആഷിഖ്‌ അബു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള  മുന്നറിയിപ്പ്‌ സന്ദേശം ഷെയർചെയ്‌തും ഫോൺ നമ്പരുകൾ നൽകിയും അദ്ദേഹം രംഗത്തിറങ്ങിയിട്ടുണ്ട്‌.

കഴിഞ്ഞ വർഷത്തെ പ്രളയചിത്രമല്ല, ഈ വർഷത്തെ ചിത്രംതന്നെയാണ്‌ എന്നു പറഞ്ഞുകൊണ്ടാണ്‌ സംവിധായകൻ ജൂഡ്‌ ആന്റണി സന്ദേശം കുറിച്ചത്‌. വീട്ടിലെ പരമാവധി സാധനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക്‌ മാറ്റി ഏത്‌ സമയത്തും വീടൊഴിയാൻ തയ്യാറായിരിക്കണം. കഴിഞ്ഞവർഷത്തെ പ്രളയം ആവർത്തിക്കാതിരിക്കട്ടെ എന്നൊരാശംസയും അദ്ദേഹം നേരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top