21 September Saturday

ബാഹുബലിയെ വെല്ലാന്‍ നരസിംഹ റെഡ്ഡി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

കാത്തിരിക്കുക, സൈരാ നരസിംഹ റെഡ്ഡി ഉടൻ അവതരിക്കും. തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ 151- -ാമത്തെ ചിത്രം സൂപ്പർതാരങ്ങളുടെ ആധിക്യംകൊണ്ടാണ് വാർത്തകളിൽ ഇടംപിടിച്ചത്.

അമിതാഭ് ബച്ചൻ, നയൻതാര, അനുഷ്‌കഷെട്ടി, വിജയ് സേതുപതി, കിച്ച സുധീപ്, ജഗപതി ബാബു, രവികൃഷ്ണ, തമന്ന, നിഹാരിക എന്നിങ്ങനെ താരപട്ടിക നീളുന്നു. ബാഹുബലിയെയും വെല്ലുന്ന ബജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒന്നാം സ്വാതന്ത്ര്യസമരമെന്ന് പാഠപുസ്തകങ്ങളിൽ പഠിച്ച 1857ലെ പ്രക്ഷോഭത്തിനും മുന്നേ ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ ഉയ്യാൽവാഡ നരസിംഹറെഡ്ഡിയുടെ ജീവിതകഥയാണ് സിനിമയാകുന്നത്. ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ അമിതനികുതി ഈടാക്കൽ നടപടിയിൽ പ്രതിഷേധിച്ച് 1846ൽ അയ്യായിരത്തിലേറെ കർഷകരെ കൂട്ടി പടയുണ്ടാക്കിയാണ് അദ്ദേഹം പോരിനിറങ്ങിയത്. ബ്രിട്ടീഷ് പട്ടാളം ജീവനോടെ പിടികൂടിയ റെഡ്ഡിയെ പരസ്യമായി തൂക്കിലേറ്റുകയായിരുന്നു.

 

സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്റർ ട്വിറ്ററിലൂടെ ബോളിവുഡ് താരവും സംവിധായകനുമായ ഫർഹാൻ അക്തർ പുറത്തുവിട്ടു. നരസിംഹ റെഡ്ഡിയുടെ ഗുരുവിന്റെ വേഷമാണ് അമിതാഭ് ബച്ചന്. റെഡ്ഡിയുടെ പട്ടാളത്തിലെ പ്രധാനിയായ രാജ പാണ്ടിയെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. റെഡ്ഡിയുടെ ഭാര്യ സിദ്ധമ്മയെ നയൻതാര അവതരിപ്പിക്കുന്നു. സിനിമയുടെ ആദ്യ ടീസർ വിവിധഭാഷകളിലായിപുറത്തിറങ്ങും. തെന്നിന്ത്യൻ ഭാഷകളിലെ സൂപ്പർതാരങ്ങളാണ് ടീസറിൽ ശബ്ദം നൽകിയിരിക്കുന്നത്.

മലയാളത്തിൽ മോഹൻലാലും, തമിഴിൽ രജനികാന്തും തെലുങ്കിൽ പവൻ കല്യാണും കന്നടത്തിൽ യാഷും ടീസറിൽ അവതരണ ശബ്ദം നൽകുന്നു. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ചിരഞ്ജീവിയുടെ മകനും തെലുങ്ക് താരവുമായ രാം ചരൺ ആണ്. സിനിമയിലെ നിർണായക യുദ്ധരംഗങ്ങൾ മാത്രം ചിത്രീകരിക്കാൻ 45 കോടിരൂപ ചെലവിട്ടെന്നാണ് റിപ്പോർട്ട്. ഒക്ടോബർ രണ്ടിന് സിനിമ ലോകമെമ്പാടുമായി റിലീസ് ചെയ്യും

 


പ്രധാന വാർത്തകൾ
 Top