24 March Sunday

ഈ 'അഡാറ്' പ്രണയമാണ് ഇനി പ്രതീക്ഷ; പുതിയ സ്വപ്‌നങ്ങള്‍ പങ്കുവെച്ച് 'ഒരു അഡാറ് ലവ്' നായകന്‍ വൈശാഖ് പവനന്‍

സി ജെ ഹരികുമാര്‍Updated: Saturday Feb 17, 2018

  റെ ഇഷ്ടപ്പെട്ടത് നഷ്ടപ്പെടുന്ന അവസ്ഥ  മുഖത്ത് വരുത്തിയാണ്  വൈശാഖ് പവനന്‍ ആദ്യമായി അഭിനയത്തിലേക്ക് കടന്നുവരുന്നത്. അതാകട്ടെ ഇന്ന് ലോകമെങ്ങുമുള്ള നഷ്ടപ്രണയത്തിന്റെ അടയാളമായി മാറുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന  ഏറ്റവും പുതിയ ചിത്രം 'ഒരു അഡാറ് ലവി'ലെ നായകന്‍മാരിലൊരാളായ വൈശാഖ് പവനനാണ് അപ്രതീക്ഷിതമായി ലഭിച്ച നായകഭാഗ്യത്തിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വന്നത്.  അഡാര്‍ ലവിലെ പുറത്തിറങ്ങിയ 'മാണിക്യ മലരെ' എന്ന ഗാനത്തില്‍ തന്റെ പ്രണയസഖിയുമായി മറ്റൊരാള്‍ സല്ലപിക്കുന്നത് കണ്ട് ദേഷ്യം പൂകുന്ന നഷ്ട കാമുകനായാണ് വൈശാഖ് എത്തുന്നത്. സുഹൃത്ത് പുറത്ത് പതിക്കുന്ന 'OMKV' സ്റ്റികര്‍ കാട്ടി തരുന്ന കൂട്ടൂകാരിയെ ആദ്യ കാഴ്ചയില്‍ തന്നെ പ്രണയിക്കുന്ന കാമുകനായും വൈശാഖ് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രക്ഷേക ശ്രദ്ധ നേടികഴിഞ്ഞു. സിനിമയില്‍ ഇത് വരെ ഒരു തുടക്കകാരനും ലഭിച്ചിട്ടില്ലാത്ത ഭാഗ്യമാണ് താനുള്‍പ്പടെയുള്ള പുതുമുഖ നടീനടന്‍മാര്‍ക്ക് 'ഒരു അഡാറ് ലവ് ' എന്ന ചിത്രത്തിലൂടെയും 'മാണിക്യമലരേ' എന്ന ഗാനത്തിലൂടെയും  ലഭിച്ചിരിക്കുന്നതെന്ന് പത്തനംതിട്ട സ്വദേശിയും ചിത്രത്തിലെ നായകന്‍മാരില്‍ ഒരാളുമായ വൈശാഖ് പവനന്‍ പറയുന്നു. വൈശാഖിന്റെ വാക്കുകളിലൂടെ.....

നഷ്ടപ്രണയം അഭിനയിച്ച് സ്വപ്‌നം സാക്ഷാത്കരിച്ചോ?

 തീര്‍ച്ചയായും. സിനിമ സ്വപ്‌നമായിരുന്നു. പ്രണയം നഷ്ടപ്പെട്ടോ എന്നൊക്കൊ സിനിമ പുറത്തിറങ്ങിയാല്‍ അല്ലേ ഉറപ്പിക്കാന്‍ പറ്റൂ. വരട്ടെ നമ്മള്‍ക്ക് കാണാം.

എങ്ങനെയായിരുന്നു സിനിമയിലെത്തിയത് ? ചാന്‍സിനായി അലഞ്ഞിരുന്നോ..

   ചെറുപ്പം മുതലേ സിനിമയോട് വല്ലാത്ത താത്പര്യമായിരുന്നു. പ്ലസ്‌ടുവിന് ശേഷം സിനിമ പഠനോപാധിയായി തെരഞ്ഞെടുത്തതും അതുകൊണ്ടാണ്. എന്നാല്‍ അന്നൊന്നും അഭിനയം മോഹിപ്പിച്ചിരുന്നില്ല. സംവിധാനമായിരുന്നു താത്പര്യം. എന്നാല്‍ യാദൃശ്ചികമായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുകയായിരുന്നു.

