19 October Saturday

‘‘വലിയ നിരാശയിലാണ്‌..ജീവിതം അവസാനിപ്പിക്കാൻ വരെ നോക്കി, ഇനി സിനിമയിലേക്കില്ല’’ സുഡു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

‘സുഡാനി ഫ്രം നൈജീരിയ’ സിനിമയിലെ ഫുട്‌ബോൾ കളിക്കാരൻ സുഡു അഭിനയം നിർത്തുന്നു. മലയാളികളുടെയും പ്രീയങ്കരനായ  നൈജീരിയൻ താരം സാമുവൽ അബിയോള റോബിൻസണാണ്‌ ഫേയ്‌സ്‌ബുക്കിൽ വിടവാങ്ങൽ പ്രഖ്യാപിച്ചത്‌. സാമുവലിന്റെ ഫേയ്‌സ്‌ബുക്ക്‌ കുറിപ്പ്‌: 

ഞാൻ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നു. കഴിഞ്ഞ വർഷം ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാലമായിരുന്നു. വിഷാദ രോഗം ബാധിച്ച്  ജീവിതം തന്നെ മടുത്ത അവസ്ഥ. തൂങ്ങിച്ചാകാനായി കയറും ആത്മഹത്യാക്കുറിപ്പും വരെ ഞാൻ സൂക്ഷിച്ച് വച്ചിരുന്നു.

മാതാപിതാക്കളില്ലാത്ത ഞാൻ, 15 വയസ്സ് മുതൽ സ്വന്തമായി അധ്വാനിച്ചാണ്‌ ജീവിക്കുന്നത്‌. ചെറുപ്രായത്തിലേ ഞാൻ വലിയ വിജയങ്ങൾ നേടി. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ബോളിവുഡിലെ രാ ജ്‌ കുമാർ സന്തോഷിയിൽ നിന്നും എഐബിയിൽ നിന്നും എനിക്ക് അവസരങ്ങൾ വന്നു. തമിഴിലെ വലിയതാരങ്ങളിൽനിന്നും, നൈജീരിയൻ സിനിമകളിൽനിന്നും, നിരവധി പരസ്യബ്രാൻഡുകളിൽ നിന്നെല്ലാമായി എനിക്ക് അവസരം വന്നു.

സൗബിനൊപ്പം സാമുവൽ അബിയോള

സൗബിനൊപ്പം സാമുവൽ അബിയോള

എന്നാൽ ഇവയെല്ലാം എനിക്ക് നഷ്ടപ്പെട്ടു. രൺവീർ സിങിനൊപ്പമുള്ള രാജ് കുമാർ സന്തോഷിയുടെ പ്രൊജക്ട് അവർ  വേണ്ടെന്നു വച്ചു. എഐബിയുടെ പ്രൊജക്ട് അതിലെ സംവിധായകനെതിരെ വന്ന ആരോപണങ്ങളാൽ പിൻവലിക്കപ്പെട്ടു.  തമിഴ്‌ ഞാൻ വേണ്ടെന്ന്‌ വച്ചു. നൈജീരിയയിൽ തുടങ്ങാനിരുന്ന സിനിമ നൈജീരിയ, ദക്ഷിണാഫ്രിക്ക  സംയുക്ത പ്രൊജക്ടായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയിൽ വിദേശികൾക്ക് നേരെ അക്രമണം നടക്കുന്ന സാഹചര്യത്തിൽ അതും മുടങ്ങി.

കമ്പനിയുടെ ലൈസൻസ് അവസാന നിമിഷം നഷ്ടമായതിനാൽ പരസ്യവും എനിക്ക് നഷ്ടമായി. ഇത്തരം കാര്യങ്ങൾ തുടർന്നുകൊണ്ടിരുന്നു.  ഭയാനകമായ അനുഭവങ്ങളാണ് പിന്നീട്‌ എന്റെ മനസ്സിൽ ഉണ്ടായത്. ഇത് മൂലം ഞാൻ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. പക്ഷേ അത് ചെയ്തില്ല, എന്റെ കൗൺസിലർക്കും സുഹൃത്തുക്കൾക്കും നന്ദി.

അഭിനയം ഒരു ജോലി മാത്രമാണെന്ന് മനസ്സിലാക്കാൻ കൗൺസിലർ എന്നെ സഹായിച്ചു. അതിന് എന്റെ ജീവിതത്തിന്റെ അത്ര വിലയില്ല.  ഞാൻ ഏഴ് ഭാഷകൾ പഠിച്ചിട്ടുണ്ട്. എനിക്ക് വേറെ മറ്റെന്തെങ്കിലും ജോലി ചെയ്യാൻ കഴിയും–- സാമുവൽ കുറിപ്പിൽ തുടർന്നു


പ്രധാന വാർത്തകൾ
 Top