25 May Monday

ഓസ്കറും ഇന്ത്യയും തമ്മിലെന്ത്

വെബ് ഡെസ്‌ക്‌Updated: Monday Feb 10, 2020

ഹോളിവുഡിന്റെ വിളവെടുപ്പ് ഉത്സവമായ ഓസ്‌കർ തിങ്കളാഴ്ച പുലർച്ചെ പ്രഖ്യാപിക്കും. ഇന്ത്യയില്‍ നിന്നുള്ള ഗള്ളി ബോയ് അവസനപട്ടികയിൽ എത്തുംമുമ്പേ പുറത്തായി. ഓസ്‌കറിൽ ഇന്ത്യൻ പങ്കാളിത്തം കണ്ടെത്താൻ വാശിപിടിക്കുന്നവർക്ക് വേണമെങ്കിൽ സാം മെൻഡിസ് ചിത്രം 1917നു വേണ്ടി കൈയടിക്കാം. കൈനിറയെ ബാഫ്ത പുരസ്‌കാരം വാരിക്കൂട്ടിയ ചിത്രത്തിന് 10 ഓസ്‌കർ നാമനിർദേശമാണുള്ളത്. സിനിമയ്ക്ക് ഇന്ത്യയുമായി എന്താണ് ബന്ധം എന്നാണ് ചോദ്യമെങ്കിൽ, നിർമിച്ചതുതന്നെ ഇന്ത്യൻ കമ്പനിയാണെന്നതാണ് ഉത്തരം. ഡ്രീംവർക്‌സിനൊപ്പം ചേർന്ന് പത്തുകോടി ഡോളർ മുടക്കി ചിത്രം നിർമിച്ചത് അനിൽ അംബാനിയുടെ സാക്ഷാൽ റിലയൻസ് എന്റർടെയ്‌ൻമെന്റാണ്.

എന്നാൽ, അധികമാരും അറിയാത്ത മറ്റൊരു ഇന്ത്യൻ ബന്ധംകൂടിയുണ്ട് ഇത്തവണ ഓസ്‌കറിന്. ഹ്രസ്വ ഡോക്കുമെന്ററി വിഭാഗത്തിൽ ഇന്ത്യൻ- അമേരിക്കൻ സംവിധായികജോഡിയുടെ രചന അന്തിമപട്ടികയിൽ എത്തി. സ്മൃതി മുൻദ്രയും സമി ഖാനും ചേർന്നൊരുക്കിയ സെന്റ് ലൂയിസ് സൂപ്പർമാൻ. ബ്രൂസ് ഫ്രാങ്ക്‌സ് ജൂനിയർ എന്ന റാപ്‌ ഗായകനായ കറുത്തവംശജൻ എങ്ങനെ അമേരിക്കന്‍ ജനപ്രതിനിധിയായി മാറി എന്ന് വെളിപ്പെടുത്തുന്ന 33 മിനിറ്റ് ദൈർഘ്യമുള്ള ഡോക്കുമെന്ററി. അമേരിക്കയിലെ തോക്ക് സംസ്‌കാരവും വർണവെറിയെന്ന യാഥാർഥ്യവും വെളിപ്പെടുത്തുന്ന രചന. കറുത്തവംശജരായ യുവാവ് വെള്ളക്കാരായ പൊലീസുകാരനാൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് റാപ്‌ ഗായകനായ ബ്രൂസ് ഫ്രാങ്ക് ലൂയിസ് തെരുവിൽ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയായിരുന്നു.

യുഎസ് ജനപ്രതിനിധി സഭയിലേക്ക്  ഡെമോക്രാറ്റിക് പാർടിയുടെ സ്ഥാനാർഥിത്വം നേടിയ ബ്രൂസ് ഏവരെയും ഞെട്ടിച്ചുകൊണ്ട് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. കറുത്തവംശജരുടെ സൂപ്പർഹീറോ ആയി മാറിയ ബ്രൂസ് ഫ്രാങ്കിനൊപ്പം നടന്ന് ദൃശ്യങ്ങൾ പകർത്തിയാണ് സ്മൃതി മുൻദ്രയും സമി ഖാനും ചിത്രം ഒരുക്കിയത്. കഴിഞ്ഞവർഷം ഹ്രസ്വ ഡോക്കുമെന്ററി വിഭാഗത്തിൽ ഗ്രാമീണ ഇന്ത്യയിൽ ആർത്തവവേളയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധി പുറത്തുകൊണ്ടുവന്ന പീരിയഡ് എൻഡ് ഓഫ് സെന്റൻസാണ് ഓസ്‌കർ നേടിയത്.


പ്രധാന വാർത്തകൾ
 Top