24 May Friday

സ്വപ്നം കാണാന്‍ പഠിപ്പിച്ച് സുജാത

വിനീത വിജയന്‍Updated: Friday Sep 29, 2017

സ്ഥിരം കാണാറുള്ള നായക സങ്കല്‍പ്പങ്ങളിലും , നായകന്‍ അടിസ്ഥാനമായ സിനിമകളില്‍ നിന്നുമൊക്കെ വ്യത്യസ്തമായി ഈ ചിത്രം വികസിക്കുന്നത് നായികയിലൂടെ ആണ് എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തെ തുടക്കം മുതല്‍ കഥ മുന്നോട്ടു കൊണ്ട് പോകുന്നത് നായികയാണ്.വിനീത വിജയന്‍ എഴുതുന്നു

നവാഗതനായ പ്രവീണ്‍ സി ജോസഫ് സംവിധാനം ചെയ്ത്, മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജ്ജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ഉദാഹരണം സുജാത. മഞ്ജു വാര്യര്‍ ആണ് കേന്ദ്ര കഥാപാത്രമായ സുജാതയെ അവതരിപ്പിക്കുന്നത്‌. നിതേഷ് തിവാരിയുടെതാണ് കഥ. തമിഴില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ, ‘അമ്മ കണക്ക്’ എന്ന ചിത്രത്തിന്റെ പ്രമേയം തന്നെയാണ് ഉദാഹരണം സുജാതയും.

അകാലത്തില്‍ ഭര്‍ത്താവിനെ നഷ്ട്പെട്ട നായിക, അലസത കൈമുതല്‍ ആക്കിയ മകളുടെ ഭാവിയില്‍ അവള്‍ക്കുള്ള വേവലാതികള്‍, നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍... ചിത്രം പറഞ്ഞു പോകുന്നത് ഇതെല്ലാമാണ്.

വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മഞ്ജു കാഴ്ച വച്ചിരിക്കുന്നത്. സംഭാഷണത്തിലും ശരീരഭാഷയിലും ഒക്കെ സുജാതയായി, അനായാസമായി, ജീവിക്കുകയാണ് മഞ്ജു.

സുജാതയുടെ മകളായി അഭിനയിച്ച പുതുമുഖ താരം, അനശ്വര രാജന്‍ കയ്യടക്കത്തോടെ ഉള്ള അഭിനയം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുന്നു. ക്ലൈമാക്സിലെ രംഗങ്ങളിലെ അഭിനയം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

ശരീര, സംസാര ഭാഷകള്‍ കൊണ്ട് നര്‍മ്മത്തെ കൈപ്പിടിയില്‍ ഒതുക്കാന്‍ ജോജുവിന്റെ കഥാപാത്രത്തിന് സാധിച്ചു. കൈ ചലനങ്ങളില്‍ പോലും ചിരി ഉണര്‍ത്തുന്ന നിമിഷങ്ങള്‍ സമ്മാനിക്കുന്നുണ്ട് ജോജു.

നെടുമുടി വേണുവിന്റെ കഥാപാത്രവും മികച്ചു നിന്നു.

നവാഗതന്റെ പതര്‍ച്ചകളോ ഇടര്‍ച്ചകളോ ഇല്ലാതെ ഇരുത്തം വന്ന രീതിയില്‍ ചിത്രത്തെ അവതരിപ്പിക്കാന്‍ പ്രവീണിന് ആയിട്ടുണ്ട്. അമ്മയും മകളും തമ്മിലുള്ള ബന്ധം പറയുന്ന കഥ, അതിന്റെ വൈകാരിക തീവ്രതകള്‍ ഒട്ടും തന്നെ ചോര്‍ന്നു പോകാതെ അവതരിപ്പിക്കാനായി എന്നുള്ളത് സംവിധായകന്റെ മികവായി തന്നെ കണക്കു കൂട്ടാം.