'ഒരു അഡാര്‍ ലവ്' ചിത്രത്തിലെ ഗാനരംഗം

'ഒരു അഡാര്‍ ലവ്' ചിത്രത്തിലെ ഗാനരംഗം


വൈശാഖിന്റെ ആദ്യ ചിത്രമാണോ അഡാര്‍ ലവ്, ചിത്രത്തിലെ കഥാപാത്രം  പാട്ടില്‍ കാണുന്നപോലെ തന്നെയാണോ ?

  ആദ്യ ചിത്രമല്ല. ഒമറിക്കയുടെ തന്നെ ചങ്ക്‌സ് എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതിലൂടെയാണ് അഭിനയത്തിലേക്ക് കടന്നുവന്നത്. അഡാര്‍ ലവ് ഷൂട്ടിങ് ആരംഭിച്ചപ്പോള്‍ ചെറിയ വേഷം ഉണ്ടെന്ന് പറഞ്ഞ് വിളിക്കുകയായിരുന്നു. എന്നാല്‍ ഇവിടെ എത്തികഴിഞ്ഞ ചിത്രീകരണത്തിന്റെ രണ്ടാം ദിവസം സീനിന് ചെറിയ ലാഗ് വന്നപ്പോളാണ് ജൂനിയര്‍ ആര്‍ടിസ്റ്റായ എത്തിയ  എന്നോട് അപ്രതീക്ഷമായി അഭിനയിക്കാന്‍ പറയുകയായിരുന്നു.  അത് എല്ലാവര്‍ക്കും കൂടുതല്‍ ഇഷ്ടമായതോടെ അഞ്ച് നായക കഥാപാത്രങ്ങളിരൊളായി താനും  മാറുകയായിരുന്നു. ചിത്രത്തിലെ കഥപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ സസ്‌പെന്‍സാണ്. പാട്ടിലേതിനോട് സാദൃശ്യമുള്ളത് തന്നെയാണ് തന്റെ ക്യാരക്ടര്‍.

വൈശാഖിനും പ്രിയക്കുമായി തിരക്കഥ മാറ്റുന്നു എന്നു കേട്ടു, ശരിയാണോ ?

   അയ്യോ അങ്ങനെ എനിക്ക് വേണ്ടി മാത്രമൊന്നുമല്ല. ചിത്രത്തില്‍ അപ്രതീക്ഷിതമായി നായകനായ ആളാണ് ഞാന്‍. എന്നെ  പോലെ തന്നെയാണ് മാണിക്യമലരെ എന്ന പാട്ടിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രിയ പ്രകാശ് വാര്യര്‍  ആദ്യം ജൂനിയര്‍ ആര്‍ടിസ്റ്റായിട്ടാണ് എത്തിയത്. പിന്നീട് മെയിന്‍ ക്യാരക്ടര്‍ ആയപ്പോള്‍ അതിനനുസരിച്ച് തിരക്കഥയില്‍ ചില സീനുകള്‍ എഴുതിചേര്‍ത്തു എന്നാണ്  പറഞ്ഞത്. പാട്ട് ഹിറ്റായതോടെ പ്രിയയുടെയും റോഷന്റെയും സീനുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും പറഞ്ഞു.

മാണിക്യമലരേ ഗാനം ഇത്രയും ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചോ ? ഗാനം കൂടുതല്‍ ഉത്തരവാദിത്തമാണോ ചിത്രത്തിന് നല്‍കുന്നത്.

  ഇത്രത്തോളം പാട്ട് ഹിറ്റാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പ്രിയയുടെ പുരികം വളയ്ക്കുന്ന സീന്‍ ശ്രദ്ധിക്കപ്പെടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നുവെങ്കിലും കോടിക്കണക്കിന് പ്രേക്ഷകരെ സൃഷ്ടിക്കുമെന്ന് ഒരിക്കലും കരുതിയില്ല. പാട്ടിലൂടെ താനുള്‍പ്പടെയുള്ള എല്ലാവര്‍ക്കും വലിയ അവസരമാണ് തുറന്ന് കിട്ടിയത്. പാട്ടിന്റെ പ്രശസ്‌തി ചിത്രത്തെ ബാധിക്കുമെന്ന് കരുതുന്നില്ല. ഉത്തരവാദിത്തം എല്ലാവര്‍ക്കും കൂടിയിട്ടുണ്ട് എന്നുള്ളത് സത്യമാണ്.
	കൊച്ചിയില്‍ നടന്ന ഒരു പരിപാടിയില്‍ വൈശാഖ് പവനന്‍. സമീപം ചിത്രത്തിലെ മറ്റൊരു നായകന്‍ റോഷന്‍

കൊച്ചിയില്‍ നടന്ന ഒരു പരിപാടിയില്‍ വൈശാഖ് പവനന്‍. സമീപം ചിത്രത്തിലെ മറ്റൊരു നായകന്‍ റോഷന്‍


എങ്ങനെയായിരുന്നു ഷൂട്ടിങ് ലൊക്കേഷന്‍ അനുഭവങ്ങള്‍ , രസകരമായിരുന്നോ ?

