20 November Wednesday

തലൈവര്‍ക്കൊപ്പം ശിവ; ‘തലൈവർ 168’

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

രജനികാന്തിന്റെ സിനിമകൾക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് പലപ്പോഴും നീളുകയാണ് പതിവ്. ഒരു സിനിമ പൂർത്തിയായതിനുശേഷമാണ് പലപ്പോഴും ആരാധകരുടെ തലൈവർ അടുത്ത സിനിമയുടെ പ്രഖ്യാപനം നടത്താറ്. എന്നാൽ, ഇപ്പോൾ ആരാധകരെപ്പോലും ഞെട്ടിച്ച പ്രഖ്യാപനമാണ് വെള്ളിയാഴ്‌ച നടന്നത്. നിലവിൽ ഭാഗമായ  ദർബാർ പൂർത്തിയാക്കും മുമ്പുതന്നെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. സൂപ്പർ ഹിറ്റുകളായ യെന്തിരൻ, പേട്ട എന്നിവയ്ക്കുശേഷം സൺ പിക്ചേഴ്സ് ഒരുക്കുന്ന സിനിമയുടെ സംവിധായകൻ ശിവയാണ്.
അജിത്ത് ചിത്രങ്ങളായ വീരം, വേതാളം വിവേകം, വിശ്വാസം എന്നിവയിലൂടെ ശ്രദ്ധേയനാണ് സിരുത്തെ ശിവ എന്നറിയപ്പെടുന്ന സംവിധായകൻ. മൂന്ന് സിനിമയിൽ തമിഴകത്തിന്റെ തലയ്ക്കൊപ്പം െകെകോർത്തതിനുശേഷമാണ് തലൈവരായ രജനിക്കൊപ്പം കെെകോർക്കുന്നത്.  നടൻ ബാലയുടെ സഹോ​ദരൻ കൂടിയാണ് ശിവ.

‘തലൈവർ 168’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നിർമാതാക്കളായ സൺ പിക്ചേഴ്സ് ​ഗ്രാഫ്ക്സ് പ്രമോയിലൂടെയാണ് നടത്തിയത്. 
എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദർബാറാണ് രജനിയുടെ തിയറ്ററിലെത്താനുള്ള ചിത്രം. 2020 പൊങ്കൽറിലീസായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.  സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ സുനിൽ ഷെട്ടി, നവാബ് ഷാ, നിവേദാ തോമസ്, യോഗി ബാബു എന്നിവരുമുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കാർത്തിക് സുബ്ബരാജ് രജനി ചിത്രമായ പേട്ടയ്ക്കുശേഷം അനിരുദ്ധ് സംഗീതമൊരുക്കുന്ന സിനിമ കൂടിയാണ് ദർബാർ. 27 വർഷത്തിനുശേഷം രജനികാന്ത് പൊലീസ് വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. വലിയ സ്വീകാര്യത നേടിയ പാണ്ഡ്യനിലാണ് അവസാനമായി കാക്കിയണിഞ്ഞത്.


പ്രധാന വാർത്തകൾ
 Top