ഗോപി സുന്ദറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് മിഴിവേകാന്‍ സംഗീതത്തിനായിട്ടുണ്ട്. എല്ലാം തന്നെ നിലവാരമുള്ള പാട്ടുകളാണ്. രണ്ടാം പകുതിയില്‍ അടുപ്പിച്ചു രണ്ടു പാട്ടുകള്‍ വരുന്നുണ്ടെങ്കിലും മടുപ്പിക്കുന്നില്ല. സന്തോഷ്‌ രചിച്ച് ഗായത്രി വര്‍മ്മ ആലപിച്ച ‘കസവ് ഞൊറിയുന്നൊരു പുലരി..’ എന്ന ഗാനത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത് തന്നെ. ‘ഉള്ളില്‍ ആശിച്ചു..’ എന്ന് തുടങ്ങുന്ന പാട്ട് മനസ്സില്‍ തൊട്ടു പോകുന്നുണ്ട്. ബി.ജി.എം സാഹചര്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

ഛായാഗ്രഹണം മധു നീലകണ്ഠന്‍ ആണ്. ഫ്രെയിമുകള്‍ എല്ലാം തന്നെ കഥയോടും സാഹചര്യങ്ങളോടും നൂറു ശതമാനവും നീതി പുലര്‍ത്തുന്നുണ്ട്.

എഡിറ്റിംഗ് മഹേഷ്‌ നാരായണന്റെതാണ്. സിനിമക്ക്, അത് അര്‍ഹിക്കുന്ന പ്രാധ്യാനത്തോടെയുള്ള എഡിറ്റിംഗ് നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എങ്കിലും ചിലയിടത്ത് ഒരു ഇഴച്ചില്‍ തോന്നിപ്പിച്ചു എന്നത് പറയാതെ വയ്യ. ചിത്രത്തിന്റെ പോരായ്മയായി പറയേണ്ട ചിലതില്‍ ഒന്ന്, ഇടക്കെങ്കിലും തോന്നിപ്പിക്കുന്ന  ഈ വേഗത കുറവാണ്. മറ്റൊന്ന്, മുന്‍കൂട്ടി പറയാന്‍ കഴിയുന്ന സ്റ്റോറി ലൈന്‍ ആണ്.

ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നാല്‍, സ്ഥിരം കാണാറുള്ള നായക സങ്കല്‍പ്പങ്ങളും , നായകന്‍ അടിസ്ഥാനമായ സിനിമകളില്‍ നിന്നുമൊക്കെ വ്യത്യസ്തമായി ഈ ചിത്രം വികസിക്കുന്നത് നായികയിലൂടെ ആണ് എന്നതുതന്നെ. ചിത്രത്തെ തുടക്കം മുതല്‍ കഥ മുന്നോട്ടു കൊണ്ട് പോകുന്നത് നായികയാണ്.

പ്രചോദനം നല്‍കുന്നതാണ് ചിത്രത്തിലെ ഡയലോഗുകളില്‍ ഏറെയും. സമകാലീന സംഭവങ്ങള്‍ പലതും ഓര്‍മ്മിപ്പിച്ചു പോകുന്നുണ്ട് ഈ ചിത്രം. “ലക്ഷങ്ങളും കോടികളും മുടക്കീട്ടാ ഒരു ഡോക്ടറേം എഞ്ചിനീയരേം ഒക്കെ വിരിയിക്കുന്നത് എന്ന് ഹാസ്യ രൂപേണ പറയുമ്പോഴും നമ്മള്‍ കേട്ടും കണ്ടുമറിഞ്ഞ പല സംഭവങ്ങളും നമ്മുടെ മനസിലേക്ക് കൊണ്ടുവരാന്‍ അതിനു സാധിക്കുന്നുണ്ട്.  കോച്ചിങ്ങിനു ഒരു വാതിലിലൂടെ കയറ്റി വിട്ടാല്‍ മറു വാതിലിലൂടെ എന്‍ജിനീയര്‍/ഡോക്ടര്‍ ആക്കി തിരിച്ചു തരുന്ന പി.സി. ചെറിയാന്‍ കോച്ചിംഗ് സെന്റര്‍ ഒക്കെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും എന്തൊക്കെയോ നമ്മിലേക്ക് പകര്‍ന്നു വിടുന്നുണ്ട്.