  എല്ലാവരും വളരെ ഫ്രണ്ട്‌ലി ആയിരുന്നു. അഞ്ച് പേരാണ് ചിത്രത്തില്‍ നായകന്‍മാര്‍. സിയാദ് ഷാജഹാന്‍, റോഷന്‍, ഒളിമ്പ്യന്‍ അന്തോണി ആദത്തില്‍ സ്‌കേറ്റിങ്ങിലൂടെ എല്ലാവരുടെയും പ്രിയങ്കരനായി മാറിയ അരുണ്‍ എ കുമാര്‍, മാത്യു എന്നിരാണ് നായകന്‍മാര്‍. അഞ്ച് നായികമാരും ചിത്രത്തില്‍ ഉണ്ട്. പ്രിയ പ്രകാശ് വാര്യര്‍, നൂറിന്‍ റഷീദ, ദില്‍റൂബ, മിഷേല്‍, യാമി എന്നിവരാണ് നായികമാര്‍. എല്ലാവരും എപ്പോഴും  തമാശ ഒക്കെ പറഞ്ഞ് സെറ്റ് വളരെ രസകരാമയിട്ടായിരുന്നു പോയിരുന്നത്.  എന്താണ് ചെയ്യേണ്ടത് എന്ന് ഒമറിക്ക കൃത്യമായി പറഞ്ഞുതരും അത് വൃത്തിയായി ചെയ്യുക അതായിരുന്നു ഞങ്ങളുടെ ഏക ജോലി.

നിങ്ങള്‍ തന്നെയാണോ ചിത്രത്തിലെ ആദ്യാവസാന കഥാപാത്രങ്ങള്‍, പ്രണയം തന്നെയണോ ചിത്രത്തിന്റെ കഥ ?

   സിനിമയുടെ കഥ ശരിക്കും ഒമറിക്കയ്ക്കു മാത്രമേ അറിയൂ. എന്താണ് സീന്‍ അത് എങ്ങനെ എടുക്കണം എന്ന് മാത്രമാണ് പറയാറ്. കഥ പുറത്തറിഞ്ഞാല്‍ പ്രശ്‌നമല്ലേ അതാണ് ഇത്തരത്തില്‍ കൈകാര്യം ചെയ്യാന്‍ കാരണം. എന്നാലും പ്രണയം തന്നെയാണ് പ്രധാന ഇതിവൃത്തം എന്നാണ് എന്റെ അറിവ്.

അടുത്ത ഷെഡ്യൂള്‍ ഷൂട്ടിങ്ങ് ?

   ഉടനുണ്ട്. ഈ മാസം തന്നെ തുടങ്ങും അതിന്റെ ഒരുക്കത്തിലാണ് ഞാന്‍. ചിത്രം ഈദ് റിലീസായി തീയറ്ററുകളില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അപ്പോള്‍ ഷൂട്ടിങ് വേഗം തീര്‍ക്കേണ്ടതുണ്ട്.

നായകനായതോടെ കോളേജിലും കൂട്ടുകാര്‍ക്കിടയിലും ഹീറോ ആയോ ?

ഹീറോ ആയിട്ടൊന്നുമില്ല. പാട്ട് പുറത്തിറങ്ങിയതോടെ ശ്രദ്ധിക്കപെടാന്‍ തുടങ്ങി.  എംജി യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ചങ്ങനാശ്ശേരി മീഡിയാ വില്ലേജില്‍ ഓഡിയോ ഗ്രാഫി ആന്‍ഡ് വീഡിയോ എഡിറ്റിങ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് താന്‍. ഒരു മാസത്തിനുള്ളില്‍ കോഴ്‌സ് കഴിയും. പാട്ടിറങ്ങിയതോടെ കോളേജില്‍ ചെറിയ രീതിയില്‍ താരമായിട്ടുണ്ട്. 

കുടുംബം ?


പത്തനംതിട്ട മേല്‍േ വെട്ടിപ്രം നന്ദനത്തില്‍ ബി പവനനാണ് പിതാവ്. അമ്മ പുഷ്‌പകുമാരി.


ഒരു ആഡാറ് ലവ് എന്ന ചിത്രത്തില്‍ വൈറലായ ഗാനം കാണാം

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top