29 February Saturday

എപ്പോഴും കലിപ്പ്‌ നോട്ടവുമായി നടന്നാൽ "ബോൾഡായ' സ്‌ത്രീ ആകില്ല; ‘പ്രതി പൂവൻകോഴി’ കാണുമ്പോൾ

അജില പുഴയ്‌ക്കൽ ajilaramachandran@gmail.comUpdated: Sunday Jan 5, 2020

പ്രതി പൂവൻകോഴിയിൽ അനുശ്രീയും മഞ്്‌ജുവാര്യരും

മലയാള സിനിമ സ്‌ത്രീവിരുദ്ധതയോട് മുഖംതിരിച്ചു നിൽക്കാൻ തുടങ്ങിയ സമയമാണ്. കൊതുകിനെ ഓടിക്കുന്ന ബാറ്റുവച്ച് ഏതു ടൈപ്‌ ഷമ്മിമാരെയും മര്യാദ പഠിപ്പിക്കുന്ന സിമിമാർ ഉണ്ടായതും പെണ്ണുങ്ങൾ ഉയരെ പറന്നതും ഈയിടെമാത്രം. എന്നാൽ സ്‌ത്രീ കേന്ദ്ര കഥാപാത്രമായാൽ സ്‌ത്രീപക്ഷ സിനിമയായി എന്ന തെറ്റിദ്ധാരണ പലർക്കും മാറിയിട്ടില്ലെന്ന് തോന്നും ‘പ്രതി പൂവൻകോഴി’ കണ്ടാൽ.
 
ഉണ്ണി ആർ തിരക്കഥ എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനംചെയ്‌ത ചിത്രത്തിൽ തുണിക്കടയിലെ സെയിൽസ് ഗേൾ മാധുരി എന്ന കേന്ദ്രകഥാപാത്രത്തെയാണ് മഞ്ജുവാര്യർ അവതരിപ്പിക്കുന്നത്‌. ബസിൽ മാധുരിക്ക് നേരിടേണ്ടി വന്ന അതിക്രമവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഇതിവൃത്തം. സിനിമയിൽ ആന്റപ്പൻ എന്ന കഥാപാത്രമായി റോഷൻ ആൻഡ്രൂസും എത്തുന്നു.
 
പിടക്കോഴിയെ കാണുമ്പോൾ പിറകെ പോകുന്ന പൂവൻകോഴി സാധാരണ കാഴ്‌ചയാണ്. ജൈവികമായ അത്തരം ഒന്നിനെ ലൈംഗികാതിക്രമത്തോട് ചേർത്തുവയ്‌ക്കുന്നതിന്റെ സാംഗത്യം പിടികിട്ടുന്നില്ല. പിടയുടെ പിന്നാലെ പൂവൻ  പോകുന്നത്ര സ്വാഭാവികമാണ് അതെന്നാണോ പറയുന്നത്‌?
 
വളരെ ‘ബോൾഡാ'യ സ്‌ത്രീ ആയാണ് മാധുരിയെ അവതരിപ്പിക്കുന്നത്. അച്ഛൻ മരിച്ചു. വീട്ടിൽ അമ്മയും മാധുരിയുംമാത്രം. വീട് ജപ്തിയുടെ വക്കിൽ. അച്ഛനെ അടക്കിയ ഭൂമി വിറ്റാൽമാത്രമേ ഇനി രക്ഷയുള്ളൂ.സ്‌ത്രീ ‘ബോൾഡ്' ആകാൻ വേണ്ട മിനിമം യോഗ്യതകളായി.
 
റോഷൻ ആൻഡ്രൂസ്

റോഷൻ ആൻഡ്രൂസ്

സിനിമയിൽ മൂന്ന് സബ് പ്ലോട്ടുകൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും കഥാഗതിയെ സ്വാധീനിക്കാൻ അവ പര്യാപ്‌തമല്ല.  അനുശ്രീയുടെ റോസമ്മ എന്ന കഥാപാത്രം ഒരേ സമയം അഞ്ച് ആണുങ്ങളെ പ്രേമിക്കുന്നുണ്ട്. പൂവൻകോഴികളുമായി സമീകരിക്കാൻ ഒരു കഥാപാത്രം. സിനിമയിലെ വർണവെറിയും  ഭാഷയിലെ വരേണ്യതയും തുറന്നുകാട്ടാൻ ഇതിലും മികച്ച ഉദാഹരണമില്ല. റോസമ്മയുടെ അഞ്ചാം കാമുകനായി എത്തുന്നത് കുമ്പളങ്ങി നൈറ്റ്‌സിൽ പ്രശാന്തായി എത്തിയ സൂരജ് പോപ്‌സാണ്. കൊച്ചി ഭാഷയും കറുത്ത നിറവും ചെത്തിമിനുക്കാത്ത ഭാഷാശൈലിയും ഹാസ്യത്തിനുള്ള വകയാണെന്ന് കരുതുന്നവർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്നത് സഹതാപമർഹിക്കുന്നു. ശേഖർ മേനോന്റെ റോസമ്മയുടെ ഭർത്താവ്  ഹാപ്പിമോൻ ബോഡി ഷെയ്‌മിങ്ങിനും വിധേയനാകുന്നുണ്ട്. ഭക്ഷണപ്രിയനായ ഹാപ്പിമോന്റെ സ്ഥൂലശരീരംതന്നെയാണ്  ഹേതു.
 
 എല്ലായ്‌പ്പോഴും കലിപ്പ് നോട്ടവുമായി നടന്നാൽ ‘ബോൾഡാ’യ സ്‌ത്രീയാകും എന്ന തെറ്റിദ്ധാരണ  സൃഷ്‌ടിക്കുന്നു ഈ സിനിമ.  കലിപ്പാകുമ്പോഴും വീണുകിടക്കുന്ന വില്ലനെ കാണുമ്പോൾ ദയാലുവാകുന്നുണ്ട് നായിക. പരമ്പരാഗത നായികാ സങ്കൽപ്പത്തിൽനിന്ന്‌ മാറാൻ വയ്യെന്ന പ്രഖ്യാപനം. കലിപ്പും ഫൈറ്റും കഴിഞ്ഞ് സ്ലോമോഷനിൽ പോകുന്നത് മാസ് ആയേക്കും,  പക്ഷേ സ്‌ത്രീപക്ഷം ആകണമെന്നില്ല. ഇതിനിടയിൽ എന്തിനോ വന്നുപോകുന്ന ഗ്രേസ് ആന്റണിയുടെയും ശ്രീകുമാറിന്റെയും കഥാപാത്രങ്ങളും അധികപ്പറ്റാകുന്നു. എന്റെ ശരീരത്തിൽ ആര് തൊടണമെന്ന് ഞാൻ തീരുമാനിക്കും എന്ന പഞ്ച്  ഡയലോഗ് ഉണ്ടെങ്കിലും സിനിമ ഉൽപ്പാദിപ്പിക്കുന്ന സ്‌ത്രീവിരുദ്ധതയെയും രാഷ്ട്രീയ ശരിയില്ലായ്‌മയെയും റദ്ദ്  ചെയ്യാൻ ഇതിന് ആകുന്നില്ല.  തല്ലി  തോൽപ്പിക്കൽ ഏതായാലും സ്‌ത്രീ പക്ഷമല്ല. അത് മനസ്സിലാക്കാൻ ഇനിയെങ്കിലും പുരുഷന്റെ കണ്ണുകളിലൂടെയല്ലാതെ ക്യാമറയിൽ നോക്കാൻ ശീലിക്കണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top