24 February Sunday

കാണാതെ കണ്ട ബോണക്കാട് ; ഹരം പകര്‍ന്ന ഇടുക്കി

രശ്‌മി രാധാകൃഷ്ണന്‍Updated: Thursday May 3, 2018

ശ്രീബാല കെ മേനോന്‍ ദിലീപിനൊപ്പം ലൗവ് 24 X 7 ചിത്രീകരണ വേളയില്‍

രശ്മി രാധാകൃഷ്ണന്‍

രശ്മി രാധാകൃഷ്ണന്‍

സിനിമയില്‍ ലൊക്കേഷനുകള്‍ കഥയുടെ കാന്‍വാസാണ്. ഏറെ അലഞ്ഞും ചിലപ്പോള്‍ അപ്രതീക്ഷിതവുമായാണ് പല സംവിധായകരും ഇഷ്ട ലോക്കേഷനുകളിലേക്ക് എത്തുന്നത്. പ്രിയ ലൊക്കേഷനുകള്‍ തേടിയുള്ള യാത്രകളെപ്പറ്റി സംവിധായകര്‍ സംസാരിയ്ക്കുന്ന പരമ്പര 'കഥയിടം തേടി' രണ്ടാം ഭാഗത്തില്‍ ശ്രീബാല കെ മേനോന്‍.

നരേന്ദ്രൻ മകൻ ജയകാന്തൻ വക തൊട്ടു സത്യൻ അന്തിക്കാടിന്റെ കൂടെ സഹസംവിധായികയാണ്. ഭാഗ്യദേവതയില്‍  അസോസിയേറ്റ് സംവിധായികയായി.ആദ്യമായി സംവിധാനം ചെയ്ത ചിത്രം:
ലൗവ് 24 X 7

തയ്യാറാക്കിയത്: രശ്‌മി രാധാകൃഷ്ണന്‍

ശ്രീബാല കെ മേനോന്‍

ശ്രീബാല കെ മേനോന്‍

ഇതുവരെ കണ്ട സിനിമകളില്‍ ഒരുപാട് ഹോണ്ട് ചെയ്തത് ദില്‍ സെ എന്ന സിനിമയില്‍ കാണുന്ന സ്ഥലങ്ങളാണ്.ഞാന്‍ ഒരിയ്ക്കലും  പോയിട്ടൊന്നുമില്ലെങ്കിലും ഇപ്പോഴും ഏത് ഉറക്കത്തില്‍ വിളിച്ച് ചോദിച്ചാലും ആ സ്ഥലങ്ങള്‍ കൃത്യമായി എന്‍റെ മനസ്സിലുണ്ടാവും..അതേ പോലെയാണ് ധനുഷ്‌കോടിയും..ഇപ്പോള്‍ ഒരുപാട് സിനിമകള്‍ അവിടെ ചിത്രീകരിയ്ക്കുന്നുണ്ട്.ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അവിടെ പോകുന്നതും ആ യാത്രയെക്കുറിച്ച് എഴുതുന്നതും..ആ സമയത്ത് അധികം സിനിമകളില്‍ വന്നു തുടങ്ങിയിരുന്നില്ല.ഇപ്പോള്‍ ധനുഷ്‌കോടി സിനിമകളില്‍ കാണുമ്പോള്‍ ഞാന്‍ ഷൂട്ട്‌ ചെയ്തതല്ലെങ്കില്‍ക്കൂടി അവിടെ ഞാന്‍ പോയതാണല്ലോ അവിടെയുണ്ടായിരുന്നല്ലോ എന്നൊക്കെ ഫീല്‍ ചെയ്യും.ആദ്യത്തേത് ഞാന്‍ കാണാത്തത് കൊണ്ട് മനസ്സില്‍ പതിഞ്ഞു പോയതും  രണ്ടാമത്തേത് കണ്ടറിഞ്ഞുമനസ്സില്‍ പതിഞ്ഞുപോയതുമാണ്.

