13 December Friday

അജയ് ദേവ്ഗൺ സെഞ്ച്വറി തികയ്ക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

ബോളിവുഡിൽ അജയ് ദേവ്ഗൺ 100–-ാം സിനിമ പൂർത്തിയാക്കുന്നു. ചലച്ചിത്രജീവിതം 30–-ാം വർഷത്തിൽ എത്തുമ്പോഴാണ് താരം സിനിമാ സെഞ്ച്വറി തികയ്ക്കുന്നത്. 17–-ാം നൂറ്റാണ്ടിലെ മറാത്ത യുദ്ധവീരൻ തൻഹാജി മാലുശ്രീയുടെ ജീവിതകഥ പറയുന്ന സിനിമ ജനുവരിയിൽ റിലീസ് ചെയ്യും. ഛത്രപതി ശിവജിയുടെ പടത്തലവന്റെ കഥ "തൻഹാജി: ദ അൺസങ് വാറിയർ' എന്നപേരിലാണ് സിനിമയാകുന്നത്. ഭാര്യയും ബോളിവുഡ് നായികയുമായ കജോളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

കജോൾ ഇൻസ്റ്റാഗ്രാമിലൂടെ അജയ് ദേവ്ഗണിന് 100–-ാം സിനിമ ആശംസ നേർന്നു. താരത്തിന്റെ സിനിമാ യാത്രയെ കുറിച്ചുള്ള ലഘു വീഡിയോയും പുറത്തുവിട്ടു. പ്രണയവും ദുഃഖവും പൊട്ടിച്ചിരിയും ആഘോഷവും തിരിച്ചറിവും സ്വപ്‌നങ്ങളും വിശ്വാസവുമെല്ലാം മൂന്നു ദശകത്തിനിടെ വെള്ളിത്തിരയിൽ പങ്കുവയ്ക്കാനായെന്ന് കജോൾ കുറിക്കുന്നു.

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും സുഹൃത്തിന് ആശംസയുമായെത്തി. "ഇനിയൊരു 100 ചിത്രത്തിൽ കൂടി അഭിനയിക്കട്ടെ' എന്നാണ് സഹതാരം ആശംസ നേർന്നത്. 

 

ബോളിവുഡ് സ്റ്റണ്ട് മാസ്റ്റർ വീരു ദേവ്ഗണിന്റെ മകൻ 1991ൽ ഫൂൽ ഔർ കാണ്ഡേ എന്ന ചിത്രത്തിലൂടെയാണ് അഭിനയയാത്ര തുടങ്ങുന്നത്. മികച്ച നവാഗത അഭിനേതാവിനുള്ള ഫിലിം ഫെയർ പുരസ്‌കാരം ആ വർഷം നേടി. ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ പങ്കാളിയായി. തട്ടുപൊളിപ്പൻ മസാലച്ചിത്രങ്ങളിലും ഗൗരവപൂർവമായ സിനിമകളിലും തിളങ്ങി.

സഖം എന്ന മഹേഷ്ഭട്ട് ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി. ലെജന്റ് ഓഫ്  ഭഗത്സിങ്‌ എന്ന ചിത്രത്തിലൂടെ രണ്ടാംവട്ടം പുരസ്‌കാരം നേടി. റെയിൻകോട്ട്, കമ്പനി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയം.  സ്വന്തമായി ചിലച്ചിത്രനിർമാണ കമ്പനിയുണ്ട്. 2008ൽ യു മീ ഓർ ഹം എന്ന ചിത്രം സംവിധാനം ചെയ്തു.


പ്രധാന വാർത്തകൾ
 Top