17 February Sunday

സാഹോ സ്വാതന്ത്ര്യദിനത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 18, 2018


ഇന്ത്യൻ സിനിമയിലെ നാഴികക്കല്ലായ ബാഹുബലിക്ക‌് ശേഷം പ്രഭാസ‌് നായകനാകുന്ന ബഹുഭാഷ ചലച്ചിത്രം സാഹോ സ്വാതന്ത്ര്യദിനത്തിൽ തിയേറ്ററുക‌ളിലെത്തും. ഹിന്ദി, തമിഴ‌്, തെലുങ്ക‌് ഭാഷകളിലാണ‌് ചിത്രം പുറത്തിറങ്ങുക. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ മലയാള മൊഴിമാറ്റ പതിപ്പും ആഗസ‌്ത‌് 15ന‌് ഇറങ്ങും. നിർമാതാവ‌് ശ്രീനിവാസ‌് കുമാർ നായ‌ിഡു ട്വിറ്ററിലൂടെയാണ‌് ഇക്കാര്യം അറിയിച്ചത‌്. ബോളിവുഡ‌് താരം ശ്രദ്ധകപൂർ തെലുങ്കിലേക്ക‌് അരങ്ങേറുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട‌്. ശ്രദ്ധയോടൊപ്പം അഭിനയിക്കുന്നത‌് ഭാഗ്യമായി കരുതുന്നുവെന്നും അവരുടെ കഥാപാത്രം ചിത്രത്തിന‌് കരുത്ത‌് പകരുന്നതാണെന്നും പ്രഭാസ‌് പറഞ്ഞു. ആക്ഷൻ രംഗങ്ങളിലും മികച്ച പ്രകടനമാണ‌് ശ്രദ്ധകപൂർ നടത്തിയത‌്. അവരുടെ അർപണമനോഭാവം പ്രശംസനീയമാണെന്നും പ്രഭാസ‌് പറഞ്ഞു. 

ആക്ഷൻ രംഗങ്ങൾക്ക‌് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും അബുദാബിയിൽ വച്ചാണ‌് നടന്നത‌്. 40 ദിവസത്തോളമാണ‌് യുഎഇയിൽ ചിത്രീകരിച്ചത‌്. യുവി ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത‌് സുജീത്താണ‌്.  മലയാളത്തില്‍ നിന്ന് ലാല്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാക്കി ഷറോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ബാഹുബലിയുടെ ആര്‍ട് ഡയറക്ടറായിരുന്ന സാബു സിറിൾ ആണ് സാഹോയുടെ കലാസംവിധായകന്‍. ശങ്കര്‍–- എഹ‌്സാൻ–--ലോയ് കൂട്ടുകെട്ടാണ‌് സംഗീതസംവിധാനം. ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ്  ശ്രീകര്‍ പ്രസാദുമാണ്. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. 35 കോടി ചെലവിട്ട‌് ചിത്രീകരിച്ച ആക്ഷൻ രംഗം എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ‌് പ്രേക്ഷകർ. 150 കോടി മുതൽ മുടക്കിൽ നിർമിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത‌് 400 കോടി രൂപയ‌്ക്കായിരുന്നു. വിതരണാവകാശത്തിന്റെ കാര്യത്തിൽ 350 കോടി സ്വന്തമാക്കിയ ബാഹുബലിയെ സാഹോ പിന്നിലാക്കിയിരുന്നു.

 


പ്രധാന വാർത്തകൾ
 Top