തെറ്റിദ്ധാരണകളിലും അറിവില്ലായ്മകളിലും കൂട്ടുകെട്ടുകളിലും പെട്ട്, തങ്ങള്‍ക്കു വേണ്ടി ജീവിക്കുന്ന അല്ലെങ്കില്‍ തങ്ങള്‍ നന്നായി ജീവിക്കാന്‍ വേണ്ടി മാത്രം കഷ്ട്ടപ്പെടുന്ന അമ്മയെയോ അച്ഛനെയോ ഒക്കെ കാണാതെ പോകുന്ന, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്ന പുതിയ തലമുറയില്‍ പെട്ടവരോട് ചിത്രം സംവദിയ്ക്കുന്നു. ആതിര കൃഷ്ണനോട് മാത്രമല്ല, ഇവരോടൊക്കെ കൂടിയാണ് ആ കുട്ടി പറയുന്നത്, “ നിന്റെ അമ്മക്ക് ഒരു സ്വപ്നമേ ഉള്ളൂ, അത് നീയാ....”

തിരിച്ചറിവിന്റെ നിമിഷത്തില്‍, ധൈര്യത്തോടെ എഴുന്നേറ്റ് നിന്ന്, “സുജാതക്ക് ഒരു സ്വപ്നമേ ഇല്ലായിരുന്നെങ്കില്‍ അവര്‍ ഈ പ്രായത്തില്‍ ഇവിടെ പഠിക്കാന്‍ വരില്ലായിരുന്നു” എന്ന് പറയുന്ന ആതിയുടെ കണ്ണുകളില്‍ നിറയുന്നത് അഭിമാനത്തിന്റെ കണ്ണുനീര്‍ തുള്ളികളാണ്.

സുജാത ഇന്നത്തെ തലമുറയോട് പറയുന്ന വലിയൊരു പാഠമുണ്ട്. നേടിയെടുക്കാന്‍ ഒരു സ്വപ്നം പോലുമില്ലെങ്കില്‍ ജീവിതത്തിനു ഒരു അര്‍ത്ഥവും ഉണ്ടാകില്ല. മാത്രമല്ല, പരിശ്രമിക്കാതെ തോറ്റ് പോകരുതെന്നും പറയുന്നുണ്ട് ചിത്രം.

കണ്ണ് നിറയിക്കുന്ന, ചിന്തിപ്പിക്കുന്ന, മനസ്സ് നിറയ്ക്കുന്ന രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. സാധാരണയില്‍ സാധാരണക്കാരിയായ, ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ ഒരു അമ്മയും മകളും തമ്മിലുള്ള ഹൃദയസ്പര്‍ശിയായ ജീവിതം, അതിന്റെ വൈകാരികതലങ്ങള്‍ക്ക്‌ കോട്ടം തട്ടാതെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ക്ലൈമാക്സിലെ ഡയലോഗുകളും രംഗങ്ങളും കണ്ണ് നിറയിക്കുന്നുണ്ട്.

പ്രതിസന്ധികളില്‍ കരഞ്ഞ് തളരേണ്ടവര്‍ അല്ല സ്ത്രീകള്‍, മറിച്ച് വര്‍ദ്ധിച്ച കരുത്തോടെ ആര്‍ജ്ജവത്തോടെ നേരിടേണ്ടവരാണെന്ന് വ്യക്തമായി പറയുന്നുണ്ട് സുജാത.

ചിത്രത്തിന്റെ കഥയും, തീമും, അത് അവതരിപ്പിച്ച രീതിയുമൊക്കെ നല്ല നിലവാരം പുലര്‍ത്തി. എങ്കിലും , കണ്ട് മടുത്ത ചില ക്ലീഷേ രംഗങ്ങള്‍ നേരിയ വിരസത ഉണര്‍ത്തുന്നു.

സമകാലിക പ്രാധ്യാനമുള്ള, സാമൂഹിക പ്രസക്തിയുള്ള ഒരു കുടുംബ ചിത്രമാണ് ഉദാഹരണം സുജാത.... അതേ, അമ്മമാര്‍ക്കുള്ളതാണീ ചിത്രം... അവരുടെതാണീ ചിത്രം!

പ്രധാന വാർത്തകൾ
 Top