26 February Wednesday

തുറമുഖം കടന്ന് കുറ്റവും ശിക്ഷയും

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020

പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിന്റെ വെല്ലുവിളികളിൽ പതറാത്ത കുറേ മനുഷ്യർ വിയർപ്പും ചോരയും കൊണ്ടെഴുതിയ ചരിത്രം'- തുറമുഖം എന്ന ചിത്രത്തെക്കുറിച്ച് രാജീവ് രവിക്ക് പറയാനുള്ളത് ഇതാണ്. അമ്പതുകളിൽ കൊച്ചി തുറമുഖത്ത് നിലനിന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയ ചിത്രം അവസാന മിനുക്കുപണിയിലാണ്. കെ എം ചിദംബരം രചിച്ച നാടകത്തെ ഉപജീവിച്ച് മകനും നാടകപ്രവർത്തകനും ചലച്ചിത്രകാരനുമായ ഗോപൻ ചിദംബരമാണ് തിരക്കഥ ഒരുക്കിയത്. നിവിൻ പോളിയുടെ കരിയറിലെ എണ്ണപ്പെട്ട ചിത്രമാകുമിതെന്ന് ഉറപ്പ്. കമ്മട്ടിപ്പാടത്തിന്റെ സംവിധായകന്റെ പുതിയ ചിത്രത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കെ രാജീവ് രവി തുറമുഖം കടന്ന് മറ്റൊരു സിനിമയിലേക്ക് കടന്നു.

ആസിഫ് അലി നായകനായ പൊലീസ് ത്രില്ലറാണ് അടുത്ത ചിത്രം. "കുറ്റവും ശിക്ഷയും' എന്ന് പേരിട്ട സിനിമ ജനുവരി 28ന് ചിത്രീകരണം  തുടങ്ങും. കേരളത്തിലും രാജസ്ഥാനിലുമായി രണ്ട് ഘട്ടമായി ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാക്കും. "തൊണ്ടിമുതലും ദൃക്‌സാക്ഷിയും'  എന്ന ദിലീഷ്‌പോത്തൻ ചിത്രത്തിൽ എസ്ഐ ആയി തിളങ്ങിയ സർക്കിൾ ഇൻസ്‌പെക്ടർ സിബി തോമസിന്റേതാണ് കഥ. കാസർകോട്‌ നടന്ന കുപ്രസിദ്ധമായ കവർച്ചയും സിഐ സിബി തോമസ് കേസിൽ നടത്തിയ അന്വേഷണവുമാണ് പ്രമേയം. ഉത്തർപ്രദേശിലെ മോഷണഗ്രാമങ്ങളുടെ കഥയും പറയുന്നു. 

സിബി തോമസിന്റെ റോളിൽ ആയിരിക്കും ആസിഫ് അലി എത്തുന്നത്. മധുപാലിന്റെ കുപ്രസിദ്ധ പയ്യൻ, കുട്ടനാടൻ മാർപ്പാപ്പ, സിദ്ധാർഥൻ എന്ന ഞാൻ എന്നീ സിനിമകളിലും സിബി അഭിനയിച്ചു.സിബിയുടെ കഥയിൽനിന്ന്‌ തിരക്കഥ ഒരുക്കിയത് മാധ്യമപ്രവർത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേർന്നാണ്. സണ്ണിവെയ്ൻ, അലൻസിയർ, ഷറഫുദ്ദീൻ, സെന്തിൽ എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുരേഷ് രാജനാണ് ഛായാഗ്രഹണം.


പ്രധാന വാർത്തകൾ
 Top