27 May Monday

സിനിമ മാറി, തിയറ്ററുകൾ മാറണ്ടേ: റസൂൽ പൂക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

സിനിമ മാറുന്നു, തിയറ്ററുകളും മാറുന്നുണ്ട‌്, പക്ഷേ കേരളത്തിൽമാത്രം പുതുകാല സിനിമകളെ അതേനിലവാരത്തിൽ പ്രേക്ഷകരിലെത്തിക്കാൻ സൗകര്യങ്ങളില്ലെന്ന‌് ഓസ‌്കർ അവാർഡ‌് ജേതാവും പ്രശസ‌്ത സൗണ്ട‌് ഡിസൈനറുമായ റസൂൽ പൂക്കുട്ടി പറഞ്ഞു. മള്‍ട്ടിപ്ലക്‌സുകളും ന്യൂ ജനറേഷന്‍ വികാരവും പുതിയ സിനിമയ്‌ക്ക്‌ കരുത്തുപകരുന്നുണ്ടെങ്കിലും തിയറ്ററുകൾ പുതിയ  സാങ്കേതികവിദ്യകളോട്  മുഖംതിരിക്കുകയാണ‌്. ഇത് സിനിമ ഒരുക്കുന്ന പൂർണമികവോടെ  പ്രേക്ഷകനിലേക്കെത്തിക്കുന്നതിന‌് തടസ്സമാകുന്നുവെന്നും പൂക്കുട്ടി പ്രസ‌്ക്ലബ്ബിലെ മുഖാമുഖത്തിൽ പറഞ്ഞു.

ഇന്ത്യയിൽ ആദ്യമായി ‘സറൗണ്ട് സിങ്ക‌് സൗണ്ട്’ ഉപയോ​ഗിച്ച് ഒരുക്കിയ ചിത്രമായ പ്രാണയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് 90 ശതമാനം തിയറ്ററുകളിൽനിന്നും മോശപ്പെട്ട സൗകര്യങ്ങളാണ‌് ലഭിച്ചത‌്. ലോകത്ത് ആദ്യമായി 4 കെ സൗണ്ട് സംവിധാനം ഉപയോ​ഗിച്ച 2.o പ്രദർശിപ്പിക്കാൻ കേരളത്തിൽ ഒരു തിയറ്റർപോലുമുണ്ടായില്ല. സിനിമയുടെ അണിയറ പ്രവർത്തകർ ഈ സാങ്കേതിക സംവിധാനം തിയറ്ററിൽ സജ്ജീകരിക്കാൻ സംഘത്തെ ഒരുക്കിയിരുന്നെങ്കിലും തിയറ്റർ നടത്തിപ്പുകാർ സഹകരിച്ചില്ല.

പ്രാണ സ്ഥലത്തെയും ശബ്ദത്തെയും  കഥാപാത്രമായി ഒരുക്കിയ സിനിമയാണ്. എട്ടുമാസംകൊണ്ടാണ്  പോസ്റ്റ് പ്രൊഡക‌്ഷൻ പൂർത്തിയാക്കിയത്. ഇത്രയും വെല്ലുവിളികളുമായി സിനിമകൾ ഒരുക്കുകയും അത് അതേപോലെ പ്രദർശിപ്പിക്കാൻ കഴിയാതെ പോകുന്ന അവസ്ഥയുമാണ് നിലനിൽക്കുന്നത്. ചെറിയ തിയറ്ററുകൾ മാറ്റങ്ങൾക്ക് വിധേയമാകാൻ തയ്യാറാകുമ്പോഴും  നിസ്സഹകരണ മനോഭാവം പുലർത്തുന്നത് വൻകിട മൾട്ടിപ്ലക‌്സുകളാണ്. ഇതിനെ മറികടക്കാൻ സിനിമ ഒരുക്കുന്നതിനപ്പുറം തിയറ്ററിലേക്ക് പ്രേക്ഷകനെ എത്തിക്കേണ്ട ചുമതലകൂടി സിനിമാ പ്രവർത്തകർക്കുണ്ട‌്. 

ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ  സർക്കാർ  സിനിമാ സാംസ്കാരികനയം രൂപീകരിക്കണം. മലയാള സിനിമയും പ്രേക്ഷകനും മാറ്റത്തിന്റെ പാതയിലാണ‌്. നായക കേന്ദ്രീകൃത സിനിമകളിൽനിന്നു മാറി സ്ത്രീപക്ഷ സിനിമകളും ഉണ്ടാകുന്നുണ്ട്. ഇത്തരം സിനിമകൾ കാണാനാണ് പ്രേക്ഷകന് താൽപ്പര്യം. തമിഴ്, മറാത്തി തുടങ്ങിയ പ്രാദേശിക ഭാഷകളിൽ മികച്ച സിനിമകൾ ഉണ്ടാകുന്നുവെന്നതും നല്ല മാറ്റമാണ്.


പ്രധാന വാർത്തകൾ
 Top