സത്യന്‍ സാറിന്‍റെ കൂടെ അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്തിരുന്ന സമയത്ത് സ്ക്രിപ്റ്റിന്‍റെ കൂടെ ഇരിക്കേണ്ടി വരുന്നത് കൊണ്ട് ആഗ്രഹമുണ്ടെങ്കിലും ലൊക്കേഷന്‍ ഹണ്ടിനൊന്നും പോകാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ല.ആര്‍ട്ട് ഡയറക്ട്ടര്‍ ഒക്കെ എടുത്തിട്ട്  വരുന്ന ഫോട്ടോസ് ഒക്കെയാണ് ആദ്യം കാണുന്നത്.പിന്നീട് ഷൂട്ടിനു ചെല്ലുമ്പോഴാവും ആദ്യമായി ആ സ്ഥലങ്ങള്‍ കാണുന്നത്.

ബോണക്കാട്

ബോണക്കാട്

രണ്ടും മൂന്നും സ്ഥലങ്ങള്‍ ചേര്‍ത്ത്  ഒറ്റ സ്ഥലമാക്കി ഷൂട്ട്‌ ചെയ്യുന്ന രീതിയുണ്ട്. എന്റെ ആദ്യസിനിമ(ലൗവ് 24 X 7)യില്‍ ഞാന്‍ നേരിട്ട് കാണാതെ എഴുതിയ സ്ഥലമാണ് ബോണക്കാട്. പൊന്മുടി പോലെയൊക്കെ എപ്പോഴും പോകാവുന്ന സ്ഥലമല്ല അത്. ഫോറസ്റ്റ് വകുപ്പിന്റെ പ്രത്യേക പെര്‍മിഷന്‍ ഒക്കെ വേണം. അഗസ്ത്യാര്‍കൂടത്തിന്റെ തുടക്കത്തിലുള്ള സംരക്ഷിത വനപ്രദേശമാണ്. പോയിട്ടുള്ള പല സുഹൃത്തുക്കളും പറഞ്ഞുകേട്ടാണ് ആ സ്ഥലം മനസ്സിലേയ്ക്ക് വരുന്നത്. ധാരാളം ചിത്രങ്ങള്‍ കാണുകയും പോയവരോട് സംസാരിയ്ക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. എഴുതുന്ന സമയത്ത് പോലും അവിടെ പോകാന്‍ പറ്റിയിട്ടില്ല. എഴുത്തൊക്കെ കഴിഞ്ഞാണ് ലൊക്കേഷന്‍ കാണാന്‍ പോകുന്നത്.ആകെ ഒരു കെഎസ്ആര്‍ടിസി ബസാണ് അങ്ങോട്ടുള്ളത്. ബോണക്കാട്  എന്ന് പറയുമ്പോ അത് വേണോ എന്നൊക്കെ മടിച്ചിരുന്നവരെ എല്ലാരേം കൂടെ ഞാന്‍ ഉന്തിത്തള്ളി കൊണ്ട് പോകുവാണ്. അവിടെ ചെന്ന് കഴിഞ്ഞപ്പോള്‍ എല്ലാരും ബോണക്കാട് ഫാന്‍സ്‌ ആയി!

ലൊക്കേഷന്‍ ആദ്യം കാണാതെ എഴുതിയിട്ട് ചെന്ന് കണ്ട് കഴിഞ്ഞപ്പോഴാണ് എഴുതിയത്  മുഴുവന്‍ ഷൂട്ട്‌ ചെയ്യാനുള്ള സ്ഥലം അവിടെയില്ല എന്നറിയുന്നത്. തോട്ടം ഉണ്ടായിരുന്നപ്പോള്‍ ഒരുപാട് വീടുകളും ആളുകളും ഉണ്ടായിരുന്നതാണ്.ഇപ്പോള്‍ കുറച്ച് കുടുംബങ്ങള്‍ മാത്രമേയുള്ളൂ. ഒരു ചെറിയ കവല..ഒരു മരം..ചായക്കട..ബസ് സ്റ്റാന്റ്..വല്ലപ്പോഴും വരുന്ന ബസ്.ഇങ്ങനെയുള്ള നൊസ്റ്റാള്‍ജിക് ആയ ഒരു സ്ഥലം..ഒരു കാമറ വച്ചാല്‍ പിന്നെ നിന്ന് തിരിയാന്‍ ഇടമില്ലാത്ത വീടുകളാണ് കൂടുതലും.. ഒരു തെയിലത്തോട്ടം കഴിഞ്ഞു വഴി ചെന്ന് കയറുന്ന ചെറിയ വീടാണ് മനസ്സില്‍. പക്ഷെ ഷൂട്ട്‌ ചെയ്യാനുള്ള ഇടം വേണമല്ലോ. പിന്നെയുള്ളത്  ബംഗ്ലാവ് ആണ്. അത് കഥയ്ക്ക് ചേരില്ല.മനസ്സിലുള്ളത് പോലെയുള്ള വീട് വേറൊരു സ്ഥലത്ത് ഉണ്ടെന്നറിഞ്ഞ് അത് അന്വേഷിച്ചു. സംഭവം വാഗമണ്ണില്‍ ആണ്. ആ വീട് ഇഷ്ടമായി. അങ്ങനെ വീട് വാഗമണ്ണിലും കവല ഉള്‍പ്പെടെയുള്ള ചുറ്റുപാടുകള്‍ ബോണക്കാടും ഷൂട്ട്‌ ചെയ്തെടുത്തു. സിനിമ കണ്ടിട്ട് ആ വീട് അന്വേഷിച്ച് ബോണക്കാട് പോയ സുഹൃത്തുക്കള്‍  പിന്നീട് എന്നെ ചീത്ത വിളിച്ചിട്ടുണ്ട്!

