26 June Wednesday

ടാരന്റിനോയ്‌ക്ക് പറയാനുള്ളത്

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

ആധുനികസിനിമയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ അമേരിക്കൻ ചലച്ചിത്രകാരൻ ക്യുന്റിൻ ടാരന്റിനോയുടെ ഏറ്റവും പുതിയ ചിത്രം വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് ചൊവ്വാഴ്ച കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. ടാരന്റിനോയുടെ വിഖ്യാതചിത്രം പൾപ് ഫിക‌്ഷൻ കാനിൽ ആദ്യ പ്രദർശനം നടത്തി കൃത്യം 25 വർഷം തികയുന്ന ദിനത്തിൽ.  1994 മെയ് 21നായിരുന്നു സിനിമയുടെ അന്നേവരെയുള്ള സൗന്ദര്യദർശനങ്ങൾക്കെല്ലാം വൈദ്യുതാഘാതമേൽപ്പിച്ച സിനിമയായ പൾപ്ഫിക‌്ഷൻ കാനിൽ പ്രദർശിപ്പിച്ചത്. മികച്ച സിനിമയ്ക്കുള്ള പാം ഡിയോറുമായാണ്  ടാരന്റിനോ അന്ന് മടങ്ങിയത്.

മൂന്ന് ദശകം നീളുന്ന കരിയറിൽ ടാരന്റിനോ സംവിധാനംചെയ്ത പത്താമത്തെ സിനിമ മാത്രമാണ് വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്. പത്ത് സിനിമ മാത്രമേ സംവിധാനം ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂവെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഹോളിവുഡിലെ താരജീവിതമാണ് സിനിമയിൽ ചിത്രീകരിക്കുന്നത്.  ലിയനാർഡോ ഡികാപ്രിയോയും ബ്രാഡ്പിറ്റും പ്രധാനവേഷത്തിലെത്തുന്ന ചിത്രം കാത്തിരിക്കുകയാണ് ആരാധകർ. ലൈംഗികാരോപണ വിധേയനായ ഹാർവി വെയ്ൻസ്റ്റണുമായുള്ള ബന്ധം വിച്ഛേദിച്ചശേഷം ടാരന്റിനോ ഒരുക്കുന്ന ആദ്യചിത്രംകൂടിയാണിത്.  ജൂലൈ 26ന് അമേരിക്കയിൽ റിലീസ് ചെയ്യും.

അസന്തുഷ്ടരാൽ നിറഞ്ഞ, അക്രമവും ഹിംസയും നടമാടുന്ന അമേരിക്കയെന്ന അധോനഗരത്തെയാണ് പൾപ്ഫിക‌്ഷനിലൂടെ കാൽനൂറ്റാണ്ടുമുമ്പ് ടാരന്റിനോ തുറന്നുകാട്ടിയത്. റിസർവോയർ ഡോഗ്സ്, കിൽബിൽ ഒന്ന് &-രണ്ട്, ഇൻഗ്ലോറിയസ് ബാസ്റ്റഡ്, ഡെത്ത്പ്രൂഫ്, ജാങ്കോ അൺചെയിൻഡ് തുടങ്ങിയ ടാരന്റിനോ സിനിമകൾ ലോകതിന്മയെ ആഴത്തിൽ വെളിപ്പെടുത്തുന്നവയാണ്. ഹിംസാത്മകതയുടെ സൗന്ദര്യമാണ് പൾപ്ഫിക‌്ഷന്റെ വശ്യതയ്ക്ക് പിന്നിലെന്ന് നിരൂപകർ വിലയിരുത്തുന്നു.
കാൽനൂറ്റാണ്ടിനുശേഷവും പൾപ് ഫിക‌്ഷന്റെ സ്വാധീനത്തിൽനിന്ന് മോചിതരാകാനോ അതിനപ്പുറമൊന്ന് സൃഷ്ടിക്കാനോ അനുകർത്താക്കൾക്കായിട്ടില്ല. നോൺലീനിയർ കഥപറച്ചിലിന്റെ വാർപ്പുമാതൃകയായി മാറിയ അലക്‌സാദ്രോ ഗോൺസാലസിന്റെ അമറോസ് പെറോസ് (2000) "മെക്‌സിക്കൻ പൾപ്ഫിക‌്ഷൻ' എന്ന് വിശേഷിപ്പിക്കപ്പെട്ടു. ഏഴ് ഓസ്‌കർ നാമനിർദേശം ലഭിച്ച സിനിമ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി.


പ്രധാന വാർത്തകൾ
 Top