05 April Sunday

എവിടെ ബോളിവുഡ് മസിലന്‍മാര്‍? തനുശ്രീ ദത്ത ചോദിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jan 10, 2020

ജെഎൻയുവിലെ കാടത്തത്തിനെതിരെ ബഹിഷ്‌കരണ ഭീതിയില്ലാതെ ബോളിവുഡ് നായികമാർ രംഗത്തുവരുമ്പോൾ, അതിസാഹസികരായ ആൺതാരങ്ങൾ എവിടെ-? ചോദിക്കുന്നത് ഇന്ത്യയിൽ മീടു പ്രസ്ഥാനത്തിന്റെ തുടക്കക്കാരിലൊരാളായ മുൻ നായിക തനുശ്രീ ദത്ത. "ബോളിവുഡിലെ ആണുങ്ങൾക്ക് നടിമാർക്കും ചെറുപ്പക്കാർക്കും എതിരെ കുതിരകയറാൻ മാത്രമേ അറിയൂ. അവരുടെ തൊഴിലും ജീവിതവും അപഹരിക്കാനും. അല്ലാതെ ഈ മസിൽ മാൻമാരെക്കൊണ്ട് ഒന്നിനും കൊള്ളില്ല. അവരുടെ ആണത്തപ്രകടനം  ബോക്‌സ് ഓഫീസിലെ ടിക്കറ്റ് കച്ചവടത്തിന് വേണ്ടി മാത്രം. നിത്യജീവിതത്തിൽ രണ്ടും കെട്ടവരാണ് നമ്മുടെ  ഹീറോകൾ'. -തനുശ്രീ തുറന്നടിച്ചു.

ബോളിവുഡിലെ മുൻനിര നായികമാരായ ദീപിക പദുകോൺ, അലിയ ഭട്ട്, സൊനാക്ഷി സിൻഹ, തപ്‌സി പന്നു, റിച്ച ചദ്ദ തുടങ്ങിയവർ മർ‌ദനമേറ്റ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. സംഘപരിവാര ശിങ്കിടികൾക്കും കേന്ദ്രം ഭരിക്കുന്നവർക്കും ഇഷ്ടക്കേടുണ്ടാക്കുന്ന ഈ നിലപാട് സ്വീകരിക്കാൻ താരപദവി അവർക്ക് തടസ്സമായില്ല. എന്നാൽ, അമിതാഭ് ബച്ചൻ, ഷാരൂഖ്ഖാൻ, സൽമാൻഖാൻ, ആമിർഖാൻ, ആക്ഷയ്കുമാർ തുടങ്ങിയവർ രാജ്യത്തെ ഞെട്ടിച്ച ആക്രമസംഭവത്തിൽ ഇപ്പോഴും മൗനത്തിലാണ്. നാടിനെ മതത്തിന്റെ പേരിൽ വിഭജിക്കാൻ ലക്ഷ്യമിടുന്ന പൗരത്വഭേദഗതി നിയമത്തെക്കുറിച്ചോ ജാമിയ മിലിയയിലും അലിഖഡിലും അരങ്ങേറിയ വിദ്യാർഥി വേട്ടയെക്കുറിച്ചോ അവർ പ്രതികരിച്ചില്ല.


 

ഷാരൂഖ് ഖാൻ, ആമിർഖാൻ എന്നീ താരങ്ങൾ മുമ്പ് നടത്തിയ രാഷ്ട്രീയസ്വഭാവമുള്ള പരാമർശങ്ങൾ സംഘപരിവാരത്തെ ചൊടിപ്പിച്ചിരുന്നു. ഇത്തരം ദുരനുഭവങ്ങളിൽ ഭയന്ന് അവർ വാ തുറക്കാൻ മടിക്കുമ്പോഴാണ് വനിതാ താരങ്ങൾ സധൈര്യം നിലപാട് വ്യക്തമാക്കിയത്.

സൂപ്പർതാരം അക്ഷയ്കുമാർ ജാമിയ സംഭവത്തിൽ അനുകൂലിച്ച് ആദ്യം രംഗത്ത് വന്നെങ്കിലും, അബദ്ധം പറ്റിയതാണെന്നു പറഞ്ഞ് തടിതപ്പി. അതേസമയം, അക്ഷയ്കുമാറിന്റെ ഭാര്യയും മുൻകാല നായികയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്ന, ജെഎൻയു സംഭവത്തെ പരസ്യമായി അപലപിക്കാൻ തയ്യാറായി. രാജ് കുമാർറാവു, വരുൺധവാൻ തുടങ്ങിയ യുവതാരങ്ങളും ജെഎൻയുവിന് പിന്തുണ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top