രസതന്ത്രത്തില്‍ നിന്ന്

രസതന്ത്രത്തില്‍ നിന്ന്

രസതന്ത്രം സിനിമ ചിത്രീകരിച്ചത് തൊടുപുഴ,മൂലമറ്റം  ഭാഗത്താണ് .എനിയ്ക്ക് ഇതുവരെ ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ലൊക്കേഷന്‍ ആണ് അത്. ഒരിക്കലും വറ്റാത്ത പുഴയൊക്കെ ആദ്യമായാണ് കാണുന്നത്. കരയില്‍ ഭംഗിയുള്ള കൊച്ചുവീടുകള്‍..നല്ല പച്ചപ്പുള്ള ഭംഗിയുള്ള സ്ഥലം. കാമറാമാന്‍ അഴകപ്പന്‍ സാറാണ് ആ സ്ഥലം കണ്ടുപിടിച്ചത്. മുന്പ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും സിനിമയുടെ കുറെ ഭാഗങ്ങള്‍ അവിടെ ചിത്രീകരിച്ചിട്ടുണ്ട്. എന്നെ ഒരുപാട് ഇന്‍സ്പയര്‍ ചെയ്ത സ്ഥലമാണ് അത്. പിന്നീട് ഇടുക്കി ഗോള്‍ഡില്‍ ഒക്കെ ഇടുക്കിയുടെ ഭംഗി നല്ല രീതിയില്‍ വന്നിട്ടുണ്ട്.

 വാഴക്കാലയിലെ കുര്യന്‍സ് ഹൌസ്

വാഴക്കാലയിലെ കുര്യന്‍സ് ഹൌസ്

സ്ഥിരമായി ഷൂട്ടിംഗ് നടക്കുന്ന ചില വീടുകള്‍ ഉണ്ട്..സ്ഥിരം പോയിപ്പോയി  ആ വീട്ടുകാരും നമ്മളുമായി അടുപ്പത്തിലാകും.അവരെ സംബന്ധിച്ചിടത്തോളം അതൊരു പതിവ് പരിപാടിയാണ്. കാക്കനാടിനടുത്ത് വാഴക്കാലയുള്ള കുര്യന്‍സ് ഹൌസ് ആണ് എന്‍റെ ആദ്യത്തെ സിനിമയില്‍ സുഹാസിനിയുടെ വീട്..പരസ്യങ്ങളോ സിനിമയോ ഒക്കെയായി മിക്കവാറും ഷൂട്ടുണ്ടാവും ആ വീട്ടില്‍. ആ വീട്ടുകാരും അവിടെത്തന്നെയാണ് താമസം. അവര് തന്നെ പ്രോപ്പര്‍ട്ടീസ് എല്ലാം മാറ്റിയിട്ട് തരും.. അപ്പുറത്തുള്ള ഔട്ട് ഹൌസ് പോലത്തെ ചെറിയ വീടു കൂടെ ചേര്‍ത്താണ് ആ ലൊക്കേഷന്‍.. അടുപ്പം തോന്നുന്ന ഒരു ലൊക്കേഷന്‍ ആണ് അതും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top