22 February Friday

ചിറകു വിടര്‍ത്തി, പറന്നുയര്‍ന്ന് സൗബിന്റെ പറവ

വിനീത വിജയന്‍Updated: Thursday Sep 21, 2017

"പ്രാവ് പറത്തല്‍ ടൂര്‍ണമെന്റും, പ്രാവിനെ പ്രാണനെ പോല്‍ വളര്‍ത്തുന്ന രണ്ടു കുട്ടികളുടെയും കഥ ആണിത്. ആ കുട്ടികളിലൂടെ ആണ് കഥ മുന്നോട്ടു പോകുന്നതും." വിനീത വിജയന്‍ എഴുതുന്നു
 

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെയിന്റെ ബാനറില്‍  ദി മൂവി ക്ലബിന്റെ സഹകരണത്തോടെ അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണ് പറവ. സംവിധാന സഹായിയായി ചലച്ചിത്ര ലോകത്തെത്തി, നടനെന്ന നിലയില്‍ പ്രേക്ഷകരെ കീഴടക്കിയ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടി ആണ് പറവ. വേറിട്ട കഥാ ത്രെഡ് ആണ് ചിത്രത്തിന്റെത്. പ്രാവ് പറത്തല്‍ ടൂര്‍ണമെന്റും, പ്രാവിനെ പ്രാണനെ പോല്‍ വളര്‍ത്തുന്ന രണ്ടു കുട്ടികളുടെയും കഥ ആണിത്. ആ കുട്ടികളിലൂടെ ആണ് കഥ മുന്നോട്ടു പോകുന്നതും. അസാധ്യമായി കാണികളെ കയ്യിലെടുക്കുന്നുണ്ട് കുട്ടികള്‍. ഒപ്പം സുഹൃത്ബന്ധങ്ങളുടെയും, കുടുംബ ബന്ധങ്ങളുടെയും കൂടി കഥയാണ് പറവ.

അതിഥി വേഷത്തില്‍ എത്തുന്ന ദുല്‍ഖര്‍ ആണ് ചിത്രത്തിന്റെ ഒരു പ്രത്യേകത. നിറഞ്ഞ കയ്യടിയോടെ ആണ് ദുല്‍ഖറിനെ പ്രേക്ഷക സദസ്സ് വരവേറ്റത്. റോള്‍ ചെറുതെങ്കിലും നന്നായി തന്നെ ചെയ്യാന്‍ ദുല്‍ഖറിനു കഴിഞ്ഞിട്ടുണ്ട്. പുത്തന്‍ ലുക്കില്‍ കുഞ്ഞിക്ക കസറിയെന്നു തന്നെ പറയാം.


ആഷിഖ് അബുവിന്റെ പോലീസ് വേഷം ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ആകുന്നു. അച്ഛന്‍ വേഷത്തില്‍ എത്തിയ സിദ്ധിക്ക് ആണ് സിനിമാ വിജയത്തിന്റെ മറ്റൊരു ഘടകം. അബിയുടെ മകന്‍ ഷെയ്ന്‍ നിഗം, ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്‍, സൈനുദ്ധീന്റെ മകന്‍ ദിനില്‍, സ്രിന്ധ, ഇന്ദ്രന്‍സ് തുടങ്ങിയവരും  ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. തികഞ്ഞ കയ്യടക്കത്തോടെ തന്നെ തന്റെ കഥാപാത്രത്തെ എല്ലാവരും മികവുറ്റതാക്കിയിരിക്കുന്നു.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍ ആയ രണ്ടു കുട്ടി പുതുമുഖങ്ങളുടെ കാര്യം പറയാതെ വയ്യ. യാതൊരു പതര്‍ച്ചയുമില്ലാതെ എത്ര അനായാസമാണ് അവര്‍ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്. നിഷ്‌കളങ്കമായ അഭിനയ ശൈലിയെ പ്രശംസിക്കാതെ വയ്യ. അണുവിട പതറി പോകാത്ത ഡയലോഗ് ഡെലിവറി! സിനിമാലോകത്ത് നിങ്ങളെ കാത്തു അത്ഭുതങ്ങള്‍ ഉണ്ടാവട്ടെ!

സൗബിനും മുനീര്‍ അലിയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ലിറ്റില്‍ സ്വയാബ് ചായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ പ്രവീണ്‍ പ്രഭാകര്‍ ആണ്. ടൈറ്റില്‍ പ്രസന്റെഷനില്‍ തന്നെ വ്യത്യസ്തത പുലര്‍ത്താന്‍ ടീമിന് സാധിച്ചു. ബാക്ക് ഗ്രൗണ്ട് മ്യൂസിക് നന്നായിരുന്നു. സൗണ്ട് റെക്കോര്‍ഡിങ്ങില്‍ എടുത്തു പറയേണ്ടത് പ്രാവുകള്‍ കുറുകുന്ന ശബ്ദം ആണ്...ഗംഭീരം ആയിരിക്കുന്നു.

കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി പൂര്‍ത്തീകരിച്ച സിനിമയുടെ ക്യാമറ വര്‍ക്ക് മികച്ചതാണെന്ന് പറയാതെ വയ്യ. വാട്ടര്‍ ടാങ്കിന്റെ മുകളില്‍ നിന്നുള്ള സീനുകള്‍, ആകാശത്ത് പറക്കുന്ന പറവകള്‍... അങ്ങിനെ ഒരുപാട്..താര പരിവേഷമില്ലാതെ പോകുന്ന ആദ്യ പകുതി, ഒരല്‍പം പോലും മുഷിപ്പിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കയ്യടിച്ചു പോകുന്ന ക്ലൈമാക്‌സ് ആണ് ചിത്രത്തിന്റെത്.

ചുരുക്കി പറഞ്ഞാല്‍ , പറവ ഒരു 'വേറെ ലെവല്‍' പടം ആണ്. ഏച്ചു കെട്ടി പോകുന്ന പാട്ടുകളോ ക്ലീഷേയോ ഇല്ലാത്ത പുത്തന്‍ സിനിമാ അനുഭവം. സംവിധാനം ചെയ്ത ആദ്യ സിനിമയില്‍ തന്നെ നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യാന്‍ കാണിച്ച ധൈര്യം ആണ് സൗബിന്‍ എന്ന മനുഷ്യനില്‍ പിന്നെയും പ്രതീക്ഷകള്‍ അര്‍പ്പിക്കാന്‍ നമ്മെ പ്രലോഭിപ്പിക്കുന്നത്.

സൗബിന്‍, ഈ പറവയെ സിനിമാ ലോകത്തിന്റെ വെള്ളി വിഹായസ്സിലേക്ക് പറത്തി വിട്ടതിനു നിങ്ങള്‍ക്കും ഇരിക്കട്ടെ ഒരു 'കുതിര പവന്‍'..... പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ പറവക്ക് ആകട്ടെ...! 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top