19 September Thursday

തേലക്കാട്ടെ വീട്ടിൽ മഴയോ മഴ...

ശ്രീരാജ‌് ഓണക്കൂർUpdated: Tuesday Jun 11, 2019


മഴക്കാലം എത്തിയ ത്രില്ലിലാണ് എല്ലാവരും. എന്നാൽ, പുത്തൻകുരിശ‌് വരിക്കോലി തേലക്കാട്ട‌് വീട്ടിൽ 12 വർഷമായി മഴ തോരാതെ നിൽക്കുന്നു. സിനിമകളിൽ കൃത്രിമമഴ പെയ്യിച്ചാണ്‌ റിജിൻ ടി രാജും സംഘവും വീടിന്റെ പേര‌് പ്രശസ‌്തമാക്കിയത‌്. ഇവർ നേതൃത്വം നൽകുന്ന തേലക്കാട്ട‌് മൂവി റെയിൻ ഇഫക‌്ട‌്സ‌് മലയാളം, തമിഴ‌്‌‌, തെലുങ്ക‌്, കന്നട‌, ഹിന്ദി ഭാഷകളിലടക്കം 550ലേറെ ചിത്രങ്ങളിൽ മഴ പെയ്യിച്ചുകഴിഞ്ഞു.

പയ്യായിലെ അടട മഴ ഡാ, മാടമ്പിയിലെ അമ്മ മഴക്കാറിന‌് കൺനിറഞ്ഞു, പുലിമുരുകനിലെ കാടണിയും കാൽചിലമ്പെ തുടങ്ങിയ ഗാനങ്ങളിലെ മഴയുടെ പിന്നിൽ ഈ ടീംതന്നെ. തെരി, തഷൻ, മിഖായേൽ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയവയിലെ മഴയ‌്ക്കും തേലക്കാട്ടെ കൈയൊപ്പുണ്ട‌്. പോക്കിരിരാജയിൽ മമ്മൂട്ടിയുടെ ഇൻട്രോ സീനിലെ മഴയും ഇവർ സൃഷ‌്ടിച്ചതാണ‌്. ടൊവിനോയുടെ ലൂക്കയാണ‌് അവസാനം ചെയ‌്തത‌്. മെക്കാനിക്കൽ എൻജിനിയറിങ്‌ ബിരുദധാരിയായ റിജിന‌് ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കുന്ന ബിസിനസ്സുണ്ടായിരുന്നു. 2006ൽ പോപ്പിക്കുടയുടെ പരസ്യത്തിന‌് ആദ്യം വെള്ളമെത്തിച്ചു. 2007ൽ പ്രൊഫഷണലായി തുടങ്ങി. മൊബൈൽ ആപ‌് ഉപയോഗിച്ച‌് നിയന്ത്രിക്കുന്നവയടക്കം അഞ്ച‌് യൂണിറ്റുകൾ ഇന്ന‌് സ്വന്തമായുണ്ട‌്. കായലിന്റെ മധ്യത്തിൽ മഴ പെയ്യിക്കുന്ന ഫ‌്ളോട്ടിങ്‌ പമ്പ‌് നിർമാണം അവസാന ഘട്ടത്തിലാണ‌്.

പ്രൊപ്പല്ലർ ഉപയോഗിച്ച‌് കൃത്രിമക്കാറ്റും സിനിമകളിൽ സൃഷ്ടിക്കാറുണ്ട‌്. രണ്ട‌് ടണ്ണും 150 കുതിരശക്തിയുമുള്ള വലിയ പ്രൊപ്പല്ലർ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ തേലക്കാട്ട‌് ടീം. രതീഷ‌് രാജ‌്, സുബിൻ പി തമ്പി, എൽദോ തോമസ‌്, ശ്യാം പുത്തൻകുരിശ‌്, സൗപർണിക സിദ്ധിവിനായക ബിജീഷ‌്, വിജയ‌് അർജുൻ, റിസൻ, ടി വി മനു തുടങ്ങിയവരാണ‌് റിജിന്റെ ടീമിലുള്ളത‌്.


പ്രധാന വാർത്തകൾ